വീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില്‍ തഴച്ചു നില്ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില്‍ ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില്‍ ഒരു സംസ്കാരമായിരുന്നു. നാഗരികതയുടെ കടന്നുകയറ്റത്തില്‍ ഭവനങ്ങളുടെ മുറ്റത്ത് നിന്ന് തുളസിത്തറകള്‍ അപ്രത്യക്ഷമായെങ്കിലും ഇന്നും തുളസിയുടെ മാഹാത്മ്യം നാം നിഷേധിക്കുന്നില്ല. ഒരേസമയം ദേവിയായും ദേവാരാധനയ്ക്കുള്ള പൂജാപുഷ്പമായും മരുന്നായുമൊക്കെ മനുഷ്യസംസ്കാരത്തില്‍ നിലനില്‍ക്കുന്ന സസ്യമാണ് തുളസി.
കേരളീയഭവനങ്ങളുടെ പരിസരത്ത് സാധാരണയായി കാണപ്പെടുന്ന തുളസി ലേബിയേറ്റേ (ഘമയശമമേല) എന്ന സസ്യകുടുംബത്തില്‍ പെട്ടതും ഓസിമം സാങ്റ്റം (ഛരെശാൗാ മെിഴൗോ) എന്നു ശാസ്ത്രനാമം ഉള്ളതുമായ സസ്യമാണ്. സസ്യഭാഗങ്ങളില്‍ ഉള്ള ഒരുതരം ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ‘ബാസില്‍ കാംഫര്‍’ എന്നറിയപ്പെടുന്ന ഒരുതരം എസ്സന്‍സ് ആണ് പരിസരങ്ങളില്‍ ശാലീനമായ ആത്മീയ ചൈതന്യം നിറയ്ക്കുന്ന കൃഷ്ണതുളസിയുടെ ഹൃദയഹാരിയായ സുഗന്ധത്തിനു കാരണം.
കൃഷ്ണതുളസി, രാമതുളസി, കര്‍പ്പൂരതുളസി, കാട്ടുതുളസി എന്നിങ്ങനെ പലവിധം തുളസികളുണ്ടെങ്കിലും കൃഷ്ണതുളസിയാണ് പൂജയ്ക്കായും മാലയ്ക്കായും കൂടുതലായി ഉപയോഗിക്കുന്നത്. ഔഷധഗുണവും കൂടുതലുള്ളത് ഇതിനാണ്. കാട്ടുതുളസി സാധാരണയായി പൂജയ്ക്ക്എടുക്കാറില്ല.
തുളസിയെ വിശുദ്ധിയുടെ പ്രതീകമായാണ് ഭാരതീയര്‍ കരുതിപ്പോരുന്നത്. ക്ഷേത്രാരാധനയക്ക് അനിവാര്യമായ പുഷ്പങ്ങളിലൊന്നാണിത്. തുളസി നില്ക്കുന്ന സ്ഥലംപോലും പവിത്രമാണെന്ന് ദേവീഭാഗവതത്തില്‍ കാണുന്നു.
ആചാരങ്ങളുടെ ഭാഗമാണ് എന്നതിനോടൊപ്പം തന്നെ തുളസി നല്ലൊരു ഔഷധ സസ്യവുമാണ്. വസൂരി, ചിക്കന്‍പോക്സ് എന്നിവയ്ക്ക് മറുമരുന്നായി പണ്ടുകാലങ്ങളില്‍ തുളസിനീര് തേന്‍ ചേര്‍ത്തു കഴിയ്ക്കാറുണ്ടായിരുന്നു. ജ്വരം, ശ്വാസകോശങ്ങള്‍, മഞ്ഞപ്പിത്തം, മലേറിയ, വയറുകടി തുടങ്ങിയവയ്ക്കെല്ലാം തുളസിയില നീര് സിദ്ധൗഷധമാണ്. തേള്, ചിലന്തി എന്നിവയുടെ വിഷത്തിനു മറുമരുന്നായും തുളസി ഉപയോഗിക്കാറുണ്ട്. തലയിലെ പേന്‍ ശല്യം ഒഴിവാക്കാന്‍ തുളസിയില മുടിയില്‍ ചൂടുകയോ തലയിണയില്‍ വിതറുകയോ ചെയ്താല്‍ മതിയത്രെ. ചിലയിനം ത്വക്ക് രോഗങ്ങള്‍ക്ക് തുളസിനീര് പുരട്ടുന്നത് ആശ്വാസദായകമാണ്. ദിവസവും ഒരു തുളസിയില പച്ചക്ക് ചവച്ചു തിന്നുന്നത് ആരോഗ്യവര്ദ്ധകമാണ്. കുടിക്കാനായി തിളപ്പിക്കുന്ന വെള്ളത്തില്‍ തുളസിയിലയിട്ടു തിളപ്പിച്ചാല്‍ വെള്ളത്തിന് സവിശേഷമായൊരു ഗന്ധവും ഔഷധഗുണവും കൈവരും.
സ്ഥലസൗകര്യം പരമിതമാണെങ്കില് കൂടി ചെടിച്ചട്ടിയില്‍ പോലും വളര്‍ത്താവുന്ന സസ്യമാണ് തുളസി. സമൃദ്ധിയുടെ പര്യായമായി എല്ലാ വീടുകളിലും ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളര്‍ത്തുന്നത് ഒരു സംസ്കാരമായി മാറട്ടെ.