Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പൗരോഹിത്യത്തിന്റെ നവീകരണ നായകന്‍

കെ.വി.സച്ചിദാനന്ദൻകെ.വി.സച്ചിദാനന്ദൻ
8 September 2023

എന്റെ അച്ഛന്‍ കെ.ആര്‍. വിശ്വംഭരന്‍ പഴയ കൊച്ചിരാജ്യത്തെ എസ്. എന്‍.ഡി.പി.യോഗം പ്രസിഡന്റും ജനറല്‍സെക്രട്ടറിയും നിയമസഭാംഗവുമൊക്കെയായിരുന്നു. ക്ഷേത്രപ്രവേശനപ്രക്ഷോഭത്തിലും ഇരിങ്ങാലക്കുട പറപ്രക്ഷോഭത്തിലുമൊക്കെ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തില്‍, അന്ന് എസ്.എന്‍.ഡി. പിയോഗം ജനറല്‍സെക്രട്ടറിയായിരുന്ന വി.കെ. വേലായുധനും മറ്റും സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ചുകൊണ്ടു പരസ്യമായ പൊതുപ്രവര്‍ത്തനരംഗത്തുനിന്നു മാറിനിന്നതുപോലെ, സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ചു. അധ:കൃതക്ഷേമവകുപ്പു ഡയറക്ടറായിരുന്ന അദ്ദേഹം പില്‍ക്കാലത്തു കേരള മുഖ്യമന്ത്രി പട്ടംതാണുപിള്ളയുടെ പ്രൈവറ്റ് സെക്രട്ടറിയായി. പട്ടംതാണുപിള്ളയുടെ പാര്‍ട്ടിയായിരുന്ന പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയോട് സോഷ്യലിസ്റ്റായ അച്ഛനുണ്ടായിരുന്ന ആഭിമുഖ്യവും പട്ടംതാണുപിള്ളയുമായി വ്യക്തിപരമായുണ്ടായിരുന്ന അടുപ്പവും ആ നിയമനം സ്വീകരിക്കാന്‍ പ്രേരകമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

1952 കാലഘട്ടത്തില്‍ ഞങ്ങള്‍ തിരുവനന്തപുരം പൂജപ്പുരയില്‍ താമസിക്കുകയാണ്. അച്ഛന്‍ അന്നു ഹരിജനക്ഷേമ ഡയറക്ടറാണ്. അക്കാലത്ത് അച്ഛന്‍ ഓര്‍ഗനൈസറിലും കേസരിയിലും കേരളകൗമുദിയിലും ഹിന്ദുവിലും ഒക്കെ ഒരുപാടു ലേഖനങ്ങള്‍ എഴുതിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ തൂലികാനാമത്തിലാണ് എഴുത്ത്. തൂലികാനാമമായി സ്വീകരിച്ചതാകട്ടെ എന്റെ വിളിപ്പേരും. എന്നെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നാണു വിളിച്ചിരുന്നത്. ബാലനായിരുന്ന എനിക്ക് അച്ഛന്‍ എന്റെ ഈ പേരു തൂലികാനാമമാക്കി ലേഖനങ്ങള്‍ എഴുതുന്ന കാര്യം അറിയില്ലായിരുന്നു.
എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഒരുദിവസം മാധവ്ജിയും പരമേശ്വര്‍ജിയും അടക്കം ഒരുകൂട്ടം ആളുകള്‍ പടിക്കുപുറത്തുവന്ന് ‘ആരാണ് ഉണ്ണിക്കൃഷ്ണന്‍’ എന്നു ചോദിച്ചു. ഞാന്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ”ഞാന്‍ തന്നെയാണ് ഉണ്ണികൃഷ്ണന്‍” എന്നു ഞാന്‍ പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോള്‍, ഉണ്ണിക്കൃഷ്ണന്‍ എന്ന പേരില്‍ മറ്റാരും അവിടെയില്ലെന്നും ഞാന്‍ പറഞ്ഞു. അവര്‍ ചെറുചിരിയോടെ മടങ്ങി.

പിറ്റേ ഞായറാഴ്ച അച്ഛന്‍ എന്നെ ഓഫീസ് മുറിയിലേക്കു വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ ഇവരെല്ലാം അവിടെയുണ്ട്. ‘ഇതാണ് ഉണ്ണിക്കൃഷ്ണന്‍’ എന്ന് അച്ഛന്‍ ഉറക്കെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. പിന്നെ ചിരിയുടെ ആഘോഷമായിരുന്നു. സ്തബ്ധനായി നിന്ന എന്നെ മാധവ്ജി സ്‌നേഹത്തോടെ അടുത്തുവിളിച്ചു തലോടി. വളരെ കുളിര്‍മ്മയുള്ള തലോടലായി എനിക്ക് അത് അനുഭവപ്പെട്ടു. ആ തലോടലിന്റെ ഊര്‍ജ്ജവും ഊഷ്മളതയും വാത്സല്യവും എന്നെ കോരിത്തരിപ്പിച്ചു. അതാവാം, അദ്ദേഹത്തിന്റെ താത്വികമീമാംസകളോടു പലപ്പോഴും യോജിക്കാന്‍ കഴിയാതിരുന്നിട്ടും, എപ്പോഴും എനിക്കദ്ദേഹം വളരെ ബഹുമാന്യനും ഗുരുസ്ഥാനീയനുമായി തോന്നിയത്.

ADVERTISEMENT

പിന്നീടു രണ്ടുകൊല്ലത്തിനുശേഷം അച്ഛന്‍ കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് (ജെ) ആയപ്പോള്‍ മാധവ്ജിയും കൂട്ടരും പതിവായി വരികയും ഗഹനങ്ങളായ വിഷയങ്ങളെക്കുറിച്ചു സംവാദങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരുനാള്‍ അച്ഛന്‍ ഞങ്ങളെ മാധവ്ജി വൈകുന്നേരങ്ങളില്‍ നടത്തുന്ന ശാഖയില്‍ കളിക്കാനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എന്റെ ജ്യേഷ്ഠന്‍ രാജേന്ദ്രപ്രസാദും ഞാനും അനുജന്‍ കെ.വി. ജയപ്രകാശും പതിവായി ശാഖയില്‍ പോയിരുന്നു (രാജേന്ദ്രപ്രസാദ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ അന്തരിച്ചു. എറണാകുളത്തു നാളികേരവികസന ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ജയപ്രകാശും കഴിഞ്ഞവര്‍ഷം അന്തരിച്ചു). ചെറിയ ക്ലാസ്സുകളിലായിരുന്ന ഞങ്ങള്‍ക്കു രാമായണവും ഭാഗവതവും പോലുള്ള പുരാണങ്ങളിലെ കഥകള്‍ പറഞ്ഞുതന്നും ഞങ്ങളെക്കൊണ്ട് അവ പറയിപ്പിച്ചും അതുകഴിഞ്ഞു മറ്റുകളികളില്‍ വ്യാപൃതരായും ഉത്സാഹത്തോടെ കുറച്ചുനാള്‍ അങ്ങനെ കഴിഞ്ഞു. സാഹോദര്യവും സ്‌നേഹവും ലക്ഷ്യബോധവും വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു അവിടെ. ആര്‍. എസ്.എസ്. എന്ന വലിയ പ്രസ്ഥാനത്തിന്റെ ശാഖയിലാണു ഞാനും സഹോദരങ്ങളും അന്നു പങ്കാളികളായത് എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. നേരു പറയട്ടെ, പിന്നീട് ആ പ്രസ്ഥാനവുമായി ഇടപഴകാന്‍ സന്ദര്‍ഭം കിട്ടിയിട്ടില്ല. എങ്കിലും, അതിനോടു വിമുഖതയോ നീരസമോ എനിക്കില്ല. അല്‍പസ്വല്‍പം ആഭിമുഖ്യം ഉണ്ടുതാനും. മാധവ്ജി എന്ന മാന്യനായ മനുഷ്യന്‍ കാട്ടിത്തന്ന പന്ഥാവായിരിക്കാം കാരണം.

വാസ്തവത്തില്‍ പിന്നാക്കസമുദായങ്ങള്‍ക്കു ക്ഷേത്രങ്ങളില്‍ കാര്‍മികത്വാര്‍ഹത വാങ്ങിച്ചുനല്‍കിയ അദ്ദേഹം ഒരു ഹിന്ദു മതേതര സോഷ്യലിസ്റ്റ് ആയിരുന്നു. ശ്രീനാരായണഗുരു വിഭാവനം ചെയ്തതും അതുതന്നെയായിരുന്നു. കേരളഹൈക്കോടതി സുപ്രധാനമായ ഒരു വിധിയിലൂടെ അവര്‍ണവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അമ്പലങ്ങളില്‍ ശാന്തിക്കാരാകാം എന്നു വിധിച്ചിട്ടുണ്ട്. വിപ്ലവകരമായ ചിന്തയെ ഉദ്ദീപിപ്പിച്ചതു മാധവ്ജിയായിരുന്നു. പാലിയം വിളംബരത്തിലൂടെയാണ് അദ്ദേഹം അതു സാധിച്ചത്. സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം സംഘടിപ്പിച്ചതിലെ അതേ വിപ്ലവവീര്യം ഞാന്‍ ഇതിലും കാണുന്നു. ഈ കാഴ്ചപ്പാട് സവര്‍ണഹിന്ദുമനോഭാവം പുലര്‍ത്തുന്ന എല്ലാ അമ്പലക്കമ്മറ്റികളും ദേവസ്വംബോര്‍ഡും തന്ത്രിമാരും ഉള്‍ക്കൊള്ളേണ്ടതാണ്.

അനുഷ്ഠാന പരിശീലനവും ശിക്ഷണവുമുള്ള ഏതു ജാതിക്കാര്‍ക്കും ക്ഷേത്രപൂജാരിയാകാന്‍ സമവായത്തിലൂടെ സാഹചര്യമൊരുക്കുകയാണ് അദ്ദേഹം ചെയ്തത്. ക്ഷേത്രസങ്കല്‍പത്തെയും ആരാധനയെയും പൂജയെയും പറ്റിയൊക്കെ സാധാരണക്കാരെ ബോധവത്കരിക്കാന്‍ അദ്ദേഹവും കൂട്ടരും യത്‌നിച്ചു. ക്ഷേത്രപൂജയ്ക്ക് അര്‍ഹതയുള്ള വൈദിക ബ്രാഹ്‌മണരെക്കൊണ്ട് ഇതു സമ്മതിപ്പിക്കാന്‍ പ്രയത്‌നിച്ചു. അങ്ങനെയാണു തിരുനാവായയില്‍ ചേര്‍ന്ന വൈദിക ബ്രാഹ്‌മണരുടെ രണ്ടുദിവസത്തെ സമ്മേളനം ഇതിനായി അര്‍ച്ചകരെ പരിശീലിപ്പിക്കാന്‍ വ്യവസ്ഥയുണ്ടാക്കിയത്. അതിന്റെയൊക്കെ ഫലമാണു പാലിയം വിളംബരം.

കോഴിക്കോട് പന്നിയങ്കര പാലയ്ക്കല്‍ തറവാട്ടില്‍ സാമൂതിരികുടുംബാംഗമായ പി.കെ.എസ്. രാജയുടെയും പാലയ്ക്കല്‍ സാവിത്രി എന്ന അമ്മുക്കുട്ടിയമ്മയുടെയും എട്ടുമക്കളില്‍ മൂത്തയാളായി 1926 മെയ് 31 (1101 ഇടവം 18) തിങ്കളാഴ്ച ഉത്രാടം നക്ഷത്രത്തിലാണ് മാധവ്ജി എന്ന പി. മാധവന്‍ ജനിച്ചത്. കല്ലായി പൊക്കാവ് സ്‌കൂളിലും തളി സാമൂതിരി ഹൈസ്‌കൂളിലുമായി സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതീവമിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. സാമൂതിരി ഹൈസ്‌കൂളില്‍ ബാലമോദിനി എന്ന പേരില്‍ നാലുതവണ പ്രസിദ്ധീകരിച്ച കൈയെഴുത്തുമാസികയില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. 1941ല്‍ മെട്രിക് പരീക്ഷ പാസ്സായി. കണക്കും ഊര്‍ജതന്ത്രവും രസതന്ത്രവുമുള്ള ഒന്നാം ഗ്രൂപ്പെടുത്തു സാമൂതിരികോളേജില്‍ ഇന്റര്‍മീഡിയറ്റും പഠിച്ചു. 1941-43കാലത്തായിരുന്നു ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം. ഒപ്പം പ്രസിദ്ധ ജ്യോതിഷി രാമപ്പണിക്കരില്‍നിന്നു ഗണിതത്തിലും ഏട്ടനുണ്ണിരാജയില്‍നിന്നു സംസ്‌കൃതത്തിലും വ്യുല്‍പ്പത്തി നേടി. വിവേകാനന്ദസാഹിത്യം, മാര്‍ക്‌സിസം. രാഷ്ട്രമീമാംസ, സാഹിത്യം, സാമൂഹികശാസ്ത്രം തുടങ്ങിയവയിലെ ഗ്രന്ഥങ്ങളും അദ്ദേഹം അന്നുമുതല്‍ പഠിച്ചുകൊണ്ടിരുന്നു. ആര്‍.എസ്.എസ്സിനു കൂടുതല്‍ എതിര്‍ക്കേണ്ടിവരിക കമ്യൂണിസത്തെയായിരിക്കുമെന്നതിനാല്‍ അതെപ്പറ്റി കിട്ടിയതു മുഴുവന്‍ വായിച്ചു. കമ്യൂണിസത്തേക്കാള്‍ മികച്ചതാണു ഹൈന്ദവദര്‍ശനം എന്നു ബോധ്യപ്പെടുത്തിയാലേ ഇടതുസ്വാധീനം കൂടുതലുള്ള കേരളത്തില്‍ ആര്‍.എസ്. എസ്സിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കമ്യൂണിസ്റ്റുകേന്ദ്രങ്ങളായ കണ്ണൂര്‍, തലശ്ശേരി, ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ഏറ്റവും പുതിയ ശാസ്ത്രവിജ്ഞാനങ്ങളും ഹൃദിസ്ഥമാക്കാന്‍ ശ്രദ്ധിച്ചു. തന്ത്രവിദ്യാവിദഗ്ധനായ അദ്ദേഹത്തിനു തന്ത്രശാസ്ത്രത്തിലും സകല മതദര്‍ശനങ്ങളിലും (തന്ത്രശാസ്ത്രജ്ഞാനസമ്പാദനത്തിനായി അമിതമായി സമയം വ്യയം ചെയ്യുന്നുവെന്ന ഒരു പരാതിപോലും ചിലര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്നു. എന്നാല്‍ ആ ജ്ഞാനഗരിമയാണു പില്‍ക്കാലത്തു പാലിയം വിളംബരത്തിലേക്കു നയിച്ച വിപ്ലവകരമായ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിനു കരുത്തായത്. അദ്ദേഹത്തിന്റെ ആത്മീയപാണ്ഡിത്യത്തിന്റെ ആഴം വെളിവാക്കുന്ന ഗ്രന്ഥമാണ് ക്ഷേത്രചൈതന്യരഹസ്യം’).

മാധവ്ജി ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സന്ദേശപ്രചാരണവുമായി ദത്തോപന്ത് ഠേംഗ്ഡി കോഴിക്കോട്ടെത്തി. 1942ലായിരുന്നു അത്. മാധവ്ജിയുടെ അച്ഛനും മറ്റും അതില്‍ ചേര്‍ന്നു. തുടര്‍ന്നു കോളേജ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചു. അങ്ങനെ മാധവ്ജിയും ടി.എന്‍.ഭരതനും പി. കുമാരനുമൊക്കെ വന്നു. മാധവ്ജിക്കു മറ്റെല്ലാത്തിലും പ്രധാനം സംഘമായി. പന്നിയങ്കരശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു അദ്ദേഹം. ചാലപ്പുറത്തും ഒരു ശാഖ സ്ഥാപിതമായി. തുടര്‍ന്നു ശ്രീരംഗത്തെ പരിശീലനശിബിരത്തില്‍ പങ്കെടുത്തു. ഇന്ററിനുശേഷം, ക്രിസ്ത്യന്‍ കോളേജില്‍ രസതന്ത്രബിരുദവിദ്യാര്‍ഥിയായ അദ്ദേഹത്തിനു ഗുരുജി ഗോള്‍വല്‍ക്കറെ, ചെന്നൈയിലെ ആയുര്‍വേദചികിത്സക്കിടെ, ഒരുമാസം പരിചരിക്കാന്‍ കഴിഞ്ഞു. ആ സഹവാസം ജീവിതദൗത്യം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായി. ഒരിക്കലും ദേഷ്യപ്പെടാത്ത സൗമ്യനായിരുന്നു മാധവ്ജി. അതിന് അദ്ദേഹത്തിന്റെ മാതൃക ചെന്നൈയില്‍ ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന ശിവറാംജി ജോശ്ശേക്കറായിരുന്നു. പരീക്ഷക്കുശേഷം നാഗ്പൂരില്‍ കൂടുതല്‍ ഉയര്‍ന്ന സംഘശിക്ഷണം നേടി. സര്‍വകലാശാലയില്‍ ഒന്നാമനായി സ്വര്‍ണമെഡലോടെ ബിരുദം നേടിയ അദ്ദേഹം അല്‍പകാലം അധ്യാപകനായി. എങ്കിലും വൈകാതെ അദ്ദേഹം സംഘപ്രചാരകനാകാന്‍ നിശ്ചയിച്ചു. കുടുംബദാരിദ്ര്യംമൂലം, അച്ഛനത് വിഷമമായി. ”ഏഴുമക്കളില്‍ ഒരാളെ സംഘത്തിനു തരൂ, ബാക്കിയെല്ലാവരും കുടുംബകാര്യങ്ങള്‍ നോക്കാനുണ്ടല്ലോ’ എന്നു ഗോള്‍വല്‍ക്കര്‍ സ്‌നേഹബുദ്ധ്യാ ചോദിച്ചു. അച്ഛന്‍ വഴങ്ങി. അങ്ങനെ മാധവ്ജി കേരളത്തിലെ ആദ്യസംഘപ്രചാരകന്മാരായ മൂവരില്‍ ഒരാളായി. തലശ്ശേരിയിലായിരുന്നു ആദ്യനിയോഗം. കടത്തനാട്ടുരാജകുടുംബാഗം എ.കെ.എം. രാജയുടെ വീട്ടിലായിരുന്നു താമസം. അവിടെനിന്ന് ഒരുകൂട്ടം സ്വയംസേവകരെ സംഘശിബിരത്തിന് അയക്കാനും കഴിഞ്ഞു. 1947 ല്‍ ചെന്നൈയില്‍ ഒരു സംഘശിക്ഷാര്‍ഗ്ഗ് സംഘടിപ്പിച്ചു. പരമേശ്വര്‍ജി എന്നറിയപ്പെടുന്ന പി.പരമേശ്വരന്‍ അടക്കമുള്ളവര്‍ക്ക് അതില്‍ മാധവ്ജി ശിക്ഷകനായിരുന്നു.

1954ല്‍ മാധവ്ജി തിരുവനന്തപുരത്തേക്കു നിയോഗിക്കപ്പെട്ടു. അവിടെ ഒരു ഉപശാഖയേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം പബ്ലിക് ലൈബ്രറി, കേരളസര്‍വകലാശാലാഗ്രന്ഥാലയം, അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ഗ്രന്ഥശാല എന്നിവിടങ്ങളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അദ്ദേഹം. നാലപ്പാട്ടുനാരായണമേനോന്റെ ആര്‍ഷജ്ഞാനം എന്ന കൃതി അദ്ദേഹത്തെ പ്രത്യേകം ആകര്‍ഷിച്ചു. അതിന്റെ പാരായണം സര്‍ ജോണ്‍ വുഡ്രോഫിന്റെ കൃതികള്‍ തേടിപ്പിടിച്ചു വായിക്കുന്നതിലേക്കു നയിച്ചു. അങ്ങനെ തന്ത്രശാസ്ത്രത്തില്‍ പണ്ഡിതനായി. അരവിന്ദമഹര്‍ഷിയെയും രമണമഹര്‍ഷിയെയും ശങ്കരാചാര്യരെയും ശ്രീരാമകൃഷ്ണപരമഹംസരെയും ഗോള്‍വാള്‍ക്കറെയും ഒക്കെപ്പറ്റി പുതിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിനുണ്ടായി.

ശബരിമലതീര്‍ഥാടനകാലത്ത് അയ്യപ്പസേവാസംഘത്തെ സഹായിക്കാമോ എന്നു സംഘത്തിന്റെ അന്നത്തെ പ്രസിഡന്റ് ഡോ.വേലായുധന്‍ പിള്ള മാധവ്ജിയോട് ആരാഞ്ഞു. അദ്ദേഹം കുറച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അയച്ചു. അവരുടെ പ്രവര്‍ത്തനം ഇഷ്ടപ്പെട്ട പിള്ള സംഘത്തിന്റെ അട്ടക്കുളങ്ങരയിലെ ആസ്ഥാനത്തിന്റെ ഒരു ഭാഗം ആര്‍.എസ്.എസ് കാര്യാലയമാക്കാന്‍ നല്‍കി. മാധവ്ജി കുറെനാള്‍ അവിടെയായിരുന്നു താമസം.

1956 ല്‍ മാധവ്ജി കൊല്ലത്തേക്കും 1962ല്‍ കോഴിക്കോട്ടും നിയോഗിക്കപ്പെട്ടു. ഇന്നത്തെ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ അന്നു കോഴിക്കോടിന്റെ ഭാഗമായിരുന്നു. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും അന്നു ശത്രുതയിലായിരുന്നു. പക്ഷേ, രണ്ടുകൂട്ടരും ആര്‍.എസ്.എസ്സിന് എതിരായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍, പില്‍ക്കാലത്ത് എം.പി.യായ പാട്യം ഗോപാലന്‍ അടക്കമുള്ളവരുമായി മാധവ്ജി സംവാദം നടത്തിയിട്ടുണ്ട്. പി.ആര്‍. കുറുപ്പ് ആയിരുന്നു സോഷ്യലിസ്റ്റ് നേതാവ്. പാനൂരും മറ്റും കുറുപ്പിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. അതിനെ അതിജീവിച്ചു. തലശ്ശേരിയില്‍ മാധവ്ജി ആര്‍.എസ്.എസ്സിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. അവരുടെ സഹായത്തോടെ പത്തായക്കുന്നിലും വെള്ളായിയിലും ശാഖകള്‍ സ്ഥാപിച്ചു. ഇതു സോഷ്യലിസ്റ്റുകളെ പ്രകോപിപ്പിച്ചു. അത് അവരുമായുള്ള സംവാദത്തിലേക്കു നയിച്ചു. കുഞ്ഞിരാമന്‍ എന്നൊരാളായിരുന്നു. സോഷ്യലിസ്റ്റുകള്‍ക്കുവേണ്ടി വാദിച്ചത്. മാധവ്ജിയുടെ വാദങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. അദ്ദേഹം മാധവ്ജിയെ വീട്ടില്‍ കൊണ്ടുപോയി സത്കരിച്ചു. കുറിക്കുകൊള്ളുംവിധം മിതത്വത്തോടെ സംസാരിക്കുന്ന രീതിയായിരുന്നു മാധവ്ജിയുടേത്.

പയ്യന്നൂരിലെ സംഘചാലക് ആയിരുന്ന കെ.ജി. നമ്പ്യാരുടെ വീട്ടില്‍ ഒരു പൂജയ്ക്കു കാര്‍മികത്വം വഹിച്ച പള്ളത്തു നാരായണന്‍ നമ്പൂതിരിയെ പരിചയപ്പെട്ട മാധവ്ജി അദ്ദേഹത്തെ തന്റെ ആത്മീയസാധനയുടെ ഗുരുവായി ആദരിച്ചു. അല്‍പനാള്‍ കഴിഞ്ഞു ഗുരു അന്തരിച്ചു. എങ്കിലും, അതിനുമുമ്പ് അദ്ദേഹം മാധവ്ജിക്കു മന്ത്രദീക്ഷയും നൃസിംഹാനന്ദനാഥ എന്ന ദീക്ഷാനാമവും നല്‍കി. 1962 ല്‍ വിവേകാനന്ദശതാബ്ദിയുടെ ഭാഗമായി കന്യാകുമാരിയില്‍ വിവേകാനന്ദ ശിലാസ്മാരകനിര്‍മാണം ആരംഭിച്ചു. ഇതില്‍ ക്രൈസ്തവര്‍ക്കു പ്രതിഷേധം ഉണ്ടായിരുന്നു. അതുമൂലമുണ്ടായ തടസ്സങ്ങള്‍ ഒഴിവാക്കാനും വിവേകാനന്ദപ്പാറയിലേക്കു തീര്‍ഥാടകരെ സുരക്ഷിതമായി എത്തിക്കാനും കൊയിലാണ്ടി, പയ്യോളി, കോഴിക്കോട് കടലോരങ്ങളിലെ ധാരാളം ആര്‍.എസ്.എസ്.പ്രവര്‍ത്തകരെ മാധവ്ജി സംഘടിപ്പിച്ചു. സ്മാരകനിധിയുടെ കേരളത്തിലെ ധനശേഖരണത്തിന്റെ പൂര്‍ണചുമതല മാധവ്ജിക്കായിരുന്നു. 1964ല്‍ കേരളം സംഘത്തിന്റെ പ്രത്യേക പ്രാന്തമായി. ഭാസ്‌കര്‍റാവുവായിരുന്നു പ്രാന്തപ്രചാരക്. ധാരാളം ആര്‍.എസ്.എസ്.ശാഖകള്‍ അതെത്തുടര്‍ന്നുണ്ടായി.

1966 ജനുവരിയില്‍ ആലപ്പുഴയില്‍ നാരായണഭട്ടിന്റെ വീട്ടില്‍ കേരളക്ഷേത്രങ്ങളില്‍ ശുദ്ധതാന്ത്രികവിധിപ്രകാരമുള്ള പൂജകള്‍ വീണ്ടും തുടങ്ങുന്നതിനെപ്പറ്റി ഗുരുജി ഗോള്‍വല്‍ക്കറുമൊത്തു മാധവ്ജിയും പുതുമന ദാമോദരന്‍ നമ്പൂതിരിയും ചര്‍ച്ചനടത്തി. അതിനുമുമ്പു ഗുരുവായൂരില്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. നേരത്തേ കൊല്ലത്തു താന്ത്രികരുടെ ഒരു യോഗവും ചേര്‍ന്നിരുന്നു. 1966 ല്‍ കോഴിക്കോട് സാമൂതിരിഹൈസ്‌കൂളില്‍ ആര്‍.എസ്.എസ്സിന്റെ പ്രാന്തീയശിബിരം നടത്തി. രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജീര്‍ണിച്ച ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി അതിനുശേഷം മാധവ്ജി കഠിനപ്രയത്‌നം ചെയ്തു. തളിക്ഷേത്രം പുനരുദ്ധരിക്കാന്‍ 1967 നവംബര്‍ 16നു കേളപ്പജി എന്ന കെ. കേളപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭമാണ് 1968 നവംബര്‍ 25നു മലബാര്‍ ക്ഷേത്രസംരക്ഷണസമിതി രൂപവത്കരണത്തിലേക്കു നയിച്ചത്. തളിക്ഷേത്രപുനരുദ്ധാരണത്തിന് ഒരുവിഭാഗം മുസ്ലിങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായി. തുടര്‍ന്നു സര്‍ക്കാര്‍ അവിടം പുരാവസ്തുമേഖലയായി പ്രഖ്യാപിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും, പിന്നീടു ക്ഷേത്രപുനര്‍നിര്‍മാണം അനുവദിച്ചു. തളിക്ഷേത്രസമരം വിജയിച്ചത് മറ്റുക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഉത്തേജകമായി. മാധവ്ജി ക്ഷേത്രസംരക്ഷണസമിതിയുടെ കേന്ദ്രസമിതിയംഗമായിരുന്നു. 1969ല്‍ ഗുരുവായൂര്‍ തന്ത്രിസമ്മേളനത്തില്‍ തന്ത്രവിദ്യ യുവതലമുറയെ ശാസ്ത്രീയമായി പഠിപ്പിക്കാന്‍ പാഠ്യപദ്ധതിയുണ്ടാക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ഇതിനിടെ, 1971ല്‍ കേരളത്തില്‍ അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ സമ്മേളനം സംഘടിപ്പിക്കാനും അദ്ദേഹം ഓടിനടന്നു.

മാധവ്ജിയുടെ ക്ഷേത്രപഠനങ്ങളുടെയും ആത്മീയവിശകലനങ്ങളുടെയും സൈദ്ധാന്തികഭാഗമാണ് 1975 ല്‍ ക്ഷേത്രസംരക്ഷണസമിതി മാര്‍ഗരേഖയായി അംഗീകരിച്ചത്. അടിയന്തരാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ കൈയില്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോപോലും ഇല്ലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ എറണാകുളത്തു വിദ്യാധിരാജവിദ്യാഭവന്‍ ഹൈസ്‌കൂളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു യോഗം നടത്തിയിരുന്നു. മലബാറിനുപുറത്തേക്ക് ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് അടിയന്തരാവസ്ഥയിലാണ്. കാസര്‍കോടുമുതല്‍ ആലുവ വരെ 120 ശാഖാസമിതികള്‍ ഉണ്ടായിരുന്നു. ജാതിക്കതീതമായി ഹൈന്ദവികതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആജീവനാംഗത്വം നല്‍കിത്തുടങ്ങി. കണ്ണൂര്‍ ചിറക്കല്‍ കൂടിയ വാര്‍ഷികയോഗത്തില്‍ സമിതിയെ ബഹുജനസംഘടനയാക്കാനും ജാതിഭേദമെന്യേ ക്ഷേത്രദര്‍ശനം പതിവാക്കാന്‍ പ്രേരിപ്പിക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താനും മാധവ്ജി നിര്‍ദേശിച്ചു. സാമൂഹ്യാരാധന എന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. ക്ഷേത്രസംരക്ഷണസമിതി പഠനശിബിരങ്ങള്‍ നടത്തി. അവയില്‍ നാലുമണിക്കൂറൊക്കെ അദ്ദേഹം ക്ഷേത്രസങ്കല്‍പങ്ങളെപ്പറ്റി ക്ലാസ്സെടുക്കുമായിരുന്നു. സമിതിയെ ഹൈന്ദവഏകീകരണമാധ്യമമാക്കാമെന്നു മാധവ്ജി കരുതിയിരുന്നു. അക്കാലത്തുതന്നെ തന്ത്രവിദ്യാപീഠത്തെപ്പറ്റി സമിതിയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. സമൂഹത്തെ ചൈതന്യവത്താക്കാന്‍ പൂജാദികര്‍മങ്ങള്‍ നടത്തി പൂജാരികളും കൂടുതല്‍ ക്ഷേത്രങ്ങളെ ശക്തികേന്ദ്രങ്ങളാക്കണമെന്നും അതിനു തന്ത്രിമാരും യോഗ്യരാകണമെന്നും അദ്ദേഹം വിലയിരുത്തി. തന്ത്രിമാരെയും പൂജാരികളെയും കൂടുതല്‍ യോഗ്യരാക്കാന്‍ തന്ത്രവിദ്യാപീഠവും സമൂഹത്തെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രസംരക്ഷണസമിതിയും എന്ന ദ്വിമുഖപ്രവര്‍ത്തനമാണ് അദ്ദേഹം വിഭാവനം ചെയ്തത്.

പാലിയം വിളംബരത്തിന് അഞ്ചുകൊല്ലം മുമ്പ് 1982 ഏപ്രിലില്‍ എറണാകുളത്തു ഗംഭീരമായ വിശാലഹിന്ദുസമ്മേളനം സംഘടിപ്പിച്ചു. അതിനുമുമ്പുള്ള ഗണപതിഹോമത്തിന്റെ മുഖ്യതന്ത്രി ഈഴവ സമുദായത്തില്‍നിന്നു തന്ത്രിപ്രമുഖനായി ഉയര്‍ന്ന പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. പരികര്‍മി താന്ത്രികപാരമ്പര്യത്തില്‍ പ്രശസ്തനായ സൂര്യകാലടി എസ്.എസ്. ഭട്ടതിരിപ്പാടും. ശ്രീനാരായണപരമ്പരയില്‍ പൂജാരിമാരാകാന്‍ പരിശീലിക്കുന്നവര്‍ക്കായി ആലുവ അദ്വൈതാശ്രമത്തില്‍ അദ്ദേഹം മുന്‍കൈയെടുത്തു ശിബിരം നടത്തി. കാഞ്ചി ശങ്കരാചാര്യര്‍ ശിബിരത്തില്‍ സംസാരിച്ചു. എറണാകുളം അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍വച്ച് അബ്രാഹ്‌മണപൂജാരികള്‍ക്കു യോഗ്യതാപത്രം നല്‍കുകയും ചെയ്തു. പൂജകളില്‍ അത്യവഗാഹമുള്ള പൂജാരിമാരുണ്ടെങ്കിലേ ക്ഷേത്രചൈതന്യമുണ്ടാകൂ എന്നു മാധവ്ജി വിശ്വസിച്ചു. ആ രംഗത്തെ പോരായ്മ പരിഹരിക്കാന്‍ അദ്ദേഹം തന്ത്രിമുഖ്യന്‍മാരോടും മറ്റും സംസാരിച്ചു. ചില തന്ത്രിമാരുമൊത്തു ഗുരുജി ഗോള്‍വല്‍ക്കറുമായും ചര്‍ച്ച ചെയ്തു. ജന്മമല്ല, കര്‍മമാണു ബ്രാഹ്‌മണ്യസിദ്ധിക്കു പ്രധാനമെന്നു വേദങ്ങളിലുണ്ടെങ്കിലും, അവര്‍ണരുടെ കാര്യത്തില്‍ അതു പ്രായോഗികതലത്തില്‍ വന്നിരുന്നില്ല. ഇതു പ്രാവര്‍ത്തികമാക്കാന്‍ ക്ഷേത്രസംരക്ഷണസമിതി വൈദികരുടെയും താന്ത്രികരുടെയുമൊക്കെ യോഗങ്ങള്‍ നടത്തി. എല്ലാ ഹിന്ദുക്കള്‍ക്കും ഷോഡശകര്‍മങ്ങള്‍ ആകാമെന്നും പൗരോഹിത്യത്തിന്റെ യോഗ്യത സമാവര്‍ത്തനപര്യന്തം ആശ്വലായനഗൃഹ്യസൂത്രമനുസരിച്ചുള്ള കര്‍മങ്ങള്‍ ആയിരിക്കുമെന്നും ധാരണയായി. അവയുടെയൊക്കെ തീരുമാനമായാണു സുപ്രസിദ്ധമായ പാലിയം വിളംബരം വന്നത്. മാധവ്ജിയാണ് ഇതിനൊക്കെ മുന്നിട്ടു പ്രവര്‍ത്തിച്ചത്. ഇതിനായി അദ്ദേഹം ഇന്ത്യയിലെങ്ങുമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഹിമാലയത്തിലെ ബ്രഹ്‌മകപാലത്തില്‍ ആത്മപിണ്ഡം നടത്തി (ഇതു ചെയ്യുന്നവര്‍ക്കായി പിന്നീടു മറ്റാരും ശേഷക്രിയ ചെയ്യേണ്ടതില്ല). തീര്‍ത്ഥയാത്രക്കിടെ അദ്ദേഹം സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വെള്ളവസ്ത്രം ധരിച്ചുതന്നെയാണ് അദ്ദേഹം സംന്യാസിയായി തുടര്‍ന്നത്. രാമേശ്വരത്തെ ശ്രീവിദ്യോപാസകന്‍ നീലകണ്ഠജോഷിയില്‍നിന്നാണ് അദ്ദേഹം സന്ന്യാസദീക്ഷ സ്വീകരിച്ചത്. നരസിംഹാനന്ദ എന്ന പേരും സ്വീകരിച്ചു. 1985 ഒക്ടോബര്‍ ഒമ്പതിന് പറവൂര്‍ ശ്രീമൂകാംബികാക്ഷേത്രസങ്കേതത്തില്‍ ആചാര്യസദസ്സ് സമ്മേളിച്ചാണു പാലിയം വിളംബരത്തിലേക്കു നയിച്ച പരിവര്‍ത്തനങ്ങളുടെ ആവശ്യകത അംഗീകരിച്ചത്.

ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സമന്വയത്തിന്റെ പാതയില്‍ അദ്ദേഹം ചെയ്ത തീവ്രയജ്ഞത്തെത്തുടര്‍ന്നാണ് എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്തു വെളിയത്തുനാട്ടില്‍ ചെരിയത്ത് നരസിംഹസ്വാമിക്ഷേത്രപരിസരത്തു തന്ത്രവിദ്യാപീഠം സ്ഥാപിച്ചത്. ചിന്‍മയാനന്ദസ്വാമിയുടെയും കാഞ്ചി, ശൃംഗേരി ശങ്കരാചാര്യന്‍മാരുടെയും അനുഗ്രഹത്തോടെയാണ് ഇതൊക്കെ സഫലമായത്. തന്ത്രവിദ്യാപീഠം ആദ്യം തുടങ്ങിയതു തിരുനാവായയിലാണ്. കുറെക്കഴിഞ്ഞപ്പോള്‍ ആ സ്ഥലം തികയാതായി. തുടര്‍ന്നു ചൊവ്വര സഭാമഠം മാസവാടകയ്ക്ക് എടുത്തു. അവിടെ പരിമിതികളോടെ പ്രവര്‍ത്തിച്ചു. പിന്നീടു ചെരിയത്തെ ക്ഷേത്രവും തൊട്ടുള്ള മൂന്നരയേക്കറും ഊരാണ്‍മക്കാരായ വൈപ്പിന്‍ മനയിലും ഞാറ്റിയാലമനയിലും നിന്ന് തന്ത്രവിദ്യാപീഠത്തിനു ദാനമായി കിട്ടി. മാധവ്ജിയാണ് അതിന് അവരെ പ്രചോദിപ്പിച്ചത്.

1987 ഓഗസ്റ്റ് 26ന് ഉച്ചക്കു 12മണിക്കായിരുന്നു പാലിയം വിളംബരം. ചേന്ദമംഗലത്തെ പാലിയത്തു ചേര്‍ന്ന ആചാര്യസദസ്സ് ആണു വിളംബരം പുറപ്പെടുവിച്ചത്. അത് ഇപ്രകാരമാണ്: ”സനാതനധര്‍മം വേദതത്വങ്ങളില്‍ അധിഷ്ഠിതമാണെന്നും ആ തത്വങ്ങള്‍ സാധാരണജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതിനുവേണ്ടി നിര്‍മിച്ച ആചാരസംഹിതകളാണു സ്മൃതികള്‍ എന്നും, ദേശകാലാവസ്ഥ അനുസരിച്ച് ആചാരങ്ങള്‍ക്കു വ്യത്യാസം വരുത്തിയിരുന്നു എന്നും, സ്മൃതികളുടെ വൈവിധ്യംകൊണ്ടുമാത്രം മനസ്സിലാക്കാമെന്നും, വളരെക്കാലമായി ഇപ്രകാരം ആവശ്യമായിവരുന്ന ഭേദഗതികള്‍ ആചാരങ്ങള്‍ക്കു വരുത്താതിരുന്നതുമൂലം ജനനാടിസ്ഥാനത്തില്‍ ഉറച്ച് ജാതിസമ്പ്രദായം ഇന്നത്തെ ജീവിതനീതിക്കു യോജിക്കാത്തവിധം സമുദായസംഘടനകള്‍ ദുഷിച്ചു നമ്മുടെ മൂലതത്വങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു എന്നും, ഹൈന്ദവജനതയുടെ താത്പര്യമനുസരിച്ചു കൂടിയിരിക്കുന്ന വൈദികതാന്ത്രികശാസ്ത്രപാണ്ഡിത്യവും പാരമ്പര്യവുമുള്ളവരുടെതായ കേരളത്തിലെ ആചാര്യസദസ്സില്‍ ബോധ്യപ്പെട്ടിരിക്കുകയാല്‍, നമ്മുടെ മഹത്തായ മതത്തിന്റെ മൗലികതത്വങ്ങളില്‍ അടിയുറച്ച ഒരു സാമൂഹ്യജീവിതം കേരളത്തില്‍ തുടര്‍ന്നു നിലനിര്‍ത്തുന്നതിനുവേണ്ടി, കര്‍മങ്ങളെക്കൊണ്ടു ബ്രാഹ്‌മണ്യം നേടാമെന്ന തത്വം അംഗീകരിച്ചുകൊണ്ട് സംസ്‌കാരകര്‍മങ്ങള്‍ക്കു ജനനം ഉപാധിയല്ലെന്നും കര്‍മങ്ങള്‍ മുഖാന്തിരം ആര്‍ക്കും ബ്രാഹ്‌മണ്യം നേടാവുന്നതാണെന്നും അപ്രകാരം ബ്രാഹ്‌മണ്യം നേടിയ ആര്‍ക്കും ക്ഷേത്രപൗരോഹിത്യമുള്‍പ്പെടെ പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നും നാം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു’.

എളവൂര്‍ തൂക്കം മനുഷ്യത്വരഹിതമായ ആചാരമാണെന്നതിന്റെ പേരില്‍ വിവാദമായപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ മാധവ്ജി യത്‌നിച്ചു. തൂക്കത്തിന്റെ രീതിയില്‍ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം പഴയപടി തുടരണമെന്നു വാദിച്ചവരെ ക്ഷേത്രാങ്കണത്തില്‍ വച്ചുതന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. 1987കാലത്തായിരുന്നു അത്. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും കാഴ്ചക്കുറവും അലട്ടിയപ്പോഴും അദ്ദേഹം നിത്യസാധന മുടക്കിയില്ല. എറണാകുളം കാര്യാലയത്തിലും തന്ത്രവിദ്യാപീഠത്തിലുമായിരുന്നു അവസാനകാലം. 1988 സെപ്തംബര്‍ 12 ന് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കസംബന്ധമായ അസുഖമായിരുന്നു മരണകാരണം. ബന്ധുക്കളുടെയും ശിഷ്യരുടെയും ആഗ്രഹപ്രകാരം ചില ക്രിയകള്‍ നടത്തി പൂര്‍ണാനദിക്കരയില്‍ ചിതയൊരുക്കി സംസ്‌കാരം നടത്തി. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ബാല്യത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ച ആ സൗമ്യസാത്വികന്റെ സംഭാവനകള്‍ എത്ര വലുതായിരുന്നുവെന്നു തിരിച്ചറിയുന്നു. അദ്ദേഹത്തിന് എന്റെ നമോവാകം.

(ലേഖകന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍ വൈസ് ചെയര്‍മാനാണ്)
അവലംബം:
പി.നാരായണന്‍: മാധവ്ജി ജീവിതവും ദൗത്യവും; വി.എന്‍. ദിലീപ്കുമാര്‍: പി. മാധവ്ജി, നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് (ലേഖനം, കേസരി, 2019 ജൂണ്‍ 7)

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies