ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളോ സങ്ക്‌ല്പങ്ങളോ അതില്‍ സ്ഥാനം പിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധിമാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചുകാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താല്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് മനഃപൂര്‍വ്വം ചിന്തിക്കുന്ന ചില ചരിത്രകാരന്മാര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു, ദുര്‍വ്യാഖ്യാനം ചെയ്യുന്നു, കൃത്രിമ രേഖകള്‍ സൃഷ്ടിക്കുന്നു. ഇത് പില്‍ക്കാലത്ത് കുഴപ്പം വളര്‍ത്തുവാനേ കാരണമാകൂ. ഈ വിഷമം മലബാര്‍ മാപ്പിളലഹളയുടെ ചരിത്രത്തില്‍ സ്പഷ്ടമായിട്ടുണ്ട്. കെ. മാധവന്‍നായര്‍ രചിച്ച’മലബാര്‍ കലാപം’ എന്ന കൃതിയ്ക്ക് ആമുഖമായി കേരളഗാന്ധി കെ. കേളപ്പന്റെതായി വന്ന പ്രസ്താവനകളുടെ ആദ്യഭാഗമാണ് മേലുദ്ധരിച്ചത്. ഏതാണ്ട് 46-വര്‍ഷം മുന്‍പ് ആ മഹാത്മാവ് നടത്തിയ പ്രസ്താവം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് കെ.ടി ജലീല്‍ ഗ്രന്ഥകര്‍ത്താവായി ചിന്ത പബ്‌ളിഷേഴ്‌സ് 2015-ല്‍ പുറത്തിറക്കിയ ”മലബാര്‍ കലാപം ഒരു പുനര്‍വായന” എന്നകൃതി.
ചരിത്രം കുറെ തെളിവുകളുടെ പിന്‍ബലത്തിലെന്ന തോന്നല്‍ സൃഷ്ടിച്ച് തന്റെ മനോധര്‍മ്മത്തിനും മുന്‍വിധിക്കും രാഷ്ട്രീയ താല്പര്യമനുസരിച്ച് പുനര്‍നിര്‍മ്മിക്കുകയെന്ന സാമര്‍ത്ഥ്യവും ദുഷ്ടലാക്കുമാണ് ഈ ഗ്രന്ഥത്തിലൂടെ ജലീല്‍ ചെയ്തിട്ടുള്ളത്.
1921-ല്‍ മലബാറില്‍നടന്ന മാപ്പിളലഹളയുടെ സ്വഭാവം എന്തായിരുന്നുവെന്ന് ആ ചരിത്രം പലരിലൂടെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിന്റെ സംഗ്രഹം, ആ ലഹള മതാന്ധതയാല്‍ വിജൃംഭിതമാക്കപ്പെട്ട മാപ്പിള വര്‍ഗ്ഗീയതയുടെ പ്രകട രൂപവുമായിരുന്നു എന്നതാണ്. എന്നാല്‍, ഈ കലാപത്തെ രചനാ കൗശലം ഉപയോഗിച്ച് മഹത്വവല്‍ക്കരിക്കാനും മതേതര വിപ്ലവപോരാട്ടമായി ചിത്രീകരിക്കാനുമാണിവിടെ ശ്രമം. പുസ്തകത്തിന് പിണറായി വിജയനെ കൊണ്ട് അവതാരികയെഴുതിച്ച് തന്റെ വാദത്തിന് പിന്‍ബലം നല്‍കാനും ജലീല്‍ ശ്രമിക്കുന്നു.
ചരിത്രത്തെ വളച്ചൊടിക്കാനും തെറ്റായി വ്യാഖ്യാനിക്കാനും ഒരു കമ്മൂണിസ്റ്റ് ശൈലിതന്നെ സഖാക്കള്‍ക്കുണ്ട്. വളരെക്കാലം ഒരു തീവ്രവാദസംഘടനയിലും പിന്നീട് വര്‍ഗ്ഗീയ പാര്‍ട്ടിയായ മുസ്ലീം ലീഗിലും പ്രവര്‍ത്തിച്ച് വിപ്ലവം തലയ്ക്ക് പിടിച്ചപ്പോള്‍ സി.പി.എമ്മായ കെ.ടി ജലീലും കമ്മൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ കൃതി പുറത്തിറക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല.
മാപ്പിളലഹളയുടെ മുഖ്യ സൂത്രധാരകരും കടുത്ത മത വര്‍ഗ്ഗീയവാദത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവരുമായ വാരിയന്‍കുന്നത്ത് അഹമ്മദ്ഹാജിയെയും ആലിമുസ്ല്യാരെയും ഈ ഗ്രന്ഥത്തില്‍ ധീരദേശാഭിമാനികളും സ്വാതന്ത്ര്യസമര യോദ്ധാക്കളും മത സഹിഷ്ണുതയുടെ പ്രതീകവുമായിട്ടാണ് ജലീല്‍ അവതരിപ്പിക്കുന്നത്. കൃതിയിലെ ജലീലിന്റെ മുഖവുര: ‘ഉറച്ചമതവിശ്വാസിയായിരുന്നിട്ടും രണ്ടുപേരും മതമൈത്രിയുടെ മഹനീയതത്വങ്ങള്‍ ജീവിതത്തിലുടനീളം അനുവര്‍ത്തിച്ചിരുന്നു. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ഹൈന്ദവ സമൂഹവുമായി സൗഹൃദം നിലനിര്‍ത്തുകയും ചെയ്ത അവരുടെ മികവുറ്റ നേതൃത്വം മലബാര്‍ കലാപത്തിന് മതനിരപേക്ഷതയുടെ മുഖം നല്‍കി.’
ചരിത്ര വസ്തുതകളെ ഈ വിധം അസത്യപ്രസ്താവനകളിലൂടെ തലകീഴായി മറിക്കാന്‍ അപാര തൊലിക്കട്ടിതന്നെ വേണം. പുസ്തകത്തിന്റെ അവതാരികയില്‍ കെ.ടി ജലീല്‍ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ മതേതര നിലപാടിനെ പരിചയപ്പെടുത്തുന്നു എന്ന് പറയുന്ന പിണറായി പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം എന്നിവയെ അപേക്ഷിച്ച് മാപ്പിള ലഹള-ജന്മിത്ത്വത്തിനെതിരായ പോരാട്ടമായിരുന്നെന്ന് വാഴ്ത്തുകയാണ്. കൂട്ടത്തില്‍ മൈസൂര്‍സുല്‍ത്താന്മാരുടെ പടയോട്ടത്തെക്കുറിച്ച് പാലിയത്തച്ചന്റെ ക്ഷണപ്രകാരമായിരുന്നു ഹൈദരാലിയുടെ മലബാര്‍ ആക്രമണമെന്നും അവരുടെ അക്രമണത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഹൈദരലിയെ സഹായിച്ച കണ്ണൂരിലെ ആലി രാജാവിനേയോ ഹൈദരലിക്കൊപ്പംചേര്‍ന്ന ആലിരാജാവിന്റെ 8000 പടയാളികളെകുറിച്ചോ ടിപ്പുവിന്റെ മത വിവേചനത്തെ കുറിച്ചോ പിണറായി ഒന്നും മിണ്ടുന്നില്ല. ജന്മിത്വഘടനയിലും സാമൂഹികജീവിതത്തിലും വലിയമാറ്റങ്ങളുണ്ടാക്കിയെന്ന് പറഞ്ഞ് സുല്‍ത്താന്മാരുടെ ഭരണകാലഘട്ടത്തെ ശ്ലാഘിച്ച് ഇവരുടെ കടന്ന് കയറ്റത്തേയും അക്രമത്തെയും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ എന്ന നിലയില്‍ കാണണമെന്നും ഇവരില്‍ മത വിരോധം ആരോപിക്കുന്നത് ശരിയല്ലെന്നും പറയുന്ന പിണറായി ഒടുവില്‍ കെ.ടി ജലീലിന്റെ ഈ ഗ്രന്ഥത്തിലൂടെയുള്ള മതേതര പരിശ്രമങ്ങളെ അഭിനന്ദിക്കുകയാണ്.
ടിപ്പുവിന്റെ കൊള്ളയേയും, ക്രൂരമായ മതവിവേചനങ്ങളെയും ന്യായീകരിക്കാന്‍ മലബാറിലെയും തിരുകൊച്ചിയിലെയും കീഴ്ജാതിക്കാരായ ജനങ്ങളുടെ ശോച്യാവസ്ഥയില്‍ ടിപ്പുസുല്‍ത്താന്‍ വളരെ ദു:ഖിതനായിരുന്നുവെന്നാണ് ജലീല്‍ പറയുന്നത് (മലബാര്‍കലാപം ഒരു പുനര്‍വായന 26, 27 പേജ്). കേരളത്തിലെ പരമ്പരാഗത മുസ്ലീങ്ങളില്‍നിന്ന് വളരെ വിഭിന്നമായി കൊള്ളയും കൊലയും തൊഴിലാക്കിയ ടിപ്പുവിന്റെ പിതാവ് ഹൈദരലി അറബ് പാരമ്പര്യമുള്ള ഒരു മുസ്ലീമായിരുന്നുവെന്ന് ചരിത്രം. സ്വപ്രയത്‌നത്താല്‍ മെല്ലെ മൈസൂരിലെ വോഡയാര്‍ ഭരണത്തില്‍ ഒരു സൈനികനായി വളര്‍ന്നുവന്ന ഹൈദരലി 1761-ല്‍ മൈസൂര്‍ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി സ്വയം രാജാവായി അവരോധിതനാവുകയായിരുന്നു.
ബ്രിട്ടീഷ് വിരോധിയായിരുന്നെങ്കിലും അദ്ദേഹം ഫ്രഞ്ച്കാരുമായി ചങ്ങാത്തം സ്ഥാപിച്ച് അയല്‍ രാജ്യങ്ങള്‍ ഒന്നൊന്നായി കീഴടക്കി. ഹൈദരുടെ അടുത്തലക്ഷ്യം മലബാറായിരുന്നു. ഫ്രഞ്ച് സഹായത്തോടെ തന്റെ സൈന്യത്തെ ആധുനീകരിച്ച് 12000 സൈനികരുമായി മലബാറിലേയ്ക്ക് പടനയിച്ച ഹൈദരലിയ്ക്ക് മലബാര്‍ കീഴടക്കുക വളരെ എളുപ്പമായിരുന്നു.
കൊള്ളയും കൊള്ളിവെപ്പും ക്ഷേത്രധ്വംസനവുമായി മുന്നേറിയ മൈസൂര്‍ പടയോട്ടം മലബാറിന് എന്നും നടുക്കുന്ന ഓര്‍മ്മകളും ഉണങ്ങാത്ത മുറിവുകളുമാണ് സമ്മാനിച്ചത്. ഹൈദരലിയെ അപേക്ഷിച്ച് ടിപ്പു ഒരു കടുത്ത ഹിന്ദുമത വിരോധിയായിരുന്നു. ചെറുപ്പത്തിലെ മതപഠനം അതിനൊരു കാരണമായി പറയുന്നുണ്ട്. ഹൈദരലിയ്ക്ക് ശേഷം തികച്ചും മുസ്ലീം മതാധിപത്യ ഭരണമാണ് ടിപ്പു മലബാറില്‍ അടിച്ചേല്‍പ്പിച്ചത്. അങ്ങനെ അതുവരെ മലബാറിന് അന്യമായിരുന്ന മത വൈര്യത്തിന്റെ വിത്തുകള്‍ മൈസൂര്‍ ആധിപത്യത്തിന്റെ ബാക്കിപത്രമെന്നോണം ഇവിടെ അങ്കുരിച്ചു തുടങ്ങി. 1790 ജനുവരി 19ന് ബേക്കല്‍ ഗവര്‍ണര്‍ ബുദ്രൂസ് സുമന്‍ഖാന് ടിപ്പു അയച്ച കത്തിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു:
”സമീപകാലത്ത് മലബാറില്‍ എനിക്ക് നേടാനായ മഹത്തായ വിജയവും തുടര്‍ന്ന് നാല് ലക്ഷം ഹൈന്ദവരെ ഇസ്ലാമിലേയ്ക്ക് മതം മാറ്റാനായതും നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? താമസംവിനാ തിരുവിതാകൂര്‍ രാജാവിനെതിരെ പടനയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെയും പ്രജകളെയും ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നത് എന്നെ അതിയായി സന്തോഷിപ്പിക്കും. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണ് ഇതെന്ന് ഞാന്‍ കരുതുന്നു.” (കെ. എന്‍. പണിക്കര്‍) ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതും കൊള്ളയടിക്കുന്നതും ഹൈന്ദവരെ മതം മാറ്റുന്നതും ടിപ്പുവിന്റെ പ്രഖ്യാപിതനയമായിരുന്നു. മലബാറിലെ ഒട്ട് മിക്കക്ഷേത്രങ്ങളിലും ടിപ്പുവിന്റെ മത വൈരത്തിന് ഇരയായി ക്ഷേത്രങ്ങള്‍ തീവച്ചും ബിംബങ്ങള്‍ തച്ചുടച്ചും ശ്രീകോവിലിനകത്തിട്ട് പശുവിനെ കശാപ്പ് ചെയ്തും ഹൈന്ദവജനതയുടെ ആത്മാഭിമാനത്തിനുമേല്‍ ടിപ്പു നടത്തിയ വര്‍ഗ്ഗീയതാണ്ഡവം വിവരണാതീതമാണ്. കോഴിക്കോട് നഗരത്തില്‍ മാത്രം 2000 ഹിന്ദു ഭവനങ്ങളാണ് ടിപ്പു അഗ്നിക്കിരയാക്കിയിട്ടുള്ളത്. ചേല കലാപം നടത്തി ഹിന്ദുക്കളെ മതം മാറ്റിയും അല്ലാത്തവരെ മുക്കാലിയില്‍ തൂക്കി ചിത്രവധം നടത്തിയും മലബാറിനെ ടിപ്പു ശവപ്പറമ്പാക്കി മാറ്റി.
ടിപ്പുവിന്റെ ക്ഷേത്രധ്വംസനം കണ്ട് ഭയന്ന് ക്ഷേത്രം തകര്‍ക്കുന്നത് ഒഴിവാക്കിയാല്‍ നാല് ലക്ഷം സ്വര്‍ണ്ണനാണയവും അത്രയും വെള്ളിയുംതരാമെന്ന ചിറയ്ക്കല്‍ രാജാവിന്റെ എഴുത്തിന് ‘ലോകം മുഴുവന്‍ തന്നാലും ക്ഷേത്രം തകര്‍ക്കുന്നതില്‍നിന്ന് പിന്തിരിയില്ല’ എന്നതായിരുന്നു ടിപ്പുവിന്റെ മറുപടി (കെ.എന്‍ പണിക്കര്‍). ഇസ്ലാമില്‍ ചേരാത്തവരോട് ഒരു ദയാദാക്ഷിണ്യവും ടിപ്പു കാണിച്ചിരുന്നില്ലെന്ന് ചരിത്രം. ഹിന്ദുക്കളെ മാത്രമല്ല മംഗലാപുരത്തെ കത്തോലിക്കരായ ക്രൈസ്തവരെയും ടിപ്പു വെറുതെ വിട്ടില്ല. മംഗലാപുരം പേത്രിയില്‍ 30000 കത്തോലിക്കരെ മതം മാറ്റുകയും 20000ത്തോളം പേരെ ബന്ദികളാക്കി പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു ടിപ്പു.
ഇതര മതത്തില്‍നിന്ന് മതം മാറി മുസ്ലീംമതം സ്വീകരിച്ചവര്‍ക്ക് പ്രത്യേകം നികുതിയിളവ് നല്‍കാനും ടിപ്പു തയ്യാറായിരുന്നു. ചിലചരിത്രകാരന്മാരെ ഉദ്ധരിച്ച്( ഡോക്ടര്‍ സി.കെ.കരീം) ടിപ്പുവിന്റെ മത സഹിഷ്ണുതയേയും ഭരണ പരിഷ്‌കാരങ്ങളെയും വാഴ്ത്തി ചരിത്രഗതിമാറ്റിയെഴുതാന്‍ ശ്രമിക്കുന്ന കെ.ടി.ജലീലിനെ പോലെയുള്ളവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെയാണ് കണ്ണടയ്ക്കുന്നത്. എന്തായിരുന്നു ഇവര്‍ വാഴ്ത്തുന്ന ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍? അതുവരെ മലബാറിന് അന്യമായിരുന്ന നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും നാട്ടില്‍നിന്ന് ആട്ടിയോടിച്ച ഹിന്ദുക്കളുടെ മുഴുവന്‍ സ്വത്തുക്കളും മുസ്ലീങ്ങള്‍ക്ക് ചാര്‍ത്തി നല്‍കുകയും ചെയ്തു. കരം പിരിക്കാനുള്ള അവകാശവും മുസ്ലീങ്ങളെ ഏല്‍പിച്ചു. ഉടുതുണിയ്ക്ക് മറു തുണിയില്ലാതെ തിരുവിതാംകൂറിലേക്കും കൊടും വനാന്തരങ്ങളിലേയ്ക്കും പലായനംചെയ്ത ഹിന്ദുക്കളെ പിന്നാലെ ചെന്ന് ദ്രോഹിച്ചു. ഈ കാലഘട്ടം ആര്‍ക്കെല്ലാമാണ് സുവര്‍ണ്ണകാലഘട്ടമായിരുന്നെതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ടിപ്പുവിനെ കുറിച്ച് വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ വിലയിരുത്തുന്നത് നോക്കുക: ”മതഭ്രാന്തനും സാമ്രാജ്യത്വ ദാസനുമായിരുന്ന ടിപ്പുസുല്‍ത്താനെ വര്‍ഗ്ഗീയചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് മതേതര വാദിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമാക്കുകയാണ്. കേരളം നന്നാവട്ടെ എന്ന് കരുതിയായിരിക്കില്ല ടിപ്പു നിരത്തുകള്‍ ഉണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത് പോലെ ടിപ്പു സാമ്രാജ്യത്വ വിരോധിയല്ല. ടിപ്പു ബ്രിട്ടീഷ്‌കാര്‍ക്കെതിരായിരുന്നെങ്കിലും ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ അടിമയായിരുന്നു. തന്റെ സൈന്യത്തിന് പോകാന്‍ ടിപ്പു റോഡുണ്ടാക്കിയതിനെയാണ് വലിയ പരിഷ്‌കാരമായി പലരും കൊട്ടിഘോഷിക്കുന്നത്.” മതം മാറ്റുന്നത് പുണ്യകര്‍മ്മമായും മതം മാറ്റിയാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നും വിശ്വസിച്ചിരുന്ന ടിപ്പുസുല്‍ത്താന്റെ പടയോട്ടം മലബാറിലെ സാമുദായികന്തരീക്ഷത്തില്‍ വലിയ വിള്ളലുണ്ടാക്കി. (കേസരി വാരിക 2015). ഇതേ അഭിപ്രായം തന്നെയാണല്ലോ ടിപ്പുവിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍നായര്‍ക്കും ഉണ്ടായിരുന്നത്. അദ്ദേഹം എഴുതുന്നു: ”ടിപ്പുവിന്റെ ചേലകലാപമാണ് മലബാറില്‍ മാപ്പിള ലഹളയുടെ വിത്ത് ഒന്നാമതായി നട്ടത്. ടിപ്പുസുല്‍ത്താന്‍ ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് പലേ അത്യാപത്തുകളും വരുത്തിവിട്ടു. എന്ന് മാത്രമല്ല മേലാലും പല അത്യാപത്തുകള്‍ക്കും ഇടയാക്കിത്തീര്‍ത്ത മാപ്പിളലഹളയ്ക്ക് ഒരു ഗുരുവായിതീരുകയും ചെയ്തു.”(മലബാര്‍ കാലാപം പേജ്14,15) ടിപ്പുവിന്റെ മതാന്ധമായ അതിക്രമങ്ങള്‍ മലബാറിന്റെ സാമൂഹികജീവിതത്തില്‍ സൃഷ്ടിച്ച പരിക്കുകള്‍ ദൂരവ്യാപകമായിരുന്നു.
ശരിക്കും മാപ്പിളലഹളയുടെ മാര്‍ഗ്ഗദര്‍ശി ടിപ്പുവായിരുന്നു. മൈസൂര്‍ സുല്‍ത്താന്‍മാരില്‍ നിന്ന് ലഭിച്ച പ്രചോദനവും പ്രേരണയുമായിരുന്നു പിന്നീട് മലബാറില്‍ നടന്ന എല്ലാ ലഹളകള്‍ക്കും അരങ്ങൊരുക്കിയത്.
ഇങ്ങനെ ഏതാണ്ട് 1921 വരെ 85 ഓളം ലഹളകള്‍ മലബാറില്‍ നടന്നുവെന്നാണ് പറയുന്നത്. എല്ലാം ഹിന്ദുക്കള്‍ക്കെതിരായിരുന്നു. പീന്നീട് ബ്രട്ടീഷ്‌സൈന്യം ഇത്തരം ലഹളകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും അങ്ങനെ ലഹളക്കാര്‍ ഗവര്‍മെന്റിനെതിരെ തിരിയുന്ന സാഹചര്യവുമായിരുന്നു അന്നുണ്ടായിരുന്നത്. ലഹളക്കാരായ മാപ്പിളമാരുടെ ഇത്തരം എതിര്‍പ്പുകളെയാണ് പല ചരിത്രകാരന്മാരും സാമ്രാജ്യത്വവിരോധമായും വിപ്ലവമായും വിശേഷിപ്പിക്കുന്നത്.
‘രാഷ്ട്രീയത്താല്‍ വിജൃംഭിതമാക്കപ്പെട്ട മാപ്പിള വര്‍ഗ്ഗീയതയാണ് 1921 ലെ ലഹളയ്ക്ക് പിന്നിലുണ്ടായിരുന്ന പ്രധാന ചാലകശക്തിയെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. (കെ.എന്‍ പണിക്കരെ ഉദ്ധരിച്ച് കെ.ടി. ജലീല്‍)
മാപ്പിളലഹളയുടെ കാരണങ്ങളെകുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍പ് നിയോഗിച്ച ടി.എന്‍. സ്‌ട്രേഞ്ചിന്റെ ജന്മികളുടെ ഉപദ്രവമല്ല മതഭ്രാന്ത് തന്നെയാണ് ലഹളകള്‍ക്ക് കാരണം എന്ന നിഗമനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ഈ ഔദ്യോഗിക റിപ്പോര്‍ട്ട്.
മാപ്പിളലഹളകളെ കുറിച്ചുള്ള ഇത്തരം കണ്ടെത്തലുകളും നിലപാടുകളും ബ്രിട്ടീഷുകാരുടേത് മാത്രമായിരുന്നില്ല. മാപ്പിളലഹളകള്‍ക്ക് നേരിട്ട് ദൃക്‌സാക്ഷിയായ കെ.മാധവന്‍നായര്‍ ഇതേ കുറിച്ച് പറയുന്നത് നോക്കുക.
‘ഏതെങ്കിലും ജന്മികളുടേ പ്രത്യേക ഉപദ്രവത്താലാണ് ഈ ലഹള ഉത്ഭവിച്ചെതെന്ന് ലഹളയെ പറ്റി സൂക്ഷ്മവിവരമുള്ളവര്‍ ആത്മാര്‍ത്ഥമായി വാദിക്കുമെന്ന് എനിക്കുതോന്നുന്നില്ല (മലബാര്‍ കലാപം പേജ് 84). ലഹളയുടെ വര്‍ദ്ധനവിനും ക്രൂരതയ്ക്കും മതഭ്രാന്ത് തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്.’ഏതെങ്കിലും ജന്മിക്കെതിരായി ആരംഭിക്കുന്ന ലഹള പൊതുവെ ഹിന്ദുക്കള്‍ക്കെതിരായി പരിണമിക്കുന്നു’ കാഫറെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന അന്ധവിശ്വാസം ഏറനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ മാപ്പിളമാര്‍ക്ക് ഉണ്ടെന്നതില്‍ സംശയമില്ല (പേജ് 11 മലബാര്‍ കലാപം) തുടര്‍ന്ന് അദ്ദേഹം വിവരിക്കുന്നു:
‘കൊള്ളയുടെ പ്രധാനകാരണം മതഭ്രാന്തും അരാജകത്വവും ദുര്‍മാര്‍ഗ്ഗ പ്രസക്തിയുമല്ലെങ്കില്‍ പിന്നെന്താണ്. അഥവാ ദരിദ്രന്മാരും ധനികന്മാരും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നെങ്കില്‍ എന്ത് കൊണ്ട് മാപ്പിളമാരില്‍ ധനികരായവര്‍ കൊള്ളയില്‍ നിന്നൊഴിവാക്കപ്പെട്ടു. സസൂക്ഷ്മം ആലോചിച്ചാല്‍ ഈ കൊള്ള വര്‍ഗ്ഗീയ മത്സരത്തിന്റെ ഒരു പ്രത്യക്ഷപ്രകടനമായിരുന്നുവെന്ന് സംശയമില്ല( പേജ് 85,86 മലബാര്‍ കലാപം). ഈ അഭിപ്രായം തന്നെയാണ് ഖിലാഫത്തുമായി സഹകരിച്ച മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനുള്ളത്.
‘കലാപം യഥാര്‍ത്ഥത്തില്‍ ഒരു കര്‍ഷക സമരം ആയിരുന്നെങ്കില്‍ എന്തുകാണ്ട് മുസ്ലീം കര്‍ഷകര്‍മാത്രം പങ്കെടുക്കുകയും മലബാറിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല (ഖിലാഫത്ത് സ്മരണകള്‍).
കെ.മാധവന്‍നായര്‍ മതഭ്രാന്തിന്റെ ആ കറുത്ത ദിനങ്ങളെ അനാവൃതമാക്കുന്നത് നോക്കുക: രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി. പോലീസുകാര്‍ ഓടി ഒളിച്ചു. ഉദ്യോഗസ്ഥരെ എങ്ങുംകാണാനില്ല. ഗവര്‍മെന്റിന്റെ ശക്തി തീരെ അസ്തമിച്ചു. മാപ്പിളമാര്‍ക്ക് എന്തും പ്രവര്‍ത്തിക്കാമെന്ന് തീര്‍ച്ചയായി. ഇപ്രകാരം ഇസ്ലാമിന്റെ അധികാരം ഉറച്ചതോടുകൂടി മതഭ്രാന്തരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധിതോന്നി. മേലാല്‍ ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ടുമതവിഭാഗങ്ങള്‍ വേണ്ടാ എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. ആഗസ്റ്റ് 26 വെള്ളിയാഴ്ച മഞ്ചേരി, മലപ്പുറം മുതലായ പ്രദേശങ്ങളിലെ ഹിന്ദുക്കളെ മുസല്‍മാരാക്കാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി. ആ ലിസ്റ്റില്‍ തന്നെയും ഉള്‍പ്പെടുത്തിയിരുന്നുവെത്രേ.’
‘ഇതിനിടയില്‍ കുഞ്ഞഹമ്മദ്ഹാജിയുടെ ആള്‍ക്കാരെന്ന് പറഞ്ഞ് ഒരു മാപ്പിള തന്റെ അടുക്കല്‍ വന്ന് യു.ഗോപാലന്‍മേനോന്‍ മുതലായവര്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്നും ഞാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദശിക്കുന്നതെന്നും ചോദിച്ചു? (പേജ് 173 മലബാര്‍ കലാപം)
സപ്തംബര്‍ 22-ന് ആയ്‌വാഞ്ചേരി തമ്പ്രാക്കളെ ആക്രമിച്ചതും തുവ്വൂരില്‍ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയും കുപ്രസിദ്ധമായ തുവ്വൂരിലെ കിണര്‍ സന്ദര്‍ശിച്ച് ലഹളക്കാര്‍ അരിഞ്ഞു തള്ളിയ ഇരുപതോളം തലകള്‍ എണ്ണാന്‍ സാധിച്ചതുമെല്ലാം കെ.മാധവന്‍നായര്‍ ഹൃദയഭേദകമായി അവതരിപ്പിക്കുന്നുണ്ട്.
ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ആഹാരത്തിന് വഴിയില്ലാതെ കാട്ടിലൊളിച്ചും പട്ടിണികിടന്നും വീടും കുടിയും വെടിഞ്ഞ് എങ്ങോട്ടെന്നില്ലാതെ പേടിച്ചരണ്ട് പാഞ്ഞുപോയ അഗതികളുടെ അപകടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏവരുടെയും ഹൃദയം പൊട്ടിത്തകരുന്നതാണെന്ന് അദ്ദേഹം വിലപിക്കുന്നു. (പേജ് 208 മലബാര്‍ കലാപം)
‘അജ്ഞതയും അന്ധവിശ്വാസവും പാവപ്പെട്ടവരെ സൈതാക്കളാക്കി’, കൊള്ളയും കൊള്ളിവയ്പും നാടൊട്ടുക്കും നടന്നു. കേളപ്പജിയുടെ ഈ പ്രസ്താവന മമ്പുറം സയ്യിദ് അലവി തങ്ങള്‍ പുറപ്പെടുവിച്ച ഫത്‌വയുമായി കൂട്ടിവായിക്കേണ്ടതാണ.്
ഫത്‌വ
‘സ്വര്‍ഗ്ഗരാജ്യം വാളുകളുടെ നിഴലിലാണ് സ്ഥിതിചെയ്യുന്നത്’കുഫ്‌വാര്‍ (അവിശ്വസികള്‍) നാട്ടിലെത്തുന്ന നിമിഷം മുതല്‍ ജിഹാദ് നിര്‍ബന്ധിതമായിത്തീരുന്നു. ജിഹാദിന്റെ പ്രതിഫലത്തെ കുറിച്ച് നബിവചനങ്ങളെ ഉദ്ധരിച്ചാണ് ഫത്‌വ.
‘ഒരു വിശുദ്ധ യുദ്ധത്തില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നത് അന്‍പത് തീര്‍ത്ഥാടനങ്ങളെക്കാള്‍ മഹത്തരമാണ്. പോരാളികള്‍ക്ക് പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കും. രക്തസാക്ഷികള്‍ക്ക് പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കും. രക്തസാക്ഷികള്‍ സ്വര്‍ഗ്ഗത്തില്‍ പച്ചക്കിളികളായി മാറും. അവിടെ അവര്‍ക്ക് വെള്ളം കുടിച്ചും ഫലം ഭക്ഷിച്ചും ആനന്ദത്തോടെ പറന്ന് നടക്കാം’ (മലബാര്‍ കലാപം ഒരു പുനര്‍വായന പേജ് 62 കെ.ടി. ജലീല്‍, (കെ. ഹുസ്സയിന്റെ മലബാറിലെ മാപ്പിള-മുസ്ലീം സംസ്‌ക്കാരത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിസീസ് 1997 പേജ് 297)
‘അനുഭിഞ്ജരായ ചില പുരോഹിതന്മാരും സാമൂഹ്യ വിരുദ്ധരും കുത്തിവെച്ച ജിഹാദ് എന്ന തെറ്റായ ആശയം മാപ്പിളമാരുടെ പരമ്പരാഗതമായ അക്രമസ്വഭാവത്തെ ആളിക്കത്തിച്ചു എന്നും 1921-ല്‍ സംഭവിച്ചത് ഇതാണെന്നുമുള്ള സി.എന്‍. ഇന്‍സിന്റെ വാദഗതിക്കും ശക്തമായ പിന്‍ബലം നല്‍കുന്നതാണ് മേലുദ്ധരിച്ച ഫത്‌വ എന്ന് കൂടി ഓര്‍ക്കണം.
ഖിലാഫത്തിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കാനും അതുവഴി കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന മുസ്‌ലീങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് ആകര്‍ഷിക്കാമെന്നും ഗാന്ധിജി ധരിച്ചിരുന്നു. എന്നാല്‍ മലബാറില്‍ നടന്ന മാപ്പിള ലഹള ഗാന്ധിജിയുടെ മനസ്സിനെ വല്ലാതെ നോവിച്ചു. അദ്ദേഹം യങ്ങ് ഇന്ത്യയില്‍ എഴുതി:
‘മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍ അവിടുത്തെ ചുറ്റുപാടുകള്‍ ശരിക്കറിയാവുന്ന നമ്മുടെ മനസ്സിനെ കാര്‍ന്ന് തിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്മാര്‍ക്ക് ഭ്രാന്ത് പിടിപെട്ട്‌പോയി എന്നോര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുകയാണ്. (യങ് ഇന്ത്യ 22-9-1921)
മലബാറിലെ മാപ്പിള കലാപത്തെകുറിച്ച് 1921-ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന ഹക്കിം അജ്മല്‍ഖാന്റെ വാക്കുകള്‍:
‘തലതിരിഞ്ഞ ഏതാനും വ്യക്തികള്‍ ചെയ്ത ദുഷ്‌കൃത്യങ്ങളാണിത്. ഈ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞാന്‍ പരിതപിക്കുന്നു.
കേരളപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി കലാപത്തെ അന്ന് മാപ്പിള ലഹളയെന്ന് വിശേഷിപ്പിച്ച് അപലപിക്കുകയായിരുന്നു ചെയ്തത്. സമാനമായ അഭിപ്രായങ്ങളാണ് സി. ശങ്കരന്‍നായര്‍, ആനിബസന്റ്, അംബേദ്കര്‍, കെ.പി കേശവമേനോന്‍ തുടങ്ങിയ നേതാക്കള്‍ക്കുമുണ്ടായിരുന്നത്. കേരള പത്രിക, ഹിന്ദു എന്നീ പത്രങ്ങളിലും ലഹളയുടെ വര്‍ഗീയ സ്വഭാവം വ്യക്തമാക്കുന്ന റിപ്പോട്ടുകള്‍ വന്നു.
ഒരു ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും ആയിരക്കണക്കിന് ഹിന്ദുക്കള്‍ മതം മാറ്റപ്പെടുകയും മതാന്ധത അതിക്രൂരവും പൈശാചികവുമായ രീതിയില്‍ ഒരു സമുദായത്തെ കൂട്ടക്കശാപ്പു നടത്തുകയും ചുട്ടെരിക്കുകയും ചെയ്തു. മലബാറിലെ മതസൗഹൃദാന്തരീക്ഷം പാടെ തകര്‍ക്കുകയും പ്രദേശത്തിന്റെ പുരോഗതി ദശകങ്ങളോളം പുറകോട്ടടിക്കുകയും ചെയ്ത മാപ്പിള ലഹള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് നമ്മുടെ നാടിനുണ്ടാക്കിയിട്ടുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, ഒരിക്കലും നടന്നുകൂടാത്ത ഒരു ദുരന്തത്തെ തെറ്റായി അടയാളപ്പെടുത്തിയും മഹത്വവല്‍ക്കരിച്ചും അന്നത്തെ ദുഷ്‌ചെയ്തികളില്‍ അഭിമാന പുളകിതരാകാന്‍ ഒരു സമുദായത്തെ വീണ്ടും പ്രചോദിപ്പിക്കുകയാണ് കെ.ടി ജലീല്‍ തന്റെ ഗ്രന്ഥത്തിലൂടെ. അദ്ദേഹം ഈ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രധാനമായും ഇവയാണ്.
1. ടിപ്പുസുല്‍ത്താന്‍ സാമൂഹ്യപരിഷ്‌കര്‍ത്താവും പുരോഗമനവാദിയും മതേതരവാദിയുമായിരുന്നു. (പേജ് 28,29,30)
2. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെ പങ്കാളിത്തമുള്ള മര്‍ദ്ദിതരും മര്‍ദ്ദകരും തമ്മിലുള്ള പോരാട്ടമായിരുന്നു മാപ്പിള ലഹള. (പേജ് 61,157)
3. മാപ്പിള ലഹളയുടെ മുഖ്യ ആസൂത്രകരായ വാരിയം കുന്നത്ത് അഹമ്മദ്ഹാജിയും ആലി മുസ്ല്യാരും ചെമ്പ്രശ്ശരി തങ്ങളുമുള്‍പ്പടെയുള്ള കലാപകാരികള്‍ വിപ്ലവപാരമ്പര്യമുള്ളവരും മതേതര സ്വഭാവം വെച്ചുപുലര്‍ത്തുന്നവരും ദേശീയ സ്വാതന്ത്ര്യ സമരസേനാനികളോളം പോന്ന ധീരരക്തസാക്ഷികളുമാണ്. (പേജ് 14, 178)
4. ഏതൊരു സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കും ഒപ്പം നില്‍ക്കാന്‍ പോന്നതാണ് 1921-ല്‍ നടന്ന മാപ്പിളലഹള.
ഒന്നാമതായി കെ.ടി ജലീലും പിണറായിയും വാഴ്ത്തുന്ന ടിപ്പുവിന്റെ തനിനിറം വെളിവാക്കുന്നത്ടിപ്പു മലബാറിലും മംഗലാപുരത്തും നടത്തിയ മതധ്വംസനങ്ങളും സ്വന്തം സൈനികര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും എഴുതിയ കത്തും ചിറയ്ക്കല്‍ രാജാവ് ടിപ്പുവിനെഴുതിയ തിട്ടൂരവും തന്നെയാണ്. എം.ജി.എസ്. നാരായണന്റെയും കെ.മാധവന്‍ നായരുടെയും ടിപ്പുവിനെ കുറിച്ചുള്ള വിലയിരുത്തലും ജലീലിന്റെ വാദം പൊളിച്ചടുക്കുന്നതാണ്.
അടുത്തത് മാപ്പിള ലഹളയെ ജാതി, മത, ലിംഗ, വ്യത്യാസമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്ന സമരമെന്ന് വിശേഷിപ്പിച്ചത്. കേവലം മാപ്പിളമാര്‍ മാത്രം പങ്കെടുത്ത ഒരു കലാപമായിരുന്നു 1921-ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്നിരുന്നത്. ഈ പ്രദേശങ്ങളിലെ 62 ശതമാനത്തോളം വരുന്ന അടിസ്ഥാന വര്‍ഗം കലാപത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും ദൃക്‌സാക്ഷികളും വ്യക്തമാക്കിയിട്ടുണ്ട് (കെ.മാധവന്‍നായര്‍, മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്). അതുകൊണ്ട് തന്നെ ലഹളയെ പ്രദേശത്തെ സമസ്ത മുന്നേറ്റമായി ചിത്രീകരിക്കുവാനുള്ള ശ്രമം സത്യവിരുദ്ധവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കലുമാണ്. കലാപകാരികള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ശരീഅത്ത് ഭരണം നടപ്പില്‍ വരുത്തിയതും ജിഹാദിനുള്ള ആഹ്വാനവും കലാപത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ലഹളയുടെ ആസൂത്രകര്‍ മതേതരവാദികളും വിപ്ലവപാരമ്പര്യമുള്ളവരുമാണെന്ന ജലീലിന്റെ കണ്ടെത്തലും സത്യത്തിന് നിരക്കുന്നതല്ല. വാരിയംകുന്നത്ത് അഹമ്മദ് ഹാജിക്കും ആലിമുസ്ല്യാര്‍ക്കും ചെമ്പ്രശ്ശേരി തങ്ങള്‍ക്കുമുണ്ടെന്ന് പറയുന്ന വിപ്ലവപാരമ്പര്യം അവര്‍ ഏറനാട് വള്ളുവനാട് പ്രദേശങ്ങളില്‍ മുന്‍പ് നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മതഭ്രാന്തന്മാരുടെ കുടുംബം എന്നത് മാത്രമാണ്.
ഇസ്ലാമിക ഭരണവും ശരീഅത്ത് സ്ഥാപനവുമായിരുന്നു ലഹളക്കാരുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. ലഹളക്കാലത്തെ പൂക്കോട്ടൂരിലേയും തുവ്വൂരിലേയും തിരൂരങ്ങാടിയിലേയുമെല്ലാം ഹാലിളകിയ ജിഹാദികളുടെ ചെയ്തികള്‍ തന്നെയാണ് ഇതിന് ഉദാഹരണം. ഇവിടെ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാന്‍ കെ.മാധവന്‍നായരെ വീണ്ടും ഉദ്ധരിക്കാം:
‘കുഞ്ഞഹമ്മദ്ഹാജി ചെറുപ്പമായിരുന്ന കാലത്ത് തന്നെ ബാപ്പയോട് കൂടി മക്കത്തേക്ക് നാട് കടത്തപ്പെട്ടിരുന്നു. മുമ്പുണ്ടായ ചില ലഹളകളില്‍ സംബന്ധിച്ചിരുന്ന കുറ്റത്തിനാണ് ഇങ്ങനെ നാട് കടത്തിയിരുന്നത്. പാരമ്പര്യമായി മതഭ്രാന്തന്മാരെന്ന് പ്രസിദ്ധിനേടിയിട്ടുള്ള ഒരു കുടംബത്തിലെ അംഗമായിരുന്ന കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായതില്‍ അത്ഭുതമില്ല. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അയാള്‍ അതിലെ ഒരു പ്രധാനപ്രവര്‍ത്തകനായി ചേര്‍ന്നുവെന്നും ഏറനാട്ടിലെ പലസഭകളും സ്ഥാപിച്ചുവെന്നും ചില ഇംഗ്ലീഷ് പത്രങ്ങളിലും ദിവാന്‍ ബഹദൂര്‍ സി. ഗോപാലന്‍നായര്‍ എഴുതിയ മാപ്പിള ലഹള എന്ന പുസ്തകത്തിലും പ്രസ്താവിച്ചത് ശരിയെന്ന് തോന്നുന്നില്ല.
അപ്രകാരം വല്ല പ്രവൃത്തികളും അയാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കോഴിക്കോട്ടുള്ള പ്രധാനകോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നു. ലഹളക്കാലത്ത് മാത്രമാണ് അയാളുടെ പേര്‍ പിന്നെ കേട്ടിട്ടുള്ളൂ(പേജ് 167,168 മലബാര്‍കലാപം).
അഹമ്മദ്ഹാജിയോളം പോരില്ലെങ്കിലും ആലിമുസ്ല്യാരും മതഭ്രാന്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നു. മതംമാറ്റത്തെയോ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെയോ ആലിമുസ്ല്യാരും എതിര്‍ത്തിരുന്നില്ല. മറിച്ച് മതപ്രബോധനത്തിലൂടെയും മുന്‍പ് ലഹളയില്‍ കൊല്ലപ്പെട്ട സൈയ്താക്കളുടെ ഖബറിടങ്ങളിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചും മുസ്ലീങ്ങളില്‍ തീവ്രമായ മതഭ്രാന്ത് കുത്തിവെക്കുന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മലബാറിന്റെ രാജാവായി സ്വയം പ്രഖ്യാപിച്ച ആലിമുസലിയാര്‍ ശരീഅത്തില്‍ അധിഷ്ഠിതമായ ദാറുല്‍ ഇസ്ലാമിന് വേണ്ടിയായിരുന്നു കലാപം നയിച്ചിരുന്നത്. അത് അദ്ദേഹം തുറന്ന് പറയാനും മടിച്ചിരുന്നില്ല. സത്യം ഇതായിരിക്കെ മലബാര്‍ മാപ്പിള ലഹള ജന്മിത്വത്തിനെതിരായ കാര്‍ഷിക കലാപമെന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടമെന്നും വിപ്ലവസമരമെന്നുമെല്ലാം വിശേഷിപ്പിച്ച് ദേശീയസമരത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.
ചില വര്‍ഗ്ഗീയപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരുമാണ് ഇക്കാര്യത്തില്‍ മുമ്പില്‍ എന്നതില്‍ അത്ഭുതമില്ല. 1947-ല്‍ ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയും കേരളത്തില്‍ ഒതുങ്ങി നിന്ന വര്‍ഗ്ഗീയപാര്‍ട്ടിയായ മുസ്ലീംലീഗിനെ ദേശീയമുഖ്യധാരയിലേയ്ക്ക് ആനയിക്കുകയും ചെയ്ത ചരിത്രം അവര്‍ക്കുണ്ട്. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്‌സാഹിപ്പിക്കുന്ന നയമായിരുന്നു കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എക്കാലത്തും ഉണ്ടായിരുന്നത്.
പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി ആദര്‍ശശുദ്ധിയോടെ പോരാടി ജീവത്യാഗം ചെയ്തവരെയാണ് ധീരരക്തസാക്ഷികള്‍ എന്ന് വാഴ്ത്താറുള്ളത്. അവരുടേത് മത വൈര്യവും ദുഷ്ടലാക്കും വിദ്വേഷവും ജനിപ്പിക്കുന്ന മാര്‍ഗ്ഗമാവില്ല ഒരിക്കലും. മാപ്പിള കലാപം ഈ ആരോപണങ്ങളെല്ലാം ഏറ്റുവാങ്ങുന്നുണ്ട്. ഇതാണ് മറ്റു സമരപോരാട്ടങ്ങളില്‍ നിന്ന് മാപ്പിള ലഹളയെ വേറിട്ട് നിര്‍ത്തുന്നതും വിചാരണചെയ്യപ്പെടുന്നതും.
വേലുത്തമ്പിയും പഴശ്ശിരാജയും ബഹദൂര്‍ഷായും നടത്തിയ പോരാട്ടങ്ങള്‍ നാടിന് വേണ്ടിയായിരുന്നു. വൈദേശിക ശക്തികള്‍ക്കെതിരായ അവരുടെ ചെറുത്ത് നില്‍പ് ദേശസ്‌നേഹത്താല്‍ പ്രചോദിതവും ഉദാത്തവുമായിരുന്നു.
ഹൈന്ദവസംസ്‌ക്കാരത്തിന്റെ ഭാഗമായ ഗണേശോല്‍സവവും ഗംഗാസ്‌നാനവുമെല്ലാം സംഘടിപ്പിച്ച് തിലകനും ഗാന്ധിജിയും ദേശീയസമരത്തെ സജീവമാക്കുകയുണ്ടായി. മാപ്പിളലഹളയെ ന്യായീകരിക്കാന്‍ കെ.ടി ജലീല്‍ (പേജ് 201 മലബാര്‍കലാപം ഒരു പുനര്‍വായന) എന്നാല്‍ അത്തരം പ്രതീകാത്മക സമരങ്ങള്‍ ഏതെങ്കിലും ഒരു മത വിഭാഗത്തിനെതിരായി പര്യവസാനിക്കുകയുണ്ടായില്ലെന്ന് മാത്രമല്ല അതിന്റെ ലക്ഷ്യം ഭാരതത്തിലെ സമസ്ത ജനങ്ങളുടേയും സ്വാതന്ത്ര്യമായിരുന്നു എന്നുപറയുന്നു.
മലബാര്‍ ലഹള തീര്‍ച്ചയായും അങ്ങനെ ഒരു പൊതുലക്ഷ്യം മുന്നോട്ട് വെച്ചില്ലെന്നും അത് എല്ലാതലത്തിലും മുസ്ലീം വര്‍ഗീയതയുടെ പ്രത്യക്ഷ പ്രകടനമായി കലാശിച്ചെന്നതും ചരിത്രം.
മാപ്പിള ലഹളയുടെ ആ പഴയകാല ചരിത്രം ഇന്ന് മുസ്ലീം സമുദായത്തിലെ ചിലര്‍ക്കെങ്കിലും അപമാനകരമായി തോന്നിയേക്കാം. പൂര്‍വ്വികരുടെ ദുഷ്‌കൃത്യങ്ങള്‍ പുതിയ തലമുറയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുമുണ്ടാകും. എന്നാല്‍ ഇതൊന്നും ആ വര്‍ഗ്ഗീയ കലാപത്തെ വെള്ളപൂശുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ന്യായീകരണമല്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ചരിത്രത്തിലെ ആ ഇരുണ്ട ദിനങ്ങളെ കുറിച്ച് പാശ്ചാത്തപിക്കേണ്ടവര്‍ അതില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയാവും ഫലം.
തീര്‍ച്ചയായും ഇത് നാടിന് ഗുണകരമാവില്ല. ഇന്നിപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലായി തിരനോട്ടം നടത്തുന്ന മുസ്ലീം വര്‍ഗീയ വാദം നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച് അഴിഞ്ഞാടുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഹൈക്കോടതി വിധിക്കെതിരെ പോലും ഇത്തരത്തിലുള്ള പ്രകോപനമുണ്ടായി. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മാപ്പിള ലഹളയെ ഓര്‍മ്മപ്പെടുത്തുന്നതും പൊതു സമൂഹത്തെ ഭയപ്പെടുത്തുന്നതുമാണ്.
തീര്‍ച്ചയായും കേരളത്തിലെ വിമോചന ദൈവശാസ്ത്രത്തിന്റെ മുഖ്യ വക്താവായ ഡോ:ജെ.ജെ. പള്ളത്ത് ഒരിക്കല്‍ അഭിപ്രായപ്പെട്ടതുപോലെ ‘പ്രവാചകന്‍ ഇസ്ലാമിന്റെ രൂപഘടന തീര്‍ത്തപ്പോള്‍ അതിലേക്ക് വന്ന മരുഭൂമിയിലെ ട്രൈബല്‍സിനെ മൂല്യപരമായി സംസ്‌ക്കരിച്ചിരുന്നില്ല. ഒരു അസംസ്‌കൃത എനര്‍ജിയാണ് നബി യൂണിഫൈ ചെയ്തുവിട്ടത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2005 ഏപ്രില്‍ 24)
മലബാറില്‍ നടന്ന മാപ്പിള ലഹള ഉള്‍പ്പടെ ഇസ്ലാമിന്റെ പേരില്‍ ലോകത്ത് നടന്നതും നടക്കുന്നതുമായ കൊടും ക്രൂരതകള്‍ കാണുമ്പോള്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം കാണില്ല.
മാപ്പിള ലഹളയ്ക്ക് ഇല്ലാത്ത വിശേഷണവും ധീര പരിവേഷവും നല്‍കി ആ പഴയ അസംസ്‌കൃത എനര്‍ജിയെ വീണ്ടും മത വിദ്വേഷമാക്കി ഊതിപ്പെരുപ്പിക്കാന്‍ (യൂണിഫൈ) നോക്കുന്നവര്‍ ഓര്‍ക്കുക. ഇത് കൈവിട്ട കളിയാണ്.