പാര്‍ശ്വമെന്നാല്‍ വശങ്ങള്‍. വളയുന്നതു മുന്നോട്ടും പിന്നോട്ടും അല്ല, വശങ്ങളിലേക്കാണ്. ഉത്താനം എന്നാല്‍ വലിവ് എന്നര്‍ത്ഥം. വശങ്ങളില്‍ ആണ് വലിവു കിട്ടുക.
ചെയ്യുന്ന വിധം
കൈകള്‍ പിന്നില്‍ തൊഴുത അവസ്ഥയില്‍. ദൃഷ്ടി മുന്നില്‍. കാലുകള്‍ ഒരു മീറ്റര്‍ അകത്തിനില്‍ക്കുക. വലതു കാല്‍പ്പത്തി വലത്തോട്ടു 90 ഡിഗ്രി തിരിക്കുക. ഇടതു കാല്‍പ്പത്തി വലത്തോട്ടു 40 ഡിഗ്രി തിരിക്കുക. ശരീരം വലത്തോട്ടു തിരിക്കുക. അരക്കെട്ട് പൂര്‍ണമായും തിരിയണം. ദൃഷ്ടിയും വലത്തോട്ട്. ശരീരം മുന്നോട്ടു വലിഞ്ഞു കൊണ്ട്, ശ്വാസം വിട്ടു കൊണ്ട് വളച്ച് താടി വലതു കാല്‍മുട്ടില്‍ തൊടുവിക്കുക. കാല്‍മുട്ടുകള്‍ മടങ്ങരുത്. അഞ്ചോ ആറോ തവണ പൂര്‍ണ ശ്വാസോച്ഛ്വാസം ചെയ്ത ശേഷം ശ്വാസമെടുത്തു കൊണ്ട് തിരിച്ചു വന്ന് ഇടതു കാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ദേഹത്തിനു മൊത്തം വലിവു കിട്ടും. വയറിലെ പേശികള്‍ക്കും അവയവങ്ങള്‍ക്കും വഴക്കവും തടവല്‍ സുഖവും കിട്ടും. മനസ്സിന് ഏകാഗ്രതയും ബുദ്ധിക്കു കൂര്‍മ്മതയും ഏറും. പൊതുവെ വശങ്ങളിലേക്കു വളയുന്ന ആസനം കുറവെന്ന ആക്ഷേപം പരിഹൃതമാവും.