കാശ്മീരിലെ റിയാസി താഴ്വരയില്‍ വന്‍തോതില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാജ്യത്തിന്റെ തലവര തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഈ കണ്ടെത്തലിനെ ഉപമിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അറേബ്യയില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതുമായിട്ടാണ്. അതെങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിയതിയെത്തന്നെ മാറ്റിയത് എന്നതിന് ഒരു നൂറ്റാണ്ട് സാക്ഷിയാണ്. ലോകത്ത് വന്‍തോതില്‍ വ്യാവസായിക വളര്‍ച്ച നേടിക്കൊണ്ടിരുന്ന ആ കാലത്താണ് പെട്രോളിയത്തിന്റെ ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചതും അറേബ്യന്‍ മരുഭൂമികളിലെ കറുത്ത സ്വര്‍ണ്ണം ലോകത്തിനു തന്നെ ഇന്ധനമായതും അതുവഴി മീന്‍പിടിച്ചും ഒട്ടകങ്ങളെ പോറ്റിയും മാത്രം കഴിഞ്ഞിരുന്ന അറബ് ജനത സമ്പന്നതയുടെ കൊടുമുടികള്‍ കീഴടക്കയിതും.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലുണ്ടായ വന്‍ വ്യവസായങ്ങളും വാഹനവിപ്ലവവും എല്ലാം ചേര്‍ന്ന് പെട്രോളിയം ഉപഭോഗം നൂറുകണക്കിന് മടങ്ങാണ് വര്‍ദ്ധിച്ചത്. ഇതുണ്ടാക്കിയ അന്തരീക്ഷമലിനീകരണമാണ് ആഗോളതാപനം വര്‍ദ്ധിപ്പിച്ചതും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതും ഓസോണ്‍ പാളിക്ക് വരെ വിള്ളല്‍ വീഴ്ത്തിയതും. ഇത് ഇങ്ങനെ പോയാല്‍, ഭൂമിയിലെ ജീവന്റെ ആയുസ്സ് അടുത്ത ഒരു നൂറ്റാണ്ടില്‍ അവസാനിക്കും എന്ന ഭയാനകമായ തിരിച്ചറിവില്‍ നിന്നുമാണ് വേറെ ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നത്. അതില്‍ നിന്നുമാണ് ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും വര്‍ദ്ധിച്ചത്. അടുത്ത അമ്പത് വര്‍ഷത്തില്‍ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം എഴുപത് ശതമാനം കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളും കഠിനാധ്വാനം ചെയ്യുകയാണ്. ഈ മേഖലയില്‍ ഭാരതം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
വൈദ്യുതവാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ ബാറ്ററികള്‍. കുറഞ്ഞ സ്ഥലത്ത് ധാരാളം ഊര്‍ജ്ജം ശേഖരിച്ചുവെയ്ക്കുക എന്നതാണ് ബാറ്ററികളുടെ പ്രധാന ധര്‍മ്മം. ബാറ്ററികള്‍ പലവിധമുണ്ട്. എന്നാല്‍ ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം കരുതിവെയ്ക്കാനുള്ള ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച ലിഥിയം അയോണ്‍ ബാറ്ററികള്‍ ആണ്. ഈ ബാറ്ററികളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലിഥിയം എന്ന ധാതു.
ഭൂമിയില്‍ ഇരുമ്പിന്റെ അംശം തീരെയില്ലാത്ത ഏറ്റവും ശുദ്ധാവസ്ഥയില്‍ ലഭിക്കുന്ന ധാതുക്കളില്‍ ഒന്നാണ് ലിഥിയം. ബാറ്ററികളുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ലോഹത്തിന്റെ നിക്ഷേപം പക്ഷെ അപൂര്‍വ്വം രാജ്യങ്ങള്‍ക്കേ ഉള്ളൂ. ചിലി, അര്‍ജന്റീന, ആസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും ലിഥിയം നിക്ഷേപം ഉള്ളത്. നമ്മുടെ ആവശ്യത്തിനുള്ള ലിഥിയം ഇവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
അങ്ങനെ ലോകവും ഭാരതവും വലിയൊരു വൈദ്യുതവാഹന വിപ്ലവത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപങ്ങളിലൊന്ന് കാശ്മീരില്‍ കണ്ടെത്തുന്നത്. ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയുടെ പടിവാതിലില്‍ ലോകം നിന്ന അതെ അവസ്ഥയാണ്. അതുകൊണ്ടാണ് ഇതൊരു വലിയ കാര്യമായി കരുതുന്നതും. കഴിഞ്ഞ നൂറ്റാണ്ടില്‍ പെട്രോളിയം കറുത്ത സ്വര്‍ണ്ണമാണെങ്കില്‍ ഇപ്പോള്‍ ലിഥിയം വെളുത്ത സ്വര്‍ണ്ണമാകുന്നതും അങ്ങനെയാണ്.
നമ്മുടെ ആഭ്യന്തര ഉപയോഗം കഴിഞ്ഞുള്ള ലിഥിയം കയറ്റുമതി ചെയ്ത് വന്‍തോതില്‍ വിദേശനാണ്യം നേടാനും ഇതുകൊണ്ട് കഴിയും. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകാനുള്ള കുതിപ്പില്‍ വലിയൊരു നാഴികക്കല്ലാണ് ഈ പുതിയ കണ്ടെത്തല്‍.
Comments