പത്തനംതിട്ട: ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 111-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍ 12 വരെ പമ്പാ മണപ്പുറത്ത് നടക്കും. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ ഗുഡിജിയാര് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മയ്ക്ക് ശ്രീവിദ്യാധിരാജ ദര്‍ശന പുരസ്കാരം കേന്ദ്രമന്ത്രി വി. മുരളീധരന് സമ്മാനിക്കും.
വിവിധ ദിവസങ്ങളിലായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു, കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് എന്നിവര്‍ പ്രഭാഷണം നടത്തും. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സ്വാമി നന്ദാത്മജാനന്ദ, സ്വാമി അധ്യാത്മാനന്ദസരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ എന്നിവരും പരിപാടികളില്‍ സംബന്ധിക്കും. ഫെബ്രുവരി 12-ന് നടക്കുന്ന സമാപന സഭ ഗംഗോത്രി കാളികാര് പീഠം പരമഹംസ പരിവ്രാജകാചാര്യ അനന്തശ്രീവിഭൂഷിത സ്വാമി നാരായണ തീര്‍ഥ ശങ്കരാചാര്യര്‍ ഉദ്ഘാടനം ചെയ്യും. അമൃതാനന്ദമയീമഠം സ്വാമി അനഘാമൃതാനന്ദപുരി അധ്യക്ഷത വഹിക്കും.