Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതീയ ദര്‍ശനങ്ങളിലെ മോക്ഷസ്വരൂപം (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 5)

കെ.കെ.വാമനൻകെ.കെ.വാമനൻ
26 April 2024

മോക്ഷം എന്ന അവസ്ഥയെ ഭാരതീയ സമ്പ്രദായങ്ങളില്‍ പല തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. ധാര്‍മ്മികതയുടെയും നൈതികതയുടെയും വിവേകത്തിന്റെയും ഭക്തിയുടെയും പരിപക്വമായ അവസ്ഥയായും മറ്റും മോക്ഷത്തെ ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം മുതലായവ വിശദമാക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

വിവിധ ദര്‍ശനങ്ങളിലെ മോക്ഷസ്വരൂപത്തെ മാധവാചാര്യര്‍ തന്റെ സര്‍വദര്‍ശനസംഗ്രഹത്തില്‍ വിവരിക്കുന്നുണ്ട്. ”സ്വാതന്ത്ര്യമോ മരണമോ ആണ് മോക്ഷം എന്നു ചാര്‍വാകന്മാര്‍. ആത്മനാശം മോക്ഷം എന്ന് ശൂന്യവാദികളായ മാധ്യമികര്‍. നിര്‍മ്മലജ്ഞാനോദയം മോക്ഷം എന്നു മറ്റു ബൗദ്ധന്മാര്‍. കര്‍മ്മം കൊണ്ട് ഉണ്ടായ ദേഹസ്വരൂപമായ ആവരണത്തിന്റെ അഭാവത്തില്‍ ജീവന്റെ സതതോര്‍ദ്ധ്വഗമനം ആണ് മോക്ഷം എന്നു ജൈനര്‍. സര്‍വകര്‍ത്തൃത്വം ഒഴിച്ചുള്ള സര്‍വജ്ഞത്വാദി പരമാത്മഗുണങ്ങളുടെ പ്രാപ്തിയും ഭഗവത്സ്വരൂപാനുഭവവും ആണ് മോക്ഷം എന്നു രാമാനുജമതം. ജഗത്കര്‍ത്തൃത്വലക്ഷ്മീപതിശ്രീവത്സപ്രാപ്തിരഹിതമായ ദു:ഖാമിശ്രിതമായ പൂര്‍ണ്ണസുഖം ആണ് മോക്ഷം എന്ന് മാധ്വമതം. പരമൈശ്വര്യപ്രാപ്തി ആണ് മോക്ഷം എന്നു നകുലീശപാശുപതന്മാര്‍. ശിവത്വപ്രാപ്തി മോക്ഷം എന്നു ശൈവന്മാര്‍. പൂര്‍ണ്ണാത്മതാലാഭം മോക്ഷം എന്നു പ്രത്യഭിജ്ഞാവാദികള്‍. പാരദരസം കൊണ്ട് ദേഹസ്ഥിരതയോടെ ഉള്ള ജീവന്മുക്തി തന്നെ മോക്ഷം എന്ന് രസേശ്വരവാദികള്‍. അശേഷവിശേഷഗുണോച്ഛേദം മോക്ഷം എന്നു വൈശേഷികര്‍. ആത്യന്തികദു:ഖനിവൃത്തി മോക്ഷം എന്ന് നൈയ്യായികര്‍. നൈയ്യായികരില്‍ ഒരു വിഭാഗം കേവലദു:ഖനിവൃത്തി മാത്രമല്ല സുഖവും ആ അവസ്ഥയില്‍ ഉണ്ട് എന്നു വാദിക്കുന്നു. സ്വര്‍ഗാദിപ്രാപ്തി മോക്ഷം എന്ന് മീമാംസകര്‍. മൂലചക്രത്തില്‍ സ്ഥിതി ചെയ്യുന്ന പരാഖ്യം ആയ ബ്രഹ്‌മരൂപമായ വാക്കിന്റെ ദര്‍ശനം ആണ് മോക്ഷം എന്ന് പാണിനീയര്‍. പ്രകൃതിയുടെ ഉപരമത്തോടെ ഉള്ള പുരുഷന്റെ സ്വരൂപാവസ്ഥാനം എന്ന കൈവല്യം ആണ് മോക്ഷം എന്നു സാംഖ്യന്മാര്‍. കര്‍ത്തവ്യം നിര്‍വഹിച്ചതുകൊണ്ട് പുരുഷാര്‍ത്ഥശൂന്യങ്ങളായ സത്ത്വരജസ്തമസ്സുകളുടെ മൂലപ്രകൃതിയിലുള്ള അത്യന്തലയം പ്രകൃതിയുടെ മോക്ഷം ആണ്. ചിതിസ്ഥിതിനിരുപാധികമായ സ്വരൂപത്തോടെയുള്ള അവസ്ഥിതി മോക്ഷം എന്നു പാതഞ്ജലന്മാര്‍. മൂലാജ്ഞാനത്തിന്റെ നിവൃത്തിയില്‍ തന്റെ സ്വരൂപലാഭം മോക്ഷം എന്ന് ശാങ്കരാദ്വൈതികള്‍.” (പ്രൊഫസര്‍. ആര്‍.വാസുദേവന്‍ പോറ്റി, ഭാരതീയദര്‍ശനങ്ങള്‍, 2010).

മോക്ഷം എന്നത് ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകള്‍ക്കും അതീതമായ തുരീയം എന്നു പറയുന്ന ബോധത്തിന്റെ നാലാമത്തെ അവസ്ഥയായും ചില ഭാരതീയദര്‍ശനങ്ങള്‍ പറയുന്നു. ബൗദ്ധമാര്‍ഗത്തിലെ ശൂന്യവാദത്തിന്റെ ഉപജ്ഞാതാവായ ആര്യനാഗാര്‍ജുനന്റെ മാധ്യമികകാരിക, ഗൗഡപാദാചാര്യരുടെ മാണ്ഡൂക്യകാരിക, ശാങ്കരദര്‍ശനം, തന്ത്രം, കാശ്മീരശൈവം, ഹഠ – കുണ്ഡലിനീ യോഗങ്ങള്‍ തുടങ്ങിയവയില്‍ ഈ തുരീയാവസ്ഥയെ പ്രതിപാദിക്കുന്നുണ്ട്. ശ്രീരാമകൃഷ്ണപരമഹംസര്‍ ഈ അവസ്ഥയില്‍ മുഴുകിക്കഴിഞ്ഞ സിദ്ധപുരുഷനാണ്. മാത്രമല്ല, ഈ അവസ്ഥയെ നരേന്ദ്രനെന്ന സ്വാമി വിവേകാനന്ദന് പകര്‍ന്നു കൊടുക്കുകയും ചെയ്തു. താന്‍ അനുഭവിച്ച ആ തുരീയാവസ്ഥയെ വിവേകാനന്ദസ്വാമികള്‍ വര്‍ണ്ണിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ന്യൂറോബയോളജിയിലെ ചില പരീക്ഷണഫലങ്ങള്‍ ബോധത്തിന്റെ ഈ നാലാമത്തെ അവസ്ഥയെ സാധൂകരിക്കുന്നതാണ്.

ADVERTISEMENT

ധര്‍മ്മം എന്ന പദത്തിന് സന്ദര്‍ഭം (Context) അനുസരിച്ച് പല അര്‍ത്ഥങ്ങള്‍ പറയാം. ഇവിടെ ധര്‍മ്മം എന്നാല്‍ വ്യക്തികള്‍ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അതായത് ശൈശവം, ബാല്യം, കൗമാരം, തരുണം, യൗവ്വനം, പ്രൗഢം, വാര്‍ദ്ധക്യം എന്നീ പ്രായത്തിന്റെ അവസ്ഥകള്‍, കുടുംബം, സമൂഹം മുതലായ ജീവിതതലങ്ങള്‍, ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ വൈദികമായ ആശ്രമതലങ്ങള്‍, വൈദികസമ്പ്രദായികളുടെ വര്‍ണ്ണവിഭാഗങ്ങള്‍, തൊഴില്‍പരമായ ജാതി തലങ്ങള്‍, വൈദികം, വേദാന്തം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടരല്‍ തുടങ്ങിയ വിവിധതലങ്ങളില്‍ സ്വയം അനുവര്‍ത്തിക്കേണ്ട പത്ഥ്യാപത്ഥ്യപാലനം ആണ്. വ്യക്തി-കുടുംബ- സമൂഹജീവിതങ്ങളുടെ മേല്‍പ്പറഞ്ഞ വിവിധതലങ്ങളുടെ നിലനില്‍പ്പിന് ഏതുകാലത്തും ഈ പത്ഥ്യാപത്ഥ്യപാലനം അനിവാര്യം ആയതിനാലാണ് അതിനെ സനാതനം എന്നു വിശേഷിപ്പിക്കുന്നത് എന്നതു വ്യക്തം ആണല്ലോ.

ഈ ധര്‍മ്മകല്‍പ്പന നാം നേരത്തെ കണ്ട പൊതുശേഖരത്തില്‍ പെടുന്ന ആശയമാണ്. വൈദികരും വേദപ്രാമാണ്യത്തെ അംഗീകരിക്കാത്ത ജൈനബൗദ്ധാദി അവൈദികരും ഒരുപോലെ ഇതിനെ ഉള്‍ക്കൊണ്ടു. തങ്ങളുടെ അതാതു സമ്പ്രദായങ്ങളില്‍ ഉചിതമായി സ്വാംശീകരിച്ചു. ഗൗതമബുദ്ധന്‍ ”ഏഷോ ധമ്മോ സനാതനോ” എന്നു പാലിഭാഷയില്‍ അരുളിയത് ധമ്മപദത്തില്‍ കാണാം.

അര്‍ത്ഥം എന്നത് ധര്‍മ്മാനുഷ്ഠാനത്തിന് ആവശ്യമായ പല തരം സമ്പത്തുകള്‍ ആണ്. ഭാരതീയരുടെ ജീവിതത്തില്‍ ഭൗതികമായ അര്‍ത്ഥകാമങ്ങള്‍ക്ക് സ്ഥാനമില്ല എന്നും അതു ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന്റെയും പരലോകജീവിതത്തിന്റെയും തത്വശാസ്ത്രമാണ് പിന്തുടരുന്നത് എന്നും മറ്റുമുള്ള തെറ്റായ ധാരണകള്‍ പലരും പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു. ആ ധാരണയും പ്രചാരവും അടിസ്ഥാനരഹിതമാണെന്നും ഭാരതീയതയെ കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ് അതിനു കാരണം എന്നും സേതുബന്ധത്തിലെ ഈ പ്രസക്തഭാഗം വ്യക്തമാക്കുന്നു. പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ‘ഭാരതസംസ്‌കാരത്തിന്റെ ഭൗതികവശങ്ങള്‍’ (ദേശപോഷിണി, സില്‍വര്‍ ജൂബിലി സുവനീര്‍, 1964) എന്ന ലേഖനത്തില്‍ ഈ ധാരണപ്പിശകിനെ തെളിവു നിരത്തി നിരാകരിക്കുന്നതു കാണാം.

പാശ്ചാത്യ ആശയങ്ങളായ Eudaemonic happiness  (ജീവിതത്തില്‍ ഒരു പ്രത്യേക ലക്ഷ്യം മുന്നില്‍ വെച്ച് പ്രവര്‍ത്തിച്ച് അതു നേടുമ്പോള്‍ ഉളവാകുന്ന സംതൃപ്തി), Hedonic happiness (പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന സുഖം) എന്നിവയേയും ഈ മോക്ഷ, കാമദ്വയാത്മകമായ ഭാരതീയസുഖകല്‍പ്പന ഉള്‍ക്കൊള്ളുന്നുണ്ട്. ഇവയില്‍ ഹെഡോണിസത്തിന് കാമം എന്ന ഭാരതീയകല്‍പ്പനയോട് സാദൃശ്യം പറയാം. മറ്റേതിനെ കര്‍മ്മയോഗം മുതലായവയോട് താരതമ്യം ചെയ്യാവുന്നതാണ്.

സുഖം എന്നത് ജീവിസാധാരണമായ അതായത് എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ ഒരു അവസ്ഥയാണല്ലോ. മനുഷ്യന്റെ തലത്തില്‍ ചിന്തിക്കുമ്പോള്‍ അതിന് കാമം, മോക്ഷം എന്ന രണ്ടു അവസ്ഥകള്‍ ഉണ്ട്. ഭാരതീയ കാഴ്ചപ്പാടില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന കാമസുഖം പോലെ തന്നെ ഏതൊരു മനുഷ്യനും ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടാനാവുന്ന ഒരു സുഖാവസ്ഥ (ജീവന്മുക്താവസ്ഥ) ആണ് മോക്ഷം എന്നതും. അത് സമസ്തമാനവര്‍ക്കും സാധിക്കുന്നതാകയാലാണ് ഭാരതീയ ജീവിതമാതൃക ലോകത്തിലെ മനുഷ്യസമൂഹത്തിനു മുഴുവന്‍ പിന്തുടരാന്‍ കഴിയുന്ന മാതൃക ആകുന്നത്.
ഇതരസമൂഹങ്ങളില്‍ കാമം അതായത് ഭൗതികസുഖം ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായി അംഗീകരിക്കപ്പെട്ടപ്പോള്‍ ഹിന്ദുസമൂഹം ആകട്ടെ മോക്ഷത്തെ ആണ് ആത്യന്തികജീവിതലക്ഷ്യമായി വരിച്ചത്. പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ G. S. Ghurye തന്റെ The Indian- Sadhus എന്ന കൃതിയില്‍ ഇതു വിശദമാക്കുന്നുണ്ട്. ഇന്നും ഹിന്ദുക്കളുടെ ആ കാഴ്ച്ചപ്പാടിനു വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല.

”മോക്ഷം എന്ന ആത്യന്തിക മൂല്യം കൈയ്യെത്താദൂരത്ത് ആയതിനാല്‍ അതിന് സമൂഹത്തില്‍ നേരിട്ടു സ്വാധീനം ചെലുത്താന്‍ കഴിവില്ല. പക്ഷേ മുതിര്‍ന്ന ഹിന്ദുക്കള്‍ അനുവര്‍ത്തിക്കുന്ന നിത്യപൂജ, ധ്യാനം, ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം, ഭജന, ആധ്യാത്മികസാഹിത്യപാരായണം, ആധ്യാത്മികമായ കാര്യങ്ങളില്‍ ശ്രദ്ധയും ഭൗതികമായ കാര്യങ്ങളില്‍ വിരക്തിയും പുലര്‍ത്തുന്ന ജീവിതശൈലി എന്നിവയിലൂടെ അതിന്റെ പരോക്ഷസ്വാധീനം കാണാന്‍ കഴിയും” എന്നാണ് പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന്‍ പറയുന്നത് (Appendix: Changing Values in India Today, Social Change in Modern India, 2016).

കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തതും ചതുര്‍വിധപുരുഷാര്‍ത്ഥങ്ങള്‍ ഉള്ളടങ്ങുന്നതുമായ ക്രമബദ്ധമായ ജീവിതം എന്ന ഈ ഭാരതീയ ജീവിതമാതൃക മനുഷ്യജീവിതത്തിനെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നു എന്നു കാണാം. മനുഷ്യന്റെ ശാരീരികവും ബൗദ്ധികവും മാനസികവുമായ എല്ലാ തരം ചോദനകളേയും അതു കണക്കിലെടുക്കുകയും മോക്ഷം, നിര്‍വാണം, കൈവല്യം എന്നെല്ലാം വിശേഷിപ്പിക്കുന്ന ഉദാത്തമായ ഒരു തലത്തിലേക്കുള്ള പ്രയാണത്തിനുതകുന്ന സഹജമായ ചവിട്ടുപടികളായി അവയെ പരിവര്‍ത്തനം ചെയ്യാനുള്ള സൈദ്ധാന്തികവും പ്രയോഗപരവുമായ വഴികള്‍ മാനവരാശിയുടെ മുന്നില്‍ തുറന്നുവെക്കുകയും ചെയ്യുന്നു.

ഈ ജീവിതമാതൃക പലരും കരുതുന്നതുപോലെ സമൂഹത്തിന്റെ മേല്‍ത്തട്ടുകളില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നല്ല. മറിച്ച് വന, ഗ്രാമ, നഗരങ്ങളിലെ സാധാരണക്കാരുടെ ജീവിതങ്ങളേയും രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. ഗുരുകുലങ്ങളും സര്‍വകലാശാലകളും സമൂഹത്തിലെ ബൗദ്ധികശേഷി കൂടുതലുള്ളവരില്‍ ഈ ജീവിതമാതൃകയെ പ്രചരിപ്പിച്ചപ്പോള്‍ മേല്‍ പറഞ്ഞ പരിവ്രാജകസംഘങ്ങളും സിദ്ധന്മാരും സമൂഹത്തിന്റെ താഴെ തട്ടുകളില്‍ ഇതിനെ വ്യാപിപ്പിച്ചു. അങ്ങനെ ധര്‍മ്മാര്‍ത്ഥകാമമോക്ഷചതുഷ്ടയരൂപമായ ഈ ജീവിതമാതൃക ഹിന്ദുസമൂഹത്തിന്റെ മുഴുവന്‍ പൊതുസ്വത്തായി തീര്‍ന്നു. മോക്ഷം, അവിദ്യ, കര്‍മ്മം, യോഗം തുടങ്ങിയ ആശയങ്ങള്‍ പാടത്തു പണിയെടുക്കുന്ന കര്‍ഷകരുടെ ചിന്തകളിലും ചുണ്ടുകളിലും ജീവിതത്തിലും നിറഞ്ഞു നിന്നിരുന്നു. ഇക്കാര്യം പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായ (Indian Philosophy A Popular Edition) ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാന്തിപ്രിയാ ബോസ് നടത്തിയ ‘Peasant Values And Innovations In India, American Journal of Sociology 1962″ എന്ന ശ്രദ്ധേയമായ പഠനത്തിലും ഇതു വെളിവാകുന്നു.

പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ‘ഭാരതസംസ്‌കാരത്തിന്റെ ഭൗതികവശങ്ങള്‍’ (ദേശപോഷിണി, സില്‍വര്‍ ജൂബിലി സുവനീര്‍, 1964) എന്ന ലേഖനത്തിന്റെ അവസാനഭാഗത്തു പറയുന്നത് ഇതാണ്: ”ഇത്രയും പറഞ്ഞതുകൊണ്ട്, പുരാതന ഭാരതീയര്‍ ധര്‍മ്മരംഗത്തില്‍ മാത്രമല്ല കാമാര്‍ത്ഥങ്ങളുടെ രംഗത്തിലും തങ്ങളുടെ ശ്രദ്ധ ചെലുത്തുകയും പ്രതിഭാപ്രസരം കൊണ്ട് ജീവിതത്തിന്റെ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ അന്യര്‍ക്ക് അസൂയ തോന്നുമാറുള്ള നേട്ടങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തിരുന്നു എന്ന കാര്യം വ്യക്തമായിരിക്കണം. ഭാരതീയ സംസ്‌കാരം കവികളേയും സന്യാസിമാരെയും മാത്രമല്ല, കാമശാസ്ത്രവിദഗ്ധരേയും രാജ്യകാര്യപ്രവീണരേയും ധാരാളം സൃഷ്ടിച്ചിരുന്നു. ഭൗതിക ജീവിതത്തിന്റെ സ്വാഭാവിക പ്രതിഭാസങ്ങളെയെല്ലാം പുച്ഛിച്ചുതള്ളുവാനല്ല, അവയെ ക്രമീകരിച്ച്, നശ്വരമോഹനമായ മനുഷ്യജന്മത്തെ അര്‍ത്ഥവത്താക്കിത്തീര്‍ക്കുവാനാണ് നമ്മുടെ പൂര്‍വികര്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നത്. ആ പൂര്‍വികരുടെ പാരമ്പര്യം ശരിക്കവകാശപ്പെടാറാകണമെങ്കില്‍ നാം ആര്‍ഷസംസ്‌കാരത്തെക്കുറിച്ചുള്ള വക്രവും ഏകപക്ഷീയവുമായ പല ധാരണകളുമുപേക്ഷിച്ച് നമ്മുടെ ഭൂതകാലത്തെ അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ മനസ്സിലാക്കുവാന്‍ പഠിക്കേണ്ടതാണ്. സ്വതന്ത്രഭാരതത്തിന്റെ നൂതനസമുദായ സൃഷ്ടിയില്‍ ബദ്ധശ്രദ്ധരായവര്‍ക്ക് ആ പഠനം ഒരിക്കലും ഒരനാവശ്യമായ സമയവ്യയമായിത്തീരുകയില്ല.”
(തുടരും)

Tags: അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies