”ഈശ്വരവിശ്വാസം വേണം. ഏതു നല്ല കാര്യത്തിനിറങ്ങുമ്പോഴും ഈശ്വരനെ മനസ്സില്‍ വിചാരിക്കണം. പരീക്ഷ എഴുതാന്‍ കേറുമ്പോ ദൈവത്തിനെ പ്രാര്‍ത്ഥിക്കണം. ‘താന്‍ പാതി ദൈവം പാതി’ എന്നല്ലേ അപ്പൂ പ്രമാണം?
പഠിച്ചതോണ്ടു മാത്രം പരീക്ഷ പാസ്സാവ്വോ? ഇല്ല. എന്നുവെച്ച് ദൈവത്തിന്റെ പാതി മതിയാവും പാസ്സാവാനുള്ള മാര്‍ക്കു കിട്ടാന്‍ എന്നു വിചാരിക്കരുത്. അവനോന്റെ പാതിക്കു വേണ്ടി നന്നായി പഠിക്കണം. എന്നിട്ട് ദൈവത്തിന്റെ പാതിതരണേ എന്നു പ്രാര്‍ത്ഥിക്കാം.”
”കുറുന്തോട്ടി പറിക്കേം വേണം, ഗുരുവായൂരപ്പനെ വിളിക്കേം വേണം.”
”എന്തിനാ മുത്തശ്ശി കുറുന്തോട്ടി പറിക്കുമ്പോ ഗുരുവായുരപ്പനെ വിളിക്കണത്?”
”കുറുന്തോട്ടിവേര് എന്തിനുള്ള മരുന്നാന്നറിയ്വോ അപ്പൂന്?”
”ഇല്ല മുത്തശ്ശി”
”വാതരോഗത്തിന് കൈകൊണ്ട ഔഷധാണ് കുറുന്തോട്ടി. ഔഷധം സേവിച്ചാ മാത്രം രോഗം ശമിക്കണംന്നുണ്ടോ? ഇല്ല. ഈശ്വരസഹായം വേണം. അപ്പു പേപ്പറില്‍ വായിക്കാറില്ലെ, വലിയ വലിയ ഡോക്ടര്‍മാര്‍ വലിയ ഓപ്പറേഷന് നടത്തി പുറത്തു വരുമ്പോ എന്താ പറയ്ാ?”
”ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു. ഇനി ദൈവത്തിന്റെ കയ്യിലാണ് എന്നല്ലേ?”
”മിടുക്കന്”
ഞാനങ്ങനെ പറഞ്ഞപ്പോള്‍ മുത്തശ്ശിക്കു സന്തോഷമായി.