ഒരു ദിവസം ഉള്ളിലുള്ള ഒരു മോഹം മുത്തശ്ശിയോടു പറയുകയായിരുന്നു അമ്മ. ”അമ്മേ നമുക്ക് കാറുവാങ്ങണം. ഗുരുവായൂര്ക്കും പഴനിക്കും പോണം.”
”കാറു വാങ്ങാനൊക്കെ ശേഖരന്റെ കയ്യില്‍ കാശുണ്ടാവ്വോ ശാരദേ?”
ശേഖരന് എന്റെ അച്ഛനാണ.് മദിരാശിയിലാണച്ഛന്. മോട്ടോര്‍ വാഹനങ്ങളുണ്ടാക്കുന്ന കമ്പനിയില്‍ മെക്കാനിക്കാണത്രേ. രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ അച്ഛന് നാട്ടില്‍ വരാറുള്ളൂ.
”ഇപ്പൊ കാറുവാങ്ങുന്ന കാര്യല്ലാ അമ്മേ പറഞ്ഞത്. അപ്പൂന്റെ പഠിത്തൊക്കെ കഴിഞ്ഞ്, അവന് നല്ലൊരു ജോലി കിട്ടി, എന്നിട്ടുവേണം.”
”പൊള്ളാച്ചീ കെടക്കുന്ന പുതപ്പെന്തിനാ ശാരദേ കാലിട്ടു കീറണത്?”
പിന്നീടമ്മ കാറു വാങ്ങുന്ന കാര്യം മിണ്ടീട്ടേ ഇല്ല.
പൊള്ളാച്ചിയിലുള്ള പുതപ്പ്. ആ പുതപ്പ് കാശു കൊടുത്തു വാങ്ങിക്കൊണ്ടുവന്ന്, ആ പുതപ്പുകൊണ്ട് പുതച്ചു മൂടിക്കിടക്കുമ്പോള്‍- അപ്പോഴല്ലേ അത് കാലിട്ടു കീറാന്പറ്റൂ.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ വലുതാവണം. പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടണം. അപ്പോഴാലോചിക്കേണ്ട കാര്യമാണ് അമ്മ ഇപ്പൊഴേ പറയുന്നത്.