മത്സരം അവസാന ഘട്ടത്തിലേക്കെത്തുകയാണ്. ഇപ്പോള്‍ മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്നത്, ചീറ്റപ്പുലിയും കലമാനും ചിത്തന്‍ മുയലും പിന്നെ നമ്മുടെ ഹരിണനുമാണ്. ഹരിണന്റെ ഓട്ടം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടുപോയി.
”ഇവന്റെ കാലിന്റെ വയ്യായ്കയൊക്കെ മാറിയോ!”
മത്സരത്തില്‍ നിന്നും പിന്‍വാങ്ങി കാഴ്ചക്കാരനായ ചിന്നുമുയല്‍ മൂക്കത്തു വിരല്‍ വെച്ചുകൊണ്ട് ചോദിച്ചു.
”അപ്.. അപ്.. അപ്..”
കാണികള്‍ ആര്‍പ്പു വിളിച്ചു. ഹരിണന്‍ ചിത്തന്‍ മുയലിനെയും കലമാനിനെയും പിന്നിലാക്കി മുന്നിലേക്കു കുതിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും മുന്നില്‍ ചീറ്റപ്പുലിയും തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ഹരിണനുമാണ്. സംഭവിക്കുന്ന അത്ഭുതം കണ്ട് കോരിത്തരിച്ച കാണികള്‍ അത്യാവേശത്തോടെ ഹരിണനുവേണ്ടി ആര്‍ത്തുവിളിച്ചു.
”ഹരിണന്‍.. ഹരിണന്‍.. ഹരിണന്‍.. അപ്.. അപ്..”
കാണികളില്‍ നിന്നുമുയരുന്ന ആര്‍പ്പുവിളികൂടെ കേട്ടപ്പോള്‍ ഹരിണന് ആവേശം വര്‍ദ്ധിച്ചു. അവന്‍ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചു. ചീറ്റപ്പുലിയതാ പിന്നിലാവുന്നു! ഹരിണന്‍ ഒന്നാമതെത്തുന്നു.
ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചിരുന്ന കൊടിയുടെയടുത്ത് ഓടിയെത്തിയ ഹരിണന്‍ തിരിഞ്ഞു നോക്കി. അതാ ദ്വീപുവാസികളെല്ലാവരുംകൂടെ ആര്‍ത്തലച്ചു വരുന്നു. എല്ലാവരും ഹരിണന്‍… ഹരിണന്‍ എന്ന് ആര്‍ത്തു വിളിക്കുകയാണ്. അവരവനെ എടുത്തുയര്‍ത്തി തോളിലിരുത്തി നൃത്തം വെച്ചു. ഹരിണന്റെ വിജയം അവര്‍ക്ക് വിശ്വസിക്കാനാവുന്നതായിരുന്നില്ല. ചിത്തന്‍ മുയല്‍ ഓടിയെത്തി ഹരിണന്റെ മുഖത്ത് ഉമ്മവെച്ചു. സന്തോഷം സഹിക്കവയ്യാതെ കരിനീലന്‍ ആകാശത്ത് വട്ടമിട്ടു പറന്നു.
സമാപന സമ്മേളനത്തില്‍ വെച്ച് ഹരിണന്‍ രചിച്ച ദ്വീപിന്റെ ദേശീയഗാനവും വിദ്യാലയത്തിന്റെ പ്രാര്‍ത്ഥനയും എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ദേശീയഗാനമെഴുതിയ ഹരിണനെ കൊട്ടാരം കവിയായും വിദ്യാലയമെന്ന ആശയം മുന്നോട്ടുവെച്ച ചിത്തന്‍ മുയലിനെ വിദ്യാഭ്യാസമന്ത്രിയായും പ്രഖ്യാപിച്ചു. ഹരിണനെ പരിശീലിപ്പിച്ച കരിനീലന്‍ കാക്കയ്ക്കും സിംഹരാജാവും അരയന്ന രാജ്ഞിയും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആശംസ പറയാനെത്തിയ ദ്വീപുവാസികളായ ഓരോ ജീവിവിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഹരിണനെ പ്രശംസകൊണ്ട് മൂടി. നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ ഏതു വെല്ലുവിളിയെയും നേരിടാനാവുമെന്നും ഏതു വിജയവും കൈവരിക്കാന്‍ കഴിയുമെന്നും എല്ലാവരും ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞു.
ആ സമയത്തും മൈതാനത്ത് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. ആനകള്‍ ഹരിണനെയെടുത്ത് പുറത്തിരുത്തി വട്ടം ചുറ്റി. മയിലുകള്‍ നൃത്തം വെച്ചു. കുയിലുകള്‍ അവന്‍ രചിച്ച ഇഗ്വാളനിലാവ് എന്ന കവിത ഈണത്തില്‍ പാടി. എല്ലാവരും ഇഗ്വാളനിലാവിലലിഞ്ഞു.
”ഞാനും നാളെമുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പോവുകയാ. എനിക്കും വലിയ ഓട്ടക്കാരനാവണം.”
കഥ കേട്ട് ആവേശം മൂത്ത കണ്ണന്‍ പറഞ്ഞപ്പോള്‍ അപ്പുവും ആദിമോളും ആഗുമോനും ഒന്നിച്ചു പറഞ്ഞു.
”ഞങ്ങളും അധ്വാനിക്കാന്‍ പോവുകയാ. കഠിനമായി. ഇനി വിശ്രമമില്ല. വിജയം നേടുംവരെ ശ്രമിച്ചുകൊണ്ടിരിക്കും.”
”അതെ. അങ്ങനെ വേണം നല്ല കുട്ടികള്‍. നമുക്ക് താത്പര്യമുള്ള മേഖല കണ്ടെത്തി, ഒരു ലക്ഷ്യം നിശ്ചയിച്ച് അതു കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്താല്‍ തീര്‍ച്ചയായും വിജയിക്കും.”
മുത്തശ്ശി പറഞ്ഞപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു. കഥകേള്‍ക്കാനായി കുട്ടികളുടെ പിന്നിലും തൊടിയിലും മാവിന്‍കൊമ്പത്തുമൊക്കെയായി ഇരിപ്പുറപ്പിച്ചിരുന്ന പക്ഷികളും മൃഗങ്ങളും ഉരഗങ്ങളുമൊക്കെ ആത്മവിശ്വാസത്തോടെ, കഠിനാധ്വാനം ചെയ്യാനുറച്ച് ഉറക്കെ പ്രഖ്യാപിച്ചു.
”ഞങ്ങളും ശ്രമിക്കും.”
”ഞങ്ങളും ജയിക്കും.”
”ഞങ്ങളും ഉയരങ്ങളിലെത്തിപ്പിടിക്കും.”
(അവസാനിച്ചു)