‘ദീനരേയും ഹീനരെയും സ്വന്തമായി കരുതുന്നവരാണ് സജ്ജനങ്ങള്‍’ എന്നു സന്ത് തുക്കാറാം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സമാജത്തില്‍, അശരണര്‍ക്കും അവശ വിഭാഗങ്ങള്‍ക്കും ആലംബഹീനര്‍ക്കുമെല്ലാം സേവനത്തിലൂടെ സമാശ്വാസം പകരാനാവുന്ന തരത്തില്‍ സജ്ജനശക്തി പടുത്തുയര്‍ത്തുന്ന പ്രവര്‍ത്തനമാണ് ദേശീയ സേവാഭാരതി നടത്തിവരുന്നത്. കേരളത്തില്‍, വ്യവസ്ഥാപിതമായും മാതൃകാപരമായും സേവാപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സേവാഭാരതി യൂണിറ്റ്.
കേരളത്തിലെ തന്നെ അതിപുരാതനമായ മഹാക്ഷേത്രങ്ങളിലൊന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പേരിലാണ് ഇരിങ്ങാലക്കുട അറിയപ്പെടുന്നത്. ശ്രീരാമസഹോദരനായ ഭരതന്‍ ഇവിടെ ‘സംഗമേശ്വരന്‍’ എന്ന പേരില്‍ ആരാധിക്കപ്പെടുന്നു. ‘സംഗമഗ്രാമം’ എന്നാണ് സംസ്‌കൃതത്തില്‍ ഇരിങ്ങാലക്കുടയുടെ പേര്. പ്രാചീനകാലം മുതല്‍ നദീ സംഗമസ്ഥാനങ്ങള്‍ ഭാരതീയര്‍ക്ക് ആരാദ്ധ്യകേന്ദ്രങ്ങളായിരുന്നു. ചാലക്കുടിപ്പുഴയും കുറുമാലിപ്പുഴയും സംഗമിച്ചിരുന്ന സ്ഥലമായിരുന്നു ഇരിങ്ങാലക്കുട എന്നാണ് ചരിത്രം. ഈ സംഗമേശ്വരഭൂമിയെ വിവിധതരം സേവാസരിത്തുകളുടെ ഒരു സേവാസംഗമസ്ഥാനമാക്കി മാറ്റുകയാണ് ദേശീയ സേവാഭാരതി. ഇരിങ്ങാലക്കുടയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വ്യാഴവട്ടം പിന്നിട്ടുകഴിഞ്ഞു.
തൃശ്ശൂര്‍ ജില്ലയില്‍ സേവാഭാരതി നേരിട്ടുള്ള സേവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2007-ല്‍ ഇരിങ്ങാലക്കുടയിലായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞി വിതരണം നടത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് കിടപ്പുരോഗികള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് സേവാഭാരതി അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നു. അക്കാലത്ത് ജന്മനാ അന്ധനായ ഒരു പിഞ്ചു കുട്ടിക്ക് ഓപ്പറേഷനിലൂടെ കാഴ്ച നല്‍കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും അതിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ ആ കുടുംബത്തിന് സാധിക്കാതെ വരുകയും ചെയ്തപ്പോള്‍ സേവാഭാരതി അവര്‍ക്ക് കൈത്താങ്ങായി മുന്നോട്ടു വന്നു. പിന്നീട് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് നടത്തിയ നേത്ര ചികിത്സാ ക്യാമ്പ്, മാപ്രാണം നിവേദിത വിദ്യാനികേതന്‍ സ്‌കൂളിലും പിച്ചാപ്പിള്ളികോണം എന്‍.എസ്.എസ് കരയോഗം ഹാളിലും വെച്ച് നടത്തിയ രക്തദാന ക്യാമ്പ് എന്നിവയിലൂടെ ഇരിങ്ങാലക്കുട സേവാഭാരതി ആതുര സേവന രംഗത്തേക്ക് കാലൂന്നാന്‍ തുടങ്ങി. സേവനത്തിന് വേണ്ടിയുള്ള സേവനം എന്നതിലുപരി ഇരിങ്ങാലക്കുട സേവാഭാരതിയുടെ മുഴുവന്‍ സേവനസംരംഭങ്ങളും സമാജത്തില്‍ നിന്ന് സേവനത്തിനുള്ള ആവശ്യം ഉയര്‍ന്നപ്പോള്‍ സമാരംഭിക്കുകയും ക്രമേണ വികസിച്ചു വ്യവസ്ഥാപിതരൂപം കൈവരിക്കുകയും ചെയ്തവയാണ്.
സംഗമേശ്വര വാനപ്രസ്ഥാശ്രമം
സംഗമേശ്വരഭൂമിയില്‍ സേവാഭാരതി നടത്തിവരുന്ന സേവാപ്രകല്പങ്ങളില്‍ സുപ്രധാനമാണ് സംഗമേശ്വര വാനപ്രസ്ഥാശ്രമം അനാഥരും അവശരുമായ വൃദ്ധജനങ്ങളെ സനാഥരാക്കുക എന്ന ലക്ഷ്യവുമായി കോങ്ങാട്ടില്‍ രാമന്‍ മേനോന്റെ സ്മരണാര്‍ത്ഥം 1993 ല്‍ അദ്ദേഹത്തിന്റെ മകന്‍ വട്ടപറമ്പില്‍ രാധാകൃഷ്ണമേനോന്‍ രൂപീകരിച്ച സംഗമേശ്വര വാനപ്രസ്ഥാശ്രമം ട്രസ്റ്റ് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനത്തിനായി 1999ല്‍ പി.ഇ.ബി. മേനോന്‍ നേതൃത്വം നല്‍കിയിരുന്ന ആലുവ ഗ്രാമസേവാസമിതിയെ ഏല്പിച്ചു. തുടക്കത്തില്‍ ഏഴുപേരെ സംരക്ഷിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഈ ട്രസ്റ്റ് 2008ല്‍ ഇരിങ്ങാലക്കുട സേവാഭാരതിക്ക് കൈമാറുകയായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം എസ്.എം.വി.റോഡിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. പുരുഷന്മാരായ വയോജനങ്ങള്‍ക്കുള്ള ഈ ശരണാശ്രമം ഇതിനോടകം ഏകദേശം ഇരുപതോളം പേരെ ഏറ്റെടുത്ത് സംരക്ഷിച്ചിട്ടുണ്ട്. വാനപ്രസ്ഥാശ്രമത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ രണ്ടു കോടി രൂപയോളം ചെലവാക്കി പുതിയ മന്ദിരം പണിതുയര്‍ത്തി. പതിനെട്ട് അംഗങ്ങള്‍ ചേര്‍ന്ന സമിതിയാണ് ഈ വാനപ്രസ്ഥാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവരെ സഹായിക്കാന്‍ പന്ത്രണ്ട് പേരടങ്ങുന്ന ഒരു മാതൃസമിതിയുമുണ്ട്. ഈ മാതൃസമിതിയുടെ നേതൃത്വത്തില്‍ ഇവിടെ ഓണം-വിഷു ആഘോഷങ്ങള്‍, രാമായണ മാസാചരണം, യോഗ ക്ലാസ് എന്നിവയും നടന്നുവരുന്നു.
സാകേതം സേവാനിലയം
2017 മുതല്‍ ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിന് സമീപത്തായി വയോജനങ്ങളായ സ്ത്രീകള്‍ക്ക് വേണ്ടി സേവാഭാരതിയുടെ കീഴില്‍ സാകേതം സേവാനിലയം പ്രവര്‍ത്തിച്ചുവരുന്നു. ഇതുവരെ പതിനാറ് അമ്മമാരെ സംരക്ഷിക്കാന്‍ സേവാനിലയത്തിന് സാധിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ ഒരു ഗോശാലയും ഇവിടെ പരിപാലിച്ചു വരുന്നു. പന്ത്രണ്ട് പേരടങ്ങുന്ന ഉപസമിതിയും അവരെ സഹായിക്കുന്ന മാതൃസമിതിയുമാണ് സേവാനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നത്. രാമായണമാസാചരണം, മെഡിക്കല്‍ ക്യാമ്പ്, പച്ചക്കറിത്തൈ വിതരണം എന്നിവ മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
കാട്ടൂര്‍ സ്വാശ്രയനിലയം
ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടികളെ പകല്‍ നേരങ്ങളില്‍ സംരക്ഷിക്കുകയും അവര്‍ക്ക് സ്വയംതൊഴില്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം പൊഞ്ഞനം കാട്ടൂര്‍ കേന്ദ്രീകരിച്ച് ഗോപന്‍ മാസ്റ്റര്‍ നടത്തിവന്നിരുന്നു. 2016 ല്‍ ആ സ്ഥാപനം സ്ഥിരമായ നടത്തിപ്പിനായി ഇരിങ്ങാലക്കുട സേവാഭാരതി യെ ഏല്പിച്ചു. 18 സെന്റ് സ്ഥലവും അതിലെ കെട്ടിടവും അപ്പോള്‍ ഉണ്ടായിരുന്ന 18 കുട്ടികളെയും സേവാഭാരതി അന്നുമുതല്‍ സംരക്ഷിച്ചു പോരുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് അവരുടെ സേവാ പദ്ധതി വഴി ഒരു വാഹനം സേവാഭാരതിക്ക് നല്‍കുകയുണ്ടായി. ഈ സ്വാശ്രയ നിലയത്തിലെ കുട്ടികളെ താമസസൗകര്യത്തോടെ സംരക്ഷിക്കണം എന്ന ലക്ഷ്യവുമായി തൊട്ടടുത്തുള്ള 18 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സേവാഭാരതി യൂണിറ്റ്. അന്‍പതോളം കുട്ടികളെ പകലും രാത്രിയുമായി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
സുമാര്‍ഗ്- ഡി-അഡിക്ഷന്‍ സെന്റര്‍
സംസ്ഥാന വ്യാപകമായി ഭൂമി വിതരണ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി സജീവമായി രംഗത്ത് വന്നപ്പോള്‍ ഇരിങ്ങാലക്കുടയിലെ ഒരു കുടുംബം അവരുടെ പക്കലുള്ള മുപ്പതു സെന്റ് സ്ഥലം സേവാഭാരതിയെ ഏല്‍പ്പിക്കുകയും സമൂഹത്തിനു ഗുണകരമായ ഒരു കാര്യത്തിന് വേണ്ടി അത് ഉപയോഗിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരിങ്ങാലക്കുടയിലെ പലരെയും അട്ടപ്പാടിയിലെ ഡോ. നാരായണന്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി മുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ നടത്താറുള്ള പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ഒരു സ്ഥാപനം സേവാഭാരതിയുടെ കീഴില്‍ ഇവിടെ ആരംഭിക്കണമെന്ന് തീരുമാനിച്ചു. ഈ സ്വപ്‌നം പൂര്‍ത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സേവാഭാരതി പ്രവര്‍ത്തകര്‍. അതിനുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ടും തയ്യാറായി വരുന്നു. 1.75 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടവരെ താമസിപ്പിച്ച് അവരെ യോഗ ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളില്‍ കൂടി ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സുമാര്‍ഗ് എന്നാണ് ഈ പ്രോജക്ടിന് സേവാഭാരതി നല്‍കിയ പേര്. സംസ്ഥാന സേവാഭാരതിയുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാന്‍ ഉദ്ദേശിക്കുന്നത്.
ബോധിനി സേവാകേന്ദ്രം
ഇരിങ്ങാലക്കുട എടക്കുളത്ത് മാനസിക വൈകല്യത്തിനുള്ള ചികിത്സയിലായിരുന്ന അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ദീര്‍ഘകാലമായി അശരണരായി കഴിയുകയായിരുന്നു. 48 സെന്റ് സ്ഥലത്തെ അവരുടെ സ്വന്തം വീടിന്റെ പണി പൂര്‍ത്തീകരിച്ചിരുന്നില്ല. പ്രദേശവാസികളുടെ ആവശ്യപ്രകാരം ഏഴ് വര്‍ഷം മുന്‍പ് സേവാഭാരതി ഈ അനാഥ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും വീട് പണിപൂര്‍ത്തീകരിക്കുകയും ചെയ്തു. അവര്‍ക്ക് ചികിത്സയും മരുന്നും ആഹാരവും ഏര്‍പ്പാടാക്കി പതുക്കെ അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ മാനസിക വൈകല്യം ബാധിച്ച വനിതകളെ സംരക്ഷിക്കുവാനുള്ള ഒരു സ്ഥാപനം അടുത്തെങ്ങുമില്ലെന്ന തിരിച്ചറിവില്‍ അതിനു വേണ്ടി ഈ സ്ഥലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് സേവാഭാരതി ആവിഷ്‌കരിച്ചിരിക്കുന്നത്. പൂമംഗലം സേവാഭാരതി യൂണിറ്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
മെഡിസെല്‍
മാരകരോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും അവരുടെ വീടുകളിലെത്തി സാന്ത്വനം പകരുന്ന മെഡിസെല്ലിന്റെ പ്രവര്‍ത്തനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ മറ്റൊരു പ്രവര്‍ത്തന പദ്ധതിയാണ്. ഇവിടെ നിന്നും അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മരുന്നുകള്‍ സംഭരിച്ച് അയക്കാറുണ്ട്. അതോടൊപ്പം നേത്രരോഗ നിര്‍ണയ ക്യാമ്പുകള്‍, കേള്‍വിക്കുറവ് നിര്‍ണയ ക്യാമ്പ് തുടങ്ങിയ മെഡിക്കല്‍ ക്യാമ്പുകളും പൊതുജനപങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു. ഇരിങ്ങാലക്കുടയിലെ സേവന സന്നദ്ധരായ ഒരുസംഘം ഡോക്ടര്‍മാരും മെഡിക്കല്‍ മേഖലയിലെ മറ്റു പ്രമുഖരും ഈ പ്രവര്‍ത്തനത്തില്‍ സജീവമായി സഹകരിച്ചു വരുന്നു. രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. പ്രദേശത്തെ പിന്നാക്ക കോളനികളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. മെഡിക്കല്‍ കെയര്‍ ഉത്പന്നങ്ങള്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്രവര്‍ത്തനം പതിനാല് വര്‍ഷമായി ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പന്ത്രണ്ട് പേരടങ്ങുന്ന ഉപസമിതിയാണ്. നേരത്തെ വിശ്വസേവാഭാരതി അബുദാബി വിഭാഗ് വഴി ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിറ്റുകള്‍ക്ക് വിതരണം ചെയ്യാന്‍ ഇറക്കുമതി ലൈസന്‍സ് നേടിയ സേവാഭാരതി യൂണിറ്റാണ് ഇരിങ്ങാലക്കുടയിലേത്. ഈ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യമായി 2018-ലെ പ്രളയ കാലത്ത് 40 അടി കണ്ടെയ്‌നറിലും 20 അടി കണ്ടെയ്‌നറിലും ഇരിങ്ങാലക്കുട താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. മെഡിസെല്ലിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 15 മെഡിക്കല്‍ ക്യാമ്പുകളിലൂടെ മൂവായിരത്തോളം പേര്‍ക്ക് സമാശ്വാസം നല്‍കുവാന്‍ കഴിഞ്ഞു. ബുധനാഴ്ചകളില്‍ സൗജന്യ അക്യൂപങ്ചര്‍ ചികിത്സയും നല്‍കികൊണ്ടിരിക്കുന്നു. മാത്രമല്ല, സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും ഇഎസ്‌ഐയുടെ പരിധിയില്‍ കൊണ്ടുവരാനും അവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും ഇരിങ്ങാലക്കുട സേവാഭാരതി യൂണിറ്റിന് സാധിച്ചു.
അന്നദാനം
കഴിഞ്ഞ പതിനാറു വര്‍ഷമായി ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അന്നദാനം നടത്തുന്നു. കോവിഡ് മഹാമാരി കാലത്തും ഇത് തുടരാന്‍ സാധിച്ചു. എല്ലാ വര്‍ഷവും തിരുവോണ ദിനത്തില്‍ ആശുപത്രിയില്‍ സദ്യയും നല്‍കാറുണ്ട്. മണ്ഡലകാലത്ത് ശബരിമലയിലേക്ക് കാല്‍നടയായി വരുന്ന അയ്യപ്പന്മാര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് അന്നദാനം നല്‍കി വരുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ പിന്നോക്ക കോളനികളില്‍ അരിവിതരണവും നടത്തിവരുന്നു. കടുത്ത വേനലില്‍ ഇരിങ്ങാലക്കുട ബസ്‌സ്റ്റാന്റ് പരിസരത്ത് യാത്രക്കാര്‍ക്ക് ചുക്കുവെള്ള വിതരണം വര്‍ഷങ്ങളായി നടത്തിവരുന്നു. ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് ഇവിടെ ഭക്ഷണം നല്‍കാറുണ്ട്. കൂടല്‍മാണിക്യ ഉത്സവസമയത്ത് ക്ഷേത്രനടയില്‍ സംഭാരവിതരണവും കര്‍ക്കിടക മാസത്തിലെ നാലമ്പല തീര്‍ത്ഥാടകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ അന്നദാനവും നല്‍കിവരുന്നു. പതിനെട്ട് പേര്‍ അടങ്ങുന്ന ഉപസമിതിയാണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
വിദ്യാഭ്യാസ സമിതി
നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന സമയത്ത് സേവാഭാരതി യൂണിറ്റ് വഴി പഠനസാമഗ്രികള്‍ വിതരണം ചെയ്യാറുണ്ട്. കോവിഡ് മഹാമാരി കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ ടിവികളും ഫോണുകളും ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു വിദ്യാര്‍ത്ഥി സേവാഭാരതിയുടെ സഹായത്തോടെ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ മേഖലയില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നു. വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്നതിന് വേണ്ടി പല മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. വിദ്യാര്‍ഥികളില്‍ സര്‍ഗ്ഗശേഷി വളര്‍ത്തുന്നതോടൊപ്പം അവരെ സാമൂഹ്യബോധമുള്ളവരാക്കിത്തീര്‍ക്കുന്നതിന് വേണ്ടി അവര്‍ക്ക് പാഠ്യേതരവിഷയങ്ങളില്‍ പലതരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും അടങ്ങുന്ന പത്ത് പേര്‍ അംഗങ്ങളായ ഒരു ഉപസമിതിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാമായണ മഹാകാവ്യം കുട്ടികള്‍ക്കായി സരസവും ലളിതവുമായ ഭാഷയില്‍ ഗദ്യ വിവര്‍ത്തനം ചെയ്ത രാധാമണി ടീച്ചര്‍ അവരുടെ പുസ്തകത്തിന്റെ പകര്‍പ്പാവകാശവും വില്‍പ്പനയും സേവാഭാരതിയെ ഏല്പിച്ചുകൊണ്ട് പുതിയ സേവന മുഖം തുറന്നത് ശ്രദ്ധേയമായ ഒരു മാതൃകയാണ്.
ആംബുലന്‍സ് സര്‍വ്വീസ്
2009-ല്‍ വായ്പയായിട്ടാണ് ഇരിങ്ങാലക്കുട സേവാഭാരതി ഒരു ഓമിനി ആംബുലന്‍സ് വാങ്ങിയത്. പിന്നീട്, എസ്ബിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് ഊരകം സഞ്ജീവനി സേവാസമിതി വഴി ഒരു ആംബുലന്‍സും ഫ്രീസറും സേവാഭാരതിക്ക് നല്‍കി. വെട്ടിക്കര നവദുര്‍ഗ്ഗ നവഗ്രഹ ക്ഷേത്ര കമ്മിറ്റി മറ്റൊരു ആംബുലന്‍സും വാങ്ങിത്തന്നു. ഈ സാഹചര്യത്തില്‍, ആദ്യം വാങ്ങിയ ആംബുലന്‍സ് സേവാഭാരതിയുടെ മറ്റൊരു യൂണിറ്റിന് കൈമാറി. കേരള സോള്‍വെന്റ് എക്‌സാക്ഷന്‍ ലിമിറ്റഡ് ഫണ്ട് ഉപയോഗിച്ച് മറ്റൊരു ആംബുലന്‍സും വാങ്ങിത്തന്നു. പൊതുജന സേവനാര്‍ത്ഥം 24 മണിക്കൂറും സേവന സജ്ജമാണ് സേവാഭാരതിയുടെ ഈ ആംബുലന്‍സ് സര്‍വ്വീസുകള്‍.
സ്വാവലംബന്‍ സമിതി
സമൂഹത്തിലെ നിര്‍ധനരായ ആളുകള്‍ക്ക് സാമ്പത്തിക മേഖലയില്‍ പരസഹായം ഇല്ലാതെ മുന്നോട്ടു പോകുവാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം. പ്രസിഡന്റും സെക്രട്ടറിയും അടക്കം ഈ സമിതിയില്‍ പത്ത് പേരുണ്ട്. പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, തയ്യല്‍ മെഷീന്‍ വിതരണം എനിവയെല്ലാം സൗജന്യമായി നല്‍കിക്കൊണ്ട് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വാവലംബനത്തിന് സാഹചര്യമൊരുക്കി കൊടുക്കുന്നു.
ഭൂമിദാനം
ചെമ്മണ്ടയിലുള്ള സുന്ദരനും, മുരിയാടുള്ള വനജ ആണ്ടവനും സേവാഭാരതിയെ ഏല്‍പ്പിച്ച 95 സെന്റ്ഭൂമി സര്‍ക്കാര്‍ മറ്റ് സന്നദ്ധസംഘടനകള്‍ വഴിയും നിര്‍ധനരും സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവരുമായ 24 പേര്‍ക്ക് അവരുടെ പേരില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകൊടുത്തു. ഇതില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 13 വീടുകള്‍ സേവാഭാരതിയുടെ സഹായത്താലും നിര്‍മ്മിച്ചു കൊടുത്തു. വര്‍ഷം ഒരു വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെമ്മണ്ടയില്‍ ഭിന്നശേഷിക്കാരനായ യുവാവിനും ആനന്ദപുരത്ത് ഒരു സേവാവ്രതിക്കും വീട് നിര്‍മ്മിച്ചു നല്‍കി. ചെമ്മണ്ട, താണിശ്ശേരി, പടിയൂര്‍ പ്രദേശങ്ങളില്‍ 2018-ലെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളും പുനര്‍നിര്‍മ്മിച്ചു നല്‍കി.
2014 ല്‍ ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ജലക്ഷാമം ഉണ്ടായപ്പോള്‍ കുടിവെള്ള വിതരണത്തിലൂടെ സേവാഭാരതി സഹായഹസ്തം നല്‍കി. കിടപ്പുരോഗിക്കും നടക്കുവാന്‍ പ്രയാസമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുവാനുള്ള സംവിധാനവും മാസംതോറും 40 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന പല വ്യഞ്ജനങ്ങള്‍ മുടങ്ങാതെ നല്‍കുവാനും സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പ്രളയ കാലഘട്ടത്തിലും, കോവിഡ് മഹാമാരിയുടെ സമയത്തും സേവാഭാരതി പ്രവര്‍ത്തകര്‍ സമാജത്തിന് കൈത്താങ്ങായി. 2016 ല്‍ ഇരിങ്ങാലക്കുട സേവാഭാരതി എഫ്.സി.ആര്‍.എ (Foreign Currency Registration Act) രജിസ്‌ട്രേഷന്‍ നടത്തി വിദേശരാജ്യങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനുള്ള യോഗ്യത നേടി. സേവാപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍ ഇവയെല്ലാം ഫലപ്രദമായി ഏകോപിപ്പിക്കാന്‍ 2022 ല്‍ ഇരിങ്ങാലക്കുട സേവാഭാരതി കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം സ്വന്തമായി ഓഫീസ് കെട്ടിടം വാങ്ങിച്ചു. ഈ ഓഫീസില്‍ നിന്നും സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍പരിശീലനം, പി.എസ്.സി കോച്ചിംഗ്, ഇ- സേവനങ്ങള്‍, കൗണ്‍സലിംഗ്, കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ പരിചയപ്പെടുത്തല്‍, ഇ-ശ്രം കാര്‍ഡ് ഹെല്‍പ്പ് ലൈന്‍ മുതലായ ജനോപകാരപ്രദമായ സേവനങ്ങളും നല്‍കി വരുന്നു. ഇങ്ങനെ ‘മാനവ സേവ മാധവ സേവ’ എന്ന ദേശീയ സേവാഭാരതിയുടെ മുദ്രാവചനം പ്രാവര്‍ത്തികമാക്കിക്കൊണ്ട് വ്യത്യസ്ത മേഖലകളിലൂടെ സമാജ സേവനത്തിന്റെ വേറിട്ട മാതൃക കാട്ടുകയാണ് ഇരിങ്ങാലക്കുട സേവാഭാരതി യൂണിറ്റ്.