ഇംഗ്ലീഷ് സൈന്യം പാഞ്ചാലം കുറിച്ചിയിലേക്ക് കുതിച്ചു. വീരപാണ്ഡ്യന്‍ പൊരുതി നിന്നു. കൂടുതല്‍ കൂടുതല്‍ സൈന്യം എത്തിക്കൊണ്ടിരുന്നു. യുദ്ധത്തില്‍ ഇരുഭാഗത്തും കനത്ത ആള്‍നാശം ഉണ്ടായിക്കൊണ്ടിരുന്നു. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുള്ള ഇംഗ്ലീഷ് സേനയെ നേരിടാന്‍ അമ്പും വില്ലും കുന്തവും വാളും ചുരികയും മാത്രമേ പാണ്ഡ്യപടക്കുണ്ടായിരുന്നുള്ളൂ. എങ്കിലും അവര്‍ ഒപ്പത്തിനൊപ്പം പൊരുതി നിന്നെങ്കിലും മറുഭാഗത്ത് കൂടുതല്‍ സൈന്യം എത്തിക്കൊണ്ടിരുന്നപ്പോള്‍ പാണ്ഡ്യന്റെ പടക്ക് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി. തന്റെ സൈനികരെ സഹായിക്കാന്‍ വീരപാണ്ഡ്യന്‍ തന്നെ നേതൃത്വം ഏറ്റെടുത്ത് പൊരുതി നിന്നെങ്കിലും ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ പൊരുതുന്ന വീരപാണ്ഡ്യനെ രക്ഷിക്കേണ്ട സമയമായി എന്ന് വൃദ്ധനായ മന്ത്രി താനാപതിക്കു ബോദ്ധ്യമായി. പടച്ചട്ടയണിഞ്ഞ താനാപതി വീരപാണ്ഡ്യനടുത്തെത്തി. മന്ത്രി പറഞ്ഞു ”അങ്ങ് ജീവിച്ചിരിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. കോട്ടയിലെ രഹസ്യ വാതില്‍ വഴി അങ്ങ് പുറത്ത് കടന്ന് രക്ഷപ്പെടുക. ഒളിവിലിരുന്ന് സൈനിക സജ്ജീകരണം നടത്തി ശത്രുവിനെ പരാജയപ്പെടുത്തി നാടിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുക.”
മന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുവാന്‍ വീരപാണ്ഡ്യന്‍ ആദ്യം ഒരുക്കമായിരുന്നില്ല. അവസാനം മന്ത്രിയുടെ നിര്‍ബ്ബന്ധം സ്വീകരിച്ച പാണ്ഡ്യന്‍ രഹസ്യ വാതില്‍ വഴി പുറത്തു കടന്ന് ഒളിവില്‍ പോയി. താനാപതി ഇംഗ്ലീഷ് സൈന്യത്തിന് കനത്തനാശം വിതച്ച് പൊരുതി മരിച്ചു. കോട്ട കീഴടക്കിയ സൈന്യം പാണ്ഡ്യനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടു.
മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാനുള്ള സൈനികസന്നാഹം നടത്തിക്കൊണ്ട് യാത്ര ചെയ്യുന്നതിനിടയില്‍ വീരപാണ്ഡ്യന്‍ എത്തിയത് വിജയരഘുനാഥ രാജാവിന്റെ സാമന്തനായ തൊണ്ടമാന്റെ രാജ്യത്തായിരുന്നു. അയാള്‍ തന്നോടൊപ്പം നില്‍ക്കുമെന്നായിരുന്നു വീരപാണ്ഡ്യന്‍ വിശ്വസിച്ചിരുന്നത്. അനുജന്‍ കുമാരസ്വാമി ജ്യേഷ്ഠനു മുന്നറിയിപ്പു നല്‍കി ‘അയാളെ വിശ്വസിക്കരുത്’.
വീരപാണ്ഡ്യന് തൊണ്ടമാനെ വിശ്വാസമായിരുന്നു.
സ്‌നേഹം പ്രകടിപ്പിച്ച തൊണ്ടമാന്‍ വീരപാണ്ഡ്യനെ സ്‌നേഹ ബഹുമാനം പ്രകടിപ്പിച്ച് സ്വീകരിച്ചു. തന്റെ കൊട്ടാരത്തില്‍ ധൈര്യമായി എത്രനാള്‍ വേണമെങ്കിലും താമസിച്ചു കൊള്ളുവാനും അത് തനിക്ക് അതിയായ സന്തോഷം നല്‍കുമെന്നും ഇംഗ്ലീഷുകാരെ തുരത്താന്‍ എന്തു സഹായവും നല്‍കാന്‍ താനൊരുക്കമാണെന്നും വാക്കു കൊടുത്തു.
(തുടരും)