”മനുഷ്യജീവിതം മഹത്തായൊരു മഹാബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസ്സവും കൂടാതെ ആര്‍ക്കും അനുഭവിക്കാന്‍ സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകകൊണ്ട് അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമേ ലോകത്തില്‍ സൗഖ്യവും സ്വാതന്ത്ര്യവും സമാധാനവും പൂര്‍ണമായും ഉണ്ടാകാന്‍ തരമുള്ളൂ എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളെയും പരിശോധിക്കുന്നതാകുന്നു”, മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച 1923 മാര്‍ച്ച് 17 ന് പാവനമായ പ്രതിജ്ഞ എന്ന പേരില്‍ പത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് പത്രാധിപര്‍ കെ.പി.കേശവമേനോന്‍ തയ്യാറാക്കിയ കുറിപ്പിന്റെ ഭാഗമാണിത്. മാതൃഭൂമിയുടെ ചരിത്രം ഒന്നാം വോള്യത്തില്‍ തുടരുന്നു, സ്വാതന്ത്ര്യസമ്പാദനത്തിനുള്ള ദേശീയപ്രസ്ഥാനത്തെ സേവിക്കാന്‍ തക്ക ഒരു ഉപകരണമായിട്ടാണ് മാതൃഭൂമി തുടങ്ങിയത്. എന്നാല്‍ ആ സ്വാതന്ത്ര്യംപോലും മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം ഒരു ആത്യന്തിക ലക്ഷ്യമായിരുന്നില്ല. കൂടുതല്‍ ഉയര്‍ന്ന മറ്റൊരു ലക്ഷ്യം സാധിക്കുന്നതിനുള്ള ഉപാധി മാത്രമായിരുന്നു. മനുഷ്യജീവിതത്തെ മഹത്തായ ഒരു ബാധ്യതയായും ദേശീയസ്വാതന്ത്ര്യത്തെ ആ ബാധ്യത നിറവേറ്റുന്നതിനുവേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനാവശ്യമായ ഉപാധിയുമായാണ് മാതൃഭൂമി വീക്ഷിച്ചത്.
രാജ്യം ഒരു ജാതിക്കാരുടെയോ മതക്കാരുടെയോ അല്ല. സകല ജാതിമതസ്ഥര്‍ക്കും പൊതുവായിട്ടുള്ളതാണ് ജന്മഭൂമി. അവരവരുടെ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും അന്യോന്യം ബഹുമാനിച്ച് പൊതുമാതാവിന്റെ അഭിവൃദ്ധിക്ക് ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിലാണ് രാജ്യത്തിന്റെ രക്ഷയും ശ്രേയസ്സും ഇരിക്കുന്നത്. ഈ ബഹുമാനവും ഐക്യതയും കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നതിന്, അതിനുശേഷം അതിനെ രക്ഷിച്ചു പോരുന്നതിന് നമുക്ക് സാധിക്കുന്നതല്ല. അതുകൊണ്ട് നാനാജാതിമതസ്ഥരുടെ ഇടയില്‍ യോജിപ്പ് വര്‍ദ്ധിപ്പിക്കുവാനും അവരുടെ അഭിപ്രായങ്ങളെ അന്യോന്യം ബഹുമാനിക്കുവാനുമുള്ള വാസനയും പൂര്‍വ്വാധികം ഉണ്ടാക്കുവാനും ഞങ്ങള്‍ നിര്‍വ്യാജം ഉദ്യമിക്കുന്നതാകുന്നു. മാതൃഭൂമി ഇറങ്ങിയ ആദ്യദിവസത്തെ പാവന പ്രതിജ്ഞയില്‍ ഭാരതത്തോട് വാഗ്ദാനം ചെയ്ത വാക്കുകളാണിത്. മാതൃഭൂമിയുടെ പാവന പ്രതിജ്ഞയില്‍നിന്ന് ‘നന്ദി രാഹുല്‍’ എന്ന വാര്‍ത്തയിലേക്കുള്ള ദൂരമാണ് മാതൃഭൂമിയുടെ അധഃപതനത്തിന്റെയും ജീര്‍ണ്ണതയുടെയും മൂല്യച്യുതിയുടെയും ആകത്തുക.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം കുടിലതക്കും സ്വാര്‍ത്ഥലാഭത്തിനും മരംവെട്ടിനും സര്‍ക്കാര്‍ഭൂമി കയ്യേറാനും യാതൊരു തത്വദീക്ഷയുമില്ലാതെ ദുര്‍വിനിയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന ഇപ്പോഴത്തെ മാതൃഭൂമി മാനേജ്‌മെന്റ്, പൂര്‍വ്വസൂരികളുടെ സത്പ്രവര്‍ത്തികളുടെയും സത്യസന്ധതയുടെയും കടയ്ക്കല്‍ കത്തിവച്ചത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ പഴയകാല മാതൃഭൂമി പത്രാധിപന്മാരുടെ ജീവിതവും മാതൃഭൂമിയുടെ ചരിത്രവും വായിച്ചാല്‍ മതി. നന്ദി രാഹുല്‍ എന്ന തലക്കെട്ടില്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗത്തെ പുകഴ്ത്തി മഹത്വവല്‍ക്കരിച്ച് വലുതാക്കിയതിനു പിന്നില്‍ രണ്ടുകാരണങ്ങളാണുള്ളത്. രണ്ടും സോദ്ദേശപരവും ഒരേ ലക്ഷ്യത്തിലേക്കുള്ളതുമാണ്. ഒന്ന് രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും നിരാകരിച്ച ഇടതുമുന്നണിയോട് പകരം വീട്ടാന്‍ യുഡിഎഫുമായി തലയില്‍ മുണ്ടിട്ട് രഹസ്യമായി നടത്തിയ ചര്‍ച്ചയ്ക്ക് അടിത്തറ ഉണ്ടാക്കുക. അതിനുവേണ്ടി മുസ്ലിംലീഗിലെ ജിഹാദി തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാന്‍വേണ്ടി നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും കരിവാരിത്തേക്കുക. ഈ രണ്ട് കാരണങ്ങളുടെയും ലക്ഷ്യം ഒന്നുമാത്രമാണ്. എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിന്റെ ദുര്‍ബലമായ കീറിന് യുഡിഎഫ് പിന്തുണയോടെ അധികാരത്തില്‍ എത്തുക.
ശ്രേയാംസ്‌കുമാറിന്റെ ലോക താന്ത്രിക് ജനതാദള്‍ പാര്‍ട്ടി യുഡിഎഫുമായി നടത്തിയ ചര്‍ച്ച അതീവ രഹസ്യമായാണ് സൂക്ഷിച്ചിട്ടുള്ളത്. യുഡിഎഫിനെ പ്രീണിപ്പിക്കാനും മുസ്ലിംലീഗിന്റെ പിന്തുണയോടെ അടുത്ത തവണ നിയമസഭയില്‍ എത്താനും ജീവിതാഭിലാഷമായ മന്ത്രിസ്ഥാനം കൈവരിക്കാനും കണ്ടെത്തിയ കുറുക്കുവഴിയാണ് സ്വതന്ത്ര നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് തികച്ചും ഏകപക്ഷീയവും വസ്തുതാവിരുദ്ധവുമായ രീതിയില്‍ രാഹുലിന്റെ വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയത്. വയനാട്ടിലെ വനവാസികള്‍ വന്യമൃഗ ആക്രമണ ഭീഷണിയില്‍പ്പെട്ടപ്പോഴും രാജ്യത്തിന്റെ പലഭാഗത്തും ദുരന്തം വന്നപ്പോഴും ഒക്കെ വിദേശത്ത് ചുറ്റിയടിച്ചു നടന്നിരുന്ന ‘ബാലകബുദ്ധി’ ഹിന്ദുക്കളെ ആക്ഷേപിച്ചപ്പോള്‍ മാത്രം എന്തോ വലിയകാര്യം ചെയ്തു എന്ന രീതിയില്‍ മാതൃഭൂമി ഉയര്‍ത്തിക്കാട്ടിയത് ആരെ പ്രീണിപ്പിക്കാനാണ്. അയോദ്ധ്യാപതി ശ്രീരാമനെപോലെ വില്ലുകുലച്ചു നില്‍ക്കുന്ന രാഹുലിന്റെ ചിത്രത്തോടെയാണ് നന്ദി രാഹുല്‍ എന്ന തലക്കെട്ട് മാതൃഭൂമി നല്‍കിയത്. അതിനായി മാതൃഭൂമി നിരത്തിയത് മൂന്നു കാരണങ്ങളാണ്. കരുത്തുറ്റ പ്രതിപക്ഷത്തിന്റെ വരവ് പാര്‍ലമെന്റില്‍ അടയാളപ്പെടുത്തിയതിന്, ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം കൃത്യമായി ബോധ്യപ്പെടുത്തിയതിന്, നിയമനിര്‍മ്മാണ സഭകള്‍ ഭരണപക്ഷത്തിന്റെ മാത്രം ചൊല്‍പ്പടിയിലാണെന്ന മിഥ്യാബോധം തച്ചുടച്ചതിന്. ഈ കാരണങ്ങള്‍ കൂടാതെ പൊടിപ്പും തൊങ്ങലും വേറെയുമുണ്ട്. ലോകസഭയില്‍ കൊടുങ്കാറ്റായി രാഹുല്‍ഗാന്ധി നന്ദിപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു. പിന്നെ രാഹുല്‍ ഉപയോഗിച്ച നാല് അസ്ത്രങ്ങളും മാതൃഭൂമി വിവരിച്ചിട്ടുണ്ട്. ഭയവും വിദ്വേഷവും പരത്തുന്നതല്ല ഹിന്ദുമതം, എന്നാല്‍ ഹിന്ദുക്കളെന്ന് സ്വയംവിളിക്കുന്നവര്‍ മുഴുവന്‍ സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്, നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. നിങ്ങള്‍ എന്ന വാക്കുകൊണ്ട് മാതൃഭൂമി ഉദ്ദേശിച്ചത് ഭാരതത്തിലെ മൊത്തം 110 കോടിയിലേറെ വരുന്ന ഹിന്ദു സമൂഹത്തെയാണ്.
ഭയവും വിദ്വേഷവും പരത്തുന്നതല്ല ഹിന്ദുത്വം, എന്നാല്‍ ഹിന്ദുക്കളെന്ന് സ്വയംവിളിക്കുന്നവര്‍ മുഴുവന്‍ സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്. നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. ഇതാണ് രാഹുലിന്റെ അസ്ത്രമായി മാതൃഭൂമി ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റിനുള്ളില്‍ എന്തും പറയാനുള്ള പരിരക്ഷ ഉപയോഗിച്ച് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും വോട്ടുബാങ്കിനും വേണ്ടി ആരെയും എന്തും പറയാനുള്ള മര്യാദാരാഹിത്യത്തെ മാതൃഭൂമി പിന്തുണയ്ക്കുമ്പോള്‍ എവിടെയാണ് ഹിന്ദുക്കള്‍ അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. മാതൃഭൂമി പത്രത്തിന്റെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഇത്തരത്തില്‍ ആക്ഷേപത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളാണ്. ഏതൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഹിന്ദു സമൂഹത്തിന് നേരെ ഏറെക്കാലമായി മാതൃഭൂമി തൊടുത്തു വിട്ടുകൊണ്ടിരിക്കുന്നത്?
മീശ നോവലിലെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങളും അമ്മമാരും സ്ത്രീകളും ക്ഷേത്രങ്ങളില്‍ പോകുന്നത് ലൈംഗികപ്രദര്‍ശനത്തിനാണെന്നു വരെയുള്ള ആക്ഷേപങ്ങളും ഉണ്ടായപ്പോഴും കേരളത്തിലെ ഹിന്ദു സമൂഹം മീശ നോവല്‍ ബഹിഷ്‌കരിച്ചതല്ലാതെ മാതൃഭൂമി പത്രത്തിന്റെ പരിസരത്തുപോലും വന്നിട്ടില്ല. അവരാരും മാതൃഭൂമിക്കെതിരെ കല്ലെറിഞ്ഞില്ല, അക്രമം നടത്തിയില്ല. രാമന്റെ ദുഃഖം എന്ന പേരില്‍ ഹിന്ദു നവോത്ഥാനത്തിനെതിരെ മാതൃഭൂമിയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പുസ്തകം എഴുതിയപ്പോഴും നാടൊട്ടുക്ക് ഹിന്ദുവിരുദ്ധതയുമായി പ്രഭാഷണം നടത്തിയപ്പോഴും എവിടെയും ആരും അദ്ദേഹത്തെ കല്ലെറിഞ്ഞില്ല. ആ സഹിഷ്ണുത ഹിന്ദുത്വത്തിന്റേതാണ്. വെള്ളിമാടുകുന്ന് മാതാഅമൃതാനന്ദമയി ആശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെ ഏതോ ചില നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി ജയ് ശ്രീറാം വിളിപ്പിച്ചത് രാമന്റെ ദുഃഖം എന്ന പേരില്‍ ഹിന്ദുക്കളുടെ മേല്‍ അത്രമാത്രം മെക്കിട്ട് കേറിയപ്പോളായിരുന്നു. അതൊരു പ്രതിഷേധം മാത്രമായിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഒരാള്‍പോലും അപമര്യാദയായി പെരുമാറിയില്ല എന്ന് പിന്നീട് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. അയോദ്ധ്യാപ്രശ്‌നത്തിന്റെ പേരില്‍ തര്‍ക്കമന്ദിരത്തെ ചൊല്ലിയാണ് അന്ന് മുസ്ലിം പ്രീണനത്തിനുവേണ്ടി വീരേന്ദ്രകുമാര്‍ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ചത്. അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പിനു നിന്ന കോഴിക്കോട്ടും പാലക്കാട്ടും വയനാട്ടിലും ഒക്കെ ഗണ്യമായ മുസ്ലിം സംഘടിതവോട്ടുകള്‍ ഉള്ളതുകൊണ്ട് അവരെ പ്രീണിപ്പിക്കുകയും ആ വോട്ട് നേടുകയും ചെയ്യുക എന്നത് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അത്യാവശ്യമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ചതും ഹിന്ദുക്കള്‍ക്കെതിരായി പ്രസംഗിച്ചതും. പക്ഷേ, വീരേന്ദ്രകുമാറിന് പുസ്തകം വായിക്കുന്ന ശീലം ഉള്ളതുകൊണ്ടും അത്യാവശ്യവിവരവും വിദ്യാഭ്യാസവും ഉള്ളതുകൊണ്ടും ഒരു മികച്ച സംഘാടകനും പ്രഭാഷകനും എന്ന നിലയില്‍ വ്യക്തിപരമായി തന്നെ ഇപ്പോഴത്തെ ലോക താന്ത്രിക് ജനതാദള്‍ നേതാക്കളെക്കാള്‍ മേന്മയുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ നേട്ടങ്ങള്‍ ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല എന്ന തിരിച്ചറിവെങ്കിലും കുറഞ്ഞത് ഉണ്ടെങ്കില്‍ ഹിന്ദുസമൂഹത്തിന് നേരെ ഇത്രയും നെറികെട്ട നിലപാടുമായി രംഗത്ത് വരില്ലായിരുന്നു. എല്ലാ സമുദായങ്ങളെയും മതങ്ങളെയും ഒരേ പോലെ കാണുക എന്ന മാതൃഭൂമിയുടെ പ്രഖ്യാപിതമായ നയമാണ് ഇവിടെ മാതൃഭൂമി ദിനപ്പത്രം തകര്‍ത്തെറിയുന്നത്. ഏതെങ്കിലും സംഘടനകളുടെ ആഹ്വാനമോ അഭ്യര്‍ത്ഥനയോ ഇല്ലാതെ ഇന്ന് സാധാരണക്കാരില്‍ സാധാരണക്കാരായ ഹിന്ദുക്കള്‍ പത്രം നിര്‍ത്താനും വലിച്ചെറിയാനും ഒരുമ്പെടുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ രൂപപ്പെടുന്ന ചേതോവികാരം മാതൃഭൂമി മാനേജ്‌മെന്റ് മനസ്സിലാക്കണം.
പിണറായി വിജയന് അടിമപ്പണി ചെയ്തിട്ട് കിട്ടാത്ത നേട്ടങ്ങള്‍ രാഹുല്‍ഗാന്ധിക്ക് അടിമപ്പണി ചെയ്താല്‍ കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കുകയും അതിന്റെ പേരില്‍ മൊത്തം ഹിന്ദു സമൂഹത്തെയും ആക്ഷേപിക്കാനും അവരെ പിണക്കാനും പോകുന്ന മാതൃഭൂമിയുടെ അമരക്കാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഭാരതത്തിലുള്ള മുസ്ലീങ്ങള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് ആരും പറയില്ല. ഭീകരവാദികളുമായി ബന്ധമുള്ള വിദേശ ഭീകരരുടെ കയ്യാളായി പ്രവര്‍ത്തിക്കുന്ന വെറും ന്യൂനപക്ഷ വിഭാഗം മാത്രമേ മുസ്ലീങ്ങളില്‍ ഉള്ളൂ. പക്ഷേ, പിടിയിലായ ഭീകരരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായതുകൊണ്ട് ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപ്പോസ്തലന്മാരായി ഇസ്ലാമികസമൂഹത്തെ സാധാരണക്കാര്‍ കാണുന്നു. ഭാരതത്തിലുടനീളം പ്രചരിപ്പിക്കുന്ന ദേശവിരുദ്ധതയ്ക്കും സംഘര്‍ഷത്തിനും ഇസ്ലാമിക മൗലികവാദത്തിനും എതിരെ നിലപാട് എടുക്കാനോ പോരാടാനോ മാതൃഭൂമിക്ക് ഇന്ന് കഴിയുന്നുണ്ടോ? 1980 കളില്‍ കുപ്രസിദ്ധമായ ബീമാപള്ളിയിലെ ഹദ്ദടി വിഷയത്തില്‍ മാതൃഭൂമി സ്വീകരിച്ച ഉജ്ജ്വലമായ നിലപാട് എക്കാലത്തെയും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതേണ്ടതാണ്. പക്ഷേ, പിന്നീട് മുതലാളിയുടെ രാഷ്ട്രീയ അതിപ്രസരത്തിനനുസരിച്ച്, താല്പര്യത്തിനും ഇംഗിതത്തിനും അനുസരിച്ച് പത്രാധിപസമിതി അടിമകളായപ്പോള്‍ മതമൗലികവാദത്തിനും തീവ്രവാദത്തിനും എതിരായ എല്ലാ ശബ്ദങ്ങളും മാതൃഭൂമിയില്‍ പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ അടിയന്തരം എന്ന ലഘുലേഖ എഴുതി മിസ അനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ പോകേണ്ടി വന്ന പത്രപ്രവര്‍ത്തകരുടെ കുലഗുരു എന്ന വിശേഷിപ്പിക്കാവുന്ന പി.രാജന്‍ മാതൃഭൂമിയില്‍ നിന്ന് പടിയിറങ്ങിയത് മാനേജ്‌മെന്റ് നടത്തിയ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം പുറത്തുകൊണ്ടുവന്നതിനാണ് എന്ന കാര്യം മറക്കരുത്.
അടുത്തിടെ കേരളത്തെ ബാധിക്കുന്ന സാമൂഹികമായ പ്രശ്‌നങ്ങളിലെല്ലാം മാതൃഭൂമി അനുവര്‍ത്തിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനവും നിശ്ശബ്ദതയും സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ളതാണ്. വിവാഹപ്രായം കുറയ്ക്കാനുള്ള സമരമായാലും കാന്തപുരത്തിന്റെ നോളജ് സിറ്റിയില്‍ മാങ്കാവ് കോവിലകത്തിന്റെ സ്ഥലം കയ്യേറിയതായാലും മുത്തലാക്ക് പ്രശ്‌നത്തിലായാലും മാതൃഭൂമിയുടെ നിലപാടുമാറ്റം വ്യക്തമാണ്. ന്യൂനപക്ഷപ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും പുതിയ രാഷ്ട്രീയ നീക്കങ്ങളും ചേര്‍ന്ന സംവിധാനമാണ് രാഹുലിനെ മണിയടിക്കാന്‍ നന്ദി രാഹുല്‍ എന്ന തലക്കെട്ടിനു കാരണമെന്ന് അക്ഷരാഭ്യാസമുള്ള ആര്‍ക്കും മനസ്സിലാകും. രാഹുല്‍ പറഞ്ഞ നാല് അസ്ത്രങ്ങളില്‍ ആദ്യത്തേതാണ് അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നത് മുഴുവന്‍ ഹിന്ദുക്കളാണ് എന്ന പരാമര്‍ശം. ഭാരതത്തിലെ അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വര്‍ഗീയ അസ്വാസ്ഥ്യങ്ങളുടെയും കലാപങ്ങളുടെയും യഥാര്‍ത്ഥ കണക്കെടുക്കാന്‍ മാതൃഭൂമി തയ്യാറുണ്ടോ? കേരളത്തിലെ ആദ്യത്തെ സംഘടിത വര്‍ഗ്ഗീയകലാപം നടന്നത് 1921 ലെ മലബാര്‍ കലാപമാണ് എന്നകാര്യം എല്ലാവര്‍ക്കും അറിയാം. കലാപത്തെക്കുറിച്ച് വന്നിട്ടുള്ള ഏറ്റവും നല്ല സത്യസന്ധമായ ദൃക്‌സാക്ഷിവിവരണം ഉള്‍പ്പെട്ട രണ്ടു പുസ്തകങ്ങളില്‍ ഒന്ന് മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ ആണ്. തന്റെ മരണശേഷം മാത്രം ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ രണ്ട് അധ്യായം മാറ്റിയ ശേഷം പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ ഒറിജിനല്‍ ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിക്ക് കഴിയുമോ? മാതൃഭൂമിക്ക് പകര്‍പ്പവകാശമുള്ള ‘മലബാര്‍ കലാപം’ അച്ചടിയില്‍ ഇല്ലാതായിട്ട് എത്ര കാലമായി. ഏറനാട്ടിലെ മാപ്പിളമാര്‍ എങ്ങനെയാണ് സര്‍വ്വമത സമന്വയത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് പാവപ്പെട്ട ഹിന്ദുക്കളെ കൊന്നൊടുക്കുകയും ബലാത്സംഗം ചെയ്യുകയും പിഞ്ചുകുഞ്ഞുങ്ങളെയടക്കം മതപരിവര്‍ത്തനം ചെയ്യുകയും ചെയ്തത് എന്ന കാര്യം കെ.മാധവന്‍ നായര്‍ വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയാണ് ഹിന്ദുക്കള്‍ വിദ്വേഷം പ്രകടിപ്പിക്കുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്തതെന്ന് വ്യക്തമാക്കാന്‍ മാതൃഭൂമിക്ക് കഴിയുമോ?
മലബാര്‍ കലാപത്തെ കുറിച്ചുള്ള ഏറ്റവും മികച്ച പുസ്തകം മഹാകവി കുമാരനാശാന്റെ ദുരവസ്ഥയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ കലാപപ്രദേശങ്ങളില്‍ മുഴുവന്‍ പര്യടനം നടത്തി അക്രമബാധിതരെ കണ്ടശേഷമാണ് ദുരവസ്ഥ എഴുതിയത്. മാപ്പിളസ്ഥാനം സ്വന്തമാകും എന്ന് തെറ്റിദ്ധരിപ്പിച്ച് പാവപ്പെട്ട മുസ്ലീങ്ങളെ കലാപത്തിന് പ്രേരിപ്പിച്ച് ഇറക്കിവിട്ട മുസ്ലിം നേതാക്കള്‍ ആരാണെന്ന് അന്നും പുറത്തുവന്നില്ല. മഹാകവി കുമാരനാശാന്‍ ഇസ്ലാമിക ഭീകരര്‍ ചെയ്ത ക്രൂരമായ നരഹത്യയുടെയും ബലാത്സംഗത്തിന്റെയും ഒക്കെ ചിത്രം വ്യക്തമായി വരച്ചുകാട്ടിയപ്പോള്‍ അദ്ദേഹത്തിന് പകരം കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു. ആദ്യം തിരുവനന്തപുരത്തെ വാന്റോസ് ജംഗ്ഷനില്‍വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ജഡ്ക്കയില്‍ മറ്റൊരു വാഹനം കൊണ്ടുവന്നിടിപ്പിച്ച് അപകടമുണ്ടാക്കിയ സാഹചര്യം. അതിനുശേഷമാണ് റെഡിമീര്‍ ബോട്ടപകടം ഉണ്ടാകുന്നത്. വീടിന്റെ ചുറ്റും കായലുള്ള കുമാരനാശാന്‍ ചെറുപ്പംമുതലേ നന്നായി നീന്തി പരിശീലനമുള്ള ആളാണ്. ഏത് നിലയില്ലാക്കയത്തിലും അദ്ദേഹത്തിന് നീന്താന്‍ കഴിയുമായിരുന്നു. പക്ഷേ, അദ്ദേഹം യാത്രചെയ്തിരുന്ന ഒന്നാം ക്ലാസ് കൂപ്പയുടെ വാതില്‍ പുറത്തുനിന്ന് അടച്ച് അദ്ദേഹത്തിന് ജലസമാധി ഒരുക്കുകയായിരുന്നു. ഈ സംഭവത്തിന് മുമ്പ് അദ്ദേഹവുമായി ആലപ്പുഴയിലെ മുസ്ലിം യുവജന സംഘവും മറ്റു മുസ്ലിം പ്രമാണിമാരും ഇടഞ്ഞതും ജിഹാദികള്‍ ഭീഷണിപ്പെടുത്തിയതും അദ്ദേഹം വഴങ്ങാതിരുന്നതും ചരിത്രമാണ്. ദുരവസ്ഥയിലെ മുഹമ്മദീയര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യത്തെ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. ആലപ്പുഴ മുസ്ലിം യുവജന സംഘം ഇതുസംബന്ധിച്ച് പ്രമേയം അംഗീകരിച്ചയച്ചെങ്കില്‍ പോലും അതിന് പുല്ലുവില പോലും കുമാരനാശാന്‍ കൊടുത്തില്ല. അതിനദ്ദേഹം കൊടുക്കേണ്ടി വന്ന വിലയാണ് ബോട്ട് അപകടത്തിലെ ജലസമാധി.
മലബാര്‍ കലാപം മുതല്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടല്‍ വരെയുള്ള ഇസ്ലാമിക തീവ്രവാദത്തെ മാതൃഭൂമി എങ്ങനെ കൈകാര്യം ചെയ്തു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. മാറാട് കൂട്ടക്കൊല മുതല്‍ പൂന്തുറ കലാപം വരെയുള്ള വര്‍ഗ്ഗീയ കലാപങ്ങളുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ നിലവിലുണ്ട്. പൂന്തുറയില്‍ കലാപത്തിന് കാരണമായത് മദനിയുടെ വര്‍ഗ്ഗീയവിഷം ചുരത്തുന്ന പ്രസംഗമാണെന്ന് കലാപം അന്വേഷിച്ച അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, മദനിയുടെ പേരില്‍ മനുഷ്യാവകാശ പ്രചാരണം നടത്താനും മഹത്വവല്‍ക്കരിക്കാനും മാതൃഭൂമി നടത്തിയ ശ്രമങ്ങള്‍ കാണാതിരിക്കാന്‍ കഴിയുമോ. മാറാട് ഇസ്ലാമിക ഭീകരര്‍ നടത്തിയ അരുംകൊലയും അതിന്റെ പിന്നിലെ ഗൂഢാലോചനയും ഒക്കെ ജസ്റ്റിസ് തോമസ് പി.ജോസഫ് കമ്മീഷന്‍ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. ഇത്തരം ഭീകരര്‍ക്കെതിരെ മാതൃഭൂമിയുടെ നിലപാട് എന്താണ്? ഈ വര്‍ഗ്ഗീയകലാപങ്ങളില്‍ എവിടെയെങ്കിലും കേരളത്തിലെ ഹിന്ദുസമൂഹം സംഘര്‍ഷം സൃഷ്ടിക്കുകയോ വെറുപ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? പിന്നെ എന്തു പശ്ചാത്തലത്തിലാണ് മാതൃഭൂമി രാഹുല്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നത്?
അഗ്‌നിവീറുകളെ കൈകാര്യം ചെയ്യുന്നത് ഉപയോഗിച്ച് വലിച്ചെറിയുക എന്ന നിലയിലാണ് എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഈ ആരോപണത്തിന്റെ സത്യസന്ധതയെ കുറിച്ച് അസ്ത്രം കുലയ്ക്കുംമുമ്പ് മാതൃഭൂമി അന്വേഷിച്ചോ? ലോകത്തിലെ പല രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധ സൈനികസേവനം ഉണ്ട്. രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞതുതന്നെ കളവാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ സ്വയം തിരുത്താന്‍ മാതൃഭൂമിക്ക് കഴിയട്ടെ. മണിപ്പൂരിലെ രണ്ടു ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ചാല്‍ അവസാനിക്കുന്നതാണോ? ഇന്ദിരാവധത്തിനുശേഷം നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഇതൊക്കെ സംഭവിക്കും എന്ന ലാഘവബുദ്ധിയോടെയുള്ള രാഹുലിന്റെ പിതാവ് രാജീവിന്റെ പരാമര്‍ശമൊന്നും നരേന്ദ്രമോദിയില്‍ നിന്നോ ബിജെപിയില്‍ നിന്നോ ഉണ്ടായിട്ടില്ല. ഏതു പത്രത്തിനും മാധ്യമത്തിനും വസ്തുനിഷ്ഠമായ വിലയിരുത്തലും വിശകലനവും നടത്താനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ, സ്വന്തം രാഷ്ട്രീയതാല്‍പര്യത്തിനും വ്യക്തി താല്‍പര്യത്തിനും അനുസൃതമായി ഒരുനൂറ്റാണ്ട് പഴക്കമുള്ള സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ ഈയാംപാറ്റകളെപോലെ നിരവധി ദേശസ്‌നേഹികള്‍ സ്വന്തം ജീവിതം ത്യജിച്ച മാതൃഭൂമിയെപോലെയുള്ള ഒരു പത്രം ഇങ്ങനെ തരംതാഴുമ്പോള്‍ ഹൃദയവേദനയുള്ളവര്‍ നിരവധിയാണ്. അതുമനസ്സിലാക്കാന്‍ സ്വാര്‍ത്ഥതയുടെ രാഷ്ട്രീയത്തിനു കഴിയില്ല. പക്ഷേ, ഒന്നു മനസ്സിലാക്കണം, തട്ടിപ്പുകള്‍ മുതല്‍ ഗോസ്റ്റ് റൈറ്റിംഗ് വരെയുള്ള ഓരോ ഇടപാടുകളും പുറത്തിടാന്‍ ആരെങ്കിലും ഒരുമ്പെട്ട് പുറപ്പെട്ടാല്‍ നഷ്ടപ്പെടാന്‍ ഏറെയുണ്ടാകും എന്ന കാര്യം മറക്കരുത്. മാതൃഭൂമിയുടെ പത്രാധിപസമിതിയില്‍ എണ്ണം പറഞ്ഞ വര്‍ഗീയവാദികള്‍ കമ്മ്യൂണിസ്റ്റ് കുപ്പായം അണിഞ്ഞ് കയറിപ്പറ്റിയിട്ട് കുറെ കാലമായി. അവര്‍ പരത്തുന്ന മോദി വിരോധവും രാഷ്ട്രവിരുദ്ധതയും നേരത്തെ തന്നെ ചര്‍ച്ചയായതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അല്പത്തങ്ങളുടെ തമ്പുരാന്‍ എന്നു വിശേഷിപ്പിച്ച മാതൃഭൂമിയിലെ ലേഖകന്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന കമ്മ്യൂണിസ്റ്റ് കുപ്പായം പേറുന്ന വര്‍ഗീയവാദി തന്നെയായിരുന്നു. മാതൃഭൂമിക്കുള്ളില്‍ ഒരു ക്രിസ്ത്യന്‍ ഷാഡോ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നിരുന്നു എന്ന കാര്യം പലര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. എന്തിനും ഏതിനും മോദിയെയും ബിജെപിയെയും ഏറ്റവും അവസാനം ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ജീര്‍ണ്ണതയുടെ താവളമായി മാതൃഭൂമി അധഃപ്പതിച്ചിരിക്കുന്നു. ഇത്തരമൊരു ടോയ്‌ലറ്റ് പേപ്പര്‍ ആരെങ്കിലും വേണ്ടെന്നു വെച്ചാല്‍ അതിനെ കുറ്റംപറയാന്‍ കഴിയുമോ. ജനവികാരം പ്രതിഫലിപ്പിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്നത് ചോദിക്കുകയും അറിയിക്കുകയും ചെയ്യുന്നതാണ് മാധ്യമപ്രവര്‍ത്തനം. സ്വന്തം മുതലാളിക്ക് രാഷ്ട്രീയ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാനും അവരുടെ അനാശാസ്യങ്ങള്‍ക്ക് കുടപിടിക്കാന്‍ നടക്കുന്നതുമല്ല മാധ്യമപ്രവര്‍ത്തനമെന്ന് പത്രാധിപസമിതിയിലെ വക്രബുദ്ധിക്കാര്‍ക്ക് വകതിരിവുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണം. മാതൃഭൂമിയില്‍ എത്തുന്ന ആരെയും അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയിരുന്ന കോണിപ്പടികള്‍ ഉണ്ട്, ഗാന്ധിജി നടന്നുകയറിയ കോണിപ്പടികള്‍. പത്രാധിപരും മാനേജിങ് ഡയറക്ടറുമായി ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍, രാജികള്‍, ദേശാഭിമാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഉത്തമ നിദര്‍ശനമായിരുന്നു മാതൃഭൂമി.
രാഹുല്‍ ഷോ(ക്ക്) എന്നപേരില്‍, ആദ്യപ്രസംഗം ലോകസഭയെ ഇളക്കിമറിച്ച് പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടിലായിരുന്നു മനോരമയുടെയും പ്രകടനം. വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ പേറുന്ന മനോരമയില്‍നിന്ന് ആരും മറിച്ച് പ്രതീക്ഷിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ തലേദിവസം വരെ മിസ്റ്റര്‍ ഗാന്ധി എന്ന് ഗാന്ധിജിയെ വിളിക്കുകയും സ്വാതന്ത്ര്യസമരത്തെ കഴിയുന്നിടത്തെല്ലാം ഒറ്റിക്കൊടുക്കുകയും ചെയ്ത പാരമ്പര്യമുള്ള മനോരമ സോണിയയുടെയും രാഹുലിന്റെയും പശ്ചാത്തലംവച്ചാണ് എക്കാലവും പിന്തുണയ്ക്കുന്നത്. ദല്‍ഹിയില്‍ നിന്നുള്ള രാഹുലിന്റെ യാത്രകളില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ അകമ്പടി സേവിക്കുകയും അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം അവരുടെ തനതുസ്വത്താണ്. അതുകൊണ്ടുതന്നെ അവര്‍ അങ്ങനെയേ പെരുമാറൂ എന്നകാര്യത്തില്‍ സംശയമില്ല. അഞ്ചുദിവസം പണിപ്പെട്ട് ആരൊക്കെയോ റോബോട്ടിന് കീ കൊടുക്കും പോലെ പഠിപ്പിച്ചുവിട്ടത് പറഞ്ഞുതീര്‍ത്തു എന്നതൊഴിച്ചാല്‍ മറ്റൊന്നും പാര്‍ലമെന്റില്‍ സംഭവിച്ചിട്ടില്ല. മാതൃഭൂമിയും മനോരമയും പറയുന്ന അത്ഭുതങ്ങള്‍ ഒന്നും ദേശീയ മാധ്യമങ്ങളില്‍ കണ്ടില്ല. ഭാരതത്തിലെ ഹിന്ദുക്കള്‍ മുഴുവന്‍ അക്രമികളാണെന്ന രാഹുലിന്റെ പരാമര്‍ശം സംഘടിത വോട്ടുബാങ്കുകളെയും തങ്ങളുടെ ഇറ്റാലിയന്‍ പ്രമാണിമാരെയും പ്രീതിപ്പെടുത്താനുള്ളതായിരുന്നു.
അമേരിക്കയിലെ ജോര്‍ജ് സോറോസ് മുതല്‍ ബ്രിട്ടനിലെ ടൂള്‍ കിറ്റ് വരെ വിപുലമായ സന്നാഹങ്ങളാണ് ഇക്കുറിയെങ്കിലും മോദിയെ പുറത്താക്കാന്‍ സജ്ജമാക്കിയിരുന്നത്. പതിവുപോലെ ഗൂഢാലോചനകളും കള്ളക്കഥകളും വര്‍ഗീയ ചേരിതിരിവും മതതീവ്രവാദവും ഒക്കെ മസാലപുരട്ടി അവതരിപ്പിച്ചെങ്കിലും നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുന്നു. മൂന്നാം തവണയും തുടര്‍ച്ചയായി അധികാരത്തില്‍ എത്തുന്ന ഒരു നേതാവിന് നല്‍കുന്ന, നല്‍കേണ്ട പരിഗണന നരേന്ദ്രമോദിക്ക് മാതൃഭൂമിയും മനോരമയും അടക്കമുള്ള മലയാളത്തിലെ മാധ്യമങ്ങള്‍ നല്‍കിയോ? കഴിഞ്ഞ 10 വര്‍ഷത്തെ ഭരണംകൊണ്ട് ഈ നാട്ടിലെ വികസന സങ്കല്പത്തിലും അന്താരാഷ്ട്ര മേല്‍വിലാസത്തിലും വന്ന അടപടലമുള്ള മാറ്റം എവിടെയെങ്കിലും രേഖപ്പെടുത്തിയോ? നരേന്ദ്രമോദി കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് സൃഷ്ടിച്ച അഴിമതിരഹിത ഭരണം, സാമ്പത്തിക അച്ചടക്കം, നാണ്യപെരുപ്പം പിടിച്ചുനിര്‍ത്തിയത്, രണ്ടുലക്ഷം കോടി കടന്ന ജിഎസ്ടി പിരിവ്, അടിസ്ഥാന സൗകര്യ വികസനം ഇവയൊക്കെ എപ്പോഴെങ്കിലും മൂല്യാധിഷ്ഠിതമായി വിലയിരുത്താനുള്ള അന്തസ്സ് ഈ ദിനപ്പത്രങ്ങള്‍ കാട്ടിയിട്ടുണ്ടോ? കാശ്മീരില്‍ 1993ല്‍ മതം മാറുക, ഓടിപ്പോവുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്ന് മസ്ജിദുകളിലെ പ്രാര്‍ത്ഥനയ്ക്കുപകരം വിളിച്ചുപറഞ്ഞതും കാശ്മീരി പണ്ഡിറ്റുകളടക്കമുള്ള ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടതും രാജ്യത്തിന്റെ പലഭാഗങ്ങളായുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പറിച്ചുനട്ടതും ഇവര്‍ അറിഞ്ഞിട്ടുണ്ടോ?
ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 60,000 കിലോമീറ്റര്‍ റെയില്‍വേ പാത തയ്യാറാക്കുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ആറിരട്ടി വളര്‍ച്ച സാമ്പത്തികരംഗത്ത് ഉണ്ടാവുകയും 3.78 ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയില്‍നിന്ന് 5.78 ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഭാരതം മാറുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 2047 ആകുമ്പോഴേക്കും സമസ്തമേഖലകളിലും പൂര്‍ണ്ണവികസിത രാജ്യമാകാന്‍ തയ്യാറെടുക്കുന്ന ഭാരതം എന്ന രാജ്യത്തെ അഴിമതി വിമുക്തവും ഭീകരവിമുക്തവുമാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയെ വേട്ടയാടുന്നതിന്റെ കാരണമെന്താണ്? ലോകത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ അധിവസിക്കുന്ന ഈ നാട്ടില്‍വന്ന എല്ലാ മതങ്ങളെയും രണ്ടുകൈയുംനീട്ടി സ്വീകരിച്ച് അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ആരാധനാസ്വാതന്ത്ര്യവും ഒരുക്കിയവരാണ് ഹിന്ദുക്കള്‍. മലബാര്‍കലാപം പോലെ പിന്നില്‍നിന്ന് കുത്തിയവരും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ തകര്‍ത്തെറിഞ്ഞ് അതിന്റെ മുകളില്‍ താഴികക്കുടങ്ങള്‍ നിര്‍മ്മിച്ച് സ്വന്തം ആരാധനാലയങ്ങള്‍ തീര്‍ത്തപ്പോഴും കല്ലുകൊണ്ടുള്ള കൃഷ്ണവിഗ്രഹവും തടികൊണ്ടുള്ള കുരിശും പുഴയില്‍ ഒന്നിച്ചിട്ട് ശക്തിയുള്ളത് പൊങ്ങിക്കിടക്കും എന്നുപറഞ്ഞ് പൊങ്ങിക്കിടക്കുന്ന കുരിശു ചൂണ്ടിക്കാട്ടി മതപരിവര്‍ത്തനം ചെയ്തപ്പോഴും പരമാവധി ഹിന്ദുക്കള്‍ സഹിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.ടി.തോമസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ സംഘടനാനേതാക്കളുമായി ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദത്തിലും ഉരുത്തിരിഞ്ഞു വന്നത് മതപരിവര്‍ത്തനമെന്ന ജീര്‍ണ്ണതയായിരുന്നു. ഭാരതത്തിലെ ഹിന്ദുവിന് ജന്മനാട്ടില്‍ അഭിമാനത്തോടെ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഇനി എന്തുചെയ്യണം? ന്യൂനപക്ഷപ്രീണനത്തിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പേരില്‍ ഹിന്ദുവിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ ഒന്ന് ചീറാനെങ്കിലും ഹിന്ദുവിന് കഴിയണ്ടേ? ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെയും ക്രൈസ്തവത്കരിക്കാനുള്ള ക്രൈസ്തവ മതലോബികളുടെയും തടവറയിലാണ് രാഹുലും കോണ്‍ഗ്രസ്സും.
ഭാരതം പ്രപഞ്ചമുള്ളിടത്തോളം ശക്തമായി, ലോകഗുരുവായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതും അതിനുവേണ്ടി അനവരതം, അവിരാമം പ്രവര്‍ത്തിക്കുന്നതും എങ്ങനെയാണ് തെറ്റാകുന്നത്? നരേന്ദ്രമോദി ഇന്ന് ചെയ്യുന്നത് അതുമാത്രമല്ലേ. കിട്ടുന്ന എല്ലാ വേദികളിലും ഭാരതവിരുദ്ധത പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഹുല്‍ ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ നന്മയാണെന്ന് കരുതാനാകില്ല. നാഷണല്‍ ഹെറാള്‍ഡിന്റെ 5000 കോടിരൂപയോളം വരുന്ന സ്വത്തുക്കള്‍ അമ്മയും മകനും കാര്യസ്ഥനും ചേര്‍ന്ന കമ്പനി 75 ലക്ഷം രൂപക്ക് എഴുതി വാങ്ങിയപ്പോള്‍, ഇത്തവണ നരേന്ദ്രമോദി ഇറ്റലിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ കൊണ്ടുവന്ന അഗസ്റ്റാ വെസ്റ്റ്‌ലാന്റ് കോഴ കുംഭകോണത്തിന്റെ തെളിവുകള്‍ എന്നിവയൊക്കെ അവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഉദ്ദേശശുദ്ധിയും ലക്ഷ്യവും വ്യക്തമാക്കുന്നതാണ്. വെള്ളപൂശാനും കെട്ടിയെഴുന്നള്ളിക്കാനുമുള്ള ആവേശത്തിനുപിന്നില്‍ ഭാരതത്തിന്റെ അടിസ്ഥാന ജനവിഭാഗമായ ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള ചേതോവികാരമാണെന്ന് മനസ്സിലാകും. അത് ഹിന്ദുക്കള്‍ക്ക് മനസ്സിലാകുന്നതുകൊണ്ടാണ് ആരും പറയാതെയുള്ള ബഹിഷ്‌കരണം എന്നകാര്യം ഇനിയെങ്കിലും തിരിച്ചറിയുക.