ആകാശം മുട്ടുന്ന ദേഹം, കൊടുമുടികള്‍ക്കുസമാനമായ പൂഞ്ഞ, ഭൂമികുലുങ്ങുമാറുളള കുളമ്പടികള്‍, ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദം, ആരും ഭയപ്പെടുന്ന ആ കൂറ്റന്‍ കാള അന്ന് ഒരു ദിവസം ഗോകുലത്തിലെത്തി.
കണ്ണു തുറിച്ച്, വാലും പൊക്കി കൊമ്പുകുലുക്കി വമ്പോടെ ആ ഋഷഭം വരുന്ന വരവില്‍ മതിലുകള്‍ തള്ളി വീഴ്ത്തി. അവന്റെ മുക്രയിടല്‍ കേട്ട്, പശുക്കള്‍ അമറി, സ്ത്രീകള്‍ വാവിട്ടു കരഞ്ഞു. പലരും ഭയന്നോടി..
കയറും പൊട്ടിച്ചോടുന്ന പൈക്കളേയും ഭയന്നു പായുന്ന ഗോപികമാരേയും സമാശ്വസിപ്പിച്ച ശേഷം ഭഗവാന്‍ കാളയെ സമീപിച്ചു.
‘എടാ! ദുഷ്ടനായ അസുരാ. കാളയുടെ രൂപത്തില്‍ വന്നു ഭയപ്പെടുത്തുന്നതെന്തിനാണ് നീ നിന്നെപ്പോലെ എത്രപേര്‍ ഇവിടെ വന്നു’ എന്ന് പറഞ്ഞ് ശാന്തഭാവത്തില്‍ നിന്ന കൃഷ്ണന്റെ നേരെ കുതിച്ചുപാഞ്ഞു ചെന്നു അരിഷ്ടാസുരന്‍.
വാലുയര്‍ത്തി വട്ടക്കണ്ണു തുറിച്ച്, കുളമ്പിനാല്‍ മണ്ണുതെറിപ്പിച്ച്, ചീറ്റിക്കൊണ്ട് വന്ന അസുരന്റെ കൊമ്പിന്മേല്‍ പിടിച്ച് ബലമായി അവനെ മലര്‍ത്തിയടിച്ചു.
ചാടിയെഴുന്നേറ്റ് കുതിച്ചു വന്ന അസുരന്റെ കൊമ്പില്‍ പിടിച്ച് ഞെരിച്ചു നന്ദപുത്രന്‍. കൊമ്പുകള്‍ പറിച്ചെടുത്ത് അതുകൊണ്ട് അസുരനെ മര്‍ദ്ദിച്ചു. ആ കൂറ്റന്‍ കാള മലമൂത്രവിസര്‍ജ്ജനത്തോടെ ചോര തുപ്പി ചത്തു വീണു.