മഹാകവി കുമാരനാശാന്‍ ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ വച്ചുണ്ടായ ‘റെഡീമര്‍’ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടിട്ട് നൂറ് വര്‍ഷം തികഞ്ഞിരിക്കുന്നു. 1924 ജനുവരി 16 രാത്രി 10.30 ന് കൊല്ലത്ത്‌നിന്നു പുറപ്പെട്ട ബോട്ട് യാതൊരു കുഴപ്പങ്ങളും കൂടാതെ അഷ്ടമുടിക്കായലും കായംകുളം കായലും കടന്ന് ആലപ്പുഴയിലേക്ക് നയിക്കുന്ന ആറ്റില്‍ പ്രവേശിച്ച് പല്ലന പ്രദേശത്ത് എത്തിയപ്പോള്‍ വെളുപ്പിന് അഞ്ച് മണിക്ക് അപകടത്തില്‍പ്പെടുകയാണുണ്ടായത്. കുമാരനാശാന്‍ ഉള്‍പ്പെടെ 24 യാത്രക്കാര്‍ മരിച്ച റെഡീമര്‍ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് 1924 ജനുവരി 31 ന് order no.R O C 161 of 1924 / Judicial, dated Trivandrum 31st January 1924 പ്രകാരം ഉത്തരവിട്ടു.
അന്വേഷണ കമ്മീഷനില്‍ അഞ്ച് അംഗങ്ങളുണ്ടായിരുന്നു. കമ്മീഷന്റെ അദ്ധ്യക്ഷന്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജഡ്ജി പി.ചെറിയാന്‍ ആയിരുന്നു. അംഗങ്ങളായി അന്നത്തെ പോലീസ് കമ്മീഷണര്‍ ഡബ്ലിയു. എച്ച്. പിറ്റ്, ചീഫ് എഞ്ചിനീയര്‍ കെ.വി.നടേശ അയ്യര്‍, എന്‍.കുമാരന്‍, എം.ആര്‍.രാഘവ വാര്യര്‍ എന്നിവരും. ഇതില്‍ എന്‍.കുമാരന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്.1
1924 ഫെബ്രുവരി 9 ശനിയാഴ്ച്ച കമ്മീഷന്‍ അതിന്റെ പ്രഥമയോഗം കൊല്ലത്തുചേര്‍ന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചതിനു ശേഷം അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയിലേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നിരുന്ന അപകടത്തില്‍പ്പെട്ട ബോട്ട് പരിശോധിക്കുന്നതിനായി കമ്മീഷന്‍ ആലപ്പുഴയ്ക്ക് പോയി.2
മലയാളത്തിലും തമിഴിലുമുള്ള വിവിധ പത്രങ്ങളിലും തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാര്‍ ഗസറ്റുകളിലും കമ്മീഷന്റെ തെളിവെടുപ്പിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യം ചെയ്തു.
1924 ഫെബ്രുവരി 18ന് കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. പതിനാല് തവണ കൊല്ലത്തും, ആറ് തവണ ആലപ്പുഴയിലും ഒരു തവണ കരുമാടിയിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. 83 സാക്ഷികളെ വിസ്തരിച്ചു. അതില്‍ 47 പേരും അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നവരാണ്. ഇതില്‍ 5 ബോട്ട് ജീവനക്കാരും ഉള്‍പ്പെടുന്നു.3 1924 ഏപ്രില്‍ 5ന് അന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ തയ്യാറാക്കി തിരുവിതാംകൂര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. നാലു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ടില്‍ 85 പാരഗ്രാഫുകളാണ് ഉള്ളത്.
പിന്നീട് അമ്പത്തഞ്ച് കൊല്ലക്കാലത്തേയ്ക്ക് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ആര്‍ക്കും യാതൊരറിവുമുണ്ടായിരുന്നില്ല. കമ്മീഷനില്‍ അംഗവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.കുമാരന്‍ യോഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ ദുര്‍മരണത്തെക്കുറിച്ച് യോഗം മീറ്റിങ്ങുകളിലോ മറ്റെവിടെയെങ്കിലുമോ സംസാരിച്ചതായി രേഖകളൊന്നും ലഭ്യമല്ല. എസ്.എന്‍.ഡി.പി.യോഗത്തിന്റെ ചരിത്രമെഴുതിയ പ്രൊഫ.പി.എസ്. വേലായുധനും ഇക്കാര്യത്തെക്കുറിച്ച് മൗനം ദീക്ഷിച്ചു.
എന്നാല്‍ 1979 ല്‍ ഈ റിപ്പോര്‍ട്ടിന്റെ കുറച്ചു ഭാഗങ്ങള്‍ പുറത്തുവന്നു. കേരള ആര്‍കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന ‘കേരള ആര്‍കൈവ്‌സ് ന്യൂസ് ലെറ്റര്‍’ 1979 ഡിസംബര്‍ ലക്കത്തില്‍ 18 മുതല്‍ 37 വരേയുള്ള പേജുകളില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ എന്ന പേരില്‍ റിപ്പോര്‍ട്ടിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചേര്‍ന്ന ആദ്യ 31 പാരഗ്രാഫുകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ത്തന്നെ 10 ഉം 11 ഉം പാരഗ്രാഫുകള്‍ വിട്ടുകളഞ്ഞാണ് പ്രസിദ്ധീകരിച്ചത്.
ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രൊഫ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ടി.കെ.രവീന്ദ്രന്‍, ഡോ.എ.പി.ഇബ്രാഹിം കുഞ്ഞ്, എം.മോഹന്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഇതില്‍ കേരളാ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം റീഡര്‍ ആയിരുന്ന ഡോ.എ.പി.ഇബ്രാഹിം കുഞ്ഞാണ് ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയല്‍ ചുമതലകള്‍ പൂര്‍ണമായും നിര്‍വഹിച്ചിരുന്നത്. ‘റെഡീമര്‍ മുങ്ങിയതെങ്ങിനെ?’ (How the Redeemer Sank?) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പ്രസക്തഭാഗങ്ങള്‍ക്ക് എഴുതിച്ചേര്‍ത്ത ആമുഖത്തില്‍ മാസികയുടെ എഡിറ്റര്‍ ഇങ്ങനെ എഴുതി, ‘മലയാളത്തിലെ പുകഴ്പെറ്റ കവി കുമാരനാശാന്റെ ജീവിതം അകാലത്തിലവസാനിച്ചത് ആലപ്പുഴയ്ക്ക് 15 മൈല്‍ തെക്കുള്ള പല്ലനയാറ്റില്‍ നടന്ന ബോട്ടപകടത്തില്‍ പെട്ടായിരുന്നു. റെഡീമര്‍ എന്ന് പേരുള്ള ഈ ബോട്ട് അപകടത്തില്‍ പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി തിരുവിതാകൂര്‍ ഗവണ്‍മെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. സെക്രട്ടറിയറ്റ് സെല്ലാറില്‍ സൂക്ഷിച്ചിട്ടുള്ള ഫയല്‍ നമ്പര്‍ / E R 6 / 79 / GAD dated 22 / 02 / 79 എന്ന ഫയലില്‍ നിന്ന്.’ എഡിറ്റര്‍.
കുമാരനാശാന്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വലിയ വാദകോലാഹലങ്ങളും ആരോപണങ്ങളും പത്രപംക്തികളില്‍ നിറഞ്ഞു. മാപ്പിള കലാപത്തിന്റെ പശ്ചാത്തലത്തില്‍, നേരിട്ടറിഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിലെഴുതിയ ‘ദുരവസ്ഥ’യുടെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് കുമാരനാശാനെതിരെ പലവിധ ഭീഷണികളും നിലവിലുണ്ടായിരുന്നു. ദുരവസ്ഥ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു കുമാരനാശാന്റെ ദുര്‍മരണം. റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഇതെല്ലം കമ്മീഷന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം അവസാനിക്കുന്ന മുപ്പത്തിയൊന്നാം പാരഗ്രാഫിലെ ഒടുവിലത്തെ വാചകം ഇങ്ങനെയാണ്, ‘സാക്ഷികളെ വിസ്തരിക്കുമ്പോഴും ഞങ്ങളുടെ നിഗമനങ്ങളിലേയ്‌ക്കെത്തുമ്പോഴും പത്രങ്ങളില്‍ വന്നിരുന്ന ആരോപണങ്ങള്‍ വളരെ പ്രാധാന്യത്തോടെ ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു’.
എണ്‍പത്തഞ്ച് പാരഗ്രാഫുകളുള്ള ഈ റിപ്പോര്‍ട്ടില്‍ ആകെ രണ്ടിടത്ത് മാത്രമേ കുമാരനാശാനെ പരാമര്‍ശിക്കുന്നുള്ളു എന്നത് നമ്മെ വ്യാകുലപ്പെടുത്തേണ്ട കാര്യമില്ല. കാരണം ഇത് കുമാരനാശാന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടല്ല, റെഡീമര്‍ ബോട്ടപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. ഇതിന്റെ രണ്ടാമത്തെ പാരഗ്രാഫില്‍ ‘പ്രശസ്ത മലയാളപണ്ഡിതനും കവിയും ഈഴവ സമുദായത്തിന്റെ ബഹുമാന്യനായ നേതാവുമായ കുമാരന്‍ ആശാനാണ് മുങ്ങിമരിച്ചവരില്‍ ഒരാള്‍’ എന്നും എട്ടാമത്തെ പാരഗ്രാഫില്‍ ‘കുമാരനാശാന്റേതടക്കം രണ്ടു ജഡങ്ങള്‍ തോട്ടില്‍ നിന്ന് കണ്ടെടുത്തു’ എന്നിങ്ങനെ രണ്ടു പരാമര്‍ശങ്ങള്‍ മാത്രമേ കുമാരനാശാനെക്കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ ഉള്ളൂ.
എന്നാല്‍ കുമാരനാശാനെതിരേ നിലനിന്നിരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ വരികള്‍ക്കിടയിലെ മൗനങ്ങളും അതിലേറെയുള്ള സൂചനകളും സാഹചര്യത്തെളിവുകളും അജ്ഞാതരഹസ്യങ്ങളുടെ കയങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.
ചേര്‍ത്തല സ്വദേശിയായ വര്‍ക്കി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ മോട്ടോര്‍സ്’ന്റേതായിരുന്നു ‘റെഡീമര്‍ ബോട്ട്’4. 1924 ജനുവരിയില്‍ അപകടത്തില്‍പ്പെട്ട ഈ ബോട്ട് 1922 അവസാനനാളില്‍ നിര്‍മ്മിച്ച് ആ വര്‍ഷംതന്നെ വൈക്കത്തെ കനാല്‍ ഓഫീസര്‍ എം.എ.നാരായണ അയ്യര്‍ പരിശോധിച്ച് 95 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ലൈസന്‍സ് സമ്പാദിച്ചിരുന്നു.5
ആ ശപിക്കപ്പെട്ട രാത്രിയില്‍ കൊല്ലത്ത്‌നിന്ന് കുമാരനാശാനെയും കയറ്റി ‘റെഡീമര്‍’ ബോട്ട് പുറപ്പെടുമ്പോള്‍ ലൈസന്‍സ് നല്കിയതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ കയറിയിരുന്നു. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരുന്ന മുറജപത്തില്‍ പങ്കെടുത്ത് മടങ്ങുന്ന നമ്പൂതിരിമാരും മറ്റുള്ളവരും യാത്രക്കാരായി ഉണ്ടായിരുന്നതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരും തിന്നെവെല്ലി, മധുര, മലബാര്‍, സൗത്ത് കാനറാ എന്നിവിടങ്ങളില്‍ നിന്നുള്ളവരും യാത്രക്കാരായുണ്ടായിരുന്നു.6
റിപ്പോര്‍ട്ടിന്റെ ഒന്നാം പാരഗ്രാഫില്‍തന്നെ ബോട്ട് മറിഞ്ഞതെങ്ങിനെ എന്ന് പറയുന്നു. ‘പല്ലനയില്‍ തോടിന് ഇടത്തോട്ട് ഒരു കൊടുംവളവ് ഉണ്ട്. ഈ വളവ് തിരിയുമ്പോള്‍ ബോട്ട് വലത്തോട്ട് ചരിഞ്ഞ് മേല്‍കീഴ് മറിഞ്ഞു. ബോട്ടിന്റെ പ്രൊപ്പെല്ലറും ഏറ്റവും അടിയിലെ ‘കീലി’ന്റെ കുറേ ഭാഗങ്ങളും വെള്ളത്തിന് മുകളില്‍ കാണാമായിരുന്നു. അപകടസ്ഥലത്ത് തോടിന് എട്ട് മുതല്‍ പത്ത് വരെ അടി ആഴവും തൊണ്ണൂറ്റഞ്ചടി വീതിയുമാണുള്ളത്.’ ബോട്ട് ഓവര്‍ലോഡ് ആയിരുന്നു, വളവു തിരിയുമ്പോള്‍ വേഗം കുറച്ചില്ല, മോശമായി സ്റ്റിയറിങ് കൈകാര്യം ചെയ്തു, മേല്‍ത്തട്ടില്‍ ഭാരക്കൂടുതലുണ്ടായിരുന്നു മുതലായ തെറ്റുകളാണ് രണ്ടു നിലകളുള്ള, വലിപ്പമേറിയ പുതിയ ബോട്ട് പല്ലനവളവില്‍ മേല്‍കീഴ് മറിയാന്‍ കാരണമായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. 52 അടി 9 ഇഞ്ച് നീളം, 9 അടി 7 ഇഞ്ച് വീതി, മൂന്നടി ആഴവുമുള്ള ഈ വലിയ ബോട്ട് ഒരു വളവു തിരിഞ്ഞപ്പോള്‍ മേല്‍കീഴ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോയി എന്നത് വിശ്വസനീയമായ ഒരു കണ്ടെത്തലല്ല. കാരണം, ഇതിനു മുമ്പും, ഇതേ ബോട്ട്, ഇതില്‍ കൂടുതല്‍ യാത്രക്കാരെയും കയറ്റി പല പ്രാവശ്യം, ഇതേ പല്ലനവളവ് യാതൊരാപകടവും കൂടാതെ കടന്നുപോയിട്ടുണ്ടെന്ന് ഇതേ റിപ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.7
ലൈസന്‍സ് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ അന്ന് ബോട്ടില്‍ കയറ്റിയിരുന്നു എന്നത് സത്യമാണ്. തിരുവനന്തപുരത്തെ മുറജപവും കഴിഞ്ഞു തിരിച്ചുപോകുന്നവരുടെ നിയന്ത്രണാതീതമായ തിരക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് നേരത്തേ ബോട്ട്‌ജെട്ടിയിലെത്തിയിട്ടും എട്ട് മണിക്ക് പുറപ്പെട്ട ‘ക്വീന്‍ മഡോണ’ എന്ന ബോട്ടില്‍ കുമാരനാശാന്‍ കയറാതിരുന്നത്. ഒമ്പതരയ്ക്ക് പുറപ്പെട്ട ‘ജി.എച്ച്. ഡേവി’ ബോട്ടിലും കുമാരനാശാന്‍ കയറാതിരുന്നത് തിരക്ക് കുറയാതിരുന്നത് മൂലമാണ്. പിന്നീട് പത്തരയ്ക്ക് പുറപ്പെട്ട ‘റെഡീമറി’ല്‍ കയറുമ്പോഴും തിരക്ക് കുറഞ്ഞിരുന്നില്ല. എന്നിട്ടും ഈ ബോട്ട് യാത്രക്കാരെയും കുത്തിനിറച്ച്, അതിവേഗത്തിലോടിച്ച്, സ്റ്റിയറിങ് മോശമായി കൈകാര്യംചെയ്ത്, ഭാരംകൂടിയ മേല്‍ത്തട്ടുമായി അഷ്ടമുടി കായലും, കായംകുളം കായലും കടന്ന് പല്ലനവളവ് വരെ യാതൊരു അപകടവും കൂടാതെ എത്തി.8 പക്ഷേ പല്ലനവളവില്‍ ബോട്ട് മേല്‍കീഴായി മറിഞ്ഞു. ഒരു കാര്യം ഉറപ്പാണ്, കമ്മീഷന്‍ കണ്ടെത്തിയതില്‍നിന്ന് വ്യത്യസ്തമായി പല്ലനവളവില്‍ അസാധാരണമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്.
പല്ലനവളവില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ബോട്ടിലുണ്ടായിരുന്നവര്‍ നല്കിയ സാക്ഷിമൊഴികള്‍ പരസ്പരവിരുദ്ധങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെക്കുനിന്ന് വടക്കോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന ബോട്ട് പല്ലനവളവില്‍ ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ കരയില്‍ ഇടിക്കുമെന്ന് തോന്നി. പെട്ടെന്ന് ബോട്ട് ജീവനക്കാര്‍ കഴുക്കോല്‍ കരയില്‍ കുത്തി ബോട്ട് അകറ്റിയതുകൊണ്ട് അപകടമുണ്ടായില്ല എന്ന് ചിലര്‍ മൊഴി നല്‍കി. എന്നാല്‍ അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മറ്റുള്ളവര്‍ മൊഴിനല്കിയിട്ടുണ്ട്.9
പല്ലനവളവില്‍ എത്തിയപ്പോള്‍ വേഗത കുറയ്ക്കാന്‍ സ്രാങ്ക് മണിയടിച്ച് താഴെയിരുന്ന എഞ്ചിന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡ്രൈവര്‍ വേഗത കുറയ്ക്കുകയും ചെയ്തു. എന്നാല്‍ സിഗ്‌നല്‍ കൊടുത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബോട്ട് ചരിഞ്ഞ് തുടങ്ങിയപ്പോള്‍ സ്രാങ്ക് എഞ്ചിനില്‍ നിന്ന് ക്ലച്ച് വേര്‍പെടുത്താനുള്ള സിഗ്‌നല്‍ നല്‍കി. ഇതെല്ലം സത്യമാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.10 സ്രാങ്ക് വേണ്ടത്ര നേരത്തേ വേഗത കുറയ്ക്കാന്‍ സിഗ്‌നല്‍ കൊടുത്തിട്ടുണ്ടാവില്ലെന്നും അതുകൊണ്ട് ബോട്ടിന്റെ വേഗത ആ വളവില്‍ കുറഞ്ഞിട്ടുണ്ടാവില്ലെന്നും കമ്മീഷന്‍ ഊഹിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ബോട്ടിന്റെ എഞ്ചിന് തകരാറില്ലായിരുന്നുവെന്നും, സ്റ്റിയറിങ് ചങ്ങല ഉടക്കി നിന്നുപോയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്ന് നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് യാത്രാബോട്ടുകള്‍ തോടുകളിലെ വളവുകള്‍ തിരിയുമ്പോള്‍ മണിക്കൂറില്‍ മൂന്ന് മൈല്‍ (4.8 കി.മീ.) വേഗത്തില്‍ കൂടാന്‍ പാടില്ല. റെഡീമെര്‍ ബോട്ട് അന്ന് എത്ര മൈല്‍ വേഗത്തിലാണ് സഞ്ചരിച്ചത്? രാത്രി പത്തരയ്ക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ബോട്ട് 33 മൈല്‍ (52.8 കി.മീ.) അകലെയുള്ള പല്ലനയില്‍ എത്തുന്നത് വെളുപ്പിന് അഞ്ച് മണിക്കാണ്. അതായത്, മണിക്കൂറില്‍ 5 മൈല്‍ (8 കി.മീ.) വേഗം മാത്രമാണ് ബോട്ടിനുണ്ടായിരുന്നത്. അതേ വേഗത്തില്‍ തന്നെ, തൊണ്ണൂറ്റഞ്ചടി വീതിയുള്ള പല്ലനവളവില്‍, റെഡീമര്‍ ബോട്ട് ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും മറിഞ്ഞ് മുങ്ങിപ്പോകില്ല എന്നകാര്യം ഉറപ്പാണ്. 53 അടിയോളം നീളവും 10 അടിയോളം വീതിയുമുള്ള ബോട്ട് മറിയണമെങ്കില്‍ ഒരു ബാഹ്യശക്തിയുടെ ഇടപെടല്‍ ഉണ്ടായാലേ സാധിക്കൂ. അന്ന് ശക്തമായ മഴയോ കാറ്റോ ഉണ്ടായിരുന്നില്ല.
1921, 1922, 1923 വര്‍ഷങ്ങളില്‍ തിരുവിതാംകൂറില്‍ ആകെ പത്ത് ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ എട്ടെണ്ണവും ബാഹ്യവസ്തുക്കളുമായുള്ള സംഘര്‍ഷങ്ങളില്‍ നിന്ന് സംഭവിച്ചതാണ്. രണ്ടെണ്ണം മോട്ടോര്‍ബോട്ടുകള്‍ തമ്മിലിടിച്ച് അപകടത്തില്‍ പെട്ടതാണ്; ജീവാപായം ഉണ്ടായിട്ടില്ല. രണ്ടെണ്ണം വെള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കുറ്റിയിലോ മറ്റ് നിര്‍മിതികളിലോ ഇടിച്ച് അപകടത്തില്‍ പെട്ടതാണ്; ജീവാപായം ഉണ്ടായില്ല. മൂന്നെണ്ണം തോട്ടപ്പള്ളി ലോക്കില്‍ ചെന്ന് ബോട്ട് ഇടിച്ചുകയറി ഉണ്ടായ അപകടങ്ങളാണ്; ജീവാപായം ഉണ്ടായില്ല. ഒരെണ്ണം കായംകുളം കായലില്‍ പെരുമനക്കടവിനടുത്ത് രാത്രിയില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന ഒരാളുടെ വള്ളത്തില്‍ ബോട്ടിടിച്ച് ഉണ്ടായ അപകടമാണ്; ഒരാള്‍ മരിച്ചു. ഒരെണ്ണം ബോട്ടില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന 14 വയസ്സുള്ള പെണ്‍കുട്ടി വെള്ളത്തിലേക്ക് വീണ് മരിച്ചതാണ്. മറ്റൊന്ന്, ബോട്ടില്‍ എഞ്ചിന് സമീപമിരുന്ന് യാത്ര ചെയ്തിരുന്നയാളിന്റെ വസ്ത്രത്തിന് തീ പിടിച്ചുണ്ടായ അപകടമാണ്; അയാള്‍ വെള്ളത്തിലേയ്ക്ക് വീണ് മരിച്ചു. എന്നാല്‍, 24 പേരുടെ ദുര്‍മരണത്തിനിടയാക്കിയ ‘റെഡീമര്‍’ ബോട്ടപകടം, ബോട്ട് സ്വയം വരുത്തിവച്ചതാണെന്നാണ് അന്വേഷണക്കമ്മീഷന്റെ നിഗമനമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
റെഡീമര്‍ ബോട്ടിന് രണ്ടു നിലകളുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ ഭാരക്കൂടുതലുണ്ടായിരുന്നതുകൊണ്ടാണ്, വേഗം കുറയ്ക്കാതെ വളവ് തിരിഞ്ഞപ്പോള്‍ ബോട്ട് മറിഞ്ഞു പോയതെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.11 ഇത് ഒരു സാദ്ധ്യതയാണ്. പക്ഷേ, ലഭ്യമായ തെളിവുകള്‍ ഈ സാദ്ധ്യത തള്ളിക്കളയുന്നു. അപകടം നടക്കുന്ന സമയത്ത് ബോട്ടിനുള്ളില്‍ ജീവനക്കാരുള്‍പ്പെടെ 136 ആളുകള്‍ യാത്ര ചെയ്തിരുന്നു. ഇതില്‍ 45 മുതിര്‍ന്നവരും അവരുടെ കുറച്ച് സാമാനങ്ങളുമാണ് മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നത്.12
അപകടത്തില്‍പെട്ട ബോട്ട് ഉയര്‍ത്തിയതിനു ശേഷം ബോട്ടിന്റെ ജലത്തിലെ സ്ഥിരത- (stability) പരിശോധിക്കുന്നതിന് ക്യാപ്റ്റന്‍ ലീവറേയും (Captain Leverett) പോലീസ് കമ്മീഷണര്‍ ഡബ്ലിയു.എച്ച്. പിറ്റും ചേര്‍ന്ന് ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. മുകള്‍ നിലയില്‍ എത്രയാളുകള്‍ കയറിയാല്‍ ബോട്ടിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി നഷ്ടപ്പെട്ട് ചരിഞ്ഞു പോകും എന്നറിയാനായിരുന്നു ഒരു പരീക്ഷണം. ബോട്ടിന്റെ ഒരുവശത്ത് മാത്രമായി 60 മുതിര്‍ന്ന മനുഷ്യരെ കയറ്റി നിര്‍ത്തിയപ്പോള്‍ ബോട്ട് ചരിഞ്ഞു തുടങ്ങി.13
അപകടം നടക്കുന്ന സമയത്ത് ബോട്ടിന്റെ മുകള്‍നിലയില്‍ 45 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പല സ്ഥലങ്ങളിലായി ഇരുന്നോ കിടന്നോ ഉറങ്ങുകയായിരുന്നു. മറ്റുള്ള യാത്രക്കാരെല്ലാം താഴത്തെ നിലയില്‍ പലയിടങ്ങളിലായി ഉറങ്ങുകയോ ഉണര്‍ന്നിരിക്കുകയോ ആയിരുന്നു. അതായത്, ബോട്ട് വളവ് തിരിഞ്ഞപ്പോള്‍ സ്ഥിരത നഷ്ടപ്പെട്ട് മറിഞ്ഞു പോകാന്‍ വേണ്ടത്ര ഭാരം മുകള്‍നിലയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, ബോട്ടിനെ വെള്ളത്തില്‍ മറിയാതെ നിര്‍ത്താന്‍ വേണ്ടത്ര ഭാരം താഴത്തെ നിലയിലും ഉണ്ടായിരുന്നു. വളവ് തിരിഞ്ഞപ്പോള്‍ ബോട്ട് മറിഞ്ഞുപോകാന്‍ തക്കവണ്ണമുള്ള എന്തെങ്കിലും ചലനങ്ങള്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.14 അതായത്, ബോട്ടില്‍ നിന്നുണ്ടായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് മറിഞ്ഞു മുങ്ങിപ്പോകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
ബാഹ്യശക്തികളുടെ ഇടപെടലുകള്‍കൊണ്ട് റെഡീമര്‍ ബോട്ട് മറിയാനുള്ള സാഹചര്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും സൂചനകള്‍ നല്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയുന്നുണ്ടോ? ഉണ്ട് എന്നാണുത്തരം.
കേരള ആര്‍കൈവ്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ ‘ന്യൂസ് ലെറ്റര്‍’ 1979 ഡിസംബര്‍ ലക്കത്തില്‍ ഈ റിപ്പോര്‍ട്ടിന്റെ ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിലെ 10,11 പാരഗ്രാഫുകള്‍ അവര്‍ എന്തുകൊണ്ട് ഒളിപ്പിച്ചുവച്ചു എന്ന ചോദ്യത്തില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. ആ പാരഗ്രാഫുകളില്‍ പറയുന്ന കാര്യങ്ങള്‍ ക്ഷോഭജനകങ്ങളാണെന്നും അത് പൊതുജനങ്ങള്‍ അറിഞ്ഞാല്‍ അപകടമാണെന്നും പത്രാധിപരായിരുന്ന പ്രൊഫ. എ.പി.ഇബ്രാഹിം കുഞ്ഞിന് തോന്നാന്‍ കാരണം മഹാകവി കുമാരനാശാന്‍ ആ ബോട്ടപകടത്തില്‍ മരിച്ചിരുന്നു എന്ന വസ്തുതയാണ്.
പത്താമത്തെ പാരഗ്രാഫില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതും അന്ന് പോലീസ് വേണ്ടത്ര കാര്യമായി അന്വേഷിക്കാതെ വിട്ടുകളഞ്ഞതുമാണ്. ബോട്ടപകടം നടന്നയുടനെ കരച്ചിലും ബഹളവും കേട്ട് അടുത്ത് എവിടെയോ ഉണ്ടായിരുന്ന രണ്ടു വലിയ വള്ളങ്ങള്‍ ഏതാനും മിനിട്ടുകള്‍ക്കകം തുഴഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മറിഞ്ഞ ബോട്ടിന്റെ രണ്ടു വശത്തുമായി വലിയ വള്ളങ്ങളിലോരോന്നും അടുപ്പിച്ച് നിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ വള്ളങ്ങള്‍ ഏതാണെന്നും ഇതില്‍ വന്നവര്‍ ആരൊക്കെയാണെന്നും കണ്ടെത്താനുള്ള അന്വേഷണക്കമ്മീഷന്റെ പരിശ്രമം വിജയിച്ചില്ല. ആ രണ്ട് അജ്ഞാതവള്ളങ്ങള്‍ ‘റെഡീമര്‍’ ബോട്ട് എത്താന്‍ കാത്ത് കിടക്കുകയും അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ചില കൃത്യങ്ങള്‍ ചെയ്ത് അപ്രത്യക്ഷമായി എന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.
കമ്മീഷന്റെ തെളിവെടുപ്പ് വിവരങ്ങള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്തിയിരുന്നെങ്കിലും ഈ അജ്ഞാത വള്ളങ്ങളില്‍വന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ കമ്മീഷന് മുന്നില്‍ ഹാജരാവുകയോ മൊഴി നല്‍കുകയോ ചെയ്തില്ല. അവരെ കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. പോലീസ് ഇവരെക്കുറിച്ച് കാര്യമായി അന്വേഷിച്ചില്ല എന്നുവേണം കരുതാന്‍.
റെഡീമര്‍ അപകടത്തില്‍പ്പെട്ടയുടനെ അതിന്റെ ബോട്ട് മാസ്റ്റര്‍ അറുമുഖം പിള്ള ഓടി രക്ഷപ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. 1924 ഫെബ്രുവരി രണ്ടിലെ കേരള കൗമുദിയില്‍ ‘ഒളിച്ചുനടക്കുന്ന റെഡീമര്‍ ബോട്ട് മാനേജരെ പിടിച്ചേല്പിക്കുന്നവര്‍ക്ക് 500 ക ഇനാം കൊടുക്കാമെന്ന് പോലീസ് കമ്മീഷണര്‍ പരസ്യം ചെയ്തിരിക്കുന്നു’ എന്നൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ പോലീസ് അയാളെ തേടിപ്പിടിക്കുകയും അറസ്റ്റു ചെയ്ത് കമ്മീഷന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു.15 പക്ഷെ, അജ്ഞാത വള്ളങ്ങളില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. പോലീസ് മറ്റുപല കാര്യങ്ങളും വിശദമായി അന്വേഷിച്ച് തെളിവുകള്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ജനുവരി 17ന് വെളുപ്പിന് അഞ്ച് മണിക്ക് മുങ്ങിപ്പോയ ബോട്ട് നാലാം ദിവസം 20-ാം തിയതി രാത്രി എട്ട് മണിക്കാണ് പൂര്‍ണമായും ഉയര്‍ത്തി എടുക്കാന്‍ കഴിഞ്ഞത്. എഞ്ചിനീയര്‍മാരും നാട്ടുകാരും ഒത്തുചേര്‍ന്ന് ശ്രമിച്ചിട്ടും അതിനു ഇത്ര സമയം എടുത്തത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ക്രെയിനുകളോ, പുള്ളികളോ, വലിയ വള്ളങ്ങളോ, വിദഗ്ദ്ധരായ തൊഴിലാളികളോ പല്ലനയിലും പരിസരത്തും ലഭ്യമല്ലാതിരുന്നതുകൊണ്ടാണ് മുങ്ങിപ്പോയ ബോട്ടുയര്‍ത്താന്‍ വൈകിയത്.16 അപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ടു വലിയ വള്ളങ്ങള്‍ എവിടെ പോയി? അത് പല്ലനയിലോ പരിസരപ്രദേശങ്ങളിലോ ഉള്ള വള്ളങ്ങള്‍ ആയിരുന്നില്ല. മറ്റെവിടെനിന്നോ വന്ന്, റെഡീമര്‍ ബോട്ട് എത്താന്‍ കാത്ത്കിടന്ന്, ലക്ഷ്യമിട്ട കൃത്യങ്ങള്‍ നിര്‍വഹിച്ച് അപ്രത്യക്ഷമായ വള്ളങ്ങളാണ്. ഈ വള്ളങ്ങളിലുണ്ടായിരുന്നവര്‍ക്ക് റെഡീമര്‍ ബോട്ടപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. അവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് എന്നമട്ടില്‍ എഴുതി തള്ളിക്കളഞ്ഞിരിക്കുകയാണ്.
പതിനൊന്നാമത്തെ പാരഗ്രാഫില്‍ റെഡീമര്‍ അപകടത്തില്‍ പെട്ടതിനു പിന്നാലെ ആ വഴി ആലപ്പുഴയ്ക്ക് പോയ മൂന്ന് ബോട്ടുകളിലെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ സംശയവും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. അപകടമുണ്ടായി പതിനഞ്ച് മിനിട്ടിനുള്ളിലോ മറ്റോ ‘മഹമ്മദീയ’ എന്ന് പേരുള്ള ഒരു യാത്രാബോട്ട് അവിടെ നിര്‍ത്താതെയും അപകടത്തില്‍പ്പെട്ടവരെ സഹായിക്കാതെയും കടന്നുപോയി. അതിന്റെ പിന്നാലെ ‘മോണിങ് സ്റ്റാര്‍’ എന്ന് പേരുള്ള ബോട്ട് വന്നു. അവര്‍ ഒരു വടം മാത്രം നല്കിയിട്ട് മറ്റ് സഹായങ്ങള്‍ നല്‍കാതെ ഓടിച്ചുപോയി. മൂന്നാമത് വന്ന ‘നൂറല്‍ റഹിമാന്‍’ എന്നബോട്ട് ഒന്ന് നിര്‍ത്തുകപോലും ചെയ്യാതെ മുന്നോട്ട് പോയി.
ഈ മൂന്ന് ബോട്ടിലെയും ജീവനക്കാര്‍ കമ്മീഷനു മുന്നില്‍വന്ന് മൊഴി കൊടുത്തിട്ടുണ്ട്. ‘മഹമ്മദീയ’ ബോട്ടിലെ സ്രാങ്കിന്റെ മൊഴി ഒരു മണിക്കൂര്‍ നേരം അവിടെ നിര്‍ത്തിയെന്നും വടം മുതലായവ കൊടുക്കുകയും ബോട്ട് ഉയര്‍ത്തുന്നതിന് സഹായിക്കാന്‍ തയ്യാറാവുകയും ചെയ്തു; എന്നാല്‍ തന്റെ വാഗ്ദാനം ആരും സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ്. ഇത് യാതൊരു സാദ്ധ്യതയുമില്ലാത്ത കാര്യമാണെന്നും അതുകൊണ്ട് മൊഴി അവിശ്വസനീയമാണെന്നും കമ്മീഷന്‍ രേഖപ്പെടുത്തുന്നു. രണ്ടാമത്തെ ബോട്ട് ‘മോണിങ് സ്റ്റാര്‍’ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയുടേത് തന്നെ ആയിരുന്നു. അവര്‍ വടം നല്കി സഹായിച്ചു. എന്നാല്‍ അവര്‍ മാത്രമാണ് വടം നല്കാതിരുന്നതെന്ന് മുങ്ങിയ ബോട്ടിലെ ജീവനക്കാര്‍ മൊഴി നല്‍കി. ഇത് തൊഴിലാളികള്‍ തമ്മിലുള്ള വൈരത്തിന്റെ പ്രശ്‌നമായാണ് കമ്മീഷന്‍ കാണുന്നത്. മൂന്നാമത്തെ ബോട്ട് ‘നൂറല്‍ റഹിമാന്‍’ ലെ സ്രാങ്ക് നല്‍കിയ മൊഴിയനുസരിച്ച് ‘ബോട്ടിലുണ്ടായിരുന്ന നമ്പൂതിരിമാര്‍ക്ക് ജഡങ്ങളുടെ അരികില്‍ച്ചെന്ന് തീണ്ടലുണ്ടാകാതിരിക്കാനാണ് നിര്‍ത്താതെ പോയത്’. ഇത് തന്റെ പ്രവൃത്തി ന്യായീകരിക്കാന്‍ അയാള്‍ കണ്ടെത്തിയ സൂത്രമാണെന്നാണ് കമ്മീഷന്റെ നിഗമനം. ബോട്ട് ജീവനക്കാരുടെ പെരുമാറ്റം മനുഷ്യത്വരഹിതവും നിശിതമായ ശാസന അര്‍ഹിക്കുന്നതുമാണെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു.
പല്ലനവളവില്‍ ‘റെഡീമര്‍’ പോലൊരു വലിയ യാത്രാബോട്ട് മുക്കിക്കളയാന്‍ മാത്രം കരുത്തുള്ള ബാഹ്യശക്തി എന്തായിരിക്കുമെന്ന് ഇനി നമുക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. അന്വേഷണ കമ്മീഷന്റെ നിഗമനങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെ വേണ്ടത്ര തെളിവുകളുണ്ട്. ഈ റിപ്പോര്‍ട്ടില്‍ പല്ലന വളവിനെ കുറിച്ച് പറയുന്ന നാല് വാചകങ്ങളുണ്ട്. ഇതില്‍ ഒരു വാചകം ഈശ്വരന്‍ എഴുതിച്ചേര്‍ത്തതാണെന്നു വേണം കരുതാന്‍. ‘പല്ലന ഒറ്റപ്പെട്ട ഒരു സ്ഥലമാണ്. കനാലിന്റെ ഇരുവശങ്ങളിലുമായി താഴ്ന്ന് കിടക്കുന്ന പറമ്പില്‍ തെങ്ങുകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കിഴക്ക് വശത്ത് കാര്യമായ മനുഷ്യവാസമില്ല; അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു ഫര്‍ലോങ് ചുറ്റളവില്‍ ഒന്നോരണ്ടോ കുടിലുകളല്ലാതെ. പടിഞ്ഞാറുവശത്ത് അവിടെയും ഇവിടെയുമായി ഏതാനും കുടിലുകളുണ്ട്.’ ഇവയാണ് ആ നാല് വാചകങ്ങള്‍.17.
ഇതില്‍ രണ്ടാമത്തെ വാചകം പല്ലനവളവില്‍ നടന്നിരിക്കാനിടയുള്ള അട്ടിമറിയെക്കുറിച്ച് സൂചന നല്‍കാന്‍ കരുത്തുള്ള വാചകമാണ്. അങ്ങനെയൊരു വാചകം അവിടെ എഴുതിയതുകൊണ്ട് ഈ റിപ്പോര്‍ട്ടിന് പ്രത്യേകമായി എന്തെങ്കിലും ഗുണമുണ്ട് എന്ന് തോന്നുന്നില്ല. രണ്ടാമത്തെ വാചകമില്ലാതെതന്നെ സ്ഥലവിവരണം ആശയവ്യക്തതയുള്ളതാണ്. ജനവാസം കുറവായിരുന്നതുകൊണ്ട് അപകടം നടന്നയുടനെ ആളുകള്‍ക്ക് ഓടിയെത്തി സഹായിക്കാന്‍ കഴിഞ്ഞില്ല എന്ന് സൂചന നല്‍കുന്നു. തുടര്‍ന്നുള്ള വാചകങ്ങളില്‍ അത് വിശദമാക്കുന്നുണ്ട്.
എന്നാല്‍ കനാലിന്റെ ഇരുവശങ്ങളിലും തെങ്ങുകള്‍ വച്ചുപിടിപ്പിച്ചിരുന്നു എന്ന രണ്ടാമത്തെ വാചകം ഈശ്വരന്റെ കുറിപ്പാണ്. റിപ്പോര്‍ട്ടില്‍ ആവശ്യമില്ലാത്ത ഇങ്ങനെയൊരു വാചകം എഴുതി ചേര്‍ക്കുന്നതിലൂടെ അപകടം എങ്ങനെ നടന്നു എന്ന് സൂചനനല്കാന്‍ ആരോ ശ്രമിച്ചിരിക്കുന്നു. പല്ലനവളവില്‍ ഇരുവശങ്ങളിലുള്ള തെങ്ങില്‍ രാത്രി വലിയ വടം വലിച്ചുകെട്ടി വെള്ളത്തിലിട്ടിരുന്നാല്‍ ബോട്ട് വന്ന് അതില്‍ കയറുമ്പോള്‍ മറിഞ്ഞ് മുങ്ങിപ്പോകും. ബോട്ടിന്റെ സ്രാങ്ക് വളവില്‍ വേഗം കുറയ്ക്കാന്‍ മണിയടിച്ച് നിര്‍ദ്ദേശം നല്കിയപ്പോള്‍ തന്നെ ബോട്ട് ചരിഞ്ഞ് തുടങ്ങിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ കൂടുതലും ഉറക്കത്തിലായിരുന്നതുകൊണ്ട് ബോട്ട് മറിയാന്‍തക്ക ശക്തിയുള്ള ചലനങ്ങളൊന്നും ബോട്ടിനുള്ളില്‍ ഉണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോട്ട് മറിഞ്ഞതിനുശേഷം വടം കെട്ടിയവര്‍ അത് അഴിച്ച് മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ. കായംകുളം കൊച്ചുണ്ണി കായലുകളിലും ഇടത്തോടുകളിലും വടംകെട്ടി വലിയ വള്ളങ്ങള്‍ മറിച്ച് കൊള്ള നടത്തിയതിന്റെ പൂര്‍വചരിത്രം ബ്രിട്ടീഷ് രേഖകളില്‍ കിട്ടും.
അജ്ഞാതമായ രണ്ടു വലിയ വള്ളങ്ങളില്‍ വന്നവര്‍ പല്ലനവളവില്‍ വടം വലിച്ചുകെട്ടി കാത്ത്കിടന്നു എന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല. അവരെക്കുറിച്ച് യാതൊരന്വേഷണവും നടന്നില്ല എന്നത് സംശയത്തിന് ബലം നല്‍കുന്നു. ബോട്ട് മറിഞ്ഞതിനു ശേഷം ലക്ഷ്യമിട്ട കൃത്യം നിര്‍വഹിച്ച് അവര്‍ അപ്രത്യക്ഷരായി എന്നുവേണം ഊഹിക്കാന്‍. അതിനിടയില്‍ അവര്‍ ചില രക്ഷാപ്രവര്‍ത്തനങ്ങളും നടത്തി.
റെഡീമര്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രധാനി മഹാകവി കുമാരനാശാനായിരുന്നു. ആശാനോടുള്ള ശത്രുത കേരളത്തില്‍ കത്തിജ്വലിച്ചുനിന്ന കാലമായിരുന്നു അത്. അജ്ഞാതമായ രണ്ടു വലിയ വള്ളങ്ങളില്‍ വന്നവര്‍ കുമാരനാശാന്റെ ശത്രുക്കളോ ശത്രുക്കളാല്‍ നിയോഗിക്കപ്പെട്ടവരോ ആയിരുന്നിരിക്കാം. കടലിലും കായലിലും നീന്തി നല്ല പരിശീലനം നേടിയിരുന്ന കുമാരനാശാനെ അവര്‍ തേടിപ്പിടിച്ച് ബലംപ്രയോഗിച്ച് ബോട്ടില്‍നിന്ന് പുറത്തുകൊണ്ടുവന്ന് അപായപ്പെടുത്തി ദൂരെക്കൊണ്ടുപോയി ചെളിയില്‍ പൂഴ്ത്തിക്കളഞ്ഞു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. രാത്രിയില്‍ കുമാരനാശാനെ അവര്‍ എങ്ങിനെ തിരിച്ചറിഞ്ഞു എന്ന ചോദ്യമുണ്ടാകാം. അന്ന് ടോര്‍ച്ചുകളും മറ്റും ഉണ്ടായിരുന്നില്ലല്ലോ. ആ രാത്രി നല്ല നിലാവുണ്ടായിരുന്നു; കുമാരനാശാനെ തിരിച്ചറിയാന്‍ ആ വെളിച്ചം ധാരാളമായിരുന്നു. നൂറു വര്‍ഷം മുന്‍പുള്ള പഞ്ചാംഗം പരിശോധിച്ചാല്‍ 1924 ജനുവരി 16 ശുക്ലപക്ഷ ദശമിയാണ് എന്ന് കാണാം. ചന്ദ്രന് അന്ന് 73% പ്രകാശമുണ്ടായിരുന്നു.
24 യാത്രക്കാര്‍ മരിച്ച ആ ബോട്ടപകടത്തില്‍ 22 ജഡങ്ങളും കീഴ്‌മേല്‍ മറിഞ്ഞുപോയ ബോട്ടിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. കുമാരനാശാന്റേതുള്‍പ്പെടെ രണ്ടു ജഡങ്ങള്‍, രണ്ടാംനാള്‍ രാവിലെ, ശരീരത്തില്‍ ചെളി പുരണ്ട അവസ്ഥയില്‍ കുറേ ദൂരെമാറി ജലനിരപ്പിലേയ്ക്ക്, ശരീരം ചീര്‍ത്ത് പൊങ്ങിവന്നപ്പോള്‍ മാത്രമാണ് കണ്ടുകിട്ടിയത്. രണ്ടു ജഡങ്ങള്‍ മാത്രം പുറത്തുനിന്ന് കിട്ടാന്‍ എന്തായിരിക്കും കാരണം എന്നും അന്വേഷണ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. അവര്‍ ബോട്ടിനുള്ളില്‍വച്ച് മരിച്ചിരിക്കാം; ജഡങ്ങള്‍ പുറത്തേയ്ക്ക് തനിയെ ഒഴുകി പോയതാകാനാണ് സാദ്ധ്യത എന്ന നിഗമനത്തിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്.18
കുമാരനാശാന്റെ ജഡത്തില്‍ ചെളി പുരണ്ടിരുന്നു എന്ന വിഷയം ഗൗരവമുള്ളതാണ്. കുമാരനാശാന്റെ ജഡം കനാലില്‍ നിന്ന് കണ്ടെത്തുകയും ചെളി കഴുകി വൃത്തിയാക്കുകയും ചെയ്ത എന്‍.കൃഷ്ണന്‍ അതിനെക്കുറിച്ച് എഴുതിയ ദീര്‍ഘലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്, ‘ആശാന്റെ ശരീരം അവിടെയെങ്ങും കാണാതെ ഞങ്ങള്‍ തിരഞ്ഞു നില്‍ക്കുമ്പോള്‍ ഒരു കൊച്ചുവള്ളത്തില്‍ കാപ്പി വില്‍ക്കാന്‍ കായലിലും മറ്റും കൊണ്ടുനടക്കുന്ന ഒരു മുഹമ്മദീയന്‍ ‘കുറേ താഴെയായി ചട്ടയെല്ലാം ഇട്ടിട്ടുള്ള ഒരു ശരീരം’ പൊങ്ങിക്കിടക്കുന്നെന്ന് ഞങ്ങളോട് പറഞ്ഞു. ഉടന്‍തന്നെ മാധവന്‍ വക്കീല്‍ അദ്ദേഹത്തിന്റെ ചെറുവള്ളത്തില്‍ കയറി മേല്പറഞ്ഞ ശങ്കരന്‍കുട്ടി മുതലായ ഒന്നുരണ്ടു പേരോടുകൂടി അങ്ങോട്ടുപോയി. ഏകദേശം ഒരു നൂറുവാര അകലെയായി പൊങ്ങിക്കിടന്നിരുന്ന പിണത്തെ പിടിച്ച് കരയ്ക്കടുപ്പിച്ചു. ഹാ! ദൈവമേ! അത് നമുക്കെല്ലാം പ്രിയപ്പെട്ട ആശാന്‍ അവര്‍കളുടെ ശരീരമായിരുന്നു. കരയ്ക്കടുപ്പിച്ച് ഞങ്ങള്‍ ശരീരം എടുത്തു ഒരു തഴപ്പായില്‍ കിടത്തി. കോട്ടും ഷര്‍ട്ടും ദേഹത്തുണ്ടായിരുന്നു. അരയില്‍നിന്നു മുണ്ട് അഴിഞ്ഞുപോയിരുന്നു. കണ്ണുകള്‍ നല്ലവണ്ണം അടഞ്ഞിരുന്നു. രണ്ടു കാലുകളും മുട്ടില്‍ വച്ച് സ്വല്പം അകത്തോട്ട് വളഞ്ഞിരുന്നു. മുഖഭാവം ശാന്തവും ഗംഭീരവുമായിരുന്നു. ഉടനേ ശരീരത്തില്‍ പുരണ്ടിരുന്ന ചെളിയെല്ലാം ഞങ്ങള്‍ തേച്ചുകഴുകി വെയില്‍ കൊള്ളാതിരിക്കുന്നതിന് ഒരു തട്ടിക പൊളിച്ചു കൊണ്ടുവന്ന് മറച്ചു.’19.(‘ഭാരത കാഹള’ ത്തില്‍ എന്‍. കൃഷ്ണന്‍ എഴുതിയ ലേഖനം കേരള കൗമുദി 1924 ജനുവരി 24 ന് എടുത്തു പ്രസിദ്ധീകരിച്ചു). രണ്ടാള്‍ താഴ്ചയുള്ള പല്ലനയാറിന്റെ അടിത്തട്ടില്‍ കിടന്ന ചെളി കുമാരനാശാന്റെ ശരീരത്തില്‍ നിന്ന് തേച്ചു കഴുകിക്കളയേണ്ട തരത്തില്‍ പറ്റിപ്പിടിക്കണമെങ്കില്‍, ശ്വാസം മുട്ടി മരിച്ച ജഡം താനേ താഴേയ്ക്ക് വെള്ളത്തിലൂടെ ചെന്ന് ചെളിയില്‍ മുട്ടിയാല്‍ പോരാ. ചെളിയിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെടുകതന്നെ വേണം. ചെളിയില്‍ പൂണ്ടുപോയത് കൊണ്ടാണ് ജഡം പൊങ്ങിവരാന്‍ 30 മണിക്കൂറിലേറെ സമയമെടുത്തത്.
റെഡീമര്‍ അപകടത്തില്‍ ബോട്ട് ജീവനക്കാര്‍ ആരും മരിച്ചില്ല (എഞ്ചിനില്‍ ഓയില്‍ ഒഴിക്കുന്ന ഒരു ബാലന്‍ ഒഴിച്ച്) എന്നത് ശ്രദ്ധേയമാണ്. അപകടം നടക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നോ എന്ന് സംശയിക്കണം. കൊല്ലത്തു നിന്ന് ബോട്ട് നിറച്ച് യാത്രക്കാരെ കയറ്റി നേരേ തേവള്ളി ജെട്ടിയിലേയ്ക്കാണ് പോയത്. അവിടേയ്ക്ക് ആ ബോട്ടിന് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നിട്ടും ‘മുന്‍കൂട്ടി തയ്യാറാക്കിയ രഹസ്യ പദ്ധതിയനുസരിച്ചാണ് ബോട്ട് തേവള്ളിയില്‍ അടുപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവിടെ നിന്ന് കയറിയ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്തമായ മൊഴികളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സാക്ഷികളായ രണ്ടു എമ്പ്രാന്തിരിമാര്‍ തേവള്ളിയില്‍ നിന്ന് നാലുപേര്‍ കയറിയത് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.20 ഇവര്‍ ആരാണെന്നോ, ഇവര്‍ക്ക് ബോട്ടപകടവുമായോ, കുമാരനാശാന്റെ മരണവുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കപ്പെട്ടില്ല. കുമാരനാശാന്‍ കയറിയ ബോട്ട് മാത്രമാണ് തേവള്ളിയില്‍ ചെന്ന് ഈ അജ്ഞാതരായ നാലുപേരെ കയറ്റിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പല്ലന വളവിലുണ്ടായ റെഡീമര്‍ ബോട്ടപകടം ആധികാരികമായി അന്വേഷിക്കപ്പെട്ടെങ്കിലും സത്യം എവിടെയോ മറഞ്ഞിരിക്കുകയാണ് എന്ന തോന്നലുളവാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് അന്വേഷണക്കമ്മീഷന്‍ തയ്യാറാക്കിയത്. മലയാളത്തിന് മഹാപ്രതിഭാശാലിയായ ഒരു കവിയെ അകാലത്തില്‍ നഷ്ടപ്പെടുത്തിയ ബോട്ടപകടം ഉണ്ടായതായാലും ഉണ്ടാക്കിയതായാലും കാലത്തിന്റെ രഹസ്യ ദുര്‍ഗത്തില്‍ നിന്ന് സത്യം ഒരുനാള്‍ പുറത്തു വരികതന്നെ ചെയ്യും.
(കുമാരനാശാനെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ നിന്ന്.)
അവലംബങ്ങള്‍
1.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഖണ്ഡിക 4.
2.റിപ്പോര്‍ട്ട് ഖണ്ഡിക 5.
3.റിപ്പോര്‍ട്ട് ഖണ്ഡിക 5.
4. റിപ്പോര്‍ട്ട് ഖണ്ഡിക 24.
5. റിപ്പോര്‍ട്ട് ഖണ്ഡിക 34.
6. റിപ്പോര്‍ട്ട് ഖണ്ഡിക 5.
7. റിപ്പോര്‍ട്ട് ഖണ്ഡിക 61.
8. റിപ്പോര്‍ട്ട് ഖണ്ഡിക 7.
9. റിപ്പോര്‍ട്ട് ഖണ്ഡിക 46.
10. റിപ്പോര്‍ട്ട് ഖണ്ഡിക 45.
11. റിപ്പോര്‍ട്ട് ഖണ്ഡിക 47.
12. റിപ്പോര്‍ട്ട് ഖണ്ഡിക 45.
13. റിപ്പോര്‍ട്ട് ഖണ്ഡിക 68.
14. റിപ്പോര്‍ട്ട് ഖണ്ഡിക 46.
15. റിപ്പോര്‍ട്ട് ഖണ്ഡിക 2.
16. റിപ്പോര്‍ട്ട് ഖണ്ഡിക 29.
17. റിപ്പോര്‍ട്ട് ഖണ്ഡിക 16.
18. റിപ്പോര്‍ട്ട് ഖണ്ഡിക 14.
19. നെടുംകുന്നം ഗോപാലകൃഷ്ണന്‍, കേരള കൗമുദി ചരിത്രം, ഭാഗം 1, പേജ് 236 – 243.
20. റിപ്പോര്‍ട്ട് ഖണ്ഡിക 49.