കര്‍ണാവതി: സ്വാര്‍ത്ഥ ചിന്തയ്ക്കുപരി രാഷ്ട്രഭാവന വളരണമെന്നും ഭേദചിന്തകള്‍ക്കപ്പുറം സമാജത്തെയാകെ ഏകീകരിക്കുകയാണ് ഈ കാലത്തിന്റെ ദൗത്യമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ഗുജറാത്ത് പ്രാന്തം സംഘടിപ്പിച്ച സമാജ് ശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജത്തെ സംഘടിപ്പിക്കുക എന്ന ദൗത്യമാണ് സംഘം നിര്‍വ്വഹിക്കുന്നത്. ധര്‍മ്മത്തിന്റെയും സംസ്കാരത്തിന്റെയും ദേശീയതയുടെയും അടിത്തറയില്‍ ജനത ഒന്നാകണം. സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാഷ്ട്രനേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമാജിക ഐക്യമില്ലാതെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രാഭിമുഖ്യവും സദ്ഗുണവുമുള്ള ഹിന്ദുസമാജത്തെ സൃഷ്ടിക്കാനാണ് ഡോ.ഹെഡ്ഗേവാര്‍ സംഘത്തിന് തുടക്കമിട്ടത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയിലാണ്. ഇപ്പോള്‍ ലോകമെങ്ങും ഭാരതത്തെ സംബന്ധിച്ച ആദരവ് ഏറുകയാണ്. ഭാരതീയമായ സംസ്കാരത്തിലൂന്നി, ഭിന്നതകളില്ലാതെ സമാജത്തെ ഐക്യത്തിന്റെ നൂലിഴയില്‍ കോര്‍ക്കാന്‍ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ആര്‍എസ്എസ് പശ്ചിമ ക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ബദാസിയ, ഗുജറാത്ത് പ്രാന്ത സംഘചാലക് ഡോ.ഭാരത് ഭായ് പട്ടേല്‍, കര്‍ണാവതി മഹാനഗര്‍ സംഘചാലക് മഹേഷ്ഭായ് പരീഖര്‍ എന്നിവര്‍ സന്നിഹിതരായി.