- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- പ്രേരണാദായകനായ പ്രാസംഗികന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 14)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
1914ല്‍ കേശവന്‍ ഫൈനല്‍ പരീക്ഷ വിജയിക്കുകയും എല്‍.എം.എസ്. ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് പ്രായോഗിക പരിശീലനവും നേടി. 1915 ജൂലായ് 9-ഓടെ ഡോക്ടറായി. ബാങ്കോക്കില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ഒരു ജോലിക്കു ക്ഷണം കിട്ടിയെങ്കിലും അത് ഉപേക്ഷിച്ചു. ഒന്നാം ലോകമഹായുദ്ധ സമയത്ത് ധാരാളം ഡോക്ടര്‍മാരെ സൈന്യത്തില്‍ എടുത്തിരുന്നു. ആ അനുഭവവും നേടാമെന്ന ആഗ്രഹത്തോടെ അപേക്ഷ നല്‍കിയെങ്കിലും കേശവന്റെ പേര് ബ്രിട്ടീഷ് ഭരണാധികാരികളുടെ ‘കരിമ്പട്ടിക’യിലായിരുന്നതിനാല്‍ അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. അങ്ങനെ നാടിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഡോ. കെ.ബി.ഹെഡ്‌ഗേവാര്‍ നാഗപ്പൂരിലേക്കു മടങ്ങി. പണം സമ്പാദിക്കുവാനോ പ്രശസ്തി കൈവരിക്കാനോ ആയിരുന്നില്ല ഡോക്ടര്‍ജി പഠിച്ചത്. സര്‍ക്കാര്‍ തന്റെ പേരില്‍ കേസെടുത്തപ്പോള്‍ ബംഗാള്‍ നാഷനല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചുകൊണ്ട് ബാബു അരവിന്ദ ഘോഷ് പറഞ്ഞ ഈ വാക്കുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ആദര്‍ശം. ”ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത് കുറെ യുവാക്കളെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനോ അവര്‍ക്ക് ഒരു ജീവിത വൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതിനോ അല്ല. ഞങ്ങളുടെ ഉദ്ദേശ്യം അവരെ മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരാക്കുകയും, വേണ്ടി വന്നാല്‍ മാതാവിന്റെ ബലിപീഠത്തില്‍ ത്യാഗവും സഹിഷ്ണുതയും അനുഭവിക്കാന്‍ ഒരുക്കുകയും ചെയ്യുക എന്നതാണ്.” അരവിന്ദഘോഷിന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്നവിധത്തിലായിരുന്നു ഡോക്ടര്‍ജിയുടെ തുടര്‍ന്നുള്ള ജീവിതം.
നാഗപ്പൂരില്‍ തിരിച്ചെത്തിയ ഡോക്ടര്‍ജി ഡോക്ടറുടെ ജോലി ചെയ്യുന്നതിനുപകരം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ചെയ്തത്. 1917 കാലത്ത് ബീഹാറിലും മദ്ധ്യസംസ്ഥാനത്തുമായി 75-ഓളം ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. പണം വാരിക്കൂട്ടാമായിരുന്ന തൊഴില്‍ കൈയിലുണ്ടായിട്ടും രാഷ്ട്രത്തിനുവേണ്ടി ത്യാഗജീവിതം നയിക്കാനാണ് ഡോക്ടര്‍ജി തയ്യാറായത്. 1908 മുതല്‍ മദ്ധ്യസംസ്ഥാനത്തില്‍ ഭാവുജി കാവ്‌റെയുടെ നേതൃത്വത്തില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഡോക്ടര്‍ജിയും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
ഭാവുജിയും ഡോക്ടര്‍ജിയും ചേര്‍ന്ന് ‘സ്വാതന്ത്ര്യം നേടുന്നതിന് ഒരു സായുധസേന’ എന്ന ആശയം നടപ്പാക്കാന്‍ ആരംഭിച്ചു. യുവാക്കളെ സംഘടിപ്പിക്കുന്നതിന് വ്യായാമശാലകളും വായനശാലകളും ആരംഭിച്ചു. ധനസമാഹരണത്തിന് വിവാഹസല്‍ക്കാരങ്ങള്‍ പോലുള്ള അവസരങ്ങള്‍ ഉപയോഗിച്ചു നരേന്ദ്രമണ്ഡല്‍ എന്ന പേരില്‍ നടത്തിയ സമ്മേളനങ്ങളില്‍ നിന്ന് ശേഖരിച്ച ധനമുപയോഗിച്ച് തോക്കുകളും ആയുധങ്ങളും വാങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവവിപ്ലവകാരികള്‍ക്ക് എത്തിച്ചുകൊടുത്തു.
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഇന്ത്യന്‍ സൈന്യം യുദ്ധനിരകളിലേക്ക് നീങ്ങി. ഈ സന്ദര്‍ഭത്തില്‍ എല്ലാ നേതാക്കളും ഒരേ ശബ്ദത്തില്‍ ‘ഇന്നു മുതല്‍ ഹിന്ദുസ്ഥാനം സ്വതന്ത്രരാജ്യമാണ്’ എന്നു പ്രഖ്യാപിക്കണമെന്ന് ഡോക്ടര്‍ജി അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി ഡോക്ടര്‍ മുഞ്‌ജെയുടെ കത്തുമായി പൂനെയില്‍ ചെന്ന് ലോകമാന്യ തിലകനെ കണ്ടു. തിരക്കുപിടിച്ച നേതാവാണെങ്കിലും അതിഥികളുടെ ആഹാരകാര്യം പോലും ശ്രദ്ധിക്കുന്ന തിലകന്റെ ശൈലി യുവഡോക്ടറെ വളരെ ആകര്‍ഷിച്ചു. വിപ്ലവപ്രവര്‍ത്തനങ്ങളെ കുറിച്ചും യുദ്ധപരിതഃസ്ഥിതികളെകുറിച്ചും ഡോക്ടര്‍ജി തിലകനുമായി ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു സമയമായിട്ടില്ല എന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നത്. തിലകനുമായുള്ള സംഭാഷണത്തിനുശേഷം ശിവാജിയുടെ ജന്മസ്ഥലമായ ശിവനേരിക്കോട്ട സന്ദര്‍ശിച്ചശേഷമാണ് ഡോക്ടര്‍ജി നാഗ്പൂരിലേക്കു മടങ്ങിയത്.
വിപ്ലവ സംഘടനയായ ക്രാന്തിദളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ജി മുഴുകി. 150-ഓളം യുവാക്കള്‍ എന്തിനും തയ്യാറായി സംഘടനയില്‍ ചേര്‍ന്നിരുന്നു. ധനസമാഹരണം, ആയുധശേഖരണം, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടന്നു. നാഗ്പൂരിനടുത്ത് കാംതിയില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ പടക്കോപ്പ് സംഭരണശാലയുണ്ടായിരുന്നു. രഹസ്യമായി റിവോള്‍വര്‍ നേടുന്നതിനുവേണ്ടി ഡോക്ടര്‍ജി ചില സൈനിക ഉദ്യോഗസ്ഥന്മാരുമായി ബന്ധം സ്ഥാപിച്ചു. ഒരു ദിവസം പട്ടാപ്പകല്‍ ക്രാന്തിദളിലെ അംഗങ്ങള്‍ സൈനികവേഷത്തില്‍ റെയില്‍വെ ക്ലിയറിംഗ് ഹൗസില്‍ ചെന്ന് യുദ്ധസാമഗ്രികള്‍ കടത്തിക്കൊണ്ടുവന്നു. ഉപയോഗിച്ച സൈനിക വേഷങ്ങള്‍ കത്തിച്ച് പുഴയില്‍ ഒഴുക്കിയതോടെ യാതൊരു തെളിവും ഇല്ലാതെയായി.
ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശ്രദ്ധ വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നതിലായി. കര്‍ശനവും ക്രൂരവുമായ നടപടികളാണ് ഇതിനുവേണ്ടി അവര്‍ കൈക്കൊണ്ടത്. വളരെയേറെ ത്യാഗങ്ങളും വേദനകളും സഹിച്ച് കെട്ടിപ്പൊക്കിയ സംഘടനായന്ത്രം തന്നെ പിരിച്ചുവിടേണ്ടിവന്നു. ഡോക്ടര്‍ജി ഇതിലൊന്നും നിരാശനാകാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിന് പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു. ദേശവ്യാപകമായി യാത്ര ചെയ്ത അദ്ദേഹം യോഗ സ്ഥലങ്ങളിലെല്ലാം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. തുളച്ചുകയറുന്നതും തീവ്രവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
കോണ്‍ഗ്രസ്സിലെ തിലകപക്ഷക്കാര്‍ ‘രാഷ്ട്രീയ മണ്ഡല്‍’ രൂപീകരിച്ചപ്പോള്‍ ഡോക്ടര്‍ജിയും അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ‘പരിപൂര്‍ണ്ണ സ്വാതന്ത്ര്യം’ എന്ന ലക്ഷ്യം നേടുന്നതിന് അടുത്ത സുഹൃത്തുക്കളോടൊപ്പം ‘നാഗ്പൂര്‍ നാഷണല്‍ യൂനിയന്‍’ എന്ന പുതിയൊരു വേദിയും തുടങ്ങി. ‘സങ്കല്പ’ എന്ന പേരില്‍ ഒരു ഹിന്ദിവാരിക തുടങ്ങാന്‍ രാഷ്ട്രീയ മണ്ഡല്‍, തീരുമാനിച്ചപ്പോള്‍ അതിന്റെ പ്രചാരണത്തിനായി ഡോക്ടര്‍ജി മഹാകോശല്‍ പ്രദേശത്ത് യാത്ര ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയ പ്രചരണം നടത്തുന്നതിന് ‘രാഷ്ട്രീയ ഉത്സവ മണ്ഡല്‍ എന്ന ഒരു യുവജനസംഘടനയും ഡോക്ടര്‍ജി ആരംഭിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രമുഖ നേതാക്കള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു.
1919 ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊല രാഷ്ട്ര മനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. ആ വര്‍ഷത്തെ കോണ്‍ഗ്രസ് സമ്മേളനം അമൃത്‌സറില്‍ വെച്ചാണ് നടന്നത്. ആ സമ്മേളനത്തില്‍ ഡോക്ടര്‍ജി പങ്കെടുക്കുകയും ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കുകയും ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. 1920-ലെ കോണ്‍ഗ്രസ് സമ്മേളനം ലോകമാന്യ തിലകന്റെ അദ്ധ്യക്ഷതയില്‍ നടത്താനായിരുന്നു ഡോക്ടര്‍ജി ഉള്‍പ്പെടെയുള്ള ദേശീയവാദികളുടെ ആഗ്രഹം. അതിനുവേണ്ടി വിപുലമായ തയ്യാറെടുപ്പുകളും ആരംഭിച്ചു. 1920 ജനുവരിയില്‍ ഡോക്ടര്‍ എല്‍.വി.പരാംജ്‌പെ ‘ഭാരത് സ്വയംസേവക് മണ്ഡല്‍’ ആരംഭിച്ചു. അദ്ദേഹവും ഡോക്ടര്‍ജിയും ചേര്‍ന്ന് കോണ്‍ഗ്രസ് സമ്മേളനത്തിനുവേണ്ടി 1500 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്നദ്ധസേന ഒരുക്കുന്നതിനു ശ്രമം തുടങ്ങി.
സമ്മേളനത്തിനുവേണ്ടി ഉത്സാഹപൂര്‍ണമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ജൂലായ് 31-ന് രാത്രിയില്‍ ബോംബെയില്‍വെച്ച് തിലകന്‍ നിര്യാതനാകുന്നത്. അതീവദുഃഖിതനായ ഡോക്ടര്‍ജി അനുശോചന സമ്മേളനങ്ങള്‍ നടത്തുന്നതിന് നേതൃത്വം നല്‍കി. തിലകന്റെ പെട്ടെന്നുള്ള വേര്‍പാട് കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് മറ്റൊരു അദ്ധ്യക്ഷനെ കണ്ടെത്തേണ്ട ചുമതലയാണ് ദേശീയവാദികള്‍ക്കുണ്ടാക്കിയത്. അതിനുവേണ്ടി ഡോക്ടര്‍ജി ഡോ.മുഝെയോടൊപ്പം പോണ്ടിച്ചേരിയില്‍ ചെന്ന് അരവിന്ദഘോഷിനെ കണ്ടെങ്കിലും അദ്ധ്യക്ഷപദം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 1910ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് സാഹസികമായി ഫ്രഞ്ച് പോണ്ടിച്ചേരിയിലെത്തിയ അരവിന്ദഘോഷ് ആദ്ധ്യാത്മിക പാതയില്‍ മുന്നേറിയ സമയമായിരുന്നു അത്.
ഡിസംബര്‍ അവസാനം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികളും എണ്ണായിരത്തോളം പ്രേക്ഷകരും മൂവായിരത്തോളം സ്വാഗതസംഘാംഗങ്ങളും പങ്കെടുത്തു. സന്നദ്ധസേനയുടെ നേതാക്കളെന്ന നിലയില്‍ ഡോക്ടര്‍ പരാംജ്‌പെയും ഡോക്ടര്‍ജിയും സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചുമതലയായിരുന്നു ഡോക്ടര്‍ജിക്ക്. അദ്ദേഹത്തിന്റെ സംഘാടന വൈഭവം എല്ലാവരിലും മതിപ്പുളവാക്കി.
പൂര്‍ണ സ്വാതന്ത്ര്യമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം ഡോക്ടര്‍ജിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കി വിഷയനിര്‍ണ്ണയ സമിതിക്ക് സമര്‍പ്പിച്ചെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. ഡോക്ടര്‍ജിയുടെ ‘നാഷണല്‍ യൂണിയന്റെ’ പ്രേരണ മൂലം മറ്റൊരു പ്രമേയവും സ്വാഗതസംഘം അവതരിപ്പിച്ചു. ഭാരതത്തില്‍ ജനാധിപത്യം സ്ഥാപിക്കുകയും മുതലാളിത്ത രാജ്യങ്ങളുടെ പിടിയിലമര്‍ന്ന എല്ലാ രാജ്യങ്ങളെയും സ്വതന്ത്രമാക്കുകയുമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എന്നതായിരുന്നു ആ പ്രമേയം. ഇതും സ്വീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഡോക്ടര്‍ജിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രമേയങ്ങള്‍.
അവസാനം നിസ്സഹകരണ പ്രമേയം മാത്രമാണ് അംഗീകരിക്കപ്പെട്ടത്. ‘ഒരു വര്‍ഷത്തിനുള്ളില്‍ സ്വരാജ്യം’ എന്ന മുദ്രാവാക്യം യുവാക്കളില്‍ വലിയ ആവേശമുണ്ടാക്കി. അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. ഡോക്ടര്‍ജി, ഡോക്ടര്‍ നാരായണ്‍റാവു സാവര്‍ക്കറോടൊപ്പം ബോംബെയിലും പ്രാന്തപ്രദേശങ്ങളിലും നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്ത് ജനങ്ങളെ ഇളക്കി മറിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തു. ഡോക്ടര്‍ജിയുടെ പ്രസംഗങ്ങള്‍ യുവാക്കള്‍ക്ക് വലിയ പ്രേരണയായി.
ഖിലാഫത്തിനെ പൊക്കിപ്പിടിച്ച് നിസ്സഹകരണ പ്രസ്ഥാനം നടത്താന്‍ പദ്ധതിയിട്ട ഗാന്ധിജിയുടെ നയത്തെ ഡോക്ടര്‍ജി എതിര്‍ത്തു. തുര്‍ക്കിയില്‍ ഖലീഫാഭരണം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള ഖിലാഫത്ത് പ്രക്ഷോഭം ഭാരതത്തിലെ മുസ്ലിങ്ങളില്‍ സ്വദേശബാഹ്യമായ മതഭ്രാന്ത് പാലൂട്ടിവളര്‍ത്തുകയേ ഉള്ളൂവെന്ന് ഡോക്ടര്‍ജി വാദിച്ചു. ജനഹൃദയങ്ങളില്‍ സ്വാതന്ത്ര്യജ്വാല പ്രോജ്വലിപ്പിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം സഞ്ചരിച്ചു. ഡോക്ടര്‍ജിയുടെ തീക്ഷ്ണമായ പ്രസംഗങ്ങള്‍ കേട്ട ജനക്കൂട്ടം വിദേശവസ്ത്രങ്ങള്‍ അഗ്നിക്കിരയാക്കി.
ഡോക്ടര്‍ജിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. 1921 ഫെബ്രുവരി 23-ന് ജില്ലാ കലക്ടര്‍ സിറിള്‍ ജയിംസ് ഇര്‍വിന്‍ 140-ാം വകുപ്പനുസരിച്ച് ഡോക്ടര്‍ജിയുടെ പ്രസംഗങ്ങളും ഉദ്‌ബോധനങ്ങളും നിരോധിച്ചു. ഒരു മാസത്തേക്കായിരുന്നു നിരോധനം. ഡോക്ടര്‍ജി അതു വകവെക്കാതെ പ്രസംഗങ്ങള്‍ തുടര്‍ന്നു. 1921 മെയ് 31-ന് രാജ്യദ്രോഹക്കുറ്റമാരോപിച്ച് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു.
കേസ് വക്കീലിനെ വെച്ച് വാദിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സ്‌മെലി എന്ന ജഡ്ജിയുടെ മുമ്പാകെ ജൂണ്‍ 14ന് വിചാരണ തുടങ്ങി. ഡോക്ടര്‍ജിയുടെ അഭിഭാഷകര്‍ക്ക് എതിര്‍വിസ്താരം നടത്താന്‍ കഴിയാത്ത തരത്തില്‍ പക്ഷപാതമായിരുന്നു ജഡ്ജിയുടെ നിലപാട്. അതിനാല്‍ ഡോക്ടര്‍ജി തന്നെ കേസ് വാദിക്കാന്‍ തീരുമാനിച്ചു. തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കുന്നതിന് അദ്ദേഹം മറ്റൊരു പ്രസംഗം തന്നെയാണ് കോടതിയില്‍ നടത്തിയത്. ഇതുകേട്ട ജഡ്ജി പറഞ്ഞത് ‘കേസിന് ആസ്പദമായ പ്രസംഗത്തേക്കാള്‍ കുറ്റകരമാണ് ഈ പ്രസ്താവന’ എന്നാണ്.
ആഗസ്റ്റ് 19ന് വിധി പ്രസ്താവിച്ചു. ഒരു വര്‍ഷത്തേക്ക് രാജ്യദ്രോഹപരമായ പ്രസംഗങ്ങളും പ്രചരണങ്ങളും നടത്തില്ല എന്ന് എഴുതിക്കൊടുത്താല്‍ മൂവായിരം രൂപയുടെ ജാമ്യത്തില്‍ വിടാമെന്നായിരുന്നു ഉത്തരവ്. കോടതിവിധി അംഗീകരിക്കാന്‍ ഡോക്ടര്‍ജി തയ്യാറായില്ല. കോപാകുലനായ ജഡ്ജി അദ്ദേഹത്തെ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു.
വിധികേള്‍ക്കാനെത്തിയ ജനക്കൂട്ടം ഡോക്ടര്‍ജിക്കു ചുറ്റും കൂടി. അവരോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”മാതൃരാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനബാഹുല്യങ്ങള്‍ക്കിടയില്‍ ജയിലില്‍ പോകേണ്ടിവന്നേക്കാം. അന്തമാനിലേക്ക് നാടുകടത്തിയേക്കാം. ചിലപ്പോള്‍ തൂക്കുമരത്തില്‍ കയറുകയും വേണ്ടി വന്നേക്കാം. അതിനെല്ലാം നമ്മള്‍ തയ്യാറായിരിക്കണം.”
1921 ആഗസ്റ്റ് 19-നാണ് ഡോക്ടര്‍ജിയെ ജയിലില്‍ അടച്ചത്. ജയില്‍ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് അദ്ദേഹം അവിടെ കഴിഞ്ഞു. ഏത് കഠിനജോലിയും ചെയ്യാന്‍ തയ്യാറായി. ഒരു പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടില്ല. 1922 ജൂലായ് 12-ന് ഡോക്ടര്‍ജി ജയില്‍മോചിതനായി. ഡോ. ഖരെയുടെ അദ്ധ്യക്ഷതയില്‍ പൊതുസ്വീകരണം നടന്നു. പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റു, ഹക്കീം അജ്മല്‍ഖാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് സ്വീകരണ പരിപാടിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത്.
(തുടരും)