- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- യക്ഷപ്രശ്‌നം – സ്വപിതാവിന്റെ പരീക്ഷ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 16)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
സഹോദരന്മാര്‍ സൈ്വരമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നൊരു യാജ്ഞികന്‍ ഓടിക്കയറി വിലപിച്ചു. ”അഗ്നിഹോത്രം മുടങ്ങി. അരണിയും കടകോലും കൊമ്പില്‍ കുത്തി ഒരു കലമാന്‍ ഓടിപ്പോയി. എന്നെ രക്ഷിക്കണേ.” ഉടന്‍ സഹോദരന്മാരഞ്ചുപേരും അമ്പും വില്ലുമെടുത്തു മാനിനെത്തേടിയോടി. എത്രപോയിട്ടും മാനിനെ പിടികിട്ടിയില്ല, കാണാന്‍പോലും കഴിഞ്ഞില്ല. ക്ഷീണിച്ചു ദാഹിച്ച് എല്ലാവരും ആലിന്‍ ചുവട്ടിലിരുന്നു. യുധിഷ്ഠിരന്‍ പറഞ്ഞു. ”നകുലാ! ആ മരത്തില്‍ കയറി അടുത്തെങ്ങാനും ജലാശയമുണ്ടോ എന്നു നോക്കി, ഉണ്ടെങ്കില്‍ അവിടെയെത്തി സ്വയം ദാഹം മാറ്റി അമ്പുറയില്‍ വെള്ളം കൊണ്ടുവരൂ.”
നകുലന്‍ അതിദൂരത്തല്ലാത്ത താമരപ്പൊയ്കയ്ക്കരികിലെത്തി തെളിഞ്ഞ വെള്ളം കുടിക്കാന്‍ ഭാവിച്ചപ്പോള്‍ ഒരു അശരീരി ”അരുത് കുട്ടാ, അരുത്! എന്റേതാണ് ഈ പൊയ്ക. ഇതിലെ വെള്ളം കുടിക്കണമെങ്കില്‍ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം.” ചുറ്റും ആരേയും കാണാത്തപ്പോള്‍ നകുലന്‍ അശരീരി കാര്യമാക്കിയില്ല. സരസ്സിലിറങ്ങി വെള്ളം കുടിച്ചു. ഉടന്‍ മരിച്ചുവീണു. നേരമേറെക്കഴിഞ്ഞും നകുലനെ കാണാഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ സഹദേവനെ പറഞ്ഞയച്ചു. അയാളുടെ കഥയും ഇതുതന്നെയായി. അവരെ അന്വേഷിച്ച് അര്‍ജ്ജുനന്‍ പുറപ്പെട്ടു. ആപത്ത് മുന്നില്‍കണ്ട് ഒരുങ്ങിയിട്ടായിരുന്നു പുറപ്പാട്. അശരീരി ആവര്‍ത്തിച്ചു. ആളെ കാണാത്തതുകൊണ്ട് അദ്ദേഹം ശബ്ദവേധി അസ്ത്രം തൊടുത്തുവിട്ടു. ”ഇതൊന്നും ഇവിടെ ഏശുകില്ല.” ഇതായിരുന്നു മാറ്റൊലി. ദുര്യോധനന്റേയോ മറ്റാരുടെയോ മായാകൃത്യമായിരിക്കാമെന്നു കരുതി ധൈര്യപൂര്‍വ്വം വെള്ളം കോരി. അദ്ദേഹവും ചേതനയറ്റു വീണു. പിന്നാലെ ഭീമന്റെ ഗതിയും ഇതുതന്നെയായി. തെല്ല് പരിഭ്രമിച്ച് യുധിഷ്ഠിരന്‍ പുറപ്പെട്ടു. പൊയ്കയുടെ വക്കില്‍ നിഷ്പ്രാണരായി കിടക്കുന്ന ഉടപ്പിറന്നവരെ കണ്ടു. ഉടന്‍ അശരീരി ”വല്യുണ്ണീ! പരിഭ്രമിക്കേണ്ട. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൂട്ടാക്കാതെ ഇവര്‍ എന്റെ പൊയ്കയില്‍നിന്ന് വെള്ളം കോരിക്കുടിച്ചു. അതിന്റെ ഫലമാണ് ഈ ഗതി. തനിക്കുമിത് സംഭവിക്കരുതെങ്കില്‍, ആദ്യം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുക. പിന്നെ മാത്രം പൊയ്കയില്‍ കയ്യിടുക.” യുധിഷ്ഠിരന്‍:- ”കണ്‍മറഞ്ഞുനില്‍ക്കുന്ന ഭവാനാര്? മായാവിയോ മറ്റോ ആണോ?” ”അല്ല, ഞാന്‍ യക്ഷനാണ്; പക്ഷിയോ ജലജന്തുവോ അല്ല. താങ്കള്‍ക്ക് ശുഭം ഭവിക്കട്ടെ.” ഈ വാക്കുകള്‍ക്കു പിന്നാലെ യക്ഷന്‍ ഉടല്‍ പൂണ്ടു വന്‍മരം ചാഞ്ഞുനിന്നു, തന്റെ ഉപാധി ആവര്‍ത്തിച്ചു. ”എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.” ”എന്നാലാവുന്നത്ര ശ്രമിക്കാം” മറുപടി.
ചോദ്യോത്തരം:-
1. യക്ഷന്‍:- ”ആദിത്യനെ ഉദിപ്പിക്കുന്നതാര്? സഹചരന്മാര്‍ ആര്?
ആദിത്യനെ അസ്തമിപ്പിക്കുന്നതാര്? ആദിത്യന്‍ ഉറച്ചുനില്‍ക്കുന്നതെന്തില്‍?”
യുധിഷ്ഠിരന്‍:- ”ഉദിപ്പിക്കുന്നത് ബ്രഹ്‌മാവ്; സഹചാരികള്‍ ദേവകള്‍; അസ്തമിപ്പിക്കുന്നത് ധര്‍മ്മം; ഉറച്ചുനില്‍പ്പത് സത്യത്തില്‍.
2. യക്ഷന്‍:- ”ശ്രോത്രിയനാകുന്നതെങ്ങനെ? മഹത്വം നേടുന്നതെങ്ങനെ? രണ്ടാമതൊരാളെ കിട്ടുന്നതെങ്ങനെ? ബുദ്ധിമാനാകുന്നതെങ്ങനെ?”
യുധിഷ്ഠിരന്‍:- ”ശ്രുതംകൊണ്ട് ശ്രോത്രിയനാകുന്നു. തപസ്സുകൊണ്ട് മഹത്വം നേടുന്നു. രണ്ടാമതൊരാളെ കിട്ടുന്നത് ധാരണാശക്തിയിലൂടെ, ബുദ്ധിമാനാകുന്നത് വൃദ്ധസേവയാല്‍.”
3. യക്ഷന്‍:- ”ബ്രാഹ്‌മണര്‍ക്ക് ദേവത്വമെങ്ങനെ? സത്തുക്കള്‍ക്കെങ്ങനെ ധര്‍മ്മം ലബ്ധം? മനുഷ്യരുടെ സ്വഭാവമെന്ത്? അസത്തുക്കളുടെ ഭാവമെന്ത്?”
യുധിഷ്ഠിരന്‍:- ”ബ്രാഹ്‌മണര്‍ക്ക് ദേവത്വം സ്വാദ്ധ്യായം വഴി. സത്തുക്കള്‍ക്ക് ധര്‍മ്മം തപസ്സില്‍കൂടി. മനുഷ്യരുടെ സ്വഭാവം മരണം. അസത്തുക്കളുടെ സ്വഭാവം അപവാദം.”
4. യക്ഷന്‍:- ”ക്ഷത്രിയര്‍ക്കു ദേവത്വമെങ്ങനെ? സത്തുക്കള്‍ക്കു ധര്‍മ്മമെങ്ങനെ? മാനവരുടെ ഭാവമെങ്ങനെ? അസത്തുക്കളുടെ ഭാവമെന്ത്?”
യുധിഷ്ഠിരന്‍:- ”ധനുര്‍ബാണപ്രയോഗത്താല്‍; സത്തുക്കളുടെ ധര്‍മ്മം യജ്ഞം. മാനവരുടെ ഭാവം ഭയം. അസത്തുക്കളുടെ ഭാവം പരിത്യാഗം.”
5. യക്ഷന്‍:- ”സാമത്തില്‍ യജ്ഞത്തിനു കൊള്ളാവുന്നതെന്ത്? യജസ്സില്‍ യജ്ഞികമെന്ത്? യജ്ഞികത്തെ കൈക്കൊള്ളുന്നതാര്? യജ്ഞത്തെ മറികടക്കുന്നതാര്?”
യുധിഷ്ഠിരന്‍:- ”സാമത്തില്‍ യജ്ഞികം പ്രാണനാണ്; യജസ്സില്‍ യജ്ഞികം മനസ്സാണ്. ഇവ കൈക്കൊള്ളുന്നത് ഋക്കുകളാണ്. യജ്ഞത്തെ ആരും മറികടക്കരുത്.”
6. യക്ഷന്‍:- ”സംഭരണത്തിനെന്തു ശ്രേഷ്ഠം? വിതരണത്തിനെന്ത് ശ്രേഷ്ഠം? പ്രതിഷ്ഠിതനെന്ത് ശ്രേഷ്ഠം? ഉല്‍പ്പന്നങ്ങളിലെന്ത് ശ്രേഷ്ഠം?”
യുധിഷ്ഠിരന്‍:- ”സംഭരണത്തിനു വര്‍ഷം ശ്രേഷ്ഠം. വിതരണത്തിന് വിത്ത് ശ്രേഷ്ഠം. പ്രതിഷ്ഠിതര്‍ക്ക് ശോധനം ശ്രേഷ്ഠം. ഉല്‍പ്പന്നങ്ങളില്‍ പുത്രന്‍ ശ്രേഷ്ഠന്‍.”
7. യക്ഷന്‍:- ”ഇന്ദ്രിയസുഖമനുഭവിച്ച് സര്‍വ്വൈശ്വര്യങ്ങള്‍ നേടിയ സര്‍വ്വ സമ്മതനും ലോകപൂജിതനുമായ ബുദ്ധിമാന്‍ ജീവിച്ചിട്ടും ജീവിക്കാത്തതെപ്പോള്‍? ”
യുധിഷ്ഠിരന്‍:- ”ദേവതകള്‍, പിതൃക്കള്‍, അതിഥികള്‍, ഭൃത്യന്മാര്‍ ഇവരെ അവമതിച്ചു ജീവിക്കുന്നവനാരോ അയാള്‍ ജീവിച്ചിട്ടും ജീവിക്കുന്നില്ല.”
8. യക്ഷന്‍:- ”ഭൂമിയേക്കാള്‍ ഭാരമുള്ളതാര്‍ക്ക്? ആകാശത്തേക്കാള്‍ ഉയരത്തിലാര്? വായുവിനേക്കാള്‍ ഗതിവേഗമുള്ളതാര്‍ക്ക്? പുല്ലി നേക്കാള്‍ പടര്‍ന്നതെന്ത്?”
യുധിഷ്ഠിരന്‍:- ”ഭൂമിയേക്കാള്‍ ഭാരം പെറ്റമ്മയ്ക്ക്. ആകാശത്തേക്കാള്‍ ഉയരം സ്വന്തമച്ഛന്. വായുവിനേക്കാള്‍ വേഗമുള്ളത് മനസ്സിന്. പുല്ലിനേക്കാള്‍ പടര്‍പ്പുള്ളത് ചിന്തയ്ക്ക്.”
9. യക്ഷന്‍:- ”ഉറക്കത്തിലും കണ്ണടയ്ക്കാത്തതെന്ത്? ജനിച്ചിട്ടും ഇളകാത്തതെന്ത്? ഹൃദയമില്ലാത്തതാര്‍ക്ക്? ഓട്ടത്താല്‍ വളരുന്നതെന്ത്?”
യുധിഷ്ഠിരന്‍:- ”മത്സ്യം, മുട്ട, ശില, നദി.”
10. യക്ഷന്‍:- ”യാത്ര പോകുന്നവനു ആര് മിത്രം? വീട്ടിലിരിക്കുന്ന മാന്യര്‍ക്ക് ആര് മിത്രം? ആതുരന്ന് ആര് മിത്രം? മരിക്കുന്നവന് ആര് മിത്രം?”
യുധിഷ്ഠിരന്‍:- ”യാത്രികന് ധനം. ഗൃഹസ്ഥന് ഭാര്യ. ആതുരന് വൈദ്യന്‍. മൃതപ്രായന് ദാനം.”
11. യക്ഷന്‍:- ”സകല ജീവജാലങ്ങള്‍ക്കും അതിഥിയാര്? ധര്‍മ്മത്തിന്റെ പ്രകൃതമെന്ത്? ജഗത്തിലൊട്ടുക്ക് സ്ഥിതി ചെയ്യുന്നതെന്ത്?”
യുധിഷ്ഠിരന്‍:- ”അഗ്നി, സനാതനത്വവും അമൃതത്വവും, പവനന്‍.”
12. യക്ഷന്‍:- ”ഒറ്റയ്ക്ക് ചരിക്കുന്നതാര്? ജനിച്ചിട്ടു വീണ്ടും ജനിക്കുന്നതാര്? മഞ്ഞിന് മരുന്നേത്? ഏറ്റവും വലിയ പത്തായമേത്?”
യുധിഷ്ഠിരന്‍:- ”സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ഭൂമി.”
13. യക്ഷന്‍:- ”ധര്‍മ്മത്തിലേയ്ക്കുള്ള ചുവടേത്? യശസ്സിലേക്കുള്ള ചുവടേത്? സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ചുവടേത്? സുഖത്തിലേയ്ക്കുള്ള ചുവടേത്?”
യുധിഷ്ഠിരന്‍:- ”ധര്‍മ്മത്തിലേയ്ക്കുള്ള ചുവട് ദക്ഷത, യശസ്സിലേയ്ക്കുള്ളത് ദാനം, സ്വര്‍ഗത്തിലേയ്ക്കുള്ളത് സത്യം, സുഖത്തിലേയ്ക്കുള്ളത് സത്യം.”
14. യക്ഷന്‍:- ”മനുഷ്യന്റെ ആത്മാവേത്? ദേവദത്തമായ ചങ്ങാതിയേത്? ഇയാളുടെ ഉപജീവനമേത്? ഇവന്റെ തത്പരതയെന്ത്?”
യുധിഷ്ഠിരന്‍:- ”മനുഷ്യന്റെ ആത്മാവ് ആത്മജന്‍. ദേവദത്തചങ്ങാതി ഭാര്യ. ഉപജീവനം മഴ. തത്പരത ദാനം.”
15. യക്ഷന്‍:- ”സുകൃതങ്ങളിലുത്തമമേത്? ധനത്തിലുത്തമമേത്? ലാഭങ്ങളിലുത്തമമേത്? സുഖങ്ങളിലുത്തമമേത്?”
യുധിഷ്ഠിരന്‍:- ”സുകൃതങ്ങളിലുത്തമം സാമര്‍ത്ഥ്യം. ധനത്തിലുത്തമം ജ്ഞാനം. ലാഭങ്ങളിലുത്തമം ആരോഗ്യം. സുഖങ്ങളിലുത്തമം സന്തുഷ്ടി.”
16. യക്ഷന്‍:- ”ലോകത്തില്‍ ഏത് ധര്‍മ്മമാണ് ശ്രേഷ്ഠം? ഏത് ധര്‍മ്മമാണ് സദാ ഫലദായകം? ഏത് നിയന്ത്രണമാണ് ദുഃഖകരമല്ലാത്തത്? ഏത് കൂട്ടുകെട്ടാണ് ക്ഷയിക്കാത്തത്?”
യുധിഷ്ഠിരന്‍:- ”നൃശംസത കാണിക്കാത്തതാണ് പരമമായ ധര്‍മ്മം. വേദാനുസരണമാണ് സദാ ഫലദായകം. മനോനിയന്ത്രണമാണ് അദുഃഖകരം. നല്ലവരോടുള്ള കൂട്ടുകെട്ടാണ് അക്ഷയം.”
17. യക്ഷന്‍:- ”എന്ത് ത്യജിച്ചാല്‍ പ്രിയങ്കരനാകും? എന്ത് ത്യജിച്ചാല്‍ ദുഃഖം കെടും? എന്ത് ത്യജിച്ചാല്‍ ധനവാനാകും? എന്ത് ത്യജിച്ചാല്‍ ചിരസുഖിയാകും?”
യുധിഷ്ഠിരന്‍:- ”മാനം ത്യജിച്ചാല്‍ പ്രിയങ്കരനാകും. ക്രോധം ത്യജിച്ചാല്‍ ദുഃഖമുണ്ടാകില്ല. കാമം ത്യജിച്ചാല്‍ ധനവാനാകും. ലോഭം ത്യജിച്ചാല്‍ ചിരസുഖിയാകും.”
18. യക്ഷന്‍:- ”ദാനം – എന്തിനുവേണ്ടി ബ്രാഹ്‌മണര്‍ക്ക്? – എന്തിനു വേണ്ടി അഭിനേതാക്കള്‍ക്ക്? – എന്തിനുവേണ്ടി ഭൃത്യന്മാര്‍ക്ക്? – എന്തിനുവേണ്ടി രാജാവിന്?”
യുധിഷ്ഠിരന്‍:- ”ബ്രാഹ്‌മണന് ധര്‍മ്മത്തിനുവേണ്ടി, അഭിനേതാക്കള്‍ക്ക് പ്രശസ്തിക്കുവേണ്ടി, ഭൃത്യന്മാര്‍ക്ക് ഭരണത്തിനുവേണ്ടി, രാജാവിന് ഭയം മൂലം. ”
19. യക്ഷന്‍:- ”ലോകം മൂടപ്പെടുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് പ്രകാശിക്കുന്നില്ല? മിത്രങ്ങള്‍ കൊഴിയുന്നതെപ്പോള്‍? സ്വര്‍ഗ്ഗം വിലക്കപ്പെടുന്നതെപ്പോള്‍?”
യുധിഷ്ഠിരന്‍:- ”ലോകം മൂടപ്പെടുന്നത് അജ്ഞാനത്താല്‍. പ്രകാശിക്കാത്തത് തമസ്സിനാല്‍. മിത്രങ്ങളൊഴിയുന്നത് ലോഭം മൂലം. സ്വര്‍ഗം നേടാത്തത് സംഗം മൂലം.”
20. യക്ഷന്‍:- ”മര്‍ത്ത്യനെങ്ങനെ മൃതനാകും? രാഷ്ട്രമെങ്ങനെ മൃത
മാകും? ശ്രാദ്ധമെങ്ങനെ വ്യര്‍ത്ഥമാകും? യജ്ഞമെങ്ങനെ നിരര്‍ത്ഥമാകും?”
യുധിഷ്ഠിരന്‍:- ”ദാരിദ്ര്യത്താല്‍ മര്‍ത്ത്യന്‍ മരിക്കും. രാജാവില്ലാത്ത രാഷ്ട്രം മരിക്കും. വൈദികനില്ലാത്ത ശ്രാദ്ധം പൊലിയും. അദക്ഷിണമായ യജ്ഞം കെടും.”
21. യക്ഷന്‍:- ”തപസ്സിന്റെ ലക്ഷണമെന്ത്? ദമമെന്നാല്‍ എന്ത്? ക്ഷമയെന്നാലെന്ത്? ലജ്ജയെന്നാലെന്ത്?”
യുധിഷ്ഠിരന്‍:- ”സ്വധര്‍മ്മത്തില്‍ വര്‍ത്തിക്കുന്നതാണ് തപസ്സ്. മനസ്സിന്റെ ദമനമാണ് ദമം. സുഖം ദുഃഖം, ശൈത്യം ഉഷ്ണം, ജയം, പരാജയം എന്നീ ഇരട്ടകളെ സഹിക്കുകയെന്നതാണ് ക്ഷമ. അകാര്യത്തില്‍ നിന്നുള്ള പിന്‍മാറ്റമാണ് ലജ്ജ.”
22. യക്ഷന്‍:- ”ജ്ഞാനമെന്നാലെന്തര്‍ത്ഥം? ശമമെന്താലെന്തര്‍ത്ഥം?
ദയ എന്നാല്‍ എന്തു വിവക്ഷിതം? ആര്‍ജ്ജവമെന്നാലെന്ത് ലക്ഷിതം?”
യുധിഷ്ഠിരന്‍:- ”തത്ത്വാര്‍ത്ഥസംബോധം ജ്ഞാനം, ചിത്തപ്രശാന്തത ശമം, സര്‍വ്വസുഖേച്ഛ ദയ, സമചിത്തത്വം ആര്‍ജ്ജവം.”
23. യക്ഷന്‍:- ”ദുര്‍ജ്ജയനായ ശത്രു ആര്? അന്ത്യം എത്തിക്കുന്ന വ്യാധിയേത്? സാധു ആര്‍? അസാധു ആര്‍?”
യുധിഷ്ഠിരന്‍:- ”ക്രോധമാണ് ദുര്‍ജ്ജയനായ ശത്രു. അന്ത്യം കുറിക്കുന്ന വ്യാധിയാണ് ലോഭം. സര്‍വ്വഭൂതഹിതേരതനാണ് സാധു. ദയാശൂന്യനാണ് അസാധു.”
24. യക്ഷന്‍:- ”രാജാവേ! മോഹമെന്ത്? മാനമെന്ത്? ആലസ്യമെന്ത്? ശോകമെന്ത്?”
യുധിഷ്ഠിരന്‍:- ”ധര്‍മ്മമൂഢത്വമാണ് മോഹം. ആത്മാഭിമാനമാണ് മാനം. ധര്‍മ്മനിഷ്‌ക്രിയത്വമാണ് ആലസ്യം. അജ്ഞാനമാണ് ശോകം.”
25. യക്ഷന്‍:- ”ഋഷികള്‍ പറയുന്ന സ്ഥൈര്യമെന്ത്? വിശേഷിപ്പിക്കുന്ന ധൈര്യമെന്ത്? ഉത്തമസ്‌നാനമേത്? ഉത്തമദാനമേത്?”
യുധിഷ്ഠിരന്‍:- ”സ്വധര്‍മ്മത്തില്‍ സ്ഥിരതയാണ് സ്ഥൈര്യം. ഇന്ദ്രിയനിഗ്രഹമാണ് ധൈര്യം. മനസ്സിലെ മാലിന്യം കഴുകിക്കളയുന്നതാണ് സ്‌നാനം. ജീവജാലത്തെ രക്ഷിക്കുകയെന്നത് ദാനം”
26. യക്ഷന്‍:- ”പണ്ഡിതനാര്? നാസ്തികനാര്? കാമമെന്നാലെന്താണ്? മത്സരമെന്നാലെന്താണ്?”
യുധിഷ്ഠിരന്‍:- ”ധര്‍മ്മമറിയുന്നവനാണ് പണ്ഡിതന്‍. മണ്ടനാണ് നാസ്തികന്‍. സംസാരഹേതുവാണ് കാമം. ഹൃദയതാപമാണ് മത്സരം.”
27. യക്ഷന്‍:- ”അഹങ്കാരമെന്ത്? ദംഭമെന്ത്? ദൈവികമെന്ത്? പൈശുന്യമെന്ത്?”
യുധിഷ്ഠിരന്‍:- ”പെരുത്ത അജ്ഞാനമാണ് അഹങ്കാരം. പൊങ്ങച്ചം നടിക്കലാണ് ദംഭം. ദാനഫലമാണ് ദൈവികം. പരദൂഷണമാണ് പൈ ശുന്യം.”
28. യക്ഷന്‍:- ”ധര്‍മ്മം, അര്‍ത്ഥം, കാമം ഇവ പരസ്പരവിരോധി
കളാണല്ലോ? ഈ നിത്യവിരുദ്ധര്‍ എങ്ങനെ ഒരിടത്ത് കൂടിച്ചേരുന്നു?”
യുധിഷ്ഠിരന്‍:- ”ഭര്‍ത്താവും ഭാര്യയും പരസ്പരം ചേരുന്നതുപോലെ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ഒത്തുചേരുന്നു.”
29. യക്ഷന്‍:- ”നിത്യനരകത്തില്‍ ആരെങ്ങനെ എത്തുന്നു? രാജാവേ, വേഗം ഉത്തരം പറഞ്ഞാലും.”
യുധിഷ്ഠിരന്‍:- ”ഒന്നുമില്ലാത്തവനും ഭിക്ഷാടനം ചെയ്യുന്നവനുമായ ബ്രാഹ്‌മണനെ വിളിച്ചുവരുത്തി ഒന്നുമില്ലെന്നു പറയുന്നവന്‍ നിത്യനരകത്തില്‍ പോകുന്നു. സമ്പത്തുള്ളപ്പോള്‍ ലോഭത്താല്‍ ദാനം ചെയ്യാത്തവനും കയ്യിലൊന്നുമില്ലെന്നു പറയുന്നവനും
നിത്യനരകത്തിലെത്തുന്നു.”
30. യക്ഷന്‍:- ”രാജാവേ! പറയൂ; കുലം, സ്വാദ്ധ്യായം, ജ്ഞാനം, ആചാരം ഇവയില്‍ ഏതാണ് ബ്രാഹ്‌മണ്യത്തില്‍ നയിക്കുന്നത്?”
യുധിഷ്ഠിരന്‍:- ”യക്ഷാ! കേള്‍ക്കൂ. കുലം, സ്വാദ്ധ്യായം, ജ്ഞാനം ഇവയല്ല ബ്രാഹ്‌മണ്യത്തില്‍ എത്തിക്കുന്നത്. ആചാരമൊന്നാണ് ബ്രാഹ്‌മണ്യത്തിലെത്തിക്കുന്നത്. സംശയമില്ല. ആചാരം നിലനില്‍ക്കാന്‍ നിരന്തരപരിശ്രമം വേണം. ആചാരം കെടുതായാല്‍ അത് മരണത്തിന് തുല്യമാണ്, വിശേഷിച്ചും ബ്രാഹ്‌മണന്റെ കാര്യത്തില്‍. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ശാസ്ത്രചിന്തകരും ദുശ്ശീലത്തിലകപ്പെട്ടാല്‍ വിവരദോഷികളായി മാറും. നാലുവേദങ്ങളും അഭ്യസിച്ചവന്‍ ദുര്‍വൃത്തനായാല്‍ ശൂദ്രനേക്കാള്‍ മോശപ്പെട്ടവനാണ്. അഗ്നിഹോത്രം ചെയ്യുന്നവനും ആത്മനിയന്ത്രണം നേടിയവനുമാണ് ശരിയായ ബ്രാഹ്‌മണന്‍.”
31. യക്ഷന്‍:- ”പ്രിയമായി സംസാരിക്കുന്നവന് എന്ത് കിട്ടും? വിമര്‍ശനബുദ്ധ്യാ കാര്യങ്ങളെ കാണുന്നവന് എന്ത് നേട്ടം? നല്ലപോലെ ചങ്ങാത്തം കൂടുന്നവന് എന്താണ് ലാഭം? ധര്‍മ്മനിരതന് എന്താണ് നേട്ടം?”
യുധിഷ്ഠിരന്‍:- ”പ്രിയം സംസാരിക്കുന്നവന്‍ വേണ്ടപ്പെട്ടനാകുന്നു. വിമര്‍ശകന്‍ വിശേഷിച്ചും ജയിക്കുന്നു. ചങ്ങാത്തം കൂടുന്ന വന്‍ സുഖം നേടുന്നു. ധര്‍മ്മനിരതന് സദ്ഗതി കിട്ടുന്നു.”
32. യക്ഷന്‍:- ”സന്തോഷം കിട്ടുന്നതാര്‍ക്ക്? എന്താണ് ആശ്ചര്യം? ശരിയായ വഴിയേത്? എന്താണ് വാര്‍ത്ത? യുധിഷ്ഠിരാ! ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് വെള്ളം കുടിക്കുക.”
യുധിഷ്ഠിരന്‍:- ”കഴിഞ്ഞുകൂടാന്‍ വീട്ടില്‍ വെപ്പുള്ളവനും കടമില്ലാത്തവന്നും ഊരുചുറ്റിത്തിരിയാത്തവനുമാരോ അയാള്‍ സന്തോഷവാന്‍.
ദിനംപ്രതി ജന്തുക്കള്‍ യമാലയം പൂകുന്നു. ഇതറിഞ്ഞിട്ടും ശേഷിച്ചവര്‍ ചിരഞ്ജീവികളാകാന്‍ മോഹിക്കുന്നു. ഇതില്‍ പരം ആശ്ചര്യമെന്ത്?
വഴി – ഊഹത്തിനുറപ്പില്ല. ശ്രുതികളാണെങ്കില്‍ പലതരം! പ്രമാണം പറയുന്ന ഋഷീശ്വരര്‍ ഒട്ടനേകം! ധര്‍മ്മതത്വം പരതി
യാല്‍ അത് ഗുഹ്യം! പിന്നെയേതു വഴി! മഹാത്മാക്കള്‍ പോയ വഴിതന്നെ വഴി.
വാര്‍ത്ത – മഹാമോശമായ വന്‍വാര്‍പ്പില്‍, സൂര്യനെന്ന തീ കൊണ്ട് ദിനരാത്രങ്ങളാകുന്ന വിറകിട്ട് ഋതു-വര്‍ഷ-മാസങ്ങളില്‍ ചതച്ചരച്ച് മഹാകാലന്‍ പ്രാണിജാലത്തെ വേവിക്കുന്നു എന്നതാണ് വാര്‍ത്ത.”
33. യക്ഷന്‍:- ”ഒടുവില്‍ ഒരു ചോദ്യം കൂടി. ആരാണ് സര്‍വ്വധനിയായ പുരുഷന്‍?”
യുധിഷ്ഠിരന്‍:- ”ആകാശവും ഭൂമിയും സ്പര്‍ശിക്കുന്നവനും പുണ്യകര്‍മ്മത്താല്‍ സര്‍വ്വത്ര ശബ്ദം വ്യാപിപ്പിക്കുന്നവനുമാണ് പുരുഷനെന്ന് പറയപ്പെടുന്നത്.”1
ഇഷ്ടാനിഷ്ടങ്ങള്‍, സുഖദുഃഖങ്ങള്‍, ഭൂതഭവിഷ്യങ്ങള്‍ ഇവയ്ക്കതീതനായവനാണ് സര്‍വ്വധനി.
ചോദ്യോത്തര പരീക്ഷ കഴിഞ്ഞു. എന്നാല്‍’ കിഞ്ചില്‍ ശേഷം’എന്ന് പറയുന്നതുപോലെ യക്ഷന്‍ ഒരു പരീക്ഷ കൂടി നടത്തി. ഇതുവരെയുള്ള ചോദ്യങ്ങള്‍ യുധിഷ്ഠിരന്റെ അവധാരണയുടെ ആഴവും പരപ്പും മനസ്സിലാക്കാനായിരുന്നെങ്കില്‍ യക്ഷന്റെ ഇപ്പോഴത്തെ സൗജന്യവും ഒരു പരീക്ഷയായിരുന്നു. എഴുത്തുപരീക്ഷ, വാചാ പരീക്ഷ എന്നതുപോലെ ഇത് ജീവല്‍പരീക്ഷയായിരുന്നു.
യക്ഷന്‍ പറഞ്ഞു. ”കൊള്ളാം, എല്ലാം ഭംഗിയായി. ഇനി ഈ കിടക്കുന്നവരില്‍ ഒരാളെ ഞാന്‍ ജീവിപ്പിക്കാം. ആരെ വേണം?” ക്ഷണനേരം സംശയിക്കേണ്ടിവന്നില്ല, യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ”നകുലന്‍.” യക്ഷന്‍ – ”എന്ത്? നകുലനോ? അര്‍ജ്ജുനന്‍ അല്ലേ നിങ്ങളുടെയെല്ലാം സര്‍വ്വദാ സര്‍വ്വഥാ സംരക്ഷകന്‍?”
യുധിഷ്ഠിരന്‍ വിശദീകരിച്ചു. ”യക്ഷാ! ശ്രദ്ധിക്കുക! ധര്‍മ്മത്തെ നാം രക്ഷിച്ചാല്‍ അത് നമ്മെ രക്ഷിക്കും. അതിനെ നാം ഹനിച്ചാല്‍ അത് നമ്മെ ഹനിക്കും. അതുകൊണ്ട് ഒരിക്കലും ഞാന്‍ ധര്‍മ്മം കൈവിടുകയില്ല. അത് ഹനിക്കാന്‍ ആളല്ല ഞാന്‍. കാരുണ്യമാണ് പരമമായ ധര്‍മ്മം, പരമാര്‍ത്ഥവും. അതാണ് എനിക്ക് വേണ്ടത്. അതുകൊണ്ട് യക്ഷാ! നകുലനെ ജീവിപ്പിക്കുക. രാജാവെന്നും ധര്‍മ്മശീലനായിരിക്കണം എന്നാണ് മനീഷികള്‍ ഘോഷിക്കുന്നതും. അതേ ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കുകയില്ല.
എന്റെ അച്ഛന്റെ രണ്ട് ഭാര്യമാരാണ് കുന്തിയും മാദ്രിയും. രണ്ടുപേരും സപുത്രകളായിരിക്കട്ടെ എന്നതാണെന്റെ ഉള്ളിലിരിപ്പ്. എനിക്ക് പെറ്റമ്മയും രണ്ടാനമ്മയും ഒരുപോലെയാണ്. അവര്‍ രണ്ടുപേരുടേയും സ്ഥിതി തുല്യമായിരിക്കട്ടെ.” (വനപര്‍വം. – 313 – 128, 132.) യക്ഷന്‍ സന്തുഷ്ടനും സംതൃപ്നുമായി. അദ്ദേഹം നാലുപേരേയും ജീവിപ്പിച്ചു. ക്ഷണംകൊണ്ട് അവരുടെ വിശപ്പും ദാഹവും ഇല്ലാതായി.
പരീക്ഷ കഴിഞ്ഞു. കാര്യം വിജയിച്ചു. എന്നാലും യുധിഷ്ഠിരന്റെ മനസ്സിലൊരു സംശയം. അദ്ദേഹം ചോദിച്ചു. ”ഈ പൊയ്കയില്‍ ഒറ്റക്കാലില്‍ നിവര്‍ന്നുനില്‍ക്കുന്ന ഭവാന്‍ ആര്? യക്ഷനാണ് എന്ന് എനിക്കു തോന്നുന്നില്ല. ഭവാന്‍ മരുത്തുകളിലോ വസുക്കളിലോ രുദ്രന്മാരിലോ ഉത്തമനാണോ? അപ്രതിഹതമായ പ്രഹരണശേഷിയുള്ള എന്റെ ഉടപ്പിറപ്പുകളെ മറ്റാര്‍ക്കും വീഴ്ത്താന്‍ സാദ്ധ്യമല്ല. ഭവാന്‍ ഞങ്ങളുടെ ശുഭകാംക്ഷിയോ പിതാവോ ആയിരിക്കണം.” (വനപര്‍വം. – 314 – 2-5).
ഉടന്‍ യക്ഷന്‍ പ്രത്യുത്തരം നല്‍കി. ”യുധിഷ്ഠിരാ! ഞാന്‍ നിന്റെ ജനകനായ ധര്‍മ്മനാണ്. നിന്നെ കാണാന്‍ കൊതിച്ചുകൊണ്ട് വന്നതാണ്. നിന്നെപ്പോലെ എന്റെ അംശസംഭവനാണ് വിദുരന്‍. (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട പരമാര്‍ത്ഥമുണ്ട്. യുധിഷ്ഠിരന്‍ ചോദിച്ചത് പിതാവാണോ എന്നാണ്. മറുപടി ജനകന്‍ എന്നാണ് – പിതാവെന്നാല്‍ അച്ഛനെന്നും ജനകന്‍ എന്നാല്‍ ജന്മഹേതുവെന്നുമാണ് അര്‍ത്ഥം – ഇതാണ് വ്യാസവിഭൂതിയുടെ ‘വാഗര്‍ത്ഥപ്രതിപത്തി.’) മനസ്സിലാക്കുക, യശസ്സ്, സത്യം, ദമം, ശൗചം, ആര്‍ജ്ജവം, ലജ്ജ, അചാപല്യം, ദാനം, തപസ്സ്, ബ്രഹ്‌മചര്യം. – ഇവയെന്റെ ദേഹമാണ്. അതിന്റെ പഞ്ചദ്വാരങ്ങളാണ് അഹിംസ, സമത, ശാന്തി, കാരുണ്യം, അമത്സരം. ഞാന്‍ സന്തുഷ്ടനായി. പാപരഹിതരേ! വരം ചോദിക്കുക. തരാന്‍ ഞാന്‍ സന്നദ്ധന്‍.”
വരം യാചിക്കാനൊരുങ്ങിയ യുധിഷ്ഠിരനെ ശ്രദ്ധിക്കുക. സൂചിയുടെ തുമ്പില്‍ കയറ്റി നിര്‍ത്തിയ ഈ പ്രകരണം കഴിഞ്ഞിട്ടും ആ ധര്‍മ്മരത്‌നന്‍ കര്‍ത്തവ്യം മറന്നിരുന്നില്ല. അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”കോലടക്കം അരണി തട്ടിക്കൊണ്ടുപോയ കലമാന്‍ മൂലം അഗ്നിഹോത്രം മുടങ്ങിയ വിപ്രവരന്റെ യജ്ഞം സഫലമാകട്ടെ.” ആത്മജന്‍ ഇങ്ങനെയൊരു വരം ചോദിക്കുമെന്ന് ജനകന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ സന്തോഷമിരട്ടിച്ചു. അദ്ദേഹം വെളിപ്പെടുത്തി. ”നിന്നെക്കാണാനുള്ള ഇച്ഛയോടെ ഞാനാണ് കലമാന്റെ രൂപം പൂണ്ട് അരണി കൊണ്ടുപോയത്. ആ പ്രശ്‌നം നിലവിലില്ല. വീണ്ടും വരം ചോദിക്കുക.”
യുധിഷ്ഠിരന്‍ വ്യക്തമാക്കി. ”പന്ത്രണ്ടു വര്‍ഷത്തെ ഞങ്ങളുടെ വനവാസം കഴിയാറായി. ഇനിയുള്ള ഒരുവര്‍ഷം അജ്ഞാതവാസത്തിന്റേതാണ്. അക്കാലം ഞങ്ങളെ ആരും തിരിച്ചറിയാതിരിക്കട്ടെ.”
ആത്മജനെ സമാശ്വസിപ്പിച്ചു ജനകന്‍ പറഞ്ഞു. ”നിങ്ങള്‍ വേഷം മാറാതെ ജീവിച്ചാലും ലോകത്തിലൊരാളും നിങ്ങളെ തിരിച്ചറിയുകയില്ല. പതിമൂന്നാംവര്‍ഷം അങ്ങനെ പര്യവസാനിക്കും. നിങ്ങള്‍ വിരാടനഗരത്തില്‍ പോകുക. അവിടെ അറിയപ്പെടാതെ കഴിഞ്ഞുകൂടുക. ആവശ്യമനുസരിച്ച് വേഷവും പ്രകൃതവും മാറ്റുക.”
”അരണി സംബന്ധിച്ചും ഗുപ്തവാസം സംബന്ധിച്ചും ഞാന്‍ വരങ്ങള്‍ തന്നു കഴിഞ്ഞു. മൂന്നാമതൊരു വരം ചോദിക്കുക.”
യുധിഷ്ഠിരന്‍ പ്രതികരിച്ചു. ”സാക്ഷാല്‍ സനാതനനായ ദേവദേവന്റെ ദര്‍ശനമാണ് എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. എനിക്കൊന്നു മാത്രമേ വേണ്ടൂ. ക്രോധലോഭമോഹങ്ങളെ എന്നും കീഴ്‌പ്പെടുത്താന്‍ കഴിയട്ടെ. ദാനം, തപസ്സ്, സത്യം എന്നിവയില്‍ എന്നുമെന്റെ മനസ്സുറയ്ക്കട്ടെ.”
ധര്‍മ്മദേവന്‍ പറഞ്ഞു. ”ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ നൈസര്‍ഗികമായി നിന്നിലുണ്ട്. ധര്‍മ്മം മുറുകെ പിടിക്കുക. നീ വിചാരിച്ചതുപോലെ കാര്യങ്ങള്‍ സഫലമാകും.” ഇത്രയും പറഞ്ഞ് ധര്‍മ്മദേവന്‍ അന്തര്‍ദ്ധാനം ചെയ്തു.
1 ഇവിടെ വേദത്തിലെ പുരുഷസൂക്തം ഓര്‍ക്കുക. – ലേഖകന്‍.
(തുടരും)