കഠിന ആസനങ്ങളില്‍ പെടുന്നതാണ് ഇത്. കപോതമെന്നാല്‍ പ്രാവ്. പ്രാവിനെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ ഈ പേരു വന്നു. പ്രാവിന് നല്ല വഴക്കമുള്ള ശരീരമാണ്. കൊക്കുകൊണ്ട് അത് ശരീരത്തിലെവിടെയും അനായാസം ചൊറിയും.
ചെയ്യുന്ന വിധം
കൈ മുന്നില്‍ കുത്തി കാലിലും കൈയിലും നില്ക്കുക. ശരീരം തിരിച്ചിട്ട പോലെ മുന്നോട്ടാഞ്ഞ് വലതുകാല്‍ മുട്ടിനു താഴെ ഭാഗം നിലത്തു പതിച്ചു വെക്കുക. ഇടതുകാല്‍ നിവര്‍ന്നു നിലത്തു പതിച്ചിരിക്കും. ശരീരം പിന്നോട്ട് വളക്കുക. ഇടതുകാല്‍ ഉയര്‍ത്തുക. രണ്ടു കൈകൊണ്ടും കാല്‍ പിടിച്ചു തലയില്‍ പതിപ്പിക്കുക. ഇതു രാജകപോതാസനം. ഒരു കാലായതിനാല്‍ ഏക പാദ രാജകപോതാസനമെന്നും പറയും.
ഗുണങ്ങള്‍
കഴുത്തിനും ചുമലിനും വലിവു സുഖം കിട്ടും. അരക്കെട്ടിന് വലിവും വഴക്കവും കിട്ടും. മനസ്സ് ഏകാഗ്രമാകും. ശാന്തമാകും. നട്ടെല്ലിനും വഴക്കം കിട്ടും.