”കള്ളന് വിളക്കു പിടിക്ക്യാ; ഊരില്‍ നെലവിളിക്ക്യാ;’ ചട്ടുകം പഴുപ്പിച്ചു വെക്കണം അവന്റെ ചന്തിക്ക്. അതാ വേണ്ടത്”
രാമകൃഷ്ണനെ പോലീസു പിടിച്ചു കൊണ്ടുപോയെന്നു കേട്ടപ്പോഴാണ് മുത്തശ്ശി അങ്ങനെ പറഞ്ഞത്.
രണ്ടു വീടുകള്‍ക്കപ്പുറത്താണ് മാധവി അമ്മായിയുടെ വീട്. പത്തുനാഴി കറക്കുന്ന ഒരു പശുവുണ്ട് അമ്മായിക്ക്. അവര്‍ക്ക് ആണ്മക്കളില്ല. ഒരു മകളുള്ളത് തൃശ്ശിനാപ്പള്ളിയില്‍ ഭര്‍ത്താവിന്റെ കൂടെ. ഈ പശുവിന്റെ പാലു വിറ്റാണ് അമ്മായി കഴിഞ്ഞു കൂടുന്നത്. ഇതിന്റെ കറവ വറ്റുമ്പോഴേക്കും, വേറൊരു പശുവുണ്ട്, അത് പ്രസവിക്കും.
കഷ്ടപ്പെട്ടിട്ടാണെങ്കിലും അമ്മായി സന്തോഷമായി ജീവിച്ചു പോകുമ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. അമ്മായിയുടെ കറവപ്പശുവിനെ ആരോ കട്ടോണ്ടു പോയി. പോലീസ് സ്റ്റേഷനില്‍ ചെന്ന് നെഞ്ചത്തടിച്ചു നിലവിളി ക്കാന്‍ തുടങ്ങി അമ്മായി.
കള്ള് രണ്ടുകുപ്പി അകത്തു ചെന്ന നേരത്ത് രാമകൃഷ്ണന് ഷാപ്പിലിരുന്ന് ഡെസ്ക്കിലിടിച്ചു കൊണ്ടു പറഞ്ഞത് ഷാപ്പി ലുണ്ടായിരുന്ന എല്ലാവരും കേട്ടു. ”മാധവ്യമ്മേടെ പയ്യിനെ കട്ടോണ്ടു പോയ ആളെ എനിക്കറിയാം.”
”ആരാ?”
”അത് ഞാന്‍ പറയില്ല.”
രാമകൃഷ്ണന് ഷാപ്പിലിരുന്നു പറഞ്ഞ കാര്യം കേട്ടുകേള്‍പ്പിച്ച് പോലീസുകാരുടെ ചെവിയിലെത്തി പോലീസുകാര്‍ രാമകൃഷ്ണനെ തൂക്കിയെടുത്ത് ജീപ്പിലിട്ടു കൊണ്ടുപോയി.
പോലീസുകാര്‍ നന്നായൊന്നു ‘പെരുമാറി’. അപ്പോള്‍ രാമകൃഷ്ണന് ‘തത്ത പറയുമ്പോലെ’ എല്ലാം വിളിച്ചു പറഞ്ഞു.
രാമകൃഷ്ണന്റെ ചങ്ങാതിയാണ് കള്ളന് കണാരന്. ഇടക്ക് രാമകൃഷ്ണന് ഓസിനു കള്ളു വാങ്ങിക്കൊടുക്കാറുണ്ട് കണാരന്.
അഞ്ചെട്ടുനാഴി കറക്കുന്ന ഒരു പശുവിനെ വേണം. ഒരു പാര്‍ട്ടി ചോദിച്ചിട്ടുണ്ട്. പശുവിനെ അന്വേഷിച്ചിറങ്ങിയതാണ് കള്ളന് കണാരന്.
‘മാധവ്യമ്മേടെ പയ്യിനെ നോക്കണോ കണാരേട്ടാ?”
”ഉരുപ്പടി എങ്ങനെ?”
”പെറ്റിട്ട് ഒരു മാസായിട്ടില്ല. രണ്ടാമത്തെ പേറ്. പത്തുനാഴി കറക്കും.”
”പൊക്കട്ടെ?”
”പൊക്കിക്കോ കണാരേട്ടാ.”
”ആണുങ്ങളാരെങ്കിലുമുണ്ടാവ്വോ ഉമ്മറത്ത് കാവലിന്?”
”ഹേയ്. അവര്‍ ഒറ്റക്കല്ലെ താമസം.”
അന്ന് രാത്രി കണാരന് വന്നു. മാധവി അമ്മായിയുടെ വീട്ടിലേ ക്കുള്ള വഴി കാട്ടിക്കൊടുക്കാന്‍ ടോര്‍ച്ചടിച്ചുകൊണ്ട് രാമകൃഷ്ണനും ചെന്നു. കണാരന് പശുവിനെ അഴിച്ച് റോഡെത്തുന്നതുവരെ വെളിച്ചം കാണിച്ച്് രാമകൃഷ്ണനും കൂടെ നടന്നു.
മുത്തശ്ശിയുടെ അഭിപ്രായത്തില്‍ കള്ളന് വിളക്കു പിടിച്ചവനാണ് വലിയ കള്ളന്. രാമകൃഷ്ണനാണല്ലോ മാധവി അമ്മായിയുടെ പശുവിനെ കണാരന് കാണിച്ചു കൊടുത്തത്. തൊഴുത്തില്‍ നിന്ന് അഴിച്ചുകൊണ്ടുപോകാനും സഹായിച്ചു. അതുകൊണ്ടാണ് രാമകൃഷ്ണന്റെ ചന്തിയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കണമെന്ന് മുത്തശ്ശി പറഞ്ഞത.്