Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍

മാത്യൂസ് അവന്തിമാത്യൂസ് അവന്തി
18 August 2023

കാലത്ത് ഇതര ലോകസമൂഹങ്ങള്‍ ഇരുട്ടിലായിരുന്നുവെങ്കില്‍ കേരളം അന്ന് കൂരിരുട്ടിലായിരുന്നു. ഭാരതം മുഴുവന്‍ പര്യടനം നടത്തി, കണ്ടും കേട്ടും അനുഭവിച്ചും കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് കേരളം ഭ്രാന്താലയമാണെന്നാണ്. എന്തുകൊണ്ട് കേരളത്തെക്കുറിച്ചുമാത്രം അദ്ദേഹം അങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തി? ലോകസമൂഹത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു കൊടിയ നാറ്റം കേരളത്തെ മലീമസമാക്കിക്കൊണ്ടിരുന്നു. അയിത്തത്തിന്റെ നാറ്റം. മനുഷ്യാത്മാവിനോടു ചെയ്യുന്ന ഏറ്റവും ക്രൂരമായ നിന്ദയാണ് അയിത്താചരണം. അതിനു വിധേയമായിരുന്നവരാകട്ടെ മൊത്തം സമൂഹത്തിന്റെ വയറുനിറയ്ക്കാന്‍ സ്വയം പട്ടിണിക്കിരയായിക്കൊണ്ട് രാപ്പകല്‍ അടിമവേല ചെയ്തിരുന്ന പുലയര്‍, പറയര്‍ തുടങ്ങിയ സാധുജനങ്ങളും. കൃഷിപ്പണികളില്‍ നെല്‍പ്പാടത്തെ പ്രവൃത്തികള്‍ നൂറുശതമാനവും പുലയര്‍ ആയിരുന്നു ചെയ്തിരുന്നത്. പുലയര്‍ ഉയര്‍ന്ന ജാതികളുമായി 92-ഉം 72-ഉം അടി അകലം പാലിച്ചിരിക്കണം. എന്നാല്‍ പുലയനു തുല്യം ആഢ്യസമൂഹം കരുതുന്ന പറയനോ ഉള്ളാടനോ പുലയന്റെ സമീപത്ത് 32 അടിയില്‍ കുറഞ്ഞ ദൂരം എത്തിപ്പോയാല്‍ പുലയന്‍ 3 വട്ടം കുളിച്ച് ശുദ്ധിവരുത്തിയിരിക്കണം! ഈഴവന് പുലയന്റെ സമീപം എത്താവുന്ന കുറഞ്ഞദൂരം 32 അടിയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഇങ്ങനെ പണിയെടുക്കുന്ന പുലയന്റെ സേവന വ്യവസ്ഥകള്‍ എന്താണെന്നറിയേണ്ടേ! കോഴികൂവുന്ന ഇളം പ്രഭാതത്തില്‍തന്നെ അവന്‍ ഉണരുന്നു. ‘പുലക്കള്ളി’ അടുപ്പിലെ ചാരം വാരി ഒരു മൂലയില്‍ കൂട്ടിയിട്ടശേഷം അടുപ്പില്‍ തീ പൂട്ടി തലേന്ന് രാത്രി കുത്തിയെടുത്ത അരിയില്‍നിന്ന് ബാക്കിവരുന്ന ഏതാനും വറ്റ് കലത്തിലിട്ട് വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന ‘കഞ്ചി’ ഇത്തിരി ചൂടോടെ കോരിക്കുടിച്ചശേഷം പാടത്തേയ്ക്ക് ഇറങ്ങിയോടുകയായി. പുലരും മുന്‍പ് പാടത്തിറങ്ങിയില്ലെങ്കില്‍ തമ്പ്രാക്കന്മാര് ക്ഷോഭിക്കും. കീറപ്പായില്‍ ചുരുണ്ടുകിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ ഉണര്‍ന്നുവരുമ്പോള്‍ കഞ്ഞിക്കലത്തില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതു കുടിക്കും. ഇല്ലെങ്കില്‍ വയല്‍വരമ്പിലും കശുമാന്തോപ്പിലും വെയില്‍കൊണ്ടു വിശന്നുനടന്ന് അവര്‍ പകല്‍ സമയം പോക്കും. വെളുക്കും മുന്‍പു മുതല്‍ പണിയെടുക്കുന്ന പുലയനും കെട്ടിയവളും പണിനിര്‍ത്തിക്കയറുന്നത് ഇരുട്ടു പരന്നശേഷമാണ്. അതുകഴിഞ്ഞാണു വേതനം ലഭിക്കുക. അത് ഒരിക്കലും പണമായിട്ടായിരിക്കില്ല. ഇടങ്ങഴി നെല്ലായിരിക്കും കിട്ടുന്നത്. ഈ നെല്ല് ‘കുപ്പമാടത്തില്‍’ കൊണ്ടുപോയി പുഴുങ്ങി, വറുത്ത്, കുത്തി അരിയാക്കിയിട്ടുവേണം കഞ്ഞിവയ്ക്കാന്‍. വൈകിയ രാത്രിയില്‍ കൂരപ്പുരയുടെ ചാണകം മെഴുകാത്ത മണ്‍തറയില്‍, കഞ്ഞിവേകുന്നതുകാത്ത് അടുപ്പിനുചുറ്റും ഉറക്കമൊഴിച്ചിരിക്കുന്ന കുഞ്ഞുങ്ങളും അടിമദമ്പതികളും കേരളചരിത്രത്തിലെ ലജ്ജാവഹമായ കാഴ്ചയാണ്. ചരിത്രകാരനായ പത്മനാഭമേനോന്‍ പുലയരുടെ സാമൂഹ്യസ്ഥിതിയെക്കുറിച്ചെഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക.
”പുലയരെ ഉടമകള്‍ക്ക് മറ്റേതൊരു സ്ഥാവരജംഗമ വസ്തുക്കളെപ്പോലെയും ക്രയവിക്രയം ചെയ്യുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. അടിമയ്ക്ക് ഉടമസ്ഥന്‍ ദിവസവും ഭക്ഷണം കൊടുക്കണമെന്ന് വ്യവസ്ഥയില്ല. ഉടമസ്ഥനു പണിയില്ലാത്തപ്പോള്‍ മറ്റെവിടെയെങ്കിലും പണിക്കുപോകാം. എന്നാല്‍ ഉടമ എപ്പോള്‍ വിളിച്ചാലും ചെന്നിരിക്കണം. അല്ലാത്തപക്ഷം ശിക്ഷ ലഭിക്കും. ശിക്ഷ എന്നു പറയുമ്പോള്‍ അടിമയെ കൊന്നുകളയുവാന്‍ വരെ ഉടമയ്ക്ക് അവകാശം ഉണ്ടായിരുന്നു.”’

ഈ കാലസന്ധിയില്‍ 1863 ആഗസ്റ്റ് മാസം 28-ാം തീയതി (1039 ചിങ്ങം 14 അവിട്ടം നക്ഷത്രം) അയ്യന്‍കാളി ജനിച്ചു. മാതാപിതാക്കള്‍ അയ്യനും മാലയും. കുഞ്ഞിന് അവര്‍ ‘കാളി’ എന്നു പേരിട്ടു (അയ്യന്‍ കാളീഭക്തനായതുകൊണ്ടാണ് മകന് ഈ പേരിട്ടത്). അച്ഛന്റെ പേരുചേര്‍ത്ത് മേലാളര്‍ അവനെ അയ്യന്‍കാളി എന്നുവിളിച്ചു. ക്രമേണ ആ പേരു സ്ഥിരമായി.

ADVERTISEMENT

ആരെയും വകവയ്ക്കാത്ത സ്വഭാവത്തിനുടമയായിരുന്നു അയ്യന്‍കാളി. എതിര്‍ക്കുന്നവനെ ഇടിച്ചുനിരപ്പാക്കാന്‍ തല്‍ക്ഷണം മുഷ്ടി ചുരുണ്ടുകഴിയും.
ഒരിക്കല്‍ ഓണക്കാലത്ത് കുട്ടികള്‍ ആവേശപൂര്‍വം ഓണപ്പന്തു കളിച്ചുകൊണ്ടിരുന്നു. കളിക്കളത്തില്‍ സവര്‍ണ ബാലന്മാരും ഉണ്ടായിരുന്നു. കളിക്കിടെ അയ്യന്‍കാളി അടിച്ചുവിട്ട പന്ത് ഏറെ ദൂരം പാഞ്ഞുചെന്ന് ഒരു നായര്‍ പ്രമാണിയുടെ വീടിനുമുകളില്‍ വീണു. നായര്‍ പ്രമാണി അലറിവിളിച്ചുകൊണ്ട് പുറത്തേയ്ക്കു പാഞ്ഞുവന്നു. അയ്യന്‍കാളിയെ കണ്ടപ്പോള്‍ അയാള്‍ക്ക് സര്‍വത്ര ചൊറിഞ്ഞുകയറി.

”ഈ പെലക്ടാത്തന്റെ കൂടെ കളിക്കാന്‍ നിനക്കൊന്നും നാണമില്ലേടാ തെണ്ടികളെ,” അയാള്‍ അയ്യന്‍കാളിക്കൊപ്പം കളിയില്‍ ഏര്‍പ്പെട്ടിരുന്ന നായര്‍ ബാലന്മാരെ നോക്കി ഗര്‍ജ്ജിച്ചു.
”നീയൊക്കെ മൂന്നുവട്ടം കുളിച്ചു ശുദ്ധിവരുത്തിയിട്ടേ വീട്ടില്‍ കയറാവൂ.”
അയാള്‍ തുടര്‍ന്നു.
കാട്ടുപോത്തിനെപ്പോലെ കരുത്തനായ അയ്യന്‍കാളിയുടെ സപ്തനാഡികളും ഈ അപമാനത്തില്‍ തളര്‍ന്നു.
അയ്യന്‍കാളിയുടെ മനസ്സില്‍ ഒരു മുറിവേറ്റ വ്യാഘ്രം പതുങ്ങിത്തുടങ്ങുകയായിരുന്നു.

വില്ലുവണ്ടി യാത്ര
1893-ലെ ഒരു സന്ധ്യ. തെക്കേവിള കുന്നിന്‍ചരിവില്‍ ഓലകെട്ടി ചാണകം മെഴുകിയ വീട്. മുറ്റത്ത് വിരിച്ച ചരല്‍ക്കല്ലുകളെ ചവിട്ടിഞെരിച്ചുകൊണ്ട് അസ്വസ്ഥനായി ഒരു പുരുഷസിംഹം നടന്നു. ആറടിയിലേറെ പൊക്കമുള്ള അയാളുടെ ഉയര്‍ന്ന നാസികയ്ക്കു കീഴില്‍ മുനവച്ച കൊമ്പന്‍മീശ. നീലക്കരയുള്ള കോടിക്കളര്‍ മുണ്ട് പാദം മൂടി കിടക്കുന്നു. നഗ്നമായ മാറിടത്തില്‍ രോമക്കാടിന്റെ കാര്‍മേഘം. കോപക്കലിപൂണ്ട കണ്ണുകളില്‍ നരകംപോലെ വെറുപ്പിന്റെ തീക്കൊള്ളികള്‍. ഇരു മുഷ്ടികളും ചുരുട്ടി ഇടുപ്പില്‍ ഊന്നിയപ്പോള്‍ ഇരുമ്പിന്റെ പേശികളും ഉരുക്കു ഞരമ്പുകളും ത്രസിച്ചു. ഇത് അധഃകൃതവര്‍ഗത്തിന്റെ പോരാളി അയ്യന്‍കാളി.
”എടാ……..”
താഴ്ന്ന സ്ഥായിയിലുള്ള ഗര്‍ജ്ജനം കേട്ട് മുന്നില്‍ നിന്നിരുന്ന ചെറുജീവികള്‍, കണ്ടനും ചിരുതയും കിടിലംകൊണ്ടു.
”യശമാന്‍ന്നേ……”
കണ്ടന്‍ ഭയംകൊണ്ടു വായ് പൊത്തി ഒരടി മുന്നോക്കം കയറി ലേശം കുനിഞ്ഞുനിന്നു. അവന്റെ വയല്‍ചേറു പുരണ്ട ശരീരത്തില്‍ വാരിയെല്ലുകള്‍ മുഴച്ചു. പൊക്കിളിനുതാഴെ അമര്‍ത്തിക്കെട്ടിയ പിഞ്ഞിക്കീറിയ തുണിച്ചീന്ത് മുട്ടിനുമുകളില്‍വരെ കഷ്ടിച്ച് എത്തിനിന്നു. നനഞ്ഞ കോണകത്തിന്റെ തുമ്പ് അവന്‍ കുനിയുമ്പോള്‍ ഒരു വാലുപോലെ പുറത്തേയ്ക്കു നീണ്ടുവന്നു.
”എന്നിട്ടെന്തുണ്ടായി. വിശദമായി പറയെടാ…..”
അയ്യന്‍കാളി തണുത്ത സ്വരത്തില്‍ പറഞ്ഞു.
കണ്ടന്‍ വാക്കുകള്‍ കിട്ടാതെ ജഡകെട്ടിയ നനഞ്ഞ മുടിയിലൂടെ ഒരുവട്ടം വിരലോടിച്ചു. പിന്നെ മെലിഞ്ഞമുഖത്ത് വരണ്ട പുല്ലുകള്‍പോലെ വളര്‍ന്നുനില്‍ക്കുന്ന മീശരോമങ്ങളില്‍ തടവി.
അയ്യന്‍കാളിയുടെ കണ്ണുകള്‍ കണ്ടനുപിന്നില്‍ പരുങ്ങി നില്‍ക്കുന്ന ചിരുതയുടെ കറുത്ത ശരീരത്തെ ഉഴിഞ്ഞു. അവള്‍ പൊക്കിള്‍ മുതല്‍ മുട്ടറ്റം വരെ ഇറങ്ങിക്കിടക്കുന്ന കള്ളിമുണ്ടാണു ചുറ്റിയിരുന്നത്. പൊക്കിളിനു മുകളില്‍ അവള്‍ നഗ്നയായിരുന്നു. കാതില്‍ കാട്ടുകല്ലിന്റെ നിറംകെട്ട കഷണങ്ങള്‍ ചരടില്‍ കോര്‍ത്ത് തൂക്കിയിരുന്നു. കഴുത്തില്‍ കുപ്പിച്ചില്ലുകള്‍ കോര്‍ത്ത മാലകള്‍. വികൃതമായ ഈ ആഭരണങ്ങള്‍ക്കു താഴെ അവളുടെ മുലഞെട്ടുകളില്‍ ചോര പൊടിഞ്ഞുനിന്നു.
”എശ്മാനെ,………. ഏന്‍ പറയാം.”
ചിരുത നാവുനീട്ടി ചുണ്ടുനനച്ചു. കെട്ടിയവളുടെ ധൈര്യം കണ്ട് അമ്പരപ്പോടെ കണ്ടന്‍ അവളെ നോക്കി.
”ഏന്‍ വേല കഴിഞ്ഞ് മോന്തിക്ക് ചന്തേല്‍ പോകുവാര്‍ന്നു. റോട്ടിലുവച്ച് തമ്പ്രാക്കമ്മാരെ കണ്ടപ്‌ളൊക്കെ ഏന്‍ മാട്ടേല്‍ക്കേറി ഒളിച്ച്. ങ്‌നെ ചന്തേല്‍ ചെന്നപ്പ മുട്ടാളമ്മാര് കണ്ടു. പെലച്ചികള് ചന്തക്ക് പൊറത്തുപോ എന്ന് ആ തമ്പ്രാക്കള് വിളിച്ചുപറഞ്ഞ്. ത്തിരി ഒണക്കമീന്‍ മേങ്ങേണ്ടീര്‍ന്നു. തമ്പ്രാക്കള് പോട്ടേന്നു നിരീച്ച് ഏന്‍ പാത്തും പതുങ്ങീം നിന്ന്. മ്മിണി കയിഞ്ഞ് മുട്ടാളമ്മാര് അടിയനെ കണ്ടുപിടിച്ച്. ഏന്റെ മുതുകില് ആ തമ്പ്രാക്കമ്മാര് വെറകുകൊണ്ടടിച്ച്. ഏന്‍ നെരോളിച്ചപ്പം പിന്നേംപിന്നേം അടിച്ച്.”
ചിരുത പുറം തിരിഞ്ഞുകാട്ടി. അവളുടെ മുതുകിലെ കറുത്ത തൊലിയില്‍ ചോരപ്പാമ്പുകളുടെ അടയാളം.
അയ്യന്‍കാളി അസ്വസ്ഥതയോടെ മുരടനക്കി.
ചിരുത മൂക്കു പിഴിഞ്ഞു. പിന്നെ തുടര്‍ന്നു.

”അപ്പളത്തെ പരവേശത്തിന് ഏന്‍ റോട്ടിലെറങ്ങി ഓടി. പെലച്ചി റോട്ടിലെറങ്ങാന്‍ പാടില്ലാന്നൊള്ള നെയമമൊന്നും അപ്‌ളത്തെ വേദനയ്ക്ക് നിരീച്ചില്ല. തമ്പ്രാക്കമ്മാര് പൊറകെ ഓടിവന്നു, നീ റോട്ടിലെറങ്ങ്വോടീ പെലച്ചീ എന്നു വിളിച്ചോണ്ട്. ഒരു കല്ലേല്‍ തട്ടി ഏന്‍ താഴെ വീണു. തമ്പ്രാക്കമ്മാര് വന്ന് ഏനെ പിന്നേം പിന്നേം തല്ലി. ഒടുക്കം രണ്ടു തേങ്ങാച്ചെരട്ടയെടുത്ത് തല്ലിപ്പൊട്ടിച്ച് പെളര്‍ത്തി കത്രിക പോലെ അത് ഏന്റെ മൊലഞെട്ടേല്‍ പിടിപ്പിച്ചു. ഏന്‍ നെലോളിച്ചോണ്ട് കാട്ടില്‍ക്കേറി ഓടി. തമ്പ്രാക്കമ്മാര് ചിരിച്ചുകൂവി.”
ചിരുത ചോര ഉണങ്ങിയ തന്റെ മുലഞെട്ടുകള്‍ കൈപ്പത്തികൊണ്ട് താങ്ങി ഉയര്‍ത്തിക്കാണിച്ചു.
ആ കാഴ്ച കണ്ട് അയ്യന്‍കാളിയുടെ ഉള്ളുപിടഞ്ഞു. അകത്തെങ്ങോ പകയുടെ കരിനാഗങ്ങള്‍ ചീറി.
‘ങ്ങള് പൊയ്‌ക്കൊള്ളിന്‍ ഏന്‍ ചോദിക്കുന്നുണ്ട്.”
പുറംകൈ വീശി ആംഗ്യംകാട്ടിക്കൊണ്ട് അയ്യന്‍കാളി പറഞ്ഞു.
നനഞ്ഞ കുറുനരികളെപ്പോലെ കണ്ടനും ചിരുതയും ഓടിമറഞ്ഞു.
പുറകില്‍ കാല്‍പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കാതെ അയ്യന്‍കാളി വിളിച്ചു.
”എടാ ചാത്താ”
”യശ്മാന്‍ന്നേ,” ചാത്തന്‍ വിനയാന്വിതനായി അല്പം മുമ്പോട്ടു കയറിനിന്നു.
അയ്യന്‍കാളിക്കും ചാത്തനും ഒരേ പ്രായമാണ്. ചാത്തന്റെ കറുത്ത മെയ്യില്‍ അഭ്യാസബലംകൊണ്ടു മുഴയ്ക്കുന്ന മസിലുകള്‍. ഇരുമ്പുലക്കപോലുള്ള കൈകാലുകള്‍. മുട്ടോളമെത്തുന്ന ഒറ്റത്തുണി മാത്രമാണു വേഷം.
”ചാത്താ….. നമ്മക്കൊരു വില്ലുവണ്ടി വേണം. നല്ല വെളുത്ത കാളയും. കൊമ്പിലും കഴുത്തിലും മണി കെട്ടണം. വില്ലുവണ്ടിയിലും വെളുത്ത പെയിന്റടിക്കണം. നമ്മക്കു കാലുകുത്താന്‍മേലാത്ത ഈ റോട്ടിലൂടെ നമ്മക്കൊരു വില്ലുവണ്ടി സവാരി നടത്തിക്കളയാം.”
ചാത്തന്‍ മെല്ലെചിരിച്ചു.

”നീ കോരനെക്കൂടെ കൂട്ടിക്കോ,” അയ്യന്‍കാളി പറഞ്ഞു. അദ്ദേഹം അകത്തേയ്ക്കു കയറിപ്പോയി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കേവിള കുന്നില്‍ചരിവിലെ അടിമരാജാവിന്റെ ഭവനത്തിനുമുന്‍പില്‍ രാജകീയമായി അലങ്കരിച്ച വില്ലുവണ്ടി വന്നുനിന്നു. ഉശിരന്‍ കാള കാലുകള്‍ ഉയര്‍ത്തിച്ചവുട്ടിയപ്പോള്‍ കുടമണികള്‍ കിലുങ്ങി.
നാടുവാഴിക്കും നാട്ടുപ്രമാണികള്‍ക്കും മാത്രമെ വില്ലുവണ്ടി പാടുള്ളൂ എന്നു നിയമമുണ്ടാക്കിയവര്‍ ആരാണ്? ആരാണെങ്കിലും അയ്യന്‍കാളി അതു വകവയ്ക്കാന്‍ പോകുന്നില്ല.
അണിഞ്ഞൊരുങ്ങലിന്റെ അവസാനം പന്ത്രണ്ടിഞ്ചുനീളമുള്ള കഠാരയെടുത്ത് എളിയില്‍ തിരുകി അയ്യന്‍കാളി പുറത്തേയ്ക്കുവന്നു.
മുറ്റത്തു കാത്തുനിന്ന ചാത്തനും കോരനും മറ്റ് അംഗരക്ഷകപ്പടയും ആഹ്ലാദപൂര്‍വ്വം ചിരിച്ചു.
ചാട്ടയെടുത്ത് അന്തരീക്ഷത്തിലൊന്നു വീശിയടിച്ച് വില്ലുവണ്ടിയുടെ ഇരിപ്പിടത്തിലേയ്ക്ക് അയ്യന്‍കാളി ചാടിയമര്‍ന്നപ്പോള്‍ മൂരിക്കുട്ടന്‍ മുക്രയിട്ടു. പിന്നീടൊരു ചാട്ടവീശലില്‍ വില്ലുവണ്ടി കുടമണികള്‍ കിലുക്കി കുന്നിന്‍ചരിവിലൂടെ താഴേക്കു പാഞ്ഞു. ചാത്തനും കോരനും ഇരുവശത്തുമായി പാഞ്ഞു. അവര്‍ക്കു പിന്നില്‍ നാലു വീതം മല്ലന്മാര്‍ ഓടിക്കൊണ്ടിരുന്നു. അടിമരാജാവിന്റെ എഴുന്നള്ളത്തുകാണാന്‍ അടിമകളും തമ്പ്രാക്കന്മാരും റോഡിനിരുവശവും ശ്വാസമടക്കി നിന്നു.
വണ്ടി വെങ്ങാനൂര്‍ കവലയിലെത്തിയപ്പോള്‍ ശേഖരപിള്ളയുടെ മക്കളുടെ നേതൃത്വത്തില്‍ അഭ്യാസികളായ മുട്ടാളന്മാര്‍ റോഡിലേയ്ക്കിറങ്ങിനിന്നു.
അയ്യന്‍കാളി കടിഞ്ഞാണ്‍ പിടിച്ച് വണ്ടി നിര്‍ത്തി.

”എറങ്ങിവാടാ.. പൊലയത്തെണ്ടീ. നിന്റെ ശവം തന്നെ ഈ വണ്ടിയേല്‍ നിന്റെ പെലമാടത്തിലോട്ടു കൊടുത്തയയ്ക്കും ഞങ്ങള്.”
ശേഖരപിള്ളയുടെ മൂത്തമകന്‍ സുഗുണന്‍ പറഞ്ഞു.
അയ്യന്‍കാളി മെല്ലെ ഒന്നു ചിരിച്ചു.
”തമ്പ്രാക്കളു പോ… പെലേനെ തൊട്ട് അയിത്തമാകാതെ തമ്പ്രാക്കളു വീട്ടിപ്പോ…”
”ഇല്ലെടാ… നെന്റെ തല ഈ റോട്ടില്‍ വീഴ്ത്തിയിട്ടേ ഞങ്ങളു പോകൂ.”
”തമ്പ്രാക്കളേ…. ഞങ്ങള് അടിമകള്‍ക്ക് ഒന്നും പോകാനില്ല. മേളിലാകാശോം താഴെ ഭൂമീം…. നെങ്ങളങ്ങന്യല്ല. കൊട്ടാരോം അകത്തമ്മമാരും ഒത്തിരി ഭൂമീം….. പിന്നെ സൊഖങ്ങളും. അങ്ങനെ കൊറച്ചുനാളൂടെ സൊഖിച്ചുവിലസാന്‍ തമ്പ്രാക്കന്മാരുപോ…..” അയ്യന്‍കാളി പറഞ്ഞു.
”ഇല്ലെടാ പട്ടീ…. നിന്നെ തീര്‍ത്തിട്ടേ ഞങ്ങളു പോകൂ.”
”ചാത്താ…. കോരാ… തമ്പ്രാക്കളെ മാറ്റ്.”

താഴ്ന്ന സ്വരത്തിലായിരുന്നു അയ്യന്‍കാളിയുടെ ഉത്തരവ്. പക്ഷേ അതൊരു മൂര്‍ഖന്‍പാമ്പിന്റെ ചീറ്റല്‍പോലെ വിഷലിപ്തമായിരുന്നു.
ചാത്തനും കോരനും അവര്‍ക്കു പിന്നില്‍നിന്ന എട്ടു മല്ലന്മാരും ഹാലിളകിയ കാട്ടുപോത്തുകളെപ്പോലെ മുമ്പോട്ടുചാടി. ആ കുതിച്ചുചാട്ടത്തെ തടഞ്ഞുനിര്‍ത്താനുള്ള ശക്തിയുണ്ടായിരുന്നു എതിര്‍പക്ഷത്തിനും. വെങ്ങാനൂര്‍ കവല പെട്ടെന്നൊരു മല്ലയുദ്ധക്കളമായി മാറി. ഇരുമ്പുചുറ്റികപോലുള്ള മുഷ്ടികള്‍ ചുരുട്ടി ഇടിച്ചും ചവുട്ടിയും അലറിവിളിച്ചും എതിരാളിയുടെ മുഖത്ത് നഖങ്ങളിറക്കി വലിച്ചുകീറിയും അടിമപ്പോരാളികള്‍ ഇഞ്ചുകണക്കിനു മുന്നേറി. അതിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് അടിമപ്പോരാളികളിലൊരുവന്റെ തലപൊട്ടി ചോരയൊഴുകി. അവന്‍ ചോരയില്‍ കുളിച്ചുനിന്ന് പിശാചിനെപ്പോലെ അലറിക്കൊണ്ട് മുന്നോട്ടു പാഞ്ഞു. എതിരാളിയുടെ മൂക്ക് അവന്‍ വായിലാക്കി കടിച്ചുപറിച്ച് പുറത്തേക്കുതുപ്പി. ചോര…. എങ്ങും ചോര. അലര്‍ച്ചകളും നിലവിളികളുംകൊണ്ട് പടക്കളം ഭയാനകമായി. കണ്ടുനിന്ന അടിമപ്പെണ്ണുങ്ങളും കുഞ്ഞുങ്ങളും കാടുകയറി ഓടി. ചാത്തന്റെ അടികൊണ്ട് തലപിളര്‍ന്ന് തമ്പ്രാക്കളിലൊരാള്‍ വീണു. കുറുവടികൊണ്ടുള്ള അടിയേറ്റ് അടിമകള്‍ രണ്ടുപേര്‍ വീണു. പക്ഷേ, ആരുമാരും തോല്ക്കാതെയും ജയിക്കാതെയും പോരാട്ടം നീണ്ടുപോയി. എല്ലാം നിശ്ശബ്ദനായി നോക്കിക്കൊണ്ടിരുന്ന അയ്യന്‍കാളി കസവുവേഷ്ടി മടക്കിക്കുത്തി അലറിക്കൊണ്ട് പോര്‍ക്കളത്തിലേയ്ക്കു പറന്നുവീണു. കരിങ്കല്ലുവന്നു പതിക്കുംപോലെ ആ വീഴ്ചയില്‍ത്തന്നെ ഒന്നുരണ്ടു തമ്പ്രാക്കന്മാര്‍ ചതഞ്ഞുവീണു. മുന്‍പില്‍കണ്ടവന്റെ കൊരവള്ളി ഇടതുകൈപ്പത്തികൊണ്ടു വെട്ടിയും വലതുകൈകൊണ്ട് മറ്റൊരുവന്റെ മുടിപിടിച്ചുകുനിച്ച് അവന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ വലതുകൈമുട്ടുകൊണ്ട് ഇടിച്ചു തകര്‍ത്തും മൂന്നാമന്റെ നാഭിയില്‍ വലതുകാല്‍പൊക്കി തൊഴിച്ചും കാട്ടാനയെപ്പോലെ അലറി ചിന്നം വിളിച്ചും അയ്യന്‍കാളി സര്‍വത്ര നാശം വിതച്ചു. ഒരു നശീകരണയന്ത്രംപോലെ ചുറ്റിത്തിരിഞ്ഞ് അയ്യന്‍കാളി പോരാടി. പക്ഷേ പോരാട്ടം നീണ്ടുനിന്നില്ല. തമ്പ്രാക്കന്മാര്‍ കാടുകയറി ഓടി രക്ഷപ്പെട്ടു. വീണുകിടക്കുന്ന ഒരുവനെ എടുക്കാന്‍കൂടി കൂട്ടാക്കാതെയാണവര്‍ ഓടിയത്. കാട്ടില്‍ മറയുംമുന്‍പ് തിരിഞ്ഞുനിന്ന് സുഗുണന്‍ വിളിച്ചു പറഞ്ഞു.
”എടാ പെലക്ടാത്താ… ബാലരാമപുരം ചന്തേല്‍ ചെല്ലുംമുമ്പ് നിന്റെ തല ഞങ്ങളു കൊയ്യും.”
അടിമപ്പോരാളികള്‍ ഭീകരസ്വരത്തില്‍ അലറി. സുഗുണന്‍ കാട്ടുപൊന്തകള്‍ക്കിടയില്‍ ഒളിച്ചു.

അയ്യന്‍കാളി ചുറ്റും നോക്കി. അടിമവര്‍ഗം ചുറ്റും കൂടിയിരിക്കുന്നു. ആണും പെണ്ണും കുഞ്ഞുങ്ങളും എല്ലാംമറന്നു ചിരിക്കുന്നു. പകല്‍വെളിച്ചത്തു റോഡിലിറങ്ങാന്‍ പേടിച്ചിരുന്നവര്‍ നടുറോഡില്‍ നിറഞ്ഞുനില്‍ക്കുന്നു. പാടത്തെ പണികളഞ്ഞ് ഒരു ദിവസത്തേക്കെങ്കിലും ഓടിപ്പോരാന്‍ അവര്‍ ധൈര്യംകാട്ടിയിരിക്കുന്നു.
അയ്യന്‍കാളി ആഹ്ലാദം പുറത്തുകാട്ടിയില്ല.
തിരുവിതാംകൂറില്‍ അയ്യന്‍കാളി തുടങ്ങിവച്ച വിമോചനയാത്രയുടെ ആദ്യ രംഗമാണ് അരങ്ങേറുന്നത്.
ഒരു തിരിവിലെത്തിയപ്പോള്‍ പാതയോരത്തെ കുന്നിന്‍ചരിവില്‍നിന്ന് കല്ലുകള്‍ ചീറിവന്നു. കാട്ടുപൊന്തകളില്‍ മറഞ്ഞിരുന്ന് ശത്രുക്കള്‍ കല്ലെറിയുകയാണ്.
കല്ലേറുകൊണ്ട് ഒരടിമപ്പെണ്ണിന്റെ തലപൊട്ടി. ഒഴുകുന്ന ചോര അമര്‍ത്തിപ്പിടിച്ചതല്ലാതെ അവള്‍ നിലവിളിച്ചില്ല.
”ചാത്താ… ഓടിച്ചുപിടിക്ക് അവറ്റകളെ.”
അയ്യന്‍കാളി ആക്രോശിച്ചു. മുള്‍പ്പടര്‍പ്പുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാട്ടുപൊന്തകള്‍ക്കിടയിലൂടെ ചാത്തനും കൂട്ടരും പാഞ്ഞുകയറി. സദാ കല്ലിലും മുള്ളിലും പണിയെടുക്കുന്ന അവര്‍ക്ക് ഒന്നും പ്രശ്‌നമായിരുന്നില്ല.
വേട്ടക്കാര്‍ പാഞ്ഞുവരുന്നതുകണ്ട് തമ്പ്രാക്കളുടെ ഗുണ്ടകള്‍ കല്ലേറുനിര്‍ത്തി പരക്കംപാഞ്ഞു. പക്ഷേ കുന്നിന്‍ചരിവിലെ ഓട്ടത്തിന് കൂടുതല്‍ മികവുള്ളവര്‍ അടിമച്ചെക്കന്മാര്‍തന്നെ ആയിരുന്നു. കല്ലില്‍തട്ടിവീണ ഒരുവനെ ചാത്തനും കൂട്ടരും പിടികൂടി. അവനെ പൊതിരെ തല്ലുന്നതുകണ്ട് അയ്യന്‍കാളി വിളിച്ചുപറഞ്ഞു.
”ദേഹോപദ്രവം വേണ്ട. അവനെ പിടിച്ചുകെട്ടി കൊണ്ടുപോരെ.”
ഒരു മൈല്‍കൂടി ചെന്നപ്പോള്‍ തമ്പുരാക്കന്മാരുടെ ഒരു വലിയ സംഘം കുറുവടികളുമായി കാത്തുനില്പുണ്ടായിരുന്നു. അവര്‍ ആക്രോശത്തോടെ റോഡിലിറങ്ങി വഴി തടഞ്ഞു.
അയ്യന്‍കാളി വണ്ടി നിര്‍ത്തി.
”മാറിനെടാ വഴീന്ന്.”
അയ്യന്‍കാളി അലറി.
ഗുണ്ടകളുടെ ഉള്ളുപിടഞ്ഞു. പക്ഷേ അവര്‍ പിന്മാറിയില്ല.
”നീ പിടിച്ചുകെട്ടിക്കൊണ്ടുപോകുന്ന ഞങ്ങള്‍ടെ കൂട്ടുകാരനെ വിട്ടുതന്നേരെ. ഞങ്ങളു പൊയ്‌ക്കോളാം.”
ഒരുവന്‍ പറഞ്ഞു.
”അവന്‍ തെറ്റു ചെയ്തവനാ. തക്ക ശിക്ഷ കൊടുത്തിട്ടേ വിടൂ.”
”എന്തുതെറ്റാ അവന്‍ ചെയ്തത്?”
”ചിരുതേ ഇങ്ങു മാറിനില്ല്.”
അയ്യന്‍കാളി വിളിച്ചു. ചിരുത വന്നു. അവളുടെ മുലഞെട്ടുകളില്‍ മുറിപ്പാടുകള്‍.
”എവടെ മൊലേല്‍ ചെരട്ടപ്പൊളി കടിപ്പിച്ചത് ഇവനാ… അതൊരു തെറ്റല്ലേ…?” അയ്യന്‍കാളി ചോദിച്ചു.
തമ്പ്രാന്‍ഗുണ്ടകള്‍ ഉറക്കെച്ചിരിച്ചു.
”അതൊരു തെറ്റാണോ ക്ടാത്താ. പെലക്കള്ളികളെ എല്ലാരും ഇങ്ങനെയൊക്കെ ചെയ്യണതല്ലേ.”
”ഫ തെണ്ടികളേ,” അയ്യന്‍കാളി കഠാര ഊരിപ്പിടിച്ചുകൊണ്ട് വണ്ടിത്തലയ്ക്കല്‍നിന്നും റോഡിലേയ്ക്കു ചാടി. ഗുണ്ടകള്‍ രണ്ടുമൂന്നടി പിന്നോക്കം മാറി.
”ഓടിനെടാ,…. അല്ലേല്‍ അരിഞ്ഞുകളേം ഞാന്‍.” അയ്യന്‍കാളിയുടെ അലര്‍ച്ചകേട്ട് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ നടുങ്ങി. കണ്ണിമയ്ക്കുന്ന നേരംകൊണ്ട് ഗുണ്ടകള്‍ ഓടിരക്ഷപ്പെട്ടു.
അടിമകള്‍ ഒരിക്കല്‍ക്കൂടി ജയിച്ചിരിക്കുന്നു. അവര്‍ കൂടുതല്‍ വീര്യത്തോടെ മുന്‍പോട്ടുനടന്നു.
വൈകുന്നേരത്തോടെ ബാലരാമപുരംചന്തയില്‍ സംഘമെത്തി. അവിടെയുണ്ടായിരുന്ന തമ്പ്രാന്‍ഗുണ്ടകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കച്ചവടക്കാര്‍ മുട്ടുവിറച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. അടിമകള്‍ കരിവെള്ളംപോലെ ചന്തയില്‍ ഒഴുകിനിറഞ്ഞു. വിലക്കപ്പെട്ട പൊതുനിരത്തിലൂടെ അവര്‍ നടന്നുവന്നു. വിലക്കപ്പെട്ട ചന്തയില്‍ അവര്‍ കൂസാതെ നടക്കുന്നു. ചന്തയിലെ വിലക്കപ്പെട്ട പൊതുക്കിണറ്റില്‍നിന്നു വെള്ളം കോരിക്കുടിച്ച് അവര്‍ സംതൃപ്തിയോടെ ഏമ്പക്കം വിട്ടു.
ഒടുവില്‍ വണ്ടിത്തലയ്ക്കല്‍ കയറിനിന്ന് അയ്യന്‍കാളി വിളിച്ചു.
”എല്ലാരും ഈടെ വരീന്‍.”
അടിമകള്‍ നിശ്ശബ്ദരായി ഓടിക്കൂടി. കാളകളെ കെട്ടുന്ന മരക്കുറ്റിയില്‍ കെട്ടിയിരിക്കുന്ന തടവുകാരനെ ചൂണ്ടി അയ്യന്‍കാളി പറഞ്ഞു.
”ചിരുതയെന്ന പാവം പെണ്ണിന്റെ മൊല ഇവന്‍ ചെരട്ടപ്പൂളുതൂക്കി മുറിച്ചു. അതിന് അവള് എന്തെങ്കിലും തെറ്റു ചെയ്തിരുന്നോ കൂട്ടരേ…”
”ഇല്ല എശ്മാന്‍ന്നേ…. ചിരുത തെറ്റൊന്നും ശെയ്തില്ല.”
”ഉണക്കമീനും ഉപ്പും മേങ്ങാന്‍ എവളു ചന്തേല്‍ കേറിയെന്നാണു തമ്പ്രാക്കമ്മാരു പറേണത്. അതൊരു തെറ്റാണോ കൂട്ടരേ….”
”അല്ല എശ്മാനേ,….അല്ല.”
അടിമകള്‍ വിങ്ങിപ്പൊട്ടി. അവര്‍ കണ്ണീരടക്കി വിളിച്ചു പറഞ്ഞു. ”ഞമ്മളും മനുഷേമ്മാരാ എശ്മാ.”
”ഇനി എന്നും നിങ്ങളീ ചന്തേല്‍ വരും. ഉപ്പും ഉണക്കമീനും വാങ്ങും. റോട്ടിലൂടെ നടക്കും. ആരെങ്കിലും എതിര്‍ത്താല്‍ ദാ ഇവനു കൊടുക്കാന്‍ പോകുന്ന ശിക്ഷ അവറ്റകള്‍ക്കും കൊടുത്തിരിക്കും.”
കുറ്റിയില്‍ കെട്ടിയിട്ടിരിക്കുന്ന തടവുകാരനെ ചൂണ്ടി അയ്യന്‍കാളി പറഞ്ഞു.
”ചാത്താ…. അവന്റെ പൊറത്ത് നൂറു ചാട്ടയടി കൊട്. പഹേന്റെ പൊറം പൊളിയട്ടെ.”
അടിമക്കൂട്ടം ആര്‍ത്തു വിളിച്ചു. ചാത്തന്‍ ചാട്ടവീശിക്കൊണ്ടു മുമ്പോട്ടു കുതിച്ചു.
ഇതാണ് അയ്യന്‍കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടിയാത്ര.
ആദ്യത്തെ
കര്‍ഷകത്തൊഴിലാളി സമരം
അഞ്ച് ലക്ഷം വരുന്ന തന്റെ സമുദായത്തില്‍ ഒരാള്‍ക്കുപോലും അക്ഷരം അറിയില്ല. സവര്‍ണരുടെ സ്‌കൂളുകളിലോ കുടിപ്പള്ളിക്കൂടത്തിലോ അയിത്തക്കുട്ടികളെ കയറ്റുകയില്ല. വെങ്ങാനൂര്‍ കവലയില്‍ അയിത്തക്കാര്‍ക്കുവേണ്ടി ഒരു കുടിപ്പള്ളിക്കൂടം കെട്ടിയുണ്ടാക്കാന്‍ അയ്യന്‍കാളി തീരുമാനിച്ചു. പക്ഷേ അടുത്തദിവസം സ്‌കൂള്‍ തീവച്ച് നശിപ്പിക്കപ്പെട്ടു. രോഷാകുലരായ അയ്യന്‍കാളിയും കൂട്ടരും സംശയമുള്ള സകല സവര്‍ണഗുണ്ടകളെയും തല്ലി. വെങ്ങാനൂരും പരിസരവും പടക്കളമായി.
ഉഗ്രകോപം ത്രസിക്കുന്ന മുഖത്തോടെ അയ്യന്‍കാളി തന്റെ കൂട്ടാളികളെ അഭിമുഖീകരിച്ചു.
”ന്റെ കുട്ട്യോളു പഠിക്കണ്ടായെങ്കില് ഈ കാണായ പാടങ്ങളിലൊക്കെ മുട്ടിപ്പുല്ലു കുരുപ്പിക്കും ഞാന്‍.”
അയ്യന്‍കാളി നെഞ്ചത്തടിച്ചുകൊണ്ട് അലറി.
കൂട്ടാളികള്‍ കിടിലംകൊണ്ടു. അയ്യന്‍കാളി തുടര്‍ന്നു.
”കൂട്ടരേ പോകിന്‍. നാനാ ദിക്കുകളിലേയ്ക്കും പോകിന്‍. നാളെ മൊതല് നമ്മടെ സമുദായക്കാരൊന്നും പാടത്തെറങ്ങണ്ടാന്ന് അയ്യന്‍കാളി പറഞ്ഞെന്ന് ഓരോ മാടത്തിലും കേറി പറയിന്‍. ന്റെ ഉത്തരവിനെ ഒരുത്തനും അനുസരിക്കാതിരുന്നുകൂടാന്നും പ്രത്യേകം പറഞ്ഞേക്കിന്‍. പള്ളിക്കൊടത്തില്‍ പോകാത്ത കിടാത്തരു നോക്കിയാലും ജന്മി യശ്മാന്‍മാരെ പട്ടിണിക്കിടാന്‍ പറ്റ്വോന്ന് നമ്മക്കു കാട്ടിക്കൊടുക്കാം.”
”പിന്നെ കൂട്ടരേ…… ഇത്രേം കൂടി പറഞ്ഞേക്കിന്‍. നമ്മടെ ആളോള് എനി പാടത്തെറങ്ങണേല്‍ നമ്മടെ കുട്ട്യോളെ പള്ളിക്കൊടത്തി കേറ്റണം. നമ്മക്കു പണിക്കൂലി കൂടുതലു കിട്ടണം. ഞായറാഴ്ച അവധി വേണം, റോട്ടിലൂടെ സഞ്ചരിക്കുന്നേന് എനിയാരും തടസ്സം നിക്കരുത്. ഇത്രേം അവകാശങ്ങള് നേടീട്ടേ നമ്മളെനി പണിക്കെറങ്ങൂ.”
പണിമുടക്കു തുടങ്ങി ഇരുപത്തിനാലു മണിക്കൂറിനകം കുടികളില്‍ വിശപ്പു കത്തിക്കാളി. എന്നും വിശന്നു നടന്നിട്ടുള്ള മുതിര്‍ന്നവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയും. പക്ഷേ കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ എന്താണവരോട് പറയുക. കഞ്ഞിക്കുപകരം വെള്ളം ചൂടാക്കി കുടിപ്പിച്ച് കുഞ്ഞുങ്ങളെ ഉറക്കാന്‍ അമ്മമാര്‍ പാടുപെട്ടു. തീപുകയാത്ത അടുപ്പിലെ ചാരത്തില്‍ കിടന്ന് പൂച്ചകള്‍ ഉറങ്ങി.
ഇന്ത്യയിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കുലഗുരു പ്രശ്‌നങ്ങളുടെ കരകാണാക്കടലിനു മുന്‍പില്‍ നിസ്സഹായനായി നിന്നു.
അയ്യന്‍കാളി പറഞ്ഞു.

”എന്നാലും പട്ടിണികെടന്നു ചാകാതെ നോക്കാനുള്ള കടമേം നമ്മക്കൊണ്ട്. ചുമ്മാതങ്ങു ചത്താല്‍ പിന്നെ നമ്മടെ മക്കക്ക് ആരാണൊള്ളത്. അതുകൊണ്ടു ചാകാതെ പിടിച്ചു നിക്കണം. കിട്ടുന്നതൊക്കെ തിന്നു വെശപ്പടക്കണം. കഞ്ഞികുടിച്ചാല്‍മാത്രേ വെശപ്പു മാറത്തൊള്ളൂ എന്നൊണ്ടോ?”
”നാളെ പൊലര്‍ച്ചെമൊതല്‍ ആണാളുകള്‍ ആറ്റിലും തോട്ടിലുമെറങ്ങി മീന്‍ പിടിക്കണം. പൂളോനും ചേറുമീനുമൊക്കെ ഇട്ടംപോലെ കിട്ടും. ഞണ്ടും ഞവണിക്കയും പിടിക്കണം. അതും തീറ്റയ്ക്ക് ഉശിരനാണ്. പെണ്ണാളുകള് ആറ്റെറമ്പിലും തൊടീലുമൊക്കെ പരതി നടക്കട്ടെ. താളും തകരേം പറിക്കണം. കൂണ്‍ പറിക്കണം. നൂറോന്‍കെഴങ്ങും നറുനീണ്ടിക്കെഴങ്ങും മാന്തിയെടുക്കണം. അങ്ങനെ കൊറെയൊക്കെ തിന്നാനൊള്ള വക ഒണ്ടാക്കാം. മക്കളെ കശുമാന്തോപ്പിലോട്ടുവിട്. കശുമാങ്ങാ എറിഞ്ഞിട്ടു തിന്നോളും അവര്.”
അയ്യന്‍കാളിയെ ജീവനോടെ പിടിച്ചുകെട്ടിക്കൊടുക്കുന്നവര്‍ക്ക് രണ്ടായിരം രൂപയും രണ്ടു കഷണമാക്കി കൊടുക്കുന്നതിന് ആയിരം രൂപയും പ്രതിഫലം പ്രഖ്യാപിക്കപ്പെട്ടു.
ഏറ്റുമുട്ടലുകള്‍ പതിവു സംഭവമായി. ജന്മിമാരുടെ സില്‍ബന്തികളും അടിയാള യുവാക്കളും പരസ്പരം കണ്ടാലുടന്‍ സംഘട്ടനമുണ്ടാകുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി. അടിയാളക്കുടികള്‍ പലതും അഗ്നിക്കിരയായി. സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. അടിയാളരുടെ പകപോക്കലും വൈകിയില്ല. ഉടന്‍ തിരിച്ചടിയുണ്ടായി. സവര്‍ണ ഭവനങ്ങള്‍ക്കുമേലും കത്തിച്ച തീപ്പന്തുകള്‍ വീണു. പക്ഷേ നിയമപാലകര്‍ എപ്പോഴും സവര്‍ണരോടൊപ്പമായിരുന്നു. ഓരോ സംഭവത്തോടനുബന്ധിച്ചും കള്ളക്കേസുകള്‍ ചമയ്ക്കപ്പെട്ടു. അതിലൊക്കെ അടിയാള യുവാക്കള്‍ അകത്തായി. അവര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിയാള യുവാക്കളെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ എങ്ങും പതിവായി.
സാമൂഹ്യാന്തരീക്ഷം കലുഷിതമായിക്കൊണ്ടിരുന്നു. അടിയാളക്കുടികളില്‍ പട്ടിണിക്കു പല്ലും നഖവും വച്ചു. വാരിയെല്ലുകളില്‍നിന്നു മാംസം വാര്‍ന്നുപോയ കുഞ്ഞുങ്ങള്‍ ജീവനുള്ള അസ്ഥികൂടങ്ങളായി പ്രാഞ്ചി നടന്നു. ജന്മിയുടെ പത്തായപ്പുരയും കാലിയായിക്കഴിഞ്ഞിരുന്നു. ദിനവും പത്തറുപതു പേര്‍ക്കു സദ്യ വിളമ്പിയിരുന്ന ഊട്ടുപുരകളില്‍ വിളമ്പുകാര്‍ വിശന്ന് കിടന്നുറങ്ങി. ക്ഷാമം എങ്ങും പടര്‍ന്നുപിടിച്ചു. അയ്യന്‍കാളിയുടെ ശാപം, ”എന്റെ കുട്ട്യോളെ പടിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലൊക്കെ മുട്ടിപ്പുല്ലു കുരുപ്പിക്കും” എന്ന ശാപം നൂറുമേനി വിളഞ്ഞു. പാടങ്ങളായ പാടങ്ങളൊക്കെ മുട്ടിപ്പുല്ലു കുരുത്ത് കാടുകയറി.

എങ്ങനെയെങ്കിലും ഈ വിപത്തിന് ഒരു പരിഹാരം ഉണ്ടാകണമെന്ന് ഇരുകൂട്ടരും ആഗ്രഹിച്ചു. ജന്മിമാരില്‍ ചിലര്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. പക്ഷേ തൊഴിലാളികള്‍ കൂലി കൂടുതല്‍ ചോദിച്ചു. അതിനു ജന്മിമാര്‍ വഴങ്ങിയില്ല. പിന്നെയും ദുരിതത്തിന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞുകൊണ്ടിരുന്നു. വിഷാദം ഗ്രാമങ്ങളെ പൊതിഞ്ഞു. സവര്‍ണനും അവര്‍ണനും ഒരുപോലെ പട്ടിണിയിലായി. മുറുക്കാന്‍ പീടികകള്‍പോലും അടച്ചുപൂട്ടി.
അന്നു വൈകുന്നേരം കടപ്പുറത്തെ മുക്കുവ മൂപ്പന്റെ ഓലപ്പുരയുടെ ചാണകം മെഴുകിയ തിണ്ണയില്‍ വിരിച്ച തടുക്കുപായയില്‍ അയ്യന്‍കാളി ചമ്രം പടഞ്ഞിരുന്നു. എതിര്‍വശത്ത് പായയില്‍തന്നെ ഇരിക്കുന്ന മൂപ്പന്‍ ഒരു തളിര്‍വെറ്റിലയെടുത്ത് ശ്രദ്ധാപൂര്‍വ്വം ഞരമ്പുകള്‍ നീക്കംചെയ്ത് അതില്‍ ചുണ്ണാമ്പുപുരട്ടുകയാണ്. മുറുക്കാന്‍ ചെല്ലം അയ്യന്‍കാളിയുടെ മുന്നിലേയ്ക്ക് നീക്കിവച്ച് മൂപ്പന്‍ പറഞ്ഞു ”മുറുക്കിന്‍.”
അയ്യന്‍കാളി ഒരു വെറ്റിലയെടുത്തു.
കടപ്പുറത്തെ പ്രമാണിമാര്‍ നെഞ്ചില്‍ കൈകള്‍കെട്ടി ഉപചാരപൂര്‍വ്വം നില്‍ക്കുന്നുണ്ട്.
നീണ്ട മൗനത്തിനൊടുവില്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍തുപ്പല്‍ തന്റെ ആഢ്യത്വ ചിഹ്നമായ പിച്ചളക്കോളാമ്പിയിലേയ്ക്ക് വലിയ ശബ്ദത്തോടെ തുപ്പിയശേഷം മൂപ്പന്‍ തന്റെ അനുചരന്മാര്‍ക്കുനേരെ തിരിഞ്ഞു.
”അപ്പള് അയ്യങ്കാളി പറഞ്ഞതു നിങ്ങളു കേട്ടല്ലോ. അയിത്തക്കാര്‍ടെ ഈ നേതാവ് നമ്മടേം ചങ്ങാതിയാണ്. ജന്മിമാര്‍ക്കെതിരെ ഇങ്ങേരു നടത്തുന്ന സമരം ജയിക്കണം. അതു നമ്മടേം ആവിശ്യം തന്നെ. പക്ഷേങ്കില് മരയ്ക്കാനല്ലാത്തോരെ കടലില്‍ പണിക്കെറക്കുന്നത് നമ്മടെ ആചാരത്തിനു വിരുദ്ധാ. എന്നാല് പാവങ്ങള് പഷ്ണികെടന്നു ചാകുമ്പം ആചാരം നോക്കിയിരുന്നാ കടലമ്മ നമ്മളോട് കോപിച്ചേക്കും. അതോണ്ട് കൂട്ടരേ അയ്യന്‍കാളീടെ ആള്‍ക്കാരുകൂടെ നാളെമൊതലു പണിക്കെറങ്ങട്ടെ അല്യോ.”
മൂപ്പന്‍ തന്റെ കൂട്ടരുടെ മുഖത്തേയ്ക്കു മാറിമാറി നോക്കി.
”അത് മൂപ്പന്റെ തീരുമാനം പോലെ” അവര്‍ പറഞ്ഞു.
മൂപ്പന്‍ മെല്ലെ ചിരിച്ചു. അയ്യന്‍കാളി നെടുവീര്‍പ്പിട്ടു. അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
”മൂപ്പാ… ഈ ഉപകാരം ജീവനൊള്ള കാലം അയ്യന്‍കാളി മറക്കത്തില്ല.”
മടക്കയാത്രയില്‍ വില്ലുവണ്ടി ശരവേഗത്തിലാണു പാഞ്ഞത്. രാത്രിയില്‍തന്നെ കുടികളിലെല്ലാം ദൂതന്മാര്‍ പാഞ്ഞുനടന്നു വിവരം പറഞ്ഞു.
”നാളെ മോന്തിക്കുതന്നെ കടപ്പുറത്തെത്തി പണി തൊടങ്ങാന്‍ അയ്യന്‍കാളി യശ്മാന്‍ കല്പിച്ചിരിക്കുന്നു.”
അടിയാളക്കുടികളില്‍ വീണ്ടും പ്രത്യാശയുടെ പ്രകാശം.

വയലില്‍ പണിയെടുത്തു ശീലിച്ചവര്‍ക്ക് ചാളത്തടിയും കട്ടമരവുമൊന്നും പരിചയമില്ല. പക്ഷേ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ അവരെന്തും ചെയ്യും.
അയ്യന്‍കാളി ഒരിക്കല്‍ക്കൂടി ജേതാവായി ഗ്രാമവീഥികളില്‍ക്കൂടി വില്ലുവണ്ടിയോടിച്ചു. പിന്‍വാങ്ങലിന്റെ നാണക്കേടില്‍നിന്ന് തന്റെ സമുദായം വീണ്ടും രക്ഷപ്പെട്ടിരിക്കുന്നു.
അടിയാളന്മാര്‍ കടലിലിറങ്ങി മീന്‍പിടുത്തം തുടങ്ങി. പെണ്ണാളുകള്‍ മരക്കാത്തിമാര്‍ക്കൊപ്പം മീന്‍കുട്ട ചുമന്ന് ഗ്രാമങ്ങളിലൂടെ നീങ്ങി. ഈ കാഴ്ച ജന്മിമാര്‍ക്കു സഹിച്ചില്ല. തങ്ങളുടെ നില തീര്‍ത്തും പരുങ്ങലിലാവുന്നത് അവര്‍ കണ്ടു. അടിമകള്‍ മീന്‍ പിടിച്ചാണെങ്കിലും ജീവന്‍ നിലനിര്‍ത്തും. ഒഴിഞ്ഞ പത്തായപ്പുരകള്‍ക്കു കാവല്‍കിടക്കുന്ന ജന്മിമാര്‍ക്ക് നിലനില്പിനൊരു വഴിയില്ല. ഈ നില തുടര്‍ന്നാല്‍ ജന്മിവീടുകളില്‍ ഇനി പട്ടിണിമരണമുണ്ടാകും.
ഈ പരിവര്‍ത്തനങ്ങള്‍ ദിവാന്‍ രാജഗോപാലാചാരി സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് പീഡിതര്‍ക്കൊപ്പം ആയിരുന്നു. എല്ലാം ഒന്നു കലങ്ങിത്തെളിയുംവരെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. കഠിന യാതനകള്‍ സഹിച്ച് ഇത്രയും നാള്‍ സമരത്തില്‍ പിടിച്ചുനിന്ന അധഃസ്ഥിതരോട് അദ്ദേഹത്തിന് അനുകമ്പയുണ്ടായിരുന്നു. ദിവാന്‍ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം അനുരഞ്ജനത്തിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കണ്ടള നാഗംപിള്ളയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. ഇരുകൂട്ടരെയും പ്രത്യേകമായും കൂട്ടായും കണ്ട് നാഗംപിള്ള തെളിവെടുപ്പുനടത്തി. തൊഴിലാളികളുടെ ഭാഗത്ത് ന്യായമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഒടുവില്‍ അദ്ദേഹം നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ഇരുകൂട്ടരും സമ്മതിച്ചു. അതനുസരിച്ച് അടിയാളര്‍ക്ക് കൂടുതല്‍ കൂലി കിട്ടി. ഞായറാഴ്ച അവധി അനുവദിക്കപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം, സ്‌കൂള്‍പ്രവേശനം എന്നീ വിഷയങ്ങളില്‍ വിട്ടുവീഴ്ചകള്‍ ആകാമെന്ന് ജന്മിമാര്‍ സമ്മതിച്ചു. അങ്ങനെ ഒരു വര്‍ഷം നീണ്ടുനിന്ന സുദീര്‍ഘമായ സമരം 1908-ല്‍ അവസാനിച്ചു.
അഞ്ചുലക്ഷം വരുന്ന തന്റെ സമുദായത്തെ ഓടയിലെ മാലിന്യത്തില്‍നിന്നും പിടിച്ചുകയറ്റി മനുഷ്യസമൂഹത്തിന്റെ പൊതു ധാരയില്‍ പ്രവേശിപ്പിച്ചു അയ്യന്‍കാളി.
സ്വന്തം സമുദായാംഗങ്ങള്‍ അമ്പലത്തില്‍ കയറാനും ഈശ്വരനെ പേരുചൊല്ലി വിളിക്കാനും സവര്‍ണ ഹിന്ദുക്കള്‍ അനുവദിക്കാതിരുന്നിട്ടുകൂടി, വിദേശമിഷണറിമാര്‍ തന്റെ സമുദായത്തെ കൂട്ടമതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നതുകണ്ട് അതിനെതിരെ ഇരുമ്പുകോട്ടപോലെ നിന്നുകൊണ്ട് അയ്യന്‍കാളി പോരാടി. അയ്യന്‍കാളിയുടെ വ്യക്തിത്വത്തിലെ ഏറ്റവും തിളക്കമേറിയ ഘടകവും ഇതുതന്നെയായിരിക്കും.
ശ്രീമൂലം പ്രജാസഭാംഗമായശേഷം കൂടുതല്‍ അധഃകൃതവര്‍ഗ്ഗ പ്രതിനിധികളെ പ്രജാസഭാംഗങ്ങളാക്കുന്നതിനുവേണ്ടി വാദിച്ചു.
അയിത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കുവേണ്ടി വാദിച്ചത് അയ്യന്‍കാളിയാണ്.
ഫീസ് സൗജന്യവും സ്‌കോളര്‍ഷിപ്പും നേടിയത് അയ്യന്‍കാളിയാണ്.
തൊഴിലധിഷ്ഠിത പഠനത്തിനും നിര്‍ബന്ധിത വിദ്യാഭ്യാസത്തിനും വേണ്ടി അയ്യന്‍കാളി വാദിച്ചു.

കോടതികളില്‍ കയറി കേസ് കൊടുക്കാനുള്ള അവകാശം അയ്യന്‍കാളി വാദിച്ചു നേടി.
ഭൂരഹിതരായ തന്റെ സമുദായാംഗങ്ങള്‍ക്ക് പുതുവല്‍ഭൂമി പതിച്ചു കിട്ടുന്നതിനുവേണ്ടിയും ആരാധനാലയങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടിയും അയ്യന്‍കാളി കഠിനയത്‌നം നടത്തി.
അയ്യന്‍കാളി പോരാട്ടം ആരംഭിച്ചപ്പോള്‍ അയിത്തം കല്‍പ്പിക്കപ്പെട്ട സമുദായങ്ങളില്‍നിന്ന് ഒരാള്‍ പോലും സ്‌കൂളുകളില്‍ ഉണ്ടായിരുന്നില്ല. ആ മഹനീയ ജീവിതത്തിന്റെ ഭൗതികശരീരം കാലയവനികയില്‍ മറയുമ്പോഴേയ്ക്കും പതിനായിരക്കണക്കിന് അത്തരം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഉണ്ടായിരുന്നു; അനേകം പേര്‍ പഠിച്ച് സര്‍ക്കാര്‍ ഉദ്യോഗം നേടിയിരുന്നു.
നൂറുശതമാനവും വിജയംകണ്ട പോരാട്ടമായിരുന്നു അത്.
1930-കളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ ചുവടുറപ്പിക്കുന്നതിനു മുന്‍പുതന്നെ അധികഭാഗവും അധഃകൃതരടങ്ങുന്ന കര്‍ഷക തൊഴിലാളിവര്‍ഗ്ഗം തൊഴില്‍സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നുവന്ന് വിജയം നേടുന്നതെങ്ങനെയെന്നു പഠിച്ചിരുന്നു. പണിമുടക്കും സമ്മര്‍ദ്ദ തന്ത്രങ്ങളും പോരാട്ടങ്ങളും സംഘടിതശക്തിയുടെ ഫലപ്രദമായ പ്രയോഗവും അയ്യന്‍കാളി അവരെ പഠിപ്പിച്ചിരുന്നു.
അയ്യന്‍കാളി ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസ്റ്റുപ്രസ്ഥാനം വിത്തെറിഞ്ഞത്. കൈ നനയാതെ അവര്‍ കൊയ്ത വിളവ് നൂറുമേനിയായിരുന്നു.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies