ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ചൈനയില്‍ നിന്ന് നിരന്തരം ആക്രമണ ഭീഷണി ഉണ്ടായിട്ടും അതിനെ നേരിടുന്നതിനായി നമ്മുടെ സായുധസേനകളെ ശക്തിപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന് വ്യോമസേന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് നിരസിച്ചു. പതിറ്റാണ്ടുകളായി ഭാരതം പുതിയ യുദ്ധവിമാനങ്ങളൊന്നും വാങ്ങിയിരുന്നില്ല എന്നതുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ യുപിഎ ഭരണകാലത്ത് അനന്തമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതുവഴി ചൈനയുടെ താല്‍പര്യം സംരക്ഷിക്കപ്പെടുകയായിരുന്നു. 2014 ല്‍ സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയായ സര്‍ക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഭാരതത്തിന്റെ സായുധസേനകളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ എടുത്തത്.
പ്രധാനമന്ത്രി മോദി 2014 ല്‍ അധികാരമേറ്റ് രണ്ട് മാസത്തിനകം അതിര്‍ത്തിയിലൂടെയുള്ള റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടികള്‍ എടുത്തു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അനുമതി വേണമെന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ആധുനികമായ നിര്‍മ്മാണ ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കി. ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ഗാല്‍വാനിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ വരെയുള്ള റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം ദ്രുതഗതിയിലാക്കുകയും, ചിലതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഗാല്‍വാനിലെ വ്യോമത്താവളത്തിലേക്ക് എത്താനുള്ള റോഡും ഇതില്‍പ്പെടുന്നു. ഇതുകൂടാതെ 32 റോഡുകളുടെ നിര്‍മ്മാണമാണ് ദ്രുതഗതിയിലാക്കിയത്. ഇത് സ്വാഭാവികമായും ചൈനയെ പ്രകോപിപ്പിച്ചു. ഇത്തരം റോഡ് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറ്റി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് കൂടിയായിരുന്നുവല്ലോ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണം യുപിഎ ഭരണകാലത്ത് നടത്താതിരുന്നത്.
യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് തടയാന്‍ ശ്രമിച്ചു
സായുധസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കൂടിയാലോചനകള്‍ മോദി സര്‍ക്കാര്‍ വേഗത്തിലാക്കിയത്. അപ്പോഴും കുറഞ്ഞ വിലയ്ക്ക് ഈ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ശ്രദ്ധിച്ചു. യുദ്ധവിമാനങ്ങള്‍ ലഭ്യമായതോടെ 3,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പ്രദേശത്ത് ചൈനയില്‍ നിന്ന് ഉണ്ടാവുന്ന ഏത് ഭീഷണിയെയും നമുക്ക് നേരിടാനാവുമെന്ന സ്ഥിതി വന്നു. ഇതിനുപുറമേ 500 കോടിയില്‍ കവിയാത്ത തുകയ്ക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സര്‍ക്കാരിന്റെ അനുമതിയില്ലാതെ സേനയ്ക്ക് സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള അധികാരം നല്‍കി. അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും അനുവദിച്ചു. നമ്മുടെ സായുധസേനകളെ ശക്തിപ്പെടുത്താന്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും ഈ രാജ്യങ്ങള്‍ നല്‍കി. കരാര്‍ പ്രകാരം ആദ്യ സെറ്റ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ലഭിച്ചതിനു പുറമേ അമേരിക്കയും റഷ്യയും ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കി. ഇസ്രായേലില്‍ നിന്ന് വ്യോമ പ്രതിരോധ സംവിധാനവും നാം സ്വന്തമാക്കി.
ഭാരത വ്യോമസേന റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നത് തടയാനാണ് പ്രധാനമന്ത്രി മോദിക്കെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചത്. യുദ്ധവിമാനം വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്തോറും രാഹുലിന്റെ രോഷം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് നരേന്ദ്ര മോദിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കടുത്ത മോദി വിരോധികള്‍ അല്ലാതെ മറ്റാരും അത് ഏറ്റെടുത്തില്ല എന്നത് മറ്റൊരു കാര്യം. ഈ മുദ്രാവാക്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ മനോഭാവമാണ് മോദി വിരോധമായി പരിണമിച്ചത്.
യുപിഎ ഭരണകാലത്ത് നടക്കാതിരുന്നതും, കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലാതിരുന്നതും മുടക്കിയതുമായിരുന്നു ഇത്തരം സുരക്ഷാ സജ്ജീകരണങ്ങള്‍. ഇതുകൊണ്ടുതന്നെ നെഹ്‌റു കുടുംബം സ്വാഭാവികമായും നിരാശരായി. സൈന്യത്തെ ദുര്‍ബലപ്പെടുത്തി നിര്‍ത്താന്‍ അതിര്‍ത്തിയിലെ റോഡുകളുടെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാതിരുന്ന കോണ്‍ഗ്രസ് മാറിയ സാഹചര്യത്തില്‍ ചൈനയെ സഹായിക്കുന്നതിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഇതിലൊന്ന് ചൈനീസ് ഭരണനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതായിരുന്നു. അവസരം ലഭിച്ചപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചൈനയിലേക്കുപോയി ചര്‍ച്ച നടത്തുകയും, അവര്‍ക്ക് പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു.
2017 ല്‍ അതിര്‍ത്തിപ്രദേശമായ ദോക്‌ലാമില്‍ ചൈനയുമായി സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസും രാഹുലും തയ്യാറായത് ചൈനയുമായുള്ള കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നുവേണം വിചാരിക്കാന്‍. സൈനികവും നയതന്ത്രപരവുമായ സംഘര്‍ഷത്തിനിടെ രാഹുല്‍ ഭാരതത്തിലെ ചൈനീസ് അംബാസഡറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇരുവരും എന്തൊക്കെയാണ് ചര്‍ച്ചചെയ്തതെന്ന് പുറംലോകം അറിഞ്ഞില്ല. കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആദ്യം കോണ്‍ഗ്രസ് അത് നിഷേധിച്ചു. എന്നാല്‍ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റിലൂടെ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരം മുട്ടി. വിമര്‍ശനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുന്നതിനായി പിന്നീട് ഈ പോസ്റ്റ് ചൈനീസ് എംബസിതന്നെ നീക്കം ചെയ്തു.
2018 ല്‍ രാഹുല്‍ കൈലാസ് മാനസരോവര്‍ സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ മന്ത്രിമാര്‍ അവിടെയെത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആദ്യം കോണ്‍ഗ്രസ് ഈ സംഭവം മൂടിവെച്ചെങ്കിലും, പിന്നീട് രാഹുല്‍ തന്നെ അബദ്ധവശാല്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. അതീവ ഗൗരവമുള്ള കാര്യമല്ലായിരുന്നുവെങ്കില്‍ ഇത്രയേറെ ദൂരം സഞ്ചരിച്ച് ചൈനയുടെ മന്ത്രിമാര്‍ മാനസരോവറില്‍ എത്തുമായിരുന്നില്ലല്ലോ.
അതിര്‍ത്തിസംഘര്‍ഷങ്ങളില്‍ ചൈനയ്‌ക്കൊപ്പം
ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയാണുണ്ടായത്. ഭാരത സൈനികരുടെ തിരിച്ചടിയില്‍ ചൈനയുടെ സേനയ്ക്ക് വലിയ ആള്‍നാശം സംഭവിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടു എന്നുപറയാന്‍ പോലും ആദ്യം ചൈന മടിച്ചു. വളരെക്കാലം കഴിഞ്ഞ് തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടായെന്ന് ചൈനയ്ക്ക് സമ്മതിക്കേണ്ടി വന്നു. ഈ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഭാരതസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് വിശ്വസിച്ചത് ചൈന പറയുന്നതാണ്. ഇതു സംബന്ധിച്ച സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.
നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ഭാരതം ശത്രു രാജ്യങ്ങള്‍ക്കെതിരെ നേടുന്ന വിജയങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നില്ല എന്നതിന് വേറെയും തെളിവുകളുണ്ട്. 2016 സപ്തംബറില്‍ പാക്കധീന കാശ്മീരില്‍ ഇസ്ലാമിക ഭീകരര്‍ക്കെതിരെ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പകരം സൈന്യത്തോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്. 2019 ഫെബ്രുവരിയില്‍ പാകിസ്ഥാനിലെ ഖൈബര്‍-പക്തൂണ്‍ക്വ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ബാലാകോട്ടില്‍ ഭീകരവാദി ക്യാമ്പുകള്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ നശിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അതും അംഗീകരിച്ചില്ല. വീണ്ടും സൈന്യത്തോട് തെളിവ് ചോദിച്ചു. 2019 ല്‍ കരസേന മേധാവിയായിരുന്ന ബിബിന്‍ റാവത്തിനെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ‘തെരുവുഗുണ്ട’ എന്ന് വിളിച്ചപ്പോള്‍ വലിയ പ്രതിഷേധമുയര്‍ന്നു. പിന്നീട് ഇയാള്‍ അതിന് ക്ഷമ ചോദിച്ചുവെങ്കിലും കോണ്‍ഗ്രസ് ഒരു നടപടിയും എടുത്തില്ല. നെഹ്‌റു കുടുംബത്തിന്റെ അറിവോടെയാണ് സന്ദീപ് ദീക്ഷിത് സൈനിക മേധാവിയെ അവഹേളിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
ഇതിന്റെ തുടര്‍ച്ചയായിരുന്നു ദോക്‌ലാം സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ചൈനക്കൊപ്പം നിന്നത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഭാരത സര്‍ക്കാരിനെ ദിവസേനയെന്നോണം വിമര്‍ശിച്ച് ചൈനയെ പിന്തുണയ്ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇടത് പാര്‍ട്ടികള്‍ ഒഴികെ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെല്ലാം മോദി സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് നെഹ്‌റു കുടുംബത്തിന്റെ സുഹൃത്തായി മാറിയ ചൈനീസ് പ്രധാനമന്ത്രി ജിന്‍പിങ്ങിനോടാണ് കൂറുപുലര്‍ത്തിയത്. ഒരു കോണ്‍ഗ്രസുകാരനും ചൈനയെ വിമര്‍ശിക്കുന്നത് നെഹ്‌റു കുടുംബം ഇഷ്ടപ്പെട്ടില്ല. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങളെ വിമര്‍ശിക്കുകയും, അതിനെ ശക്തമായി നേരിട്ട ഭാരത സൈന്യത്തെ പ്രശംസിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. ഇതിനെതുടര്‍ന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്തു.
അധീര്‍ രഞ്ചന്‍ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയെ അപലപിക്കുകയും താക്കീതു ചെയ്യുകയും, എങ്ങനെയാണ് വിഷസര്‍പ്പമായ ചൈനയെ ഭാരതത്തിന്റെ സൈനികര്‍ നിര്‍വീര്യമാക്കിയതെന്നും പറയുകയുണ്ടായി. ചൈനയെ ‘മഞ്ഞ സാമ്രാജ്യത്വം’ എന്നു വിശേഷിപ്പിച്ച അധീര്‍ രഞ്ചന്‍ രാജ്യത്തിന്റെ കുടിലതന്ത്രങ്ങള്‍ ലോകം കാണുന്നുണ്ടെന്നും പറഞ്ഞു. ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് അധികം വൈകാതെ തായ്‌വാനെ നയതന്ത്രപരമായി അംഗീകരിക്കണമെന്ന് മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സഹിക്കാവുന്നതായിരുന്നില്ല സ്വന്തം നേതാവിന്റെ ഈ നിലപാട്. സോണിയയും രാഹുലും ചൈനയ്‌ക്കൊപ്പം നിന്ന് ഭാരതത്തെയും മോദി സര്‍ക്കാരിനെയും വിമര്‍ശിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവു തന്നെ ഇതിനു പിന്നിലെ ദേശവിരുദ്ധ മനോഭാവം പുറത്തുകൊണ്ടുവരികയായിരുന്നു.
ചൈനയെ വിമര്‍ശിച്ചുകൊണ്ടുള്ള അധീര്‍ രഞ്ചന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നതു പോലുള്ള പ്രതികരണം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ നടത്തുകയുണ്ടായി. ”കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ നേതാവ് അധീര്‍ രഞ്ചന്‍ ചൗധരി ചൈനയെക്കുറിച്ച് നടത്തിയ പ്രസ്താവന വ്യക്തിപരമാണ്, പാര്‍ട്ടി നിലപാടല്ല” എന്നു പറഞ്ഞ ആനന്ദ് ശര്‍മ ചൈനയും ഭാരതവും തമ്മിലെ തന്ത്രപരമായ സൗഹൃദത്തെയാണ് കോണ്‍ഗ്രസ് അംഗീകരിക്കുന്നതെന്നും വ്യക്തമാക്കി. നെഹ്‌റുവിന്റെ കാലം മുതല്‍ തുടരുന്ന കോണ്‍ഗ്രസിന്റെ ഈ തന്ത്രപരമായ സൗഹൃദം ചൈനയ്ക്ക് ഗുണം ചെയ്യുന്നതും ഭാരതത്തിന് നഷ്ടം വരുത്തുന്നതുമായിരുന്നു. ഇതിനു മാറ്റം വരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
ദോക്‌ലാമില്‍ ചൈനീസ് സൈന്യവും ഭാരത സൈന്യവും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ ചൈനയുടെ 43 സൈനികരും ഭാരതത്തിന്റെ 20 സൈനികരും മരണമടഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രി മോദി 20 രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെ ന്നും അതിനെ നേരിടാന്‍ എടുത്തിട്ടുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഈ പാര്‍ട്ടികളെ പ്രധാനമന്ത്രി ധരിപ്പിച്ചു. അതിര്‍ത്തിയിലെ ഭാരതത്തിന്റെ പ്രദേശത്ത് ഒരുതരത്തിലുള്ള കടന്നുകയറ്റവും നടന്നിട്ടില്ലെന്നും, ഭാരത സേനയുടെ പോസ്റ്റുകളൊന്നും ചൈന പിടിച്ചെടുത്തിട്ടില്ലെന്നും മോദി വ്യക്തമാക്കി. മറ്റു പാര്‍ട്ടികളെല്ലാം ചൈനക്കെതിരായ സര്‍ക്കാരിന്റെ സൈനികവും തന്ത്രപരവുമായ നടപടികളെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് മാത്രം എതിര്‍പ്പ് തുടര്‍ന്നു. ചൈനയുടെ അതിര്‍ത്തി ലംഘനങ്ങളെക്കുറിച്ചും, ഭാരത സൈന്യം അതിനെ നേരിട്ടതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് നേതാവ് സോണിയ ചെയ്തത്. എന്തിനായിരുന്നു സോണിയയ്ക്ക് സൈനിക നീക്കം സംബന്ധിച്ച, പ്രത്യേകിച്ച് മിലിട്ടറി ഇന്‍ഡലിജന്റ്‌സിന്റെ വിവരങ്ങള്‍? തന്റെ ചൈനീസ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ആയിരുന്നോയിത്? എല്ലാ സത്യവും വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നമ്മുടെ സൈനികര്‍ക്കുവേണ്ടി സംസാരിക്കാം എന്ന ഒരു പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നെഹ്രു കുടുംബത്തിലെ മൂന്നുപേരും- സോണിയ, രാഹുല്‍, പ്രിയങ്ക- പ്രത്യേകം പ്രത്യേകം പ്രസ്താവനകള്‍ ഇറക്കി. ചൈന ഭാരതത്തിന്റെ ഭൂപ്രദേശം കയ്യടക്കി എന്നാണ് മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ 1962 ല്‍ നെഹ്‌റു കുടുംബത്തിന്റെ ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശാഭിമാനവും ആത്മാഭിമാനവും ഇല്ലാതെ അത് വകവെച്ച് കൊടുക്കുകയായിരുന്നു. ഈ വസ്തുതകള്‍ വിസ്മരിച്ചുകൊണ്ടാണ് സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും പെരുമാറ്റം. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എല്ലായിപ്പോഴും ചൈനയാണ് ജയിക്കേണ്ടതെന്ന മനോഭാവമാണ് നെഹ്‌റു കുടുംബത്തിനും കോണ്‍ഗ്രസിനുമുള്ളത്.
സൈന്യത്തെയും അവഹേളിച്ചു
സത്യത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതിരുന്ന നെഹ്‌റു കുടുംബത്തിലെ മൂവര്‍ സംഘം തങ്ങളുടെ നിരുത്തരവാദപരമായ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തില്ല. നരേന്ദ്രമോദി ചൈനയ്ക്കു കീഴടങ്ങി എന്നു പറയുമ്പോള്‍, ഭാരതസൈന്യം ചൈനീസ് സൈന്യത്തിന് കീഴടങ്ങി എന്നാണര്‍ത്ഥം. രാഹുലിന്റെ പ്രസ്താവന സത്യവിരുദ്ധമായിരുന്നു എന്നു മാത്രമല്ല, ഭാരതസൈന്യത്തെ അവഹേളിക്കുന്നതും ആയിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ ഭാരതത്തിലെ സുഹൃത്തുക്കള്‍ക്കും വ്യക്തമായ സന്ദേശം പ്രധാനമന്ത്രി മോദി നല്‍കുകയുണ്ടായി. ”സൗഹൃദം എങ്ങനെ നിലനിര്‍ത്തണമെന്ന് ഭാരതത്തിനറിയാം. അതുപോലെ ശത്രുക്കളുടെ കണ്ണുകളിലേക്ക് നോക്കി ആവശ്യമുള്ളപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കാനും നമുക്കറിയാം. മാതൃരാജ്യത്തിനു ക്ഷതമേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നമ്മുടെ സൈനികര്‍ തെളിയിച്ചിട്ടുണ്ട്. സ്വന്തം അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധത ലോകം കണ്ടിട്ടുള്ളതാണ്. ഭാരതത്തിന്റെ ഭൂപ്രദേശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നമ്മുടെ സൈനികര്‍ ലഡാക്കില്‍ വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞു.”
ചൈനയോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തിയില്‍ മുന്‍കാലങ്ങളില്‍ കാണാതിരുന്നതു പോലുള്ള ഭാരതത്തിന്റെ സൈനിക സജ്ജീകരണവും തയ്യാറെടുപ്പുകളും നെഹ്‌റു കുടുംബത്തെ വല്ലാതെ നിരാശപ്പെടുത്തി എന്നതാണ് വാസ്തവം. 3,488 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ ചൈനയുടെ ഏത് പ്രകോപനവും നേരിടാനുള്ള കരുത്തും സന്നദ്ധതയും നാം നേടിയിരുന്നു. കരസേന 24 മണിക്കൂറും ജാഗ്രത പുലര്‍ത്തി. പര്‍വത പ്രദേശങ്ങളില്‍ പോരാടാന്‍ പ്രത്യേക പരിശീലനം നേടിയ ഭാരത സൈന്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൈനയുടെ ഈ ഭാഗത്തില്‍ വരുന്ന സൈന്യം ഏറെ പിന്നിലായിരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് വലിയ പ്രകോപനം ഉണ്ടായിക്കൊണ്ടിരുന്നപ്പോഴും കൊടുംതണുപ്പ് സഹിച്ചും ഗാല്‍വാന്‍ നദിക്ക് കുറുകെ ഭാരത എന്‍ജിനീയര്‍മാര്‍ 72 മണിക്കൂറിനകം പാലം നിര്‍മ്മിച്ചിരുന്നു.
അതിര്‍ത്തി സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ചൈനയുടെ ഔദ്യോഗിക മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ നടത്തിയിരുന്ന പ്രകോപനപരമായ പ്രസ്താവനകളും അതിരുവിട്ട അവകാശവാദങ്ങളും ഏതാണ്ട് അതേ ഭാഷയില്‍ തന്നെ ആവര്‍ത്തിക്കുകയാണ് നെഹ്‌റു കുടുംബവും കോണ്‍ഗ്രസും ചെയ്തത്. ഭാരത സൈന്യത്തെ അപേക്ഷിച്ച് ചൈനീസ് സൈന്യം ശക്തമാണെന്ന് ഇരുകൂട്ടരും പറഞ്ഞുകൊണ്ടിരുന്നു. സാധാരണ അഞ്ചാംപത്തികള്‍ എന്നു വിളിക്കാറുള്ള സ്വന്തം രാജ്യത്തെ ശത്രുരാജ്യങ്ങള്‍ക്കുവേണ്ടി ഒറ്റുകൊടുക്കുന്ന വ്യക്തികളെയാണ്. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആറ് പതിറ്റാണ്ടു കാലത്തോളം ഭാരതം ഭരിച്ചവര്‍ യാതൊരു കൂസലുമില്ലാതെ രാജ്യദ്രോഹം പ്രവര്‍ത്തിക്കുകയാണ്. അധികാരത്തിലിരുന്ന നാളുകളില്‍ എന്തൊക്കെയായിരിക്കും ഈ രാജ്യത്തോടും ജനതയോടും ചെയ്തിരിക്കുകയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
(തുടരും)