ഇരുട്ടിലൊരു മുറി വേണം വാടകയ്ക്കല്ല,
എനിക്കു മാത്രമായൊരു ഒറ്റമുറി …
വെളിച്ചമെന്റെ ശത്രുവാണ്, നേരിലെത്തി
എന്നെ കാര്‍ന്നു തിന്നുന്ന ഭീകര ശത്രു…!
പിറവിയുടെ കൗണ്ടറിലിരുന്നവന്‍ ചോദിച്ചു…
ഇരുട്ടറയുടെ ആ മുറിയെന്തിനാണ്?
പകലുകളുടെ പാതിയില്നിന്നുമെനിക്ക്
ഒരു കവിതയെഴുതിതീര്ക്കാന് മാത്രം…
ഞാന്‍ കവിയാണ്, മരണത്തിന്റെ കവി …!
എഴുതുന്ന കവിതയുടെ തലക്കെട്ടില്‍
കാരണത്തിന്റെ രജിസ്റ്ററെഴുതിയൊപ്പിടണം
കവിതകള്‍ സ്വപ്നത്തിലിട്ടൊരു പേരുണ്ട്
അപൂര്‍ണ്ണമായ കവിയുടെ പേര് നിലാവ്,
വെറുമൊരു നിലാവിനെ കുറിക്കാനാവില്ല
കവി തോറ്റു പോകുന്നതാണല്ലോ പതിവ്..
ഒരു പുഞ്ചിരിയോടെ തോറ്റ ജീവിതത്തെ
മുന്നിലൊരൊപ്പില് ഞാനടര്ത്തിയിട്ടു…
ഒറ്റ വെട്ടിനു താഴെ രണ്ടുകുത്തിലൊരൊപ്പ്
കവിയും കവിതയും കരിനിലാവിലാണല്ലോ…
ഒരു വെളിച്ചമുണ്ടാകും , എന്നാലുമെന്നാലും
വെളിച്ചത്തെ ഭയന്നു ഭയന്നൊരു ജീവിതം…!