ഭുജ്: ആര്.എസ്.എസ് ശതാബ്ദിയില്‍ സമാജപരിവര്‍ത്തനത്തിനായി അഞ്ച് പദ്ധതികളാണ് കാര്യകാരി മണ്ഡല് ചര്‍ച്ച ചെയ്തതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്.എസ്.എസ്. അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജാതിവിവേചനം, അയിത്തം മുതലായവ ഇല്ലാതാക്കി സാമാജിക സമരസതയുണ്ടാക്കുക, സമാജത്തിനും സംസ്കൃതിക്കും വേണ്ടി ഭാവി തലമുറയെ സജ്ജമാക്കാന്‍ കുടുംബ പ്രബോധനം നടത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ കാഴ്ചപ്പാടില്‍ സമാജത്തെ സജ്ജമാക്കുക, സ്വദേശി ജീവിതത്തില്‍ ആവിഷ്ക്കരിക്കുക, ഭരണഘടനയെയും നിയമങ്ങളെയും മൂല്യവ്യവസ്ഥയെയും അംഗീകരിക്കുന്ന പൗരബോധം എല്ലാവരിലും വളര്‍ത്തുക എന്നിവയാണ് അഞ്ച് പദ്ധതികള്‍.
അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ പ്രവര്‍ത്തനം വേണം. അതിര്‍ത്തി സുരക്ഷിതമാണെങ്കില്‍ രാജ്യം മുഴുവനും സുരക്ഷിതമായിരിക്കും. സര്‍കാര്യവാഹ് പറഞ്ഞു.