നാഗ്ഭിഡ്(മഹാരാഷ്ട്ര): വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക ചിന്തയും രാഷ്ട്രബോധവുമുളള പൗരന്മാരായി മാറ്റിയെടുക്കുകയാകണം വിദ്യാലയങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.ജെ.എസ്.ജന്‍വര്‍ ജന്മശതാബ്ദി പരിപാടികളുടെ സമാപനത്തില്‍ നാഗ്ഭിഡ് ഗോണ്ട്വാന് വികാസ് സന്‍സ്തയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളിലൂടെ വ്യക്തികള്‍ രൂപപ്പെടും. ഭാരതം വളരും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ ലോകം സഞ്ചരിക്കും, സ്വയം മുന്നേറാനുള്ള പാഠവും ദിശാബോധവും ക്ലാസ്മുറികളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കണം. അത്തരം കുട്ടികള്‍ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരും ലോക മാനവികതയുടെ അവയവങ്ങളുമായി മാറും. കൗമാരത്തിലേക്കും യുവത്വത്തിലേക്കും കാലൂന്നുമ്പോള്‍ ഒരുവനില്‍ ഉറയ്ക്കേണ്ട പൗരബോധം ബാല്യകാലത്ത് തന്നെ ലഭിക്കണം. അത് അവന്റെ സ്വഭാവമായി മാറും. ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പാഠപുസ്തകത്തിനപ്പുറത്തുനിന്ന് ജീവിത പാഠങ്ങള്‍ പകരണമെന്ന് ആഗ്രഹിച്ച മഹാനാണ് ജന്വര്ജിയെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. പ്രസംഗങ്ങളും പുസ്തകങ്ങളുമല്ല, മാതൃകയായി മാറുന്ന മുതിര്‍ന്നവരാണ് കുട്ടികളെ നയിക്കേണ്ടത്. അവരുടെ മുന്നില്‍ ഉദാഹരണങ്ങള്‍ വേണം. തെളിവുറ്റ ഉദാഹരണങ്ങളായി മാറാന്‍ മുതിര്‍ന്നവര്‍ കഠിനാധ്വാനം ചെയ്യണം. രാജ്യത്തെ സംബന്ധിച്ച് വൈകാരികമായ ഏകത്വഭാവമാണ് ഉണ്ടാകേണ്ടത് സര്‍സംഘചാലക് പറഞ്ഞു.
ഗോണ്ട്വാന് ഡവലപ്മെന്റ് അസോസിയേഷന് പ്രസിഡന്റ് രാജഭാവു ദേശ്പാണ്ഡെ, സെക്രട്ടറി രവീന്ദ്ര ജന്‍വര്‍, എംഎല്‍എ കീര്‍ത്തി കുമാര്‍ ഭംഗഡിയ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.