ഹുബ്ലി: ഗവേഷണത്തിനായി സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ (ഐസിഎആര്‍) പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ഹുബ്ലിയിലെ ശ്രീനിവാസ ഗാര്‍ഡനില്‍ സമാപിച്ച കിസാന്‍ സംഘ് ദ്വിദിന പ്രബന്ധ സമിതി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഐസിഎആര്‍ സ്വകാര്യ പങ്കാളിത്തം റദ്ദാക്കണമെന്ന് കിസാന്‍ സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ആവശ്യപ്പെട്ടു. ഇത്തരം നീക്കം ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് ഗവേഷണത്തിന് മതിയായ ഫണ്ട് അനുവദിക്കണം. അദ്ദേഹം പറഞ്ഞു.