എന്നുമെല്ലായ്പ്പൊഴുമെവിടെയുമെത്തുന്നു
നന്ദാത്മജ ഭക്തര്‍ നിന്റെ മുന്നില്‍
ആടലകറ്റുവാന് നീയല്ലാതാരുണ്ട്
കോടക്കാര്‍വര്‍ണ്ണാ ധരാതലത്തില്‍.
ആരും കൊതിക്കും നിന്നോമന വിഗ്രഹം
കാണുവോര്ക്കൊന്നും മതിവരില്ല
പിന്നെയും പിന്നെയും കാണുവാനാഗ്രഹം
ഇന്ദിരാവല്ലഭ എന്തുമായം?
നിന്മേല് പതിക്കുന്ന കല്ലുകളൊക്കെയും
നെന്മേനിവാക മലരായ് മാറും
നിന് കാതില്‍ വന്നെത്തും ദുര്ഭാഷണമെല്ലാം
നാരായണ നാമമായ് ഭവിക്കും.
രാഗമായ് താളമായ് ഗാനമായ് നൃത്തമായ്
ലോകം നിറഞ്ഞു വിലസും നാഥാ
നിന് കാല്‍ച്ചിലമ്പില്‍ ഘണ ഘണ ക്വാണത്തില്
മുങ്ങുന്നു പൊങ്ങുന്നു ജീവജാലം.
കാര്മ്മുകില്വര്ണ്ണ കരുണാകര ഹരേ
കാരുണ്യവാരിധേ വാസുദേവാ
കാത്തുകൊള്ളേണം തളരാതെ ഭക്തരെ
കാല്ത്തളിരെന്നും ശരണം ദേവാ.