Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദിവ്യദുഃഖത്തിന്റെ പൊരുളിലേക്ക്‌

എം.ശ്രീഹര്‍ഷൻഎം.ശ്രീഹര്‍ഷൻ
30 June 2023

പ്രൊഫ. ആര്‍.രാമചന്ദ്രന്‍ എന്റെ അധ്യാപകനായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് മലയാളഭാഷയും സാഹിത്യവുമായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ശേഷം അവസാനകാലംവരെ തന്റെ വീട്ടില്‍വച്ച് അദ്ദേഹം അധ്യാപനം തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രതിഫലേച്ഛയില്ലാതെ. കേരളത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നായി അദ്ദേഹത്തെത്തേടി അനവധി ആളുകള്‍ അവിടെ വന്നു. അധ്യാപകരും വിദ്യാര്‍ഥികളും സാഹിത്യകുതുകികളും. ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായിരുന്നു അവരെ അദ്ദേഹം പഠിപ്പിച്ചത്. എന്നാല്‍ തന്റെ കലാലയവിദ്യാഭ്യാസകാലത്ത് രാമചന്ദ്രന്‍മാഷ് പഠിച്ചത് സംസ്‌കൃതഭാഷയും സാഹിത്യവുമായിരുന്നു. സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലും ഒരുപോലെ അഗാധപാണ്ഡിത്യമുണ്ടായിരുന്ന മഹാപ്രതിഭ.

Google NewsAdd Kesari Weekly as a preferred source on Google

പാശ്ചാത്യസാഹിത്യത്തിന്റെയും ഭാരതീയസാഹിത്യത്തിന്റെയും ആഴങ്ങളിലൂടെ ഒരുപോലെ സഞ്ചരിക്കുകയും അവയുടെ പുതുവായനകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്ന കവിയായിരുന്നു ആര്‍. രാമചന്ദ്രന്‍. അതോടൊപ്പം അദ്ദേഹം മലയാളസാഹിത്യത്തിന്റെ വികാസഗതികളെ ഉള്‍ക്കൊള്ളുകയും അതിനെ നവീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. അത്തരത്തിലുള്ള കവികള്‍ ഒരുപക്ഷെ മലയാളത്തില്‍ അപൂര്‍വമാണ്.

രാമചന്ദ്രന്‍ മാസ്റ്റര്‍ വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. കവിതയായാലും നിരൂപണമായാലും ലേഖനമായാലും. ഒരു ഘട്ടത്തില്‍ കാവ്യരചന ഉപേക്ഷിക്കുകയും ചെയ്തു അദ്ദേഹം. അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ കാശിയില്‍പ്പോയി. അവിടെപ്പോയാല്‍ ഒന്നുകില്‍ ജീവന്‍ ഉപേക്ഷിക്കണം. അല്ലെങ്കില്‍ പ്രാണതുല്യം സ്‌നേഹിക്കുന്ന മറ്റെന്തെങ്കിലും. ഞാനവിടെ എന്റെ കവിതയാണ് ഉപേക്ഷിച്ചത്.”

ADVERTISEMENT

കവിത അദ്ദേഹത്തിന് ആത്മഭാവം തന്നെയായിരുന്നു. അതുകൊണ്ടാണ്് വളരെക്കുറച്ച്മാത്രം എഴുതിയത്. വളരെ കുറഞ്ഞ വാക്കുകള്‍ മാത്രമേ രാമചന്ദ്രന്‍മാഷ് ഉപയോഗിക്കാറുള്ളൂ. അവയാവട്ടെ ഒരേസമയം അനേകം അര്‍ത്ഥതലങ്ങളിലേക്കും ഭാവങ്ങളിലേക്കും നമ്മെ ഉപനയിക്കുന്നു.
”ഒന്നുമില്ലൊന്നുമില്ല.
മീതെ
പകച്ചേനില്‍ക്കുമംബരം മാത്രം
താഴെ
കരളുറഞ്ഞുപോം പാരിടം മാത്രം
ഒന്നുമി,ല്ലൊന്നുമില്ല.
വഴിയറിയാതണയും
പൊല്‍ക്കതിര്‍മാത്രം
കൊതിപൂണ്ടുയരും
പച്ചിലക്കൂമ്പുമാത്രം
ഒന്നുമി,ല്ലൊന്നുമില്ല.
ഒരു ചുംബനം മാത്രം
ഒരു നിര്‍വൃതിമാത്രം
ഒന്നുമി,ല്ലൊന്നുമില്ല.
അടരുമലര്‍ മാത്രം
പടരുമിരുള്‍ മാത്രം
ഒന്നുമി,ല്ലൊന്നുമില്ല.”

വെറും പതിനേഴ് വരികള്‍ മാത്രമുള്ള കവിത. ‘ഒന്നുമില്ല’ എന്നാണ് കവി ആവര്‍ത്തിക്കുന്നതെങ്കിലും വായനക്കാരുടെ മനസ്സിലേക്ക് ഒന്നിനു പിറകെ മറ്റൊന്നായി ഒരുപാട് അനുഭവങ്ങള്‍ കടന്നു വന്നുകൊണ്ടിരിക്കും. യശോദയ്ക്കു മുന്നില്‍ വാ തുറന്ന ഉണ്ണിക്കണ്ണന്റെ വായില്‍ക്കണ്ടപോലെ പ്രപഞ്ചത്തിലെ എല്ലാ ഉണ്മകളും നമ്മുടെ സംവേദനതലത്തില്‍ നിറയും. ഒന്നുമില്ലായ്മയില്‍ എല്ലാമുണ്ടെന്ന് അനുഭവിപ്പിക്കാന്‍ വളരെക്കുറച്ച് വാക്കുകള്‍ മാത്രമേ കവിക്കാവശ്യമുള്ളൂ. ‘പകച്ചുനില്‍ക്കുന്ന അംബരം’, ‘കരളുറഞ്ഞുപോവുന്ന പാരിടം’, ‘വഴിയറിയാതുഴലുന്ന പൊല്‍ക്കതിര്‍’, ‘കൊതിപൂണ്ടുണരുന്ന പച്ചിലക്കൂമ്പ്’, ‘ചുംബനം’, ‘നിര്‍വൃതി’, ‘അടരുന്ന അലരും പടരുന്ന ഇരുളും’ (അലര്‍ എന്നാല്‍ നിലവിളി അഥവാ ദുഃഖം) എന്നീ കുറച്ചു പദങ്ങള്‍. ഈ പദച്ചെപ്പില്‍നിന്ന് അനുവാചകമനസ്സില്‍ വികസിക്കുന്നത് അനാദിയും അനന്തവുമായ ആശയപ്രപഞ്ചമാണ്.
പലപ്പോഴും കവിതയില്‍ ആധുനികതയുടെ ഘടന സ്വീകരിച്ചവര്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളും കാവ്യബിംബങ്ങളും വായനയുടെ വ്യത്യസ്തതലങ്ങളില്‍ പ്രത്യക്ഷാര്‍ഥത്തിനപ്പുറത്തുള്ള വിതാനങ്ങളിലേക്ക് വളരുന്നവയായിരിക്കും.

”വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം”
എന്ന അക്കിത്തത്തിന്റെ വരികള്‍ നോക്കുക: വെളിച്ചത്തെ നിഷേധിക്കലോ ഇരുട്ടിനെ ആവാഹിക്കലോ അല്ല അത്. കാക്ക കൊത്തിവലിക്കുന്ന കണ്ണുകളുമായി നിരത്തില്‍ ചത്തു മലച്ചുകിടക്കുന്ന അമ്മയുടെ മാറില്‍ക്കിടന്ന് മുല ചപ്പിവലിക്കുന്ന ചോരക്കുഞ്ഞിനോടാണ് കവി അതു പറയുന്നത്. ആ നരവര്‍ഗനവാതിഥിക്കു ചുറ്റും പരന്നുനിറയുന്ന അനാഥവും അഭിശപ്തവുമായ ജീവിതത്തിന്റെ വെളിച്ചം ദുഃഖമാണെന്ന്. അതിനേക്കാള്‍ സുഖപ്രദമായിരുന്നല്ലോ ഗര്‍ഭപാത്രത്തിലെ ഇരുട്ടെന്ന്.
സുഗതകുമാരിയുടെ ‘ഒറ്റയ്ക്ക്’ എന്നൊരു കവിതയുണ്ട്.
”ഒറ്റയ്ക്കിരിക്കാന്‍ പഠിച്ചു ഞാന്‍
കൂരിരുട്ടില്‍, കൊടുങ്കാട്ടില്‍ എന്റേതാകും
ഒറ്റമരത്തിന്‍ ചുവട്ടില്‍…”

എന്നാണാ കവിത. കവി പറയുന്ന കൂരിരുട്ടും കൊടുങ്കാടും നിരാലംബതയുടെയും അനാഥത്വത്തിന്റേതുമാണ്. അവിടെ ഒറ്റക്കിരിക്കാനായി തന്റേതുമാത്രമായ മരച്ചുവട് സാന്ത്വനത്തിന്റെയും അഭയത്തിന്റേതുമാണ്. കവിക്കതില്‍നിന്ന് മാറിനില്‍ക്കാനാവില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ കവി ഒരിക്കലും ഒറ്റക്കായിരുന്നില്ല. അശരണരായ മനുഷ്യാത്മാക്കളുടെ നടുക്കായിരുന്നുവല്ലോ.

ലോകസാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാവ്യപരിണാമങ്ങളൊക്കെ നിരീക്ഷിച്ചുകൊണ്ട് മലയാളകവിതയെ നവീകരിക്കുന്നതില്‍ മുന്നില്‍ നിന്ന കവിയാണ് ആര്‍.രാമചന്ദ്രന്‍. രൂപത്തിലും ഘടനയിലും സമീപനത്തിലും സാമ്പ്രദായികരീതികളില്‍നിന്നുള്ള സ്വാഭാവികവളര്‍ച്ചയിലൂടെ, പാശ്ചാത്യസ്വാധീനം തീരെയില്ലാതെ, എന്നാല്‍ ആധുനികമായ സംവേദനങ്ങള്‍ക്ക് അനുഗുണമായ ഭാവുകത്വം നിറഞ്ഞുനില്‍ക്കുന്ന തനതായ കാവ്യശൈലി രൂപപ്പെടുത്തിയ കവി. കൊച്ചുസദസ്സുകളിലെ ഹൃദയസംവാദങ്ങളിലൂടെയാണ് അദ്ദേഹം മലയാളകാവ്യലോകത്ത് ആധുനികതയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചത്.
വീശിവരുന്ന ഇളംകാറ്റുപോലെയായിരുന്നു അദ്ദേഹം ഞങ്ങളുടെ ക്ലാസ് മുറിയിലേക്ക് കടന്നു വന്നിരുന്നത്. ചന്ദനഗന്ധംപോലെ ഒരു സുഖദസാന്നിധ്യം. ലളിതമായ വേഷം. കൃശമായ ശരീരം. മുഖം നിറയെ നിലാവ്‌പോലത്തെ പുഞ്ചിരി. ഒതുങ്ങിയ ശാന്തമായ സ്വരത്തില്‍ കാലുഷ്യമില്ലാതെ, തെളിമയോടെ പറയുന്ന ഗഹനമായ ആശയങ്ങള്‍. ആ സുഭഗലാളിത്യത്തിനുള്ളില്‍ ആശയങ്ങളുടെ, ചിന്തകളുടെ, ദര്‍ശനങ്ങളുടെ ഒരു വന്‍കടല്‍ ഇരമ്പിക്കൊണ്ടേയിരുന്നു.

നഗരമധ്യത്തില്‍ ജീവിക്കുമ്പോഴും ഗ്രാമീണതയുടെ ഗൃഹാതുരസ്മൃതികള്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന കവി. പാരമ്പര്യമായി ലഭിച്ചതൊക്കെയും അവസാനശ്വാസംവരെ അനുഷ്ഠിച്ചുവന്നു. പരിഭവങ്ങളോ പരാതികളോ വിദ്വേഷമോ കാലുഷ്യമോ ഇല്ലാതെ എല്ലാവരോടും ആത്മാര്‍ഥമായ സൗഹൃദം പുലര്‍ത്തുന്ന സാധാരണമനുഷ്യന്‍. ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കുന്ന കവിയുടെ ഉള്ളില്‍ അഗ്നിപര്‍വതംപോലെ ദുഃഖം തിളച്ചുനില്‍ക്കയായിരുന്നു. അദ്ദേഹം പറയുന്നു:

”കൊച്ചുകുട്ടിയുടെ ദുഃഖം, അമ്മയില്‍നിന്ന് തട്ടിക്കൊണ്ടുപോകുന്ന കൊച്ചുകുട്ടിയുടെ ദുഃഖം. ആ ദുഃഖം യാഥാര്‍ഥ്യമാണ്. സത്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ദുഃഖമില്ല എന്നു പറയാറുണ്ട്. പക്ഷെ കുട്ടി എങ്ങിനെ മനസ്സിലാക്കും. ആ ദുഃഖം അവിടെ നിലനില്‍ക്കുന്നുണ്ട്. ആ യാഥാര്‍ഥ്യം അവിടെ നിലനില്‍ക്കുകയാണ്.” ഇത് പാശ്ചാത്യമായ അസ്തിത്വദുഃഖമാണോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇതാണ്: ”ജീവിതത്തിന്റെ ദുഃഖം കണ്ടിട്ട് അങ്ങോട്ട് ഓടിപ്പോയ ആളാണല്ലോ ബുദ്ധന്‍. ആ ദുഃഖമാണ് എന്റെയും ദുഃഖം. അതൊരിക്കലും വെസ്റ്റേണ്‍ അല്ല. ദുഃഖം എന്ന സത്യമുണ്ട്. അതിനെ മറികടക്കാന്‍ എനിക്ക് കഴിയില്ല. ഒരാട്ടിന്‍കുട്ടി നിലവിളിച്ചാല്‍ മതി- വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അമ്മേ എന്ന ഒരു വിളി കേട്ടാല്‍ മതി, എന്റെ മനസ്സ് തരളിതമായിപ്പോവും. പിന്നെ കുറേ നേരം എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ജീവിതത്തിന്റെ അനാഥത്വം അനുഭവപ്പെടും അപ്പോള്‍. ഈ അവസ്ഥ ഞാന്‍ അപഗ്രഥിച്ചിട്ടില്ല, ഇതുവരെ. എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ അനുഭവിക്കുകയാണല്ലോ അത്.”

ഒരു കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ സംവേദനതലത്തിലൂടെ കവിയുടെ സര്‍ഗപ്രപഞ്ചത്തിലേക്ക് അറിയാതെ നാം എത്തിപ്പെടും. അവിടെനിന്നുള്ള ഊര്‍ജപ്രസരണം നമ്മുടെ ചിന്താമണ്ഡലത്തെ പ്രചോദിപ്പിക്കുകയും കാവ്യാസ്വാദനത്തിന്റെ സാഫല്യത്തിലേക്ക് നയിക്കുകയും ചെയ്യും.
ലോകജീവിതത്തിന്റെ ദുഃഖപൂരിതമായ അന്തര്‍ധാരകള്‍ തന്റെ കാവ്യചോദനകളുടെ ചൈതന്യമായി മാറ്റുമ്പോഴാണ് കവികര്‍മ്മം ധന്യമാവുന്നത്. ആര്‍. രാമചന്ദ്രന്റെ ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍’ എന്ന കവിതയില്‍ ദുഃഖമാണ് സ്ഥായിയായ ശ്രുതി. ദുഃഖം എന്താണ്, എന്തുകൊണ്ട് എന്നു മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ കവിതയുടെ ആസ്വാദനം. എന്നാല്‍ കവിക്ക് അത്തരം ശങ്കകളില്ല. വായനക്കാരനാണ് ദുഃഖവിരാമം വരേണ്ടത്. നിത്യസത്യത്തെ ഭാവനയിലൂടെ പിന്തുടരുന്ന എല്ലാവരുടെയും ഹൃദയരഹസ്യമാണ് അത്. ആ വൈവശ്യം ധന്യമായ ഒരു അനുഭവമാണ് അവര്‍ക്ക്. നമുക്കതിനെ ‘ദിവ്യദുഃഖം’ എന്ന് വിളിക്കാം. കാണാനോ നേരിട്ടനുഭവിക്കാനോ വയ്യാത്ത ഒന്നിനെ സങ്കല്പഛായകൊണ്ട് മുന്നില്‍ വരുത്താന്‍ ശ്രമിക്കുകയാണ് കവി.
ദുഃഖത്തിന്റെ തീവ്രത, ഈ കവിതയില്‍ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങുകയാണ്.

”ഈയന്ധകാരത്തി,-
ലീ നിശ്ശബ്ദതയില്‍
നിന്‍ കരളിലെ
ശ്യാമവര്‍ണമാം ദുഃഖത്തിന്‍ സത്യം
എന്നെച്ചൂഴു-
മീയേകാന്തതയില്‍ നിഴലിക്കേ
വിശ്വനായകാ,
നിന്നെ ഞാനറിയുന്നേന്‍”

എന്നു പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. അന്ധകാരം, നിശ്ശബ്ദത, ഏകാന്തത എന്നീ പദങ്ങളുടെ അര്‍ഥതലങ്ങളില്‍നിന്നുകൊണ്ടാണ് ശ്യാമവര്‍ണമായ ദൂഃഖത്തെ കവി അവതരിപ്പിക്കുന്നത്. ഇന്ദ്രിയഗോചരമല്ലാത്ത ഒരു സങ്കല്പത്തെ മനോമയമായ സംവേദനങ്ങളിലൂടെ അറിയുകയാണ് കവി. വിശ്വനായകനായ ഈശ്വരനെ. തന്റേതായ ഒറ്റപ്പെടലില്‍ നിഴലിക്കുന്ന ദുഃഖത്തിലൂടെ. അന്ധകാരത്തില്‍ ശ്യാമവര്‍ണത്തിന് എങ്ങനെയാണ് നിഴലുണ്ടാവുക? ബാഹ്യവായനയില്‍ നമ്മുടെ സാമാന്യയുക്തികളുമായി പൊരുത്തപ്പെടാനാവാത്ത കല്പനകള്‍ നിറഞ്ഞതാണ് ഈ കവിത. യുക്തിക്കതീതമായ ചില സത്യങ്ങള്‍. അവയുടെ പൊരുള്‍ അന്വേഷിച്ചുപോവുമ്പോഴാണ് കവിതയുടെ അന്യാദൃശമായ സംവേദനതലങ്ങളില്‍ നാം എത്തിപ്പെടുക.

അന്ധകാരം, നിശ്ശബ്ദത, ശ്യാമവര്‍ണം, ദുഃഖം, സത്യം, ഏകാന്തത, നിഴലിക്കല്‍, വിശ്വനായകന്‍, അറിയുക തുടങ്ങി ആദ്യഖണ്ഡത്തില്‍ ഉപയോഗിച്ച പദങ്ങളെല്ലാം ബാഹ്യരൂപങ്ങള്‍ക്ക് അപ്പുറമുള്ള അര്‍ത്ഥതലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മിലോരോരുത്തരുടെയും അനുഭവങ്ങളുടെ മാനങ്ങളനുസരിച്ച് (ഉശാലിശെീി) ഈ വാക്കുകള്‍ അനേകമായ ചിന്തകളിലേക്ക് നമ്മെ ഉപനയിക്കും. കവിതയുടെ ബാക്കിഭാഗങ്ങളിലേക്ക് കടക്കുമ്പോള്‍ അര്‍ത്ഥപ്പൊരുളുകള്‍ വ്യക്തമായി തെളിയുകയും ചിന്തകളുടെ ദിശ ഏകമുഖമാവുകയും ചെയ്തുകൊണ്ടിരിക്കും. തുടക്കത്തില്‍ത്തന്നെ വായനക്കാരന് അനുഭവപ്പെടുന്ന ഒടുങ്ങാത്ത അര്‍ത്ഥാന്വേഷണവാഞ്ച പിന്നെപ്പിന്നെ കാവ്യാസ്വാദനത്തിന്റെ പുതിയ അനുഭൂതികളിലേക്കാണ് ചെന്നെത്തുക. അത് കൂടുതല്‍ എളുപ്പമാവണമെങ്കില്‍ കവിയെയും കാവ്യപശ്ചാത്തലത്തെയും നാം നന്നായി അറിയേണ്ടതുണ്ട്.

ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ മനസ്സിലൂറുന്ന ഈ ദുഃഖത്തിന്റെ സത്യമാണ് കാവ്യരചനയുടെ അനര്‍ഘനിമിഷത്തില്‍ ദിവ്യദുഃഖമായി കവിമനസ്സില്‍ പിറവികൊള്ളുന്നത്. അന്ധകാരവും നിശ്ശബ്ദതയും നിറഞ്ഞ ഏകാന്തതയില്‍ ആ ദിവ്യദുഃഖത്തിന്റെ നിഴലിലൂടെ കവി വിശ്വനായകനെ അറിയുകയാണ്. ദുഃഖച്ഛായയില്‍ അന്നമയവും മനോമയവും പ്രാണമയവുമായ ജീവകോശങ്ങളിലൂടെയുള്ള ആത്മാന്വേഷണമാണ് അത്. കര്‍മ്മപ്രപഞ്ചത്തിന്റെ ബഹളങ്ങള്‍ക്ക് എത്തിപ്പിടിക്കാവാനാത്ത ഏകാന്തതയില്‍ അനുഭവപ്പെടുന്ന ഈ ദുഃഖം ‘അജന്ത’ എന്ന കവിതയുടെ ഊര്‍ജ്ജമായി മറ്റൊരിടത്ത് കവി ആവിഷ്‌കരിച്ചിട്ടുണ്ട്.

അജന്തയിലെ അനവധി ഗുഹകളില്‍ ഒന്നില്‍ ആറടി പൊക്കമുള്ള ബുദ്ധവിഗ്രഹത്തിന്റെ ചുണ്ടില്‍ വൈകീട്ട് നാലുമണി നേരത്ത് മുകളിലെ ഏതോ ഒരു സുഷിരത്തിലൂടെ സൂര്യരശ്മി വന്നു പതിക്കാറുണ്ട്. അവിടം സന്ദര്‍ശിച്ചപ്പോള്‍ ഒരിക്കല്‍ രാമചന്ദ്രന്‍ മാഷ് ആ അപൂര്‍വമായ കാഴ്ച കാണാനിടയായി. കാലം സ്തംഭിച്ചുനില്‍ക്കുന്ന അജന്താഗുഹയിലെ നിത്യശീതളതമസ്സിന്റെ മടിത്തട്ടില്‍ ബുദ്ധന്റെ ചുണ്ടത്തു സൂര്യകിരണം വന്നു തട്ടുമ്പോള്‍ അവിടെ ചെറിയൊരു പുഞ്ചിരി വിടരുന്നതുപോലെയാണത്രേ അദ്ദേഹത്തിന് തോന്നിയത്. ഭഗവാന്‍ ബുദ്ധന്‍, ജീവിതത്തെയോര്‍ത്ത് സഹതാപത്തോടെ പുഞ്ചിരിക്കുന്നതുപോലെ. ഘനീഭൂതമായ ദുഃഖത്തില്‍നിന്ന് പിറവികൊള്ളുന്ന പുഞ്ചിരി. ”ആ പുഞ്ചിരിയാണ് ‘അജന്ത’ എന്ന കവിതയില്‍ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്” എന്നാണ് മാഷ് പറഞ്ഞത്.

”ദുഃഖമാണെന്നോ, ഭദ്രേ
വെണ്ണിലാവൊളി മായും
നീരവനിശകളില്‍
കുളിര്‍കാറ്റായണഞ്ഞ്
എന്നിലുണര്‍ത്തിടും
ജന്മാന്തരസൗഹൃദസ്മരണകള്‍?
അറിവീല ഞാന്‍,
എന്‍ മിഴികളില്‍ തെളിയുന്നിത്
അനുതാപാര്‍ദ്രമാം
തഥാഗത മന്ദസ്മിതം.”

തന്റെ ബാഹ്യനേത്രത്തിലും അന്തര്‍നേത്രത്തിലും തെളിയുന്നത് അനുതാപത്താല്‍ ആര്‍ദ്രമായ ബുദ്ധഭഗവാന്റെ ആ പുഞ്ചിരി മാത്രമാണ് എന്നു പറഞ്ഞുകൊണ്ടാണ് ‘അജന്ത’ എന്ന കവിത അവസാനിക്കുന്നത്.
അന്ധകാരവും നിശ്ശബ്ദതയുമാര്‍ന്ന ഏകാന്തത ഒരു പ്രപഞ്ചസത്യമാണ്. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ഊര്‍ജ്ജപ്രസരണമില്ലാത്ത തമോഗര്‍ത്തം – Black hole. എന്നാല്‍ എല്ലാ Galaxy കളെയും അവിടേക്ക് പിടിച്ചുവലിക്കുന്ന അമേയമായ ഗുരുത്വശക്തി അതില്‍ കുടികൊള്ളുന്നുണ്ട്.

കാവ്യരചനാവേളയില്‍ പ്രതിഭയുടെ ചൈതന്യം മൂര്‍ച്ഛിക്കുമ്പോള്‍ കവിമനസ്സിലും അത്തരമൊരു തമോഗര്‍ത്തം രൂപംകൊള്ളും. ബാഹ്യവും ആന്തരികവുമായ എല്ലാ അനുഭവങ്ങളുടെയും പൂര്‍ണത ചേര്‍ന്ന ഗുരുത്വോര്‍ജ്ജമാണതിലുള്ളത് – ഇീാെശര ഴൃമ്ശ്യേ. ഇരുട്ടാണതില്‍ നിറയെ. ശ്യാമവര്‍ണം.

സപ്തവര്‍ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാവേണ്ടത് വെണ്മയാണ്. എന്നാല്‍ ഒരു ചിത്രകാരന്‍ തന്റെ പാലറ്റില്‍ ഏഴു ചായങ്ങള്‍ തുല്യഅളവില്‍ എടുത്ത് ചാലിക്കുമ്പോള്‍ അയാള്‍ക്ക് കിട്ടുക കടുംകറുപ്പ് ചായക്കൂട്ടായിരിക്കും. പ്രതലത്തില്‍ വെളുപ്പായല്ല കറുപ്പായാണ് നാം കാണുന്നത്. കണ്ണ് നമ്മെ പറ്റിക്കുകയാണ്. പഞ്ചേന്ദ്രിയങ്ങളുടെ വഞ്ചന. പ്രതലം എല്ലാ നിറങ്ങളും ആഗിരണം ചെയ്യുമ്പോള്‍ അത് കറുപ്പായും എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുമ്പോള്‍ വെളുപ്പായുമാണ് കണ്ണുകള്‍ തിരിച്ചറിയുന്നത്. ഒരു പൂവ് ചുവപ്പായി കാണുന്നത്, ചുവപ്പൊഴികെ എല്ലാ നിറങ്ങളെയും അത് ആഗിരണം ചെയ്യുകയും ചുവപ്പിനെ മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്ന് പ്രകാശശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഏതു നിറമാണോ പൂവിന് വേണ്ടാതായത് ആ നിറത്തിലാണ് നാമതിനെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. ഉണ്മ അനുഭവത്തില്‍ മറിച്ചായി തോന്നുക. ഈ വൈരുദ്ധ്യം ശാസ്ത്രസത്യമാണ്.

കവിതകളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ക്കും അങ്ങനെതന്നെ. ചില വിപരീതസത്യങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ഡി.വിനയചന്ദ്രന്റെ ‘വിനയചന്ദ്രിക’ എന്ന കവിതയില്‍ ‘കുളിരുള്ള തീയായ ഞാനൊത്ത പ്രണയിനി’ എന്നൊരു പ്രയോഗമുണ്ട്. തീയുടെ കുളിര് എന്നത് കവിക്കുമാത്രം സങ്കല്പിക്കാന്‍ കഴിയുന്ന സവിശേഷഗുണമാണ്. സാമാന്യയുക്തിക്കപ്പുറത്തുള്ള അത്തരം കല്പനകള്‍ ആധുനിക കവിതയുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്നാണ്.

നിറങ്ങളെല്ലാം ആഗിരണംചെയ്തതിനാല്‍ കറുപ്പുനിറത്തില്‍ കാണുന്ന പ്രതലംപോലെ വ്യത്യസ്തമായ എല്ലാ ജീവിതാനുഭവങ്ങളും ഒരുമിച്ച് ആഗിരണം ചെയ്യുമ്പോള്‍ കവിമനസ്സ് ശ്യാമവര്‍ണമാവുകയാണ്. ശ്യാമവര്‍ണമായ ആ ദുഃഖത്തിന്റെ സത്യമാണ് കവിയുടെ ഏകാന്തതയില്‍ നിഴലിക്കുന്നത്. ദുഃഖിക്കുക. തപിക്കുക. അടിയില്‍നിന്നും മുകളില്‍നിന്നുമുള്ള തപിക്കല്‍. ഭൂമിയുടെ അടിയില്‍നിന്നും മുകളില്‍ ആകാശത്തില്‍നിന്നും ഉള്ള തപിക്കല്‍. പഞ്ചാഗ്നി മധ്യത്തിലുള്ള തപിക്കല്‍. എല്ലാ അനുഭവങ്ങളും കൂടിച്ചേര്‍ന്ന് ഉദ്ഭൂതമാവുന്ന തമോഗര്‍ത്തിലെ ഏകാഗ്രതയില്‍നിന്നുള്ള തപസ്സ്. തപഃ തപഃ എന്നാണ്. ആ തപസ്സില്‍ പിറവികൊള്ളുന്ന വാക്കുകളാണ് കവിതയാവുന്നത്.

കാവ്യസാക്ഷാത്കാരത്തിലൂടെ കവി അറിയുകയാണ്, വിശ്വനായകനെ. അനാദ്യന്തനായ ദൈവത്തെ. തന്നില്‍ത്തന്നെയുള്ള പൂര്‍ണകാമനെ. തന്റെതന്നെ ജീവാത്മാവായ പരമാത്മാവിനെ. ആരാണ് ദൈവം? കവിതയില്‍ കവിതന്നെ സൂചിപ്പിക്കുന്നുണ്ട്. ”നീ അനാദ്യന്തന്‍…”, ”നീ പൂര്‍ണകാമന്‍…” ഭാരതീയതത്ത്വചിന്തകളില്‍ തികഞ്ഞ ജ്ഞാനമുള്ള കവിയാണ് ഇത് പറഞ്ഞത് എന്നോര്‍ത്തുകൊണ്ടാവണം ഈ കല്പനകളെ സമീപിക്കേണ്ടത്.

അനാദ്യന്തനാണ് ഈശ്വരന്‍. അമേയന്‍, അപ്രമേയന്‍, അരൂപന്‍, അവാച്യന്‍, അനശ്വരന്‍, അനിര്‍വചനീയന്‍ എന്നെല്ലാമാണ് ആ സങ്കല്പം. തുടക്കവും ഒടുക്കവുമില്ലാത്തവന്‍. അളവുകളില്ലാത്തവന്‍. തെളിവുകളില്ലാത്തവന്‍. രൂപമില്ലാത്തവന്‍. വാക്കുകൊണ്ട് വിവരിക്കാനാവാത്തവന്‍. നാശമില്ലാത്തവന്‍. നിര്‍വചിക്കാനാവാത്തവന്‍. ഇതു മാത്രമല്ല. നിര്‍മമനും നിരാമയനുമാണ് ദൈവം. നിര്‍ഗുണനും നിസ്സംഗനുമാണ്. നിര്‍വിഗ്നനും നിഷ്‌കാമനുമാണ്. ഒന്നിനോടും മമതയില്ലാത്തവന്‍. ഒന്നിനും ആഗ്രഹമില്ലാത്തവന്‍. യാതൊരു ഗുണങ്ങളും പ്രകടമാക്കാത്തവന്‍. ഒന്നിനോടും ചേര്‍ച്ചയില്ലാത്തവന്‍. ഒന്നിനും തടസ്സമില്ലാത്തവന്‍. കാമങ്ങളില്ലാത്തവന്‍. എന്നു പറഞ്ഞാല്‍ എല്ലാ കാമങ്ങളും തികഞ്ഞവന്‍. പൂര്‍ണകാമന്‍.

അമേയനാണ് ഈശ്വരന്‍. അളവുകളില്ലാത്തവന്‍. ഭൗതികശാസ്ത്രത്തിലെ Infinity. ജ്യോമട്രി പഠിപ്പിക്കുന്ന കണക്കധ്യാപകന്‍ ബോര്‍ഡില്‍ ചോക്കുകൊണ്ട് ഒരു കുത്തിട്ടിട്ട് പറയും: ഇതാണ് ബിന്ദു -Point.’ എന്നിട്ടതിനെ വിവരിക്കും. ഇതിന് നീളമോ വീതിയോ കനമോ ഇല്ല – Zero Dimensional.’ അളവുകളും രൂപവുമില്ലാത്ത ഒന്നിനെ നാം മനസ്സില്‍ സങ്കല്പിച്ചുണ്ടാക്കണം. അതിനുള്ള ഉപാധിയാണ് ബോര്‍ഡിലിട്ടിരിക്കുന്ന വെളുത്ത കുത്ത്. സങ്കല്പത്തിലൂടെ മനസ്സില്‍ അവ്യക്തമായി അനുഭവപ്പെടുന്ന ആശയം മാത്രമാണ് ബിന്ദു അഥവാ Point എന്ന ഗണിതവസ്തുത. ജ്യാമിതീയധാരണകള്‍ ഉറയ്ക്കുമ്പോഴും ആവര്‍ത്തിച്ചുള്ള ക്രിയകള്‍ ചെയ്യുമ്പോഴുമാണ് ആ ആശയത്തിന് മനസ്സില്‍ വ്യക്തത കിട്ടുക. അമേയമായ ബിന്ദുക്കളുടെ നിരനിരയായ സംഘാതമാണ് രേഖ അഥവാ Line’ അതിന് തുടക്കവും അവസാനവുമില്ല. അനാദ്യന്തനാണ്. അത്തരം നിരവധി രേഖകളുടെ സംഘാതമാണ് തലം അഥവാ Space’ അങ്ങനെ ലംബവും തിരശ്ചീവുമായ എണ്ണമറ്റ തലങ്ങള്‍ കൂടിച്ചേരുന്നതാണ് ലോകം.’

ഹെര്‍ബര്‍ട്ട് എന്ന ഗണിതശാസ്ത്രജ്ഞന്റെ ഒരു തിയറിയുണ്ട് : “Man from the Flat.” ദ്വിമാനങ്ങളുള്ള ഒരു ലോകം- Two Dimensional World.. നീളവും വീതിയും മാത്രമുള്ളത്. അതിലൂടെ ഒരു ഗോളം കടന്നു പോകുന്നതായി കരുതുക. ഗോളം ത്രിമാനമാണ്-Three Dimensional. അതിന് നീളവും വീതിയും കനവുമുണ്ട്. ദ്വിമാനലോകത്തില്‍ അത് സ്പര്‍ശിക്കുമ്പോള്‍ അവിടെ ആദ്യം അനുഭവപ്പെടുക ഒരു ബിന്ദു മാത്രമായിരിക്കും. കൂടുതല്‍ ഇറങ്ങുമ്പോള്‍ അതൊരു ചെറുവൃത്തം ആയിത്തോന്നും. വൃത്തം പിന്നീട് വലുതായി വരുന്നത് കാണാം. ഗോളത്തിന്റെ വ്യാസത്തിന് സമമായിക്കഴിഞ്ഞാല്‍പ്പിന്നെ വൃത്തം ചെറുതായി വരും. അവസാനം ഒരു ബിന്ദു മാത്രമാവും. ഗോളം ദ്വിമാനതലത്തെ പൂര്‍ണമായി വിട്ടാല്‍ പിന്നെ അവര്‍ക്കത് ഗോചരമല്ലാതാവും.

നമ്മുടെ ലോകം ത്രിമാനമാണ്-Three Dimensional World. അതിനപ്പുറത്തേക്ക് ഒരു നാലാം അളവ്-Fourth Dimension ഉണ്ടെന്ന് ശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. കാലം – Time. അളവുകളെക്കുറിച്ചുള്ള ചിന്ത ചെന്നെത്തുക nth Dimensionലാണ് – ‘Infinity.’ അവസാനമില്ലാത്ത അളവ്. അമേയത. അത്തരമൊരു സങ്കല്പത്തിലാണ് ഭാരതീയ തത്ത്വസംഹിതകളില്‍ ദൈവത്തെ വിവക്ഷിക്കുന്നത്. അമേയന്‍, അനാദ്യന്തന്‍ തുടങ്ങി പൂര്‍ണകാമന്‍ വരെയുള്ള വിശേഷണങ്ങളില്‍. മനുഷ്യഗോചരമായ എല്ലാ അറിവുകള്‍ക്കും അപ്പുറത്തുള്ള ശക്തിവിശേഷമാണ് അത്. സര്‍ഗകാമനയുടെ അപൂര്‍വവേളകളില്‍ ആ അവസ്ഥയോട് അടുക്കുകയാണ് കവി. അനേകമാനങ്ങളുള്ള പൂര്‍ണതാസങ്കല്പത്തിനടുത്തേക്ക്.nth Dimension ലേക്ക്.

ആ സഞ്ചാരത്തിനിടയില്‍ കവിക്ക് നഷ്ടപ്പെട്ടുപോവുകയാണ്, അല്ലെങ്കില്‍ ദൈവത്തിന് നഷ്ടപ്പെട്ടതായി കവിക്ക് തോന്നുകയാണ്, സ്വപ്നഭൂമിയില്‍ നടനം ചെയ്യുന്ന മുഗ്ദ്ധസൗന്ദര്യങ്ങള്‍. മൃതിഭീതിയില്ലാത്തതിനാല്‍ നഷ്ടമാവുന്ന ജീവിതസ്‌നേഹത്തിന്റെ മാധുര്യം. ആരെയും സ്‌നേഹിക്കാനോ വെറുക്കാനോ ആവാത്ത നിസ്സംഗത. പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരത്തിനിടയില്‍ മര്‍ത്യതയാണ് തനിക്ക് നഷ്ടപ്പെട്ടുപോവുന്നതെന്ന് കവി തിരിച്ചറിയുകയാണ്. അതാണ് കവിയെ വ്യാകുലപ്പെടുത്തുന്നത്.

നിത്യതയില്‍ അമരത്വംകൊള്ളുന്ന നിര്‍ഗുണവും നിരാമയവുമായ പൂര്‍ണതയ്ക്ക് മനുഷ്യസാധ്യമായതെല്ലാം ഇല്ലാതായിപ്പോവുകയാണല്ലോ എന്ന ദുഃഖമാണ് കവിയില്‍ നിറയുന്നത്. സ്വന്തം പദധ്വനിപോലും കേള്‍ക്കാതായിപ്പോവുക. സ്വന്തം നിഴല്‍പോലും കാണാതായിപ്പോവുക. തന്നില്‍നിന്ന് അകലാനാവാതെ തന്നില്‍ത്തന്നെ നീറിക്കൊണ്ടിരിക്കുക. പൂര്‍ണതാസഞ്ചാരത്തിനിടയില്‍ വന്നുപെടുന്ന വേവലാതികളാണ് കവിക്കിതെല്ലാം. ”നിന്റെ അശാമ്യമായ, ശമനമില്ലാത്ത, അടങ്ങാത്ത രോദനമാണല്ലോ കാലം. നിന്റെ കരാളമായ, ഭീതിദമായ, കറുത്ത ദുഃഖമാണല്ലോ വാനം.”
ഈ ദുഃഖനിര്‍വൃതിയില്‍ തപിച്ചതിനാല്‍ ആത്മാവിഷ്‌കാരത്തിന്റെ ദിവ്യപ്രചോദനങ്ങളില്‍നിന്ന് കുതറിമാറാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് കവി. ‘പരിത്യക്തര്‍’ എന്ന കവിതയില്‍ രാമചന്ദ്രന്‍മാഷ് അതാണ് പറഞ്ഞുവയ്ക്കുന്നത്:

”മുട്ടിവിളി,ച്ചിതെന്നാത്മാവില്‍ എത്രയോ
വട്ടം മധുരമായ്സ്സംഗീതവീചികള്‍.
വീര്‍പ്പിട്ടുനിന്നി,തവയില്‍, പഴുക്കില
വീണ വിവക്തമാം പാതതന്നോര്‍മ്മകള്‍.
നീരവഗ്രീഷ്മതടിനീ തടങ്ങളില്‍
നീണ്ടുകിടക്കും നിഴലിന്‍ കിനാവുകള്‍.
അന്തിക്കതിരുകള്‍ ഉമ്മവെച്ചീടിനോ-
രന്തരാത്മാവിന്‍ അലൗകിക തൃഷ്ണകള്‍.
മുട്ടിവിളി,ച്ചിതെന്നാത്മാവില്‍ എത്രയോ
വട്ടം മധുരമായ്സ്സംഗീതവീചികള്‍.
എങ്കിലും ശ്രദ്ധിച്ചതില്ല ഞാന്‍, കമ്പിക-
ളെല്ലാമൊഴിഞ്ഞേ കിടന്നിതെന്‍ വല്ലകി.”

കവിക്ക് സ്വന്തം കവിതകളോടുണ്ടാകുന്ന അളവറ്റ മമതാഭിമാനത്തില്‍നിന്നും പക്ഷപാതങ്ങളില്‍നിന്നും ഉളവാകുന്ന ദുഃഖമല്ല ഇവിടെ കവിയെ അലട്ടുന്നത്. പാടിയ പാട്ടുകളേക്കാള്‍ മധുരമായ പാടാത്ത പാട്ടുകള്‍. കാവ്യരൂപം നല്‍കാതെ ഉപേക്ഷിച്ചുകളഞ്ഞ ദിവ്യപ്രചോദനങ്ങളെയോര്‍ത്താണ് കവി നെടുവീര്‍പ്പിടുന്നത്. അശ്രുകണങ്ങളില്‍നിന്ന് മായികസ്വപ്നം വിരിയിച്ചെടുക്കാന്‍ കെല്പുണ്ടായിരുന്ന അവയുടെ ഗതിയറ്റ, നിരാലംബമായ അവസ്ഥാന്തരത്തില്‍ മനംനൊന്ത് ഉരുകുകയാണ് കവി.
‘ഞാന്‍ എന്തിന് എഴുതുന്നു’ എന്ന ലേഖനത്തില്‍ ആ മാനസികാവസ്ഥയെ രാമചന്ദ്രന്‍മാഷ് ഇങ്ങനെ വിവരിച്ചു: ”എന്റെ കവിതകള്‍ ഏറെയും എഴുതപ്പെടാത്തവയാണ്. എഴുതിയവ വളരെക്കുറച്ചുമാത്രം. അവയോരോന്നും മനസ്സിനെ കൊള്ളയടിച്ച് ദരിദ്രമാക്കി, തട്ടിയെടുത്ത സമ്പത്തിലേറെയും കളഞ്ഞു കുളിച്ചതായിട്ടാണ് അനുഭവവും.”
(തുടരും)

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies