- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
കേശവാനന്ദ എന്ന ശ്രീരാമകൃഷ്ണ ഭക്തന്‍ ഒരിക്കല്‍ ശാരദാദേവിയോട് ചോദിച്ചു: ”സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ രാജ്യത്തിനുവേണ്ടി എത്രത്തോളം കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്നു?” ദേവിയുടെ മറുപടി പെട്ടെന്നായിരുന്നു: ”നരേന്‍ ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ കമ്പനി (ബ്രിട്ടീഷുകാര്‍) അവനെ സമാധാനത്തോടെ ഇരിക്കുവാന്‍ അനുവദിക്കുമായിരുന്നോ? അവര്‍ അവനെ ജയിലില്‍ അടയ്ക്കും. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാകുമായിരുന്നു.” യുവ വിപ്ലവകാരിയായ അരവിന്ദഘോഷിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു: ”അവന്‍ എന്റെ ധീരനായ പുത്രനാണ്.”
19-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ഉടലെടുത്ത ദേശീയ നവോത്ഥാനവും സ്വാതന്ത്ര്യസമരവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ശാരദാദേവിയുടെ മേല്‍പ്പറഞ്ഞ വാക്കുകള്‍. ഭാരതീയരെ ആംഗലവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചത് 1835ലാണ്. ഈ പദ്ധതിയിലൂടെ കടന്നുപോകുന്നവര്‍ നിറംകൊണ്ടും തൊലികൊണ്ടും ഭാരതീയരായി തുടരുമെങ്കിലും അഭിപ്രായങ്ങളിലും അഭിരുചികളിലും ഇംഗ്ലീഷുകാരായി മാറുമെന്നും 30 വര്‍ഷത്തിനകം ബംഗാളില്‍ ഒറ്റ ഹിന്ദുവും ശേഷിക്കുകയില്ല എന്നും മെക്കാളെ സായ്പ് അവകാശപ്പെട്ടു. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു മെക്കാളെ മിനുട്‌സ്.
ക്രിസ്തുമതത്തിലേക്കുള്ള വ്യാപകമായ പരിവര്‍ത്തനം അതിനും വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ഭാരതീയരുടെ സ്വത്വബോധത്തെ മുച്ചൂടും മുടിക്കുന്ന ഒരു കൊടുങ്കാറ്റാണ് പടിഞ്ഞാറു നിന്ന് ഇവിടേക്ക് ആഞ്ഞടിച്ചത്. അതിനെ തടഞ്ഞുനിര്‍ത്തിയത് മെക്കാളെ പദ്ധതി ആരംഭിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം, 1836ല്‍ ബ്രിട്ടീഷുകാരുടെ തലസ്ഥാനമായിരുന്ന കല്‍ക്കത്തയില്‍ തന്നെ ജനിച്ച ശ്രീരാമകൃഷ്ണ പരമഹംസരായിരുന്നു. ഭാരതത്തിന്റെ സംസ്‌കാരവും ആദ്ധ്യാത്മികതയും സ്വജീവിതത്തില്‍ ആവിഷ്‌ക്കരിച്ച ആ മഹാത്മാവിന്റെ പ്രശസ്തി നാലുപാടും പരന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ കടന്നുപോയിരുന്നെങ്കിലും ഭാരതീയ ഈശ്വരാന്വേഷണ ത്വര ഉണ്ടായിരുന്ന നരേന്ദ്രനെ ലോകമറിയുന്ന സ്വാമി വിവേകാനന്ദനാക്കി മാറ്റിയത് ശ്രീരാമകൃഷ്ണപരമഹംസരാണ്. ചിക്കാഗോ മതമഹാസമ്മേളനത്തിലെ പ്രസംഗത്തിലൂടെ വിവേകാനന്ദന്‍ ഹിന്ദുധര്‍മ്മത്തിന്റെ മഹത്വം ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാണിച്ചു. മാര്‍ഗരറ്റ് നോബിള്‍ എന്ന പാശ്ചാത്യ വനിതയെ ഭഗിനി നിവേദിതയാക്കി ഭാരതത്തില്‍ കൊണ്ടുവന്ന് ശാരദാദേവിയുടെ കാല്‍ക്കല്‍ നമസ്‌ക്കരിപ്പിച്ചപ്പോള്‍ ഭാരതത്തെ തകര്‍ക്കാന്‍ വന്ന മതപരിവര്‍ത്തന ശക്തികളോട് മധുരമായി പ്രതികാരം വീട്ടുകയായിരുന്നു സ്വാമി വിവേകാനന്ദന്‍.
ചിക്കാഗോ പ്രസംഗവും വിദേശയാത്രയും കഴിഞ്ഞ് ഭാരതത്തില്‍ തിരിച്ചെത്തിയ സ്വാമിജി ‘കൊളംബോ മുതല്‍ അല്‍മോറ വരെ’ നടത്തിയ യാത്രയില്‍ തന്റെ സിംഹഗര്‍ജ്ജനത്തിലൂടെ അടിമഭാരതത്തില്‍ ആലസ്യം പൂണ്ടു കഴിഞ്ഞ ജനകോടികളെ സ്വാതന്ത്ര്യത്തിലേക്കും സ്വാഭിമാനത്തിലേക്കും ഉണര്‍ത്തുകയായിരുന്നു. ‘ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത (ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യത്തിലെത്തുന്നതുവരെ പിന്മാറരുത്) എന്ന കഠോപനിഷത്തിലെ മന്ത്രം അദ്ദേഹം ഭാരതീയരുടെ മുമ്പാകെ ലക്ഷ്യമായി അവതരിപ്പിച്ചു. ”ഉണരൂ, ഭാരതമേ, നിന്റെ ആദ്ധ്യാത്മികത കൊണ്ട് ലോകത്തെ കീഴടക്കൂ” ഇതായിരുന്നു സ്വാമിജിയുടെ ഏറ്റവും വലിയ സന്ദേശം.
ആക്രമിക്കാനും തകര്‍ക്കാനും വരുന്നവരോട് നാം സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണമെന്ന് സ്വാമിജി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു. വിദേശത്തു നിന്നുള്ള മടക്കയാത്രയില്‍ രണ്ടു പാതിരിമാര്‍ സ്വാമിജിയോട് ഹിന്ദുമതത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ തുടങ്ങി. ഉത്തരം മുട്ടിയപ്പോള്‍ അവരുടെ സ്വരം അവഹേളനത്തിന്റേതായി മാറി. അതും വല്ലാതെ മര്യാദ വിട്ടു തുടങ്ങിയപ്പോള്‍ സ്വാമിജിയുടെ കണ്ണില്‍ തീ പാറി, നാവില്‍ കയറി. ”ഇനി എന്റെ മതത്തിനെതിരായി ഒരക്ഷരം മിണ്ടിപ്പോയാല്‍ ഇതാ ഈ പെരുങ്കടലില്‍ രണ്ടെണ്ണത്തിനെയും പൊക്കിയെറിയും.” സ്വാമിജി ആക്രോശിച്ചു. സ്വാമിജിയുടെ രൗദ്രത്തിനു മുന്നില്‍ പാതിരിമാര്‍ നാവടക്കി.
സ്വാമിജി തന്നെ പിന്നീടൊരിക്കല്‍ ശ്രീ പ്രിയനാഥ സിന്‍ഹയോട് ഈ സംഭവം വിവരിച്ചു. തുടര്‍ന്നു ചോദിച്ചു: ”സിന്‍ഹാ, അമ്മയെ ഒരാള്‍ അപമാനിച്ചാല്‍ എന്തു ചെയ്യും”, ”അവന്റെമേല്‍ ചാടിവീണ് മറക്കാനാവാത്ത പാഠം പഠിപ്പിക്കും” സിന്‍ഹ പറഞ്ഞു. ഉടനെ സ്വാമിജി ഇങ്ങനെപറഞ്ഞു: ”നമ്മുടെ ദേശത്തിന്റെ അമ്മയായ ധര്‍മ്മത്തെക്കുറിച്ച് ഇതേ നിലപാട് കൈക്കൊള്ളാന്‍ കഴിയുമോ? നിങ്ങളുടെ മുഖം നോക്കി ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇന്നു ഹിന്ദുക്കളെ ചീത്ത വിളിക്കുന്നില്ലേ? നിങ്ങളുടെ സഹോദരന്മാരെ മതം മാറ്റുന്നില്ലേ? ഇതു നിങ്ങളെങ്ങിനെ സഹിക്കും? എവിടെ നിങ്ങളുടെ മതവിശ്വാസം? എവിടെ നിങ്ങളുടെ ദേശസ്‌നേഹം?”
ഭാരതത്തിന് എപ്പോള്‍ സ്വാതന്ത്ര്യം ലഭിക്കും എന്നു ചോദിച്ച മദിരാശിയിലെ വിദ്യാര്‍ത്ഥികളോട് സ്വാമിജി ഒരു മറുചോദ്യമാണ് ചോദിച്ചത്: ”ഭാരതത്തിന്റെ സ്വാതന്ത്ര്യം, വേണമെങ്കില്‍ അത് ഇപ്പോള്‍ തന്നെ ഞാന്‍ വാങ്ങിത്തരാം. പക്ഷെ അത് സംരക്ഷിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടോ?” മാത്രമല്ല അടുത്ത അന്‍പതു വര്‍ഷത്തേക്ക് മറ്റെല്ലാ ദേവതകളെയും മറന്ന്, ഭാരതമാതാവിനെ പൂജിക്കാനുള്ള നിര്‍ദ്ദേശവും സ്വാമിജി ഭാരതീയര്‍ക്ക് നല്‍കി. 1897ലാണ് അദ്ദേഹം ഇതു പറഞ്ഞത്. കൃത്യം 50 വര്‍ഷം കഴിഞ്ഞാണ് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്ന വസ്തുത സ്വാമിയുടെ ക്രാന്തദര്‍ശിത്വത്തിന്റെ ഉത്തമോദാഹരണം തന്നെ.
സ്വാമിജിയെ പിന്തുടര്‍ന്ന് ഭഗിനി നിവേദിതയും ആക്രാമികമായ ഒരു ഹിന്ദുത്വത്തിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടിയത്. ”ആക്രാമികതയാണ് ഇന്ന് വിദ്യാലയങ്ങളിലും പഠനമുറികളിലുമിരിക്കുന്ന ഭാരതത്തിന്റെ പ്രബല സ്വഭാവമാകേണ്ടത്… ഇടതടവില്ലാതെ കീഴടങ്ങുന്ന ചെറുത്തുനില്പിനുപകരം ആക്രമിച്ചുകയറുന്ന പടയാളികളുടെ പടഹധ്വനികള്‍: ഇനിമേല്‍ ഹിന്ദുത്വം ഹൈന്ദവാചാരങ്ങളുടെ രക്ഷിതാവായി, പ്രത്യുത ഹൈന്ദവ ചാരിത്ര്യത്തിന്റെ നിര്‍മ്മാതാവായി സങ്കല്പിക്കപ്പെടണം. തന്നെ കാക്കുകയല്ല, എതിരാളിയെ മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. നാമെത്ര നിലനിര്‍ത്തിയെന്നതല്ല, എത്ര കൂട്ടിച്ചേര്‍ത്തു എന്നതാണ് ഇനിയത്തെ ചോദ്യം.” അവര്‍ ഗര്‍ജ്ജിച്ചു.
ശ്രീരാമകൃഷ്ണ പരമഹംസരില്‍ നിന്നാരംഭിച്ച് സ്വാമി വിവേകാനന്ദനിലൂടെയും ഭഗിനി നിവേദിതയിലൂടെയും രാജ്യം മുഴുവന്‍ വ്യാപിച്ച സനാതനധര്‍മ്മത്തിന്റെ ശംഖൊലി ആദ്ധ്യാത്മിക രംഗത്തും സാമൂഹ്യസേവന രംഗത്തും വലിയ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാമി വിവേകാനന്ദന്‍ രൂപം നല്‍കിയ രാമകൃഷ്ണ പ്രസ്ഥാനം (ശ്രീരാമകൃഷ്ണ മഠങ്ങളും ശ്രീരാമകൃഷ്ണ മിഷനും) ജനങ്ങള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നുകൊണ്ട് രാജ്യമാസകലം പ്രവര്‍ത്തിച്ചു. ഈയൊരു ആദ്ധ്യാത്മിക നവോത്ഥാനത്തിനു സമാന്തരമായി രാഷ്ട്രീയ രംഗത്തും സ്വാതന്ത്ര്യസമരരംഗത്തും പരിവര്‍ത്തനം ആവശ്യമായിരുന്നു. ഈയൊരു സവിശേഷമായ ദൗത്യം എറ്റെടുത്തത് പിന്നീട് മഹര്‍ഷി അരവിന്ദനായി അറിയപ്പെട്ട അരവിന്ദഘോഷായിരുന്നു. ഭാരതത്തിന്റെ ദേശീയതയെ സനാതനധര്‍മ്മവുമായി ബന്ധിപ്പിച്ചത് വിവേകാനന്ദനായിരുന്നെങ്കില്‍ ആ ബന്ധത്തെ അരക്കിട്ടുറപ്പിച്ചത് അരവിന്ദനായിരുന്നു. അവരില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് അനേകം യുവാക്കളും വിദ്യാര്‍ത്ഥികളും സ്വജീവിതം രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിച്ചു. അരവിന്ദഘോഷ് അഞ്ചുവര്‍ഷം മാത്രമേ സ്വാതന്ത്ര്യസമരരംഗത്ത് പ്രവര്‍ത്തിച്ചുള്ളൂ എങ്കിലും ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതിതിരിച്ചുവിടാനും ജനങ്ങളുടെ മനസ്സില്‍ ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ വളര്‍ത്താനും അതിനുള്ള കര്‍മ്മപദ്ധതി നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു.
1872 ആഗസ്റ്റ് 15-ന് കല്‍ക്കത്തയിലാണ് അരവിന്ദഘോഷ് ജനിച്ചത്. ഭാരതത്തില്‍ സാമൂഹ്യപരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ച രാജാറാം മോഹന്‍ റോയ് ജനിച്ചിട്ട് അപ്പോഴേക്കും നൂറുവര്‍ഷം പിന്നിട്ടിരുന്നു. ഭാരതത്തിലുടനീളം ഒട്ടനവധി മഹാന്മാര്‍ ജനിച്ച ഒരു കാലഘട്ടമായിരുന്നു അത്. അരവിന്ദന്റെ അച്ഛന്‍ ഡോ. കൃഷ്ണധനഘോഷ് പ്രശസ്തനായ ഒരു മെഡിക്കല്‍ ഓഫീസറായിരുന്നു. അമ്മ സ്വര്‍ണ്ണലതാദേവിയുടെ അച്ഛന്‍ രാജനാരായണ്‍ ബസു അറിയപ്പെടുന്ന ദേശഭക്തനായിരുന്നു. ഇന്ത്യന്‍ ദേശീയതയുടെ മുത്തച്ഛന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ രാജനാരായണന്‍ ആരംഭിച്ച ‘സംജീവനി സഭ’യില്‍ രവീന്ദ്രനാഥ ടാഗൂറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അംഗങ്ങളായിരുന്നു.
കൃഷ്ണധന്‍ഘോഷിന്റെയും സ്വര്‍ണ്ണലതാദേവിയുടെയും മൂന്നാമത്തെ പുത്രനായിരുന്നു അരവിന്ദന്‍. ബിനോയ് ഭൂഷന്‍, മന്‍മോഹന്‍ എന്നിവര്‍ ജ്യേഷ്ഠ സഹോദരന്മാരായിരുന്നു. അരവിന്ദന്റെ അനുജന്‍ ബീരേന്ദ്രകുമാര്‍ ഭാരതീയ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്നു. സരോജിനി എന്ന അനുജത്തിയും അരവിന്ദന് ഉണ്ടായിരുന്നു.
എഡിന്‍ബറോയില്‍ പോയി മെഡിസിനില്‍ ഉപരിപഠനം നടത്തിയ കൃഷ്ണധന്‍ ഘോഷിന് പാശ്ചാത്യരീതികളോടും ഇംഗ്ലീഷിനോടും വലിയ താല്പര്യമുണ്ടായിരുന്നു. മക്കളെയും പാശ്ചാത്യരീതികളില്‍ വളര്‍ത്താന്‍ ആഗ്രഹിച്ച അദ്ദേഹം അരവിന്ദനെ ഡാര്‍ജിലിംഗിലെ കന്യാസ്ത്രീകള്‍ നടത്തുന്ന ലൊറേറ്റ കോണ്‍വെന്റ് സ്‌കൂളിലാണ് നഴ്‌സറി വിദ്യാഭ്യാസത്തിന് അയച്ചത്.
മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിന് കൃഷ്ണധന്‍ഘോഷ് 1879ല്‍ അവരെ ഇംഗ്ലണ്ടില്‍ കൊണ്ടുചെന്നാക്കി. മാഞ്ചസ്റ്ററിലെ റവ. വില്യം എച്ച്.ഡിവൈറ്റ് എന്ന ക്രൈസ്തവ പുരോഹിതന്റെ അടുത്താണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അദ്ദേഹം അരവിന്ദന് ഇംഗ്ലീഷിലും ലാറ്റിനിലും നല്ല അടിത്തറ ഉണ്ടാക്കിക്കൊടുത്തു.
1884ല്‍ 12-ാം വയസ്സില്‍ അരവിന്ദനെ ലണ്ടനിലെ സെന്റ് പോള്‍ സ്‌കൂളില്‍ ചേര്‍ത്തു. ലാറ്റിനില്‍ മിടുക്കനായ അരവിന്ദനെ ഹെഡ്മാസ്റ്റര്‍ ഡോ.വാക്കര്‍ തന്നെ ഗ്രീക്കിലും മിടുക്കനാക്കി. ധാരാളമായി വായിക്കുമായിരുന്ന അരവിന്ദന്‍ പാശ്ചാത്യ സാഹിത്യം, ചരിത്രം എന്നിവയില്‍ നല്ല അറിവു നേടി. കവിതകള്‍ എഴുതാന്‍ തുടങ്ങി. സമ്മാനങ്ങളും ലഭിച്ചു.
വലിയ സാമ്പത്തിക ബുദ്ധിമുട്ടോടുകൂടിയായിരുന്നു അരവിന്ദന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. മക്കള്‍ക്ക് പതിവായി പണമയക്കാന്‍ കൃഷ്ണധന്‍ഘോഷിനു സാധിച്ചില്ല. 1890-ല്‍ അരവിന്ദന്‍ കേംബ്രിഡ്ജിലെ കിംഗ്‌സ് കോളേജില്‍ ചേര്‍ന്നു. പ്രതിവര്‍ഷം 80 പവന്‍ വരുന്ന ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ക്ലാസിക്കല്‍ ട്രിപ്പോസ് പരീക്ഷകള്‍ ഒന്നാം ഡിവിഷനില്‍ തന്നെ ഒറ്റയടിക്ക് പാസ്സായി. അരവിന്ദനെ ഐസിഎസ്സുകാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതനുസരിച്ച് അരവിന്ദന്‍ ഐസിഎസ്സിന്റെ എഴുത്തുപരീക്ഷകളെല്ലാം മികച്ച രീതിയില്‍ പാസ്സായെങ്കിലും ഇംഗ്ലീഷുകാരുടെ കീഴില്‍ ഒരു ഉദ്യോഗസ്ഥനായിരിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് കുതിരസവാരി പരീക്ഷയില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് സ്വയം ഐസിഎസ്സിന് അയോഗ്യനായി. മാത്രമല്ല ലണ്ടനില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടി അരവിന്ദന്‍ നടത്തിയ ചില ശ്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇന്ത്യന്‍ മജ്‌ലിസ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സെക്രട്ടറിയായി അരവിന്ദന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് വിപ്ലവകരമായ പല പ്രസംഗങ്ങളും നടത്തിയിരുന്നതിനാല്‍ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി. അരവിന്ദന് ഐസിഎസ് നിഷേധിക്കാന്‍ ഇതും ഒരു കാരണമാണ്. ലണ്ടനിലെ വിപ്ലവകാരികളായ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ‘താമരയും കഠാരയും’ എന്ന രഹസ്യ സംഘടനയിലും അരവിന്ദന്‍ അംഗമായിരുന്നു.
(തുടരും)