മേലേവളപ്പില്‍ ഒരു നെല്ലിമരം നില്‍ക്കുന്നുണ്ട്. ഇന്നലെയാണ് ശങ്കരനെക്കൊണ്ട് നെല്ലിക്ക അറുപ്പിച്ചത്.
കുറെ ഉപ്പിലിട്ടു വെക്കും. ബാക്കികൊണ്ട് മുത്തശ്ശി ലേഹ്യമുണ്ടാക്കും. കരുപ്പട്ടിശ്ശര്ക്കരയും വേറെ എന്തെല്ലാമോ അങ്ങാടിമരുന്നുകളും വേണം. എല്ലാംകൂടി ഭരണിയിലിട്ട് ഇളക്കി ഭദ്രമായി അടച്ചു വെക്കും. ഭരണിയുടെ വായ്ഭാഗം മണ്ണുകൊണ്ടു പൊതിയണം. നാലഞ്ചു മാസം കഴിഞ്ഞിട്ടേ ഭരണി തുറക്കാവൂ.
ഞാനൊരു മുഴുത്ത നെല്ലിക്കയെടുത്ത് കടിച്ചുനോക്കി.
നല്ല ചവര്‍പ്പ്. നെല്ലിക്ക കടിച്ചു തിന്നുമ്പോഴുള്ള എന്റെ മുഖം കണ്ടിട്ടാവണം, മുത്തശ്ശി ചോദിക്കുകയായിരുന്നു
”ചവര്‍പ്പുണ്ട് അല്ലേ അപ്പൂ?”
”ഉണ്ട് മുത്തശ്ശി”.
”ഇത്തിരി വെള്ളം കുടിച്ചു നോക്കൂ അപ്പൂ”.
ഞാന്‍ അടുക്കളയിലേ ക്കോടി. കുറച്ചു വെള്ളം മുക്കിക്കുടിച്ചു. എന്തതിശയം! നല്ല മധുരം.
ഞാനാ വിശേഷം മുത്തശ്ശിയോടു പറഞ്ഞു.
”അതാ അപ്പൂ പഴമക്കാര്‍ പറയണെ. ‘മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം ചവര്‍ക്കും. പിന്നെ മധുരിക്കും’.
മുതിര്ന്നോര് ഗുണദോഷിക്കുമ്പോ ദേഷ്യം തോന്നും കുട്ട്യോള്ക്ക.് അതോണ്ട് ദോഷം വരില്യ. പിന്നീട് ഗുണാവേം ചെയ്യും”
”മധുരത്തിന്റെ കാര്യം പറഞ്ഞപ്പഴാ അപ്പൂ. മധുരം തിന്ന് ഉടനെ വെള്ളം കുടിക്കരുത്. മധുരം കഴിച്ച് വെള്ളം കുടിച്ചാല്‍ മക്കളെ ചുട്ടുതിന്ന ഫലാണ്. ച്ചാല്‍, അത്രക്ക് കേടാണ് ദേഹത്തിന്”.