”സകലശൂകകുല വിമല തിലകിതകളേബരേ
സാരസ്യപീയൂഷസാരസര്‍വ്വസ്വമേ
കഥയമമ, കഥയമമ, കഥകളതിസാദരം
കാകുത്സലീലകള് കേട്ടാല്‍ മതിവരാം”
എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല… ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില് അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ അംശാവതാരവുമായ സാക്ഷാല്‍ ഹനുമാന്റെ അത്ഭുതപരാക്രമങ്ങള്‍ മനസ്സില്പ്പതിയുമാറ് ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നു. ശ്രീരാമദൂതനായി ലങ്കാനഗരത്തിലെത്തി സീതാദേവിയെ സമാശ്വസിപ്പിച്ച് ലങ്കാനഗരി തച്ചുടച്ച് രാവണന് ശക്തമായ താക്കീതു നല്കി മടങ്ങുന്ന ഹനുമാന്റെ രൂപം എത്ര ഭംഗിയായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്.
രത്നങ്ങളില്‍ കൗസ്തുഭരണത്തിനുള്ള സ്ഥാനമാണ് രാമായണത്തില്‍ സുന്ദരകാണ്ഡത്തിനുള്ളത്. സുന്ദരകാണ്ഡം വായിച്ചാല്‍ രാമായണം മുഴുവനും വായിച്ചതിനു തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഹനുമാന് എന്ന കഥാപാത്രത്തിന്റെ മഹത്വം വെളിവാകുന്ന രംഗങ്ങളാണ് ഇതില്‍ മുഴുവനും കാണുന്നത്. സുന്ദരകാണ്ഡത്തിലെ ലങ്കാദഹനം എന്ന ഭാഗം എത്ര മനോഹരമാണ്. അധര്‍മ്മത്തെ ചുട്ടെരിച്ചുകളയാന്‍ നിമിഷനേരം മാത്രമെടുക്കുന്ന ഹനുമാന് വായുദേവന്റേയും അഗ്നിദേവന്റേയും അനുഗ്രഹം വേണ്ടത്രയുണ്ട്.
”അഹമഹമികാധിയായ പാവകജ്വാലക
ളംബരത്തോളമുയര്‍ന്നു ചെന്നു മുദാ” എന്നും,
”അനലശിഖകളുമനിലസുതഹ്യദയവും
തെളിഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചുതദാ”
എന്നുമുള്ള വരികള്‍ തീജ്വാലയുടെ ഭീകരത വെളിവാക്കുന്നു. ആകാശം മുട്ടെ ഉയര്‍ന്നു നിന്ന ലങ്കയ്ക്കു മുകളില്‍ അതിനുമുയരെ പൊങ്ങി നില്ക്കുന്ന അഗ്നിജ്വാലകള്‍ രാവണന്റെ അഹങ്കാരത്തിനു മുകളില്‍ ഉയര്‍ന്നുപൊന്തുന്ന ഹനുമാന്റെ മഹത്വം വിളിച്ചോതുന്നു.