വേദങ്ങള്‍ നാലാണ്, ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഇവയെ ശ്രുതി എന്നും പറയും. കാരണം ഇവ ഋഷിമാരുടെ അന്ത:കര്‍ണങ്ങളില്‍ പതിച്ചവയാണ്, വെളിപ്പെട്ടവയാണ്. ‘അനന്താ വൈ വേദാ:’ എന്നാണ്. വേദങ്ങള്‍ അനന്തമാണ്. അതില്‍ ഒരു ചെറിയ ഭാഗം മാത്രമെ വെളിപ്പെട്ടിട്ടുള്ളൂ.
മഹര്‍ഷിയായ ഭരദ്വാജന്‍ മൂന്നു ജന്മങ്ങള്‍ കൊണ്ടാണ് വേദം പഠിച്ചത്. എന്നിട്ടും തീര്‍ന്നില്ല. അപ്പോള്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. ‘ഞാന്‍ നിനക്ക് ഒരു ജന്മം കൂടി തരാം. അത് നീ എന്തിനുപയോഗിക്കും?’ അതും ഞാന്‍ വേദം പഠിക്കാന്‍ ഉപയോഗിക്കും എന്നുത്തരം. അപ്പോള്‍ പരമേശ്വരന്‍ മുമ്പിലുളള മൂന്നു കുന്നുകള്‍ ചൂണ്ടിക്കാട്ടി. എന്നിട്ട് അതില്‍ നിന്ന് ഒരുപിടി മണ്ണു കൈയിലെടുത്തു പറഞ്ഞു. ‘നീ പഠിച്ചത് വേദപര്‍വതത്തിന്റെ ഇത്രയും ഭാഗം മാത്രമാണ്.’ ഈ കഥ വേദത്തിലെ കാഠകത്തിലുള്ളതാണ്.
വേദം ശബ്ദ തരംഗങ്ങളായാണ് വെളിപ്പെട്ടത്. എഴുത്തായോ പുസ്തക രൂപത്തിലോ അല്ല. ലിപിയും ഇല്ല. അവയൊക്കെ പിന്നീടു വന്നതാണ്. വേദം പഠിക്കുന്നതും ചൊല്ലിക്കേട്ട് ഓര്‍മ്മിച്ചാണ്. ഇന്നും അതെ. വേദം പഠിക്കാനായി ജീവിതത്തില്‍ ഒരു കാലഘട്ടം (ആശ്രമം) മാറ്റി വെക്കുന്നു. അതാണ് ബ്രഹ്‌മചര്യം. ബ്രഹ്‌മചര്യത്തിലേക്കു പ്രവേശിക്കുന്നത് ഉപനയനമെന്ന ചടങ്ങിലൂടെയാണ്. അത് ഒരു രണ്ടാം ജന്മമാണ്.
കാശിയില്‍ പോയി വരുന്നവര്‍ ഗംഗാജലം കൊണ്ടുവരും. അവരെ നാം ബഹുമാനിച്ചു കൊണ്ട് അതു വാങ്ങി സേവിക്കും. എന്നാല്‍ ജലം അവര്‍ സൃഷ്ടിച്ചതല്ല. അതുപോലെ വേദം ഋഷിമാര്‍ കൊണ്ടുവന്നു. എന്നാല്‍ അതവരുടെ സുഷ്ടിയല്ല. അവരുടെ യൗഗിക കര്‍ണങ്ങളില്‍ പതിച്ചവയാണ്.
യോഗശാസ്ത്ര പ്രകാരം മനുഷ്യന്റെ ചെവിയും പ്രപഞ്ചത്തിന്റെ അപാരതയും തമ്മില്‍ ബന്ധമുണ്ട്. ആ ബന്ധം സാധിതമായാല്‍ അവന് ദിവ്യമായ ശ്രോത്രം ലഭിക്കും. അപ്പോള്‍ അവര്‍ക്ക് അന്തരീക്ഷത്തില്‍ അനന്ത കാലമായി നിലനില്ക്കുന്ന വൈദിക ശബ്ദ തരംഗങ്ങളെ പിടിച്ചെടുക്കാന്‍ കഴിയും. അത്തരം ശ്രേഷ്ഠന്മാരെയാണ് മഹര്‍ഷി എന്നു വിളിക്കുന്നത്.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയും. മനസ്സിലെ വികാരവിചാരങ്ങള്‍ മുഖത്തു കാണാം. ദുര്‍വികാരങ്ങള്‍ മനസ്സിനെയും അതിലൂടെ ഹൃദയമിടിപ്പിനേയും മറ്റു ആന്തരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇതിനെയാണ് നാം രാജയോഗത്തിലൂടെ, പ്രാണായാമത്തിലൂടെ നിയന്ത്രിക്കുന്നത്.
മറ്റൊരു വഴിയാണ് മന്ത്ര യോഗം. നാം ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ ശ്വാസവായു തൊണ്ട, നാക്ക്, വായയുടെ ഉള്‍ഭാഗം ചുണ്ടുകള്‍ ഇവയിലൂടെ കടന്നുപോകും. അതില്‍ നിന്നുണ്ടാകുന്ന തരംഗം, സൂക്ഷ്മമായ വിറയല്‍, ശരീരത്തെ മുഴുവന്‍ അറിയാതെ ബാധിക്കുന്നുണ്ട്. വേദ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതിലൂടെ അവനിലും അതു കേള്‍ക്കുന്നവരിലും അതു പതിക്കുന്ന പ്രകൃതിയിലും പ്രതികരണങ്ങള്‍ സൃഷ്ടിക്കും. ശബ്ദ തരംഗങ്ങള്‍ ചെടികളില്‍ പോലും സ്വാധീനം ചെലുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മനനാല്‍ ത്രായതേ ഇതി മന്ത്ര: – ആവര്‍ത്തിച്ച് മനനം ചെയ്താല്‍ എല്ലാവരെയും രക്ഷിക്കും എന്നതിനാലാണ് അത് മന്ത്രമായത്. വേദമന്ത്രത്തിന് ബ്രഹ്‌മം എന്നു പേരുണ്ട്. മന്ത്രം എല്ലാവരുടെയും ക്ഷേമത്തിനായി ഉച്ചരിക്കുന്നവനാണ് ബ്രാഹ്‌മണന്‍.
വേദം ഉച്ചരിക്കുന്നതിന്ന് പ്രത്യേക രീതിയുണ്ട്; അവ ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ ചില സമ്പ്രദായത്തില്‍ ചൊല്ലണമെന്നു നിയമമുണ്ട്. ഇതിന് സ്വരമെന്നാണ് (സ്വരിച്ചു പഠിക്കുക) പേര്. വര്‍ഷങ്ങളുടെ ഏകാഗ്രപഠനം കൊണ്ടേ വേദം സ്വായത്തമാകൂ. പണ്ട് ഇതിന് ജീവിതത്തിലെ ഒരു ഘട്ടം തന്നെ നീക്കിവെച്ചിരുന്നു. ഈ കാലമാണ് ബ്രഹ്‌മചര്യം. ബ്രഹ്‌മത്തില്‍ (വേദത്തില്‍) ചരിക്കുന്ന കാലം.
വേദം പഠിച്ചു എന്നു പൊങ്ങച്ചം കാണിക്കുന്ന പലരും പണ്ടും ഉണ്ടായിരുന്നിരിക്കണം. അവരെ കളിയാക്കുന്ന ഒരു ശ്ലോകമുണ്ട്.
ഗീതീ ശീഘ്രീ ശിര:കമ്പീ
തഥാ ലിഖിതപാഠക:
അനര്‍ഥജ്ഞ: അല്പകണ്ഠശ്ച
ഷഡേതേ പാഠകാധമാ:
നീട്ടിപ്പാടുന്നവര്‍, വേഗത്തില്‍ ചൊല്ലിത്തീര്‍ക്കുന്നവര്‍, തല വെറുതേ ആട്ടുന്നവര്‍, നോക്കി വായിക്കുന്നവര്‍, അര്‍ത്ഥമറിയാത്തവര്‍, ഉറക്കെ ചൊല്ലാത്തവര്‍ – ഇങ്ങിനെ ആറു പേര്‍ അധമരായ പാഠികളാണ്.
കാഞ്ചിയിലെ മുന്‍ ശങ്കരാചാര്യര്‍ ചന്ദ്രശേഖര സരസ്വതി സ്വാമികള്‍ അര്‍ത്ഥമറിയാതെ ചൊല്ലുന്നതില്‍ ദോഷമില്ല എന്നു പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണവും. ഒരു എഴുത്തറിയാത്ത ഗ്രാമീണന്‍ ഒരു പഠിച്ച വക്കീലിനെക്കൊണ്ട് ഒരു ഹരജി എഴുതിച്ച് അത് കലക്ടര്‍ക്ക് നേരിട്ടു സമര്‍പ്പിച്ചു. അനുകൂലമായ നടപടിയുമുണ്ടായി. ആ ഗ്രാമീണന്റെ നീതിയിലുള്ള വിശ്വാസം ബോധ്യപ്പെട്ടതിനാലാണ് ഉടനെ നടപടിയുണ്ടായത്. ഹരജിയില്‍ കുഴപ്പമുണ്ടായിരുന്നാല്‍ പോലും ഇതു തന്നെ സംഭവിക്കും, കാരണം ഗ്രാമീണന്റെ ഹൃദയം കലക്ടര്‍ക്കറിയാം. അതുപോലെ വേദം ആത്മാര്‍ത്ഥമായി ചൊല്ലിയാല്‍ അര്‍ത്ഥമറിയില്ലെങ്കില്‍ പോലും അത് ഭഗവാന്‍ സ്വീകരിക്കും. മാത്രമല്ല വേദത്തിന് മനുഷ്യന്‍ വാഖ്യാനിക്കുന്നതിലധികമായ നിഗൂഢാര്‍ത്ഥങ്ങളുണ്ടുതാനും.
വേദം അനാദിയാണ്. അതിന്റെ തുടക്കത്തെപ്പറ്റി നമുക്കറിയില്ല. അവ അപൗരുഷേയമാണ്. പുരുഷ (മനുഷ്യ) പ്രയത്‌നം കൊണ്ട് കിട്ടിയതല്ല. സൃഷ്ടിയുടെ അടിസ്ഥാനമാണ്. ബ്രഹ്‌മാവ് വേദം അറിഞ്ഞാണ് സൃഷ്ടി ആരംഭിച്ചത്. അത് ലോകത്തിലെ സര്‍വ്വത്തിനും നന്മ (ശം) നേരുന്നു. ഇരുകാലികള്‍ക്കും (ശം നോ അസ്തു ദ്വിപദേ) നാല്‍ക്കാലികള്‍ക്കും (ശം ചതുഷ്പദേ) ചെടികള്‍ക്കും പര്‍വതങ്ങള്‍ക്കും നദികള്‍ക്കും ഒക്കെ മംഗളം നേരുന്നു.
ജീവിതത്തിന്റെ സമഗ്ര മേഖലകളെയും ഭാവാത്മകമായും (positive) സമഗ്രമായും നമുക്കായി അവതരിപ്പിച്ച വേദമാതാവിന് ശതകോടി നമസ്‌കാരം.