ഇക്കഴിഞ്ഞ ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ നടന്ന വാര്‍ഷിക ജി-7 ഉച്ചകോടിയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുകയുണ്ടായി. ജി-7 സംഘടനയുടെ 50-ാം വാര്‍ഷികം എന്ന സവിശേഷതയോടൊപ്പം വലതുപക്ഷത്തേക്ക് ചാഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷന് ശേഷം നടന്ന ആദ്യ പ്രമുഖ അന്താരാഷ്ട്ര സമ്മേളനം കൂടിയായി ഈ ഉച്ചകോടി മാറി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണിത്.
ലോകത്തിലെ ഏറ്റവും ശക്തവും വികസിതവുമായ സമ്പദ് വ്യവസ്ഥകളുടെ ഒരു കൂട്ടായ്മയാണ് ജി-7. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. യൂറോപ്യന്‍ യൂണിയന്‍ (ഇ.യു), ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളെയും ഉച്ചകോടിയിലേക്ക് വര്‍ഷാവര്‍ഷം ക്ഷണിക്കുന്നു. 1973 ലെ ആഗോള എണ്ണ പ്രതിസന്ധിയില്‍ നിന്നും ഉത്ഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ജി-7 കൂട്ടായ്മയുടെ ജനനം. ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തെ പ്രതിനിധീകരിക്കുന്ന ജി-20 രാജ്യങ്ങള്‍, ആഗോള സമ്പത്തിന്റെ 60% നിയന്ത്രിക്കുകയും ആഗോള ജിഡിപിയുടെ 46% ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
ഭാരതം ജി-7ലെ ഔദ്യോഗിക അംഗമല്ല. എന്നിരുന്നാലും, യഥാക്രമം ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുടെ ക്ഷണപ്രകാരം 2019, 2021, 2022 , 2023 ജി7 ഉച്ചകോടികളില്‍ ഭാരതം അതിഥിയായി പങ്കെടുത്തിരുന്നു. ഏകദേശം 3.57 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയുള്ള ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ നാല് ജി-7 അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, യുകെ, കാനഡ എന്നിവയേക്കാള്‍ വലുതാണ്. ഐഎംഎഫിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഭാരതം.
ഭാരതത്തിലെ കഴിവുള്ള യുവാക്കളും, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും, അതിന്റെ വിപണി സാധ്യതയും, കുറഞ്ഞ ഉല്‍പ്പാദനച്ചെലവും, അനുകൂലമായ ബിസിനസ് കാലാവസ്ഥയും ചേര്‍ന്ന്, ഭാരതത്തെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു. ചൈനയുടെ, പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍, വികസിക്കുന്ന സ്വാധീനത്തിന് തടയിടാന്‍ ഇന്ന് ഭാരതത്തിന് മാത്രമേ കഴിയുകയുള്ളൂ. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുമായുള്ള ഭാരതത്തിന്റെ തന്ത്രപരമായ പങ്കാളിത്തവും ഇറ്റലിയുമായുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങളും ഭാരത ത്തെ ഇന്തോ-പസഫിക്കിലെ വികസിത രാജ്യങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മിത്രമാക്കി മാറ്റുന്നു. അതിലുപരി ഊര്‍ജ്ജസ്വലമായ, ബഹുസ്വര ജനാധിപത്യവും ലോകത്തിന്റെ സമാധാനത്തിന് നല്‍കുന്ന ഭാരതീയ ദര്‍ശനങ്ങളും എല്ലാം തന്നെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ ഉറ്റ മിത്രമാക്കി മാറ്റുന്നു.
ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഭാരതത്തില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 2600-ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍, ഒരു ദശലക്ഷത്തിലധികം പോളിംഗ് ബൂത്തുകള്‍, 5 ദശലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, 15 ദശലക്ഷം പോളിംഗ് സ്റ്റാഫ്, ഏകദേശം 970 ദശലക്ഷം വോട്ടര്‍മാര്‍, ഇതില്‍ 640 ദശലക്ഷം ആളുകള്‍ അവരുടെ ഫ്രാഞ്ചൈസി വിനിയോഗിച്ച ഭാരത ജനാധിപത്യ മാമാങ്കം, സാങ്കേതികവിദ്യയുടെ സര്‍വ്വവ്യാപിയായ ഉപയോഗത്തിലൂടെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും നീതിപൂര്‍വകവും സുതാര്യവുമാക്കിയതിനെ അദ്ദേഹം പുകഴ്ത്തി, ഭാരത ജനാധിപത്യ വ്യവസ്ഥിതി ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ലോകത്തിനോട് വിളിച്ചു പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ നൂറ്റാണ്ടാണ്. സാങ്കേതികവിദ്യ സ്വാധീനം ചെലുത്താത്ത ഒരു കാര്യവും മനുഷ്യജീവിതത്തില്‍ ഇന്നില്ല. സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് കൂട്ടായി ഉറപ്പാക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിയുക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുക, അവയെ പരിമിതപ്പെടുത്തുന്നതിന് പകരം മാനുഷിക നൈപുണ്യ വികസനത്തിന് വഴിയൊരുക്കുക എന്നതായിരിക്കണം ഏതു കൂട്ടായ്മയുടെയും ആത്യന്തിക ലക്ഷ്യം എന്നത് പാശ്ചാത്യ വികസിത ലോകത്തിനു മുന്നില്‍ വിളിച്ചോതുവാന്‍ ഈ സന്ദര്‍ശനം സഹായിച്ചു.
ഈ g7 ഉച്ചകോടിയിലെ ഭാരതത്തിന്റെ പങ്കാളിത്തം, ഭാരതത്തില്‍ അടുത്തിടെ നടന്ന, ജി- 20 യുടെ അധ്യക്ഷപദവിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാധാന്യം നേടുന്നു, അവിടെ നിരവധി വിവാദ വിഷയങ്ങളില്‍ ആഗോള സമവായം കെട്ടിപ്പടുക്കുന്നതില്‍ ഭാരതം പ്രധാന പങ്കുവഹിക്കുകയുണ്ടായി. 50-ാമത് ജി-7 ഉച്ചകോടിയില്‍, ജി-7 ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് പങ്കാളിത്ത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നേതാക്കള്‍ തീരുമാനിക്കുകയുണ്ടായി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള, സുതാര്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തമാണിത്. ഇതിന് കീഴില്‍, വികസ്വര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് അടിസ്ഥാന സൗകര്യ പദ്ധതികള്‍ എത്തിക്കുന്നതിന് 2027 ഓടെ ജി 7, അറുനൂറ് ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കും. ഇത്തരം പദ്ധതികളില്‍ പുതിയ ഭാരതത്തിന്റെ സംഭാവന വളരെ വലുതാണ്. ജി 7 ഉച്ചകോടിയിലെ ഭാരതത്തിന്റെ പതിവ് പങ്കാളിത്തം, സമാധാനം, സുരക്ഷ, വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ ഭാരതം സ്ഥിരമായി നടത്തുന്ന ശ്രമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരവും സംഭാവനയും ആണ് സൂചിപ്പിക്കുന്നത്. വികസിത ഭാരതത്തിലേക്കുളള നമ്മുടെ ചുവടുവെപ്പിന് വികസിത രാജ്യങ്ങളുടെ ഈ കൂട്ടായ്മ ഒരുപാട് ഗുണം ചെയ്യുമെന്ന് നിസ്സംശയം പറയാം.