പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെ ഒന്നായി കാണാമെന്നാണ് ഭാരതീയ ജ്ഞാനം പഠിപ്പിക്കുന്നത്. പല വ്യത്യാസങ്ങളും കാണാം; പരസ്പരം പോരടിക്കുന്നതുമായിരിക്കും. അതെല്ലാം കേവലം യുക്തിയുടെ നിര്‍മ്മിതികളാണ്. നമ്മുടെ അടുത്തിരിക്കുന്ന സുഹൃത്തുമായി നമുക്ക് അടുക്കുകയോ അകലുകയോ ചെയ്യാം. അകലുന്നത് സുഹൃത്തിന്റെ മാത്രം കുറ്റമാകണമെന്നില്ല; നമ്മുടേതുമാകാം. എന്നാല്‍ അതിനുള്ള യുക്തി നമ്മുടേതായിരിക്കും. ആ യുക്തി ആത്യന്തികമല്ല. അതായത്, അത് തത്കാലത്തേക്ക് മാത്രമുള്ളതാണ്. അകല്‍ച്ചയും വെറുപ്പും നിരാശയും പ്രശ്‌നാധിഷ്ഠിതമാണ്. പ്രശ്‌നങ്ങള്‍ തീരുന്നതോടെ എല്ലാ വേറിട്ട അസ്തിത്വങ്ങളും സമരസപ്പെടലിന്റെ, നിശ്ശബ്ദതയുടെ, പരസ്പരം അലട്ടേണ്ടതില്ലാത്ത തലത്തിലേക്ക് വഴിമാറും. ഒരു നിരുപാധികമായ വിശ്രാന്തിയാണിത്. മനുഷ്യന് ആ തലത്തിലെത്താനുള്ള ജന്മവാസനയുള്ളതാണ്. പല സ്വാര്‍ത്ഥതകളാല്‍ അത് സാധ്യമാകുന്നില്ല. അമേരിക്കന്‍ നോവലിസ്റ്റും ദാര്‍ശനികനുമായ റിച്ചാര്‍ഡ് ബാക് എഴുതിയ ‘ജോനാഥന്‍ ലിവിംഗ്സ്റ്റണ്‍ സീഗള്‍, ഇല്യൂഷന്‍സ്, വണ്‍ എന്നീ നോവലുകളില്‍ ആത്മീയമായ, പ്രാപഞ്ചികമായ ഒരുമയിലേക്ക് മനുഷ്യന്‍ എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയാണ് തെളിയുന്നത്.
ഈ കൃതികളിലെ ആത്മീയ ദര്‍ശനം അമേരിക്കയുടേതല്ല; അത് ഭാരതത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജ്ഞാനത്തില്‍ നിന്ന് പ്രഭ പരത്തി ഉണ്ടായതാണ്. വിഭജനങ്ങളില്ലാത്തവിധം ചേതനകള്‍ ഒരുമിക്കുന്നിടത്താണ് ഈ കൃതികള്‍ എത്തിച്ചേരുന്നത്. ഇത് നിഷ്‌കളങ്കമായ ജ്ഞാനമാണ്. ജോനാഥന്‍ ലിവിംഗ്സ്റ്റണ്‍ എന്ന കടല്‍ക്കാക്ക ഏറ്റവും ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കൂടെയുള്ള മറ്റ് കാക്കകള്‍ അതിനു സമ്മതിക്കുന്നില്ല. ജോനാഥന്‍ സ്വന്തം ഇച്ഛാശക്തിയില്‍ ഉയര്‍ന്ന് പറന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഉയര്‍ന്ന് പറക്കുന്നതിന് അവരുടെ സമൂഹത്തില്‍ വിലക്കുണ്ടായിരുന്നു. ജോനാഥന്‍ അത് ലംഘിച്ചു. ആ കാക്ക ഉയരത്തില്‍ ചെന്നപ്പോള്‍ അവിടെ ഏറ്റവും നല്ല വേഗം കൈവരിക്കാന്‍ എങ്ങനെ പറക്കണമെന്ന് പഠിപ്പിക്കാന്‍ ചിയാംഗ് എന്ന മുതിര്‍ന്ന കാക്ക ഉണ്ടായിരുന്നു. ആ പാഠവുമായി ജോനാഥന്‍ തിരിച്ചു താഴേക്ക് വന്ന് സഹജീവികളുമായി സംവദിച്ചു. അവര്‍ക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിച്ചു; ഉയരത്തില്‍ എങ്ങനെ പറക്കാമെന്ന് പഠിപ്പിക്കാന്‍. ആ കാക്കയുടെ ശിഷ്യഗണങ്ങള്‍ പറക്കലിന്റെ പൊരുള്‍ പഠിച്ച് ലോകത്തെ വിശാലമായി കണ്ടു വളര്‍ന്നു.
ഒരാള്‍ സ്വന്തം ഉണ്‍മയില്‍ വിശ്വസിക്കുകയും ലക്ഷ്യത്തിനായി പുറപ്പെടാന്‍ ശക്തി സമാഹരിക്കുകയും ചെയ്താല്‍ ഒരു പുതിയ ലോകം അയാള്‍ക്കായി തുറന്നുകിട്ടുമെന്നാണ് ഇത് നല്‍കുന്ന പാഠം. ഉപനിഷത്ത്, വേദം തുടങ്ങിയ ജ്ഞാനസമുച്ചയങ്ങള്‍ കണ്ടുപിടിച്ചവരെല്ലാം ഇതുപോലെ സ്വന്തം പരിമിതികളെ മറികടന്ന് ഒറ്റയ്ക്ക് ആകാശവീഥികളിലേക്ക് ഇരച്ചുകയറിയവരാണ്. റിച്ചാര്‍ഡ് ബാക് തന്റെ അറിവിനെക്കുറിച്ച് ഇങ്ങനെ ഉപസംഹരിക്കുന്നു: കുടുംബം എന്ന ബോധം എനിക്ക് വളരെ പ്രധാനമാണ്. വലിയ അര്‍ത്ഥത്തില്‍, നമ്മളെല്ലാം ഒരു കുടുംബമാണ്; ആത്മസോദരരാണ്. ഒരു എട്ടുകാലിയുടെ വെള്ളിവല, നമുക്ക് ചുറ്റും നോക്കിയാല്‍ കാണാം. അത് പ്രേമങ്ങളും ബന്ധങ്ങളുമാണ് സൂചിപ്പിക്കുന്നത്. ആ വലയിലൂടെ നീങ്ങുകയാണെങ്കില്‍ നമുക്ക് ഓരോ കവലയിലും മറ്റുള്ളവരെ കാണാം; അവരാകട്ടെ, അതേ പാതയില്‍ വന്നവരുമാണ്.”
പരസ്പരം കണ്ടുമുട്ടന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഞാന്‍ എന്ന മന്ത്രമുണ്ട്. ആ ‘ഞാന്‍’ അപരനെ മനസ്സിലാക്കാനുള്ള താക്കോലാണ്.
ക്രൂരതയും കവിതയും
ക്രൂരതയും കവിതയും ഒത്തുപോകില്ല. പരമദയാലുക്കളാണ് കവിത എഴുതേണ്ടത്. യാതൊന്നും കണക്കുകൂട്ടാത്ത, കുശാഗ്രബുദ്ധി പ്രയോഗിക്കാത്ത, സ്‌നേഹിതന്മാര്‍ക്കിടയില്‍ വക്രോക്തി എയ്തുവിടാത്ത, ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കാനറിയാത്ത, തിരിച്ചടിക്കാത്ത, ജീവിതത്തിനൊപ്പം ഒഴുകുന്നവരാണ് കവിത എഴുതേണ്ടത്. അവരുടെ മാധ്യമമാണത്. അവര്‍ക്കേ നഗ്നസത്യത്തെ പിടിച്ചുകെട്ടികൊണ്ടുവരാനൊക്കൂ. നഗ്നത ഒരു സത്യമാണ്. എന്നാല്‍ നഗ്നത എപ്പോഴും മറയ്ക്കപ്പെട്ടിരിക്കയാണ്. അത് കാണാന്‍ കണ്ണുവേണം; നിഷ്‌കളങ്കമായ കണ്ണുകള്‍.
ശ്രീലങ്കയിലെ പള്ളികളില്‍ പ്രാര്‍ത്ഥിച്ച് കഴിഞ്ഞവരെ വെടിവച്ച് കൊല്ലാന്‍ തയ്യാറായ ഭീകരന് ഈ കണ്ണില്ല. അവന്‍ ക്രൂരതയെ കവിതയായി തെറ്റിദ്ധരിച്ചവനാണ്. അവന്റെ ‘കവിത’യില്‍ നിറയെ ചോരയും നിലവിളിയും മുറിഞ്ഞ ശരീരങ്ങളും ചിതറിയ അവയവങ്ങളുമാണ്. പള്ളിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതോ ഒരു നിശ്ശബ്ദത അലൗകികമായി അവിടേക്ക് ഉയിരുവച്ച് വരുന്നതാണ് അനുഭവം. ആ നിശ്ശബ്ദതയും കവിതയാണ്. എന്നാല്‍ അതിനെ ഭീകരന്‍ അഥവാ കൊലപാതകി ഇഷ്ടപ്പെടുന്നില്ല. അയാള്‍ നിലവിളിയില്‍ നിന്നും രക്തത്തില്‍ നിന്നും കവിത ഇറ്റിച്ചെടുക്കാനാണ് ഇഷ്ടപ്പെടുന്നത്.
കവിത പല രീതിയില്‍ സൃഷ്ടിക്കാം. ഒരാള്‍ക്ക് ഒരു കിഡ്‌നിയോ, കിടപ്പാടമോ, ധനമോ, ശുശ്രൂഷയോ, രക്തമോ, കരളിന്റെ ഭാഗമോ കൊടുത്തുകൊണ്ട് യഥാര്‍ത്ഥ കവിത എന്താണെന്ന് കാണിച്ചുകൊടുക്കാം. നിസ്സഹായനില്‍, പരാജിതനില്‍, ഏകാകിയില്‍, വിരഹിണിയില്‍, പതിതനില്‍ ആണ് കവിതയുള്ളത്. കള്ളനില്‍, അതിസാമര്‍ത്ഥ്യക്കാരനില്‍, സൂത്രശാലിയില്‍ കവിതയ്ക്ക് ശ്വാസം മുട്ടും. ശ്രീലങ്കയിലെ പള്ളിയില്‍ രക്തം ചിന്തിയവന്‍ കാലത്തിന് കവിതയെക്കുറിച്ച് തെറ്റായ ധാരണയാണ് കൊടുത്തത്. ഇംഗ്ലീഷ് കവി ടി.എസ്. എലിയറ്റ് പറഞ്ഞു, വ്യക്തിത്വത്തില്‍ നിന്നുള്ള രക്ഷപ്പെടലാണ് കവിതയെന്ന്. എന്നാല്‍ ഭീകരന്‍ രക്ഷപ്പെടുന്നില്ല. അവന്‍ ആ കരച്ചിലിലും ചിതറിയ രക്തത്തിലും ചത്തുവീഴുകയാണ്. അവനും കൂടി ചിതറിവീണ, രക്തത്തുളളികളുടെ ചിത്രം അവന്റെ സാങ്കല്പിക കവിതയാണ്. മനുഷ്യശരീരങ്ങള്‍ ചിതറിത്തെറിച്ചു കിടക്കുന്ന കാഴ്ച ഒരു സുന്ദരദൃശ്യമായി തോന്നുന്നിടത്താണ് അവന്റെ കവിത. ഇത് കവിതയുടെ ആത്മീയതയെ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യവംശത്തെയും ഇല്ലാതാക്കുന്നു.
വായന
കെ.ആര്‍. അജയന്‍ എഴുതിയ ഹരിദ്വാറിലൂടെയുള്ള യാത്രാനുഭവങ്ങള്‍ (പ്രസാധകന്‍) സൂക്ഷ്മ നിരീക്ഷണം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സാധാരണ വിവരണങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ആത്മത്വരകളും സമര്‍പ്പണങ്ങളുമാണ്. ഹരിദ്വാറില്‍ പോയിട്ടുള്ളവര്‍ക്കറിയാം, ആ പ്രദേശം നമ്മെ സ്വാധീനിക്കാതിരിക്കില്ല. ഭൗതിക ജീവിതത്തിന്റെ പിടി തരാത്ത സമസ്യകളിലേക്കാണ് അത് നമ്മെ കൊണ്ടുപോകുന്നത്. എന്നാല്‍ അത് നമ്മെ ക്ഷീണിപ്പിക്കുകയോ ദണ്ഡിപ്പിക്കുകയോ ചെയ്യുന്നില്ല. അറിയാത്ത ഉത്തരങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്ന ഏതോ താരള്യം നമ്മെ ഉന്മിഷത്താക്കുന്നു. അജയന്‍ ഈ പശ്ചാത്തലം ഉള്‍ക്കൊണ്ടു എന്ന് നിശ്ചയിക്കാവുന്ന തരത്തില്‍ ഇങ്ങനെ എഴുതുന്നു: ”ഗംഗ എന്നും സുന്ദരിയാണ്. അത് പുരാണത്തിലായാലും നേരില്‍ കണ്ടാലും. അളകങ്ങള്‍ കരയിലേക്ക് തൊട്ടുരുമ്മി ഒഴുകുന്ന ഗംഗ എപ്പോഴാണ് രൂപം മാറുന്നതെന്ന് അറിയില്ല. എങ്കിലും ചരസ് മണക്കുന്ന സന്ധ്യകളില്‍, ആരതി വെട്ടം ഒഴുകിപ്പോകുന്ന ഇരുട്ടില്‍, പടവുകളില്‍ കാലിട്ടിരിക്കാന്‍ വല്ലാത്ത സുഖമാണ്.”
ടി.പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന കഥയ്ക്ക് ദസ്തയെവ്‌സ്‌കിയുടെ ഒരു അപഹാസ്യന്റെ സ്വപ്‌നം എന്ന കഥയുമായി അത്ഭുതകരമായ സാദൃശ്യമുള്ളതായി എം. രാജീവ് കുമാര്‍ (സാഹിത്യലോകത്തെ പൊയ്ക്കാലുകള്‍) എഴുതിയിരിക്കുന്നു.
മലയാള സാഹിത്യത്തിന് ഇങ്ങനെയൊരു ദോഷം ഉണ്ട്. ഒറിജിനലുകള്‍ കുറവാണ്. വലിയ പ്രതിഭാശാലികള്‍ കുറവാണ്. കൃതികളുടെ ടൈറ്റില്‍ വരെ പാശ്ചാത്യ സാഹിത്യത്തില്‍ നിന്ന് അതേപടി കടംകൊണ്ടവര്‍ ധാരാളമുണ്ട്.
‘കരിന്തണ്ടന്‍ കാവല്‍ നില്‍ക്കും പ്രഭാതങ്ങള്‍’ എന്ന പേരില്‍ കുരീപ്പുഴ ശ്രീകുമാര്‍ (മാതൃഭൂമി) എഴുതിയ കവിത വയനാടന്‍ സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രനാമങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രകൃതിയെ വയനാടിന്റെ ഒരു പുതുപ്പുകൊണ്ട് കവി മൂടുന്നു.
”കുറിച്യപ്പോരാളികള്‍പോല്‍
മുറ്റില്‍ക്കൂട്ടങ്ങള്‍
പഴശ്ശിപ്പെരുമാളിനെപ്പോല്‍
ഉദയസൂര്യ”
പക്ഷേ ഈ രീതിയിലുള്ള കവനങ്ങളില്‍ പ്രത്യേകിച്ച് ഉള്‍ക്കാഴ്ചയില്ല. മേഘങ്ങളെ കുറിച്യപ്പോരാളികളാക്കുന്നതും സൂര്യനെ പഴശ്ശിയാക്കുന്നതും സാധാരണ ഭാവനയാണ്.
എന്നാല്‍ ഉമേഷ് ബാബു കെ.സിയുടെ കവിത ‘ഒറ്റ’ അത്ഭുതപ്പെടുത്തി. വസ്തുക്കളുടെ അനന്യതയിലേക്ക് കവി ആഴ്ന്നിറങ്ങുന്നതായി അനുഭവപ്പെട്ടു. ഒരാള്‍ ഒറ്റയ്ക്കാകുമ്പോള്‍ തന്റെ ചുറ്റുപാടിലുള്ള വസ്തുക്കള്‍ക്കും ആ ഒറ്റപ്പെടല്‍ ഒരു അലട്ടലാകുമെന്ന് പ്രഖ്യാപിക്കുന്ന ദാര്‍ശനികമായ ധ്വനികള്‍ ഇതിലുണ്ട്. ‘വെളിച്ചത്തിനു വെളിച്ചമുണ്ടാകില്ല, ഒച്ചകള്‍ ഒച്ചകളോട് കലഹിക്കും തുടങ്ങിയ വരികള്‍ ഈ കവിയെ നിരീക്ഷണതലത്തില്‍ ഉയര്‍ത്തുന്നു.
അഞ്ചുകഥകള്‍
മലയാള യുവതയെ ആനുഭവിക വിതാനത്തില്‍ മാറ്റിയ അഞ്ചു കഥകള്‍ ഭൂതകാലത്തില്‍ നിന്ന് തിരഞ്ഞെടുക്കുകയാണ്.
മൂന്ന് കഥാപാത്രങ്ങള്‍ – വി.പി. ശിവകുമാര്‍, ഓക്കിനാവയിലെ പതിവ്രതകള്‍ – യു.പി. ജയരാജ്, നീലപ്പക്ഷി – ജയനാരായണന്‍, കുഞ്ഞാപ്പുവിന്റെ ദുഃസ്വപ്നങ്ങള്‍- എം. സുകുമാരന്‍, എങ്ങനെ ഒരു പഴുതാരയെ കൊല്ലാം -മേതില്‍ രാധാകൃഷ്ണന്‍.
ആശാനോട് ക്രൂരത
ബി. ഉണ്ണികൃഷ്ണനും വിനോദ് ചന്ദ്രനും ആശാന്റെ കവിതയിലേക്ക് ഉത്തരാധുനിക ഫുക്കോചിന്തകള്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. ഫുക്കോ, ലക്കാന്‍ തുടങ്ങിയ പാശ്ചാത്യ വിമര്‍ശകരുടെ ആശയങ്ങളും ചിന്തകളും മാനദണ്ഡങ്ങളും അതേപടി ആശാന്‍ കവിതയില്‍ പ്രയോഗിച്ചുനോക്കുകയാണ് ഇരുവരും ചെയ്തത്. എന്തിനാണ് ഇവര്‍ വല്ലവരുടെയും രൂപകങ്ങള്‍ എടുക്കുന്നത്? സ്വന്തമായി ഒന്ന് കണ്ടെത്താന്‍ കഴിവില്ലെന്നറിയാം. ഇപ്പോഴിതാ ഡോ. എം.സി. സുഹാസിനി ‘ആശാന്റെ ലീല ലക്കോഫിന്റെ വായന’ എന്ന ഒരു പുസ്തകവുമായി വന്നിരിക്കുന്നു. ലക്കോഫിന്റെ മെറ്റഫര്‍ തിയറി ഒരു വെള്ളിടിയായി ആശാന്‍ കവിതയില്‍ പതിക്കുകയാണ്. യൂണിവേഴ്‌സിറ്റി അദ്ധ്യാപകരുടെ ഈ ഗവേഷക ചിന്താപദ്ധതി സൗന്ദര്യത്തെ വധിക്കുകയാണ് ചെയ്യുന്നത്. ഒരു വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശക സ്വന്തമായി സൗന്ദര്യം കണ്ടെത്താനോ ഉല്പാദിപ്പിക്കാനോ കഴിവുള്ള ആളായിരിക്കണം. സ്വന്തം ദാര്‍ശനിക, സൗന്ദര്യത്മക ചിന്താപദ്ധതിയാണ് വികസിപ്പിക്കേണ്ടത്. അത് തെളിയിക്കാനും സ്ഥാപിക്കാനും പാശ്ചാത്യ വിമര്‍ശകരെ ആശ്രയിക്കാം. അതിനുപകരം സ്വന്തമായി ഒന്നുമില്ലാതെ പാശ്ചാത്യ മാതൃകകളെ അതേ രീതിയില്‍ മലയാള കവിതയില്‍ ഉപയോഗിച്ചുനോക്കുന്നത് പാഴ്‌വേലയാണ്. വായനക്കാരന് ഒന്നും കിട്ടാനില്ല. പോസ്റ്റ് മോഡേണിസം പഠിച്ചവര്‍ക്ക് ഈ കൃതി അലോസരമുണ്ടാക്കും. സുഹാസിനി സ്വന്തമായി വായിക്കണം. അതില്‍ നിന്ന് നിരൂപമമായ ആശയങ്ങള്‍ കണ്ടെത്തണം.