മന്ത്ര യോഗത്തിന്റെ അടിസ്ഥാനം അക്ഷരങ്ങളാണ്. ഭാഷ അതില്‍നിന്നാണ് ഉണ്ടാവുന്നത്. Language is for communication എന്ന പാശ്ചാത്യ സിദ്ധാന്തത്തില്‍ ഒതുങ്ങുന്നതല്ല ഭാരതത്തിലെ ഭാഷാ സങ്കല്പം. അതിന് പരബ്രഹ്‌മത്തോളം, ഈശ്വരനോളം വ്യാപ്തിയുണ്ട്. ‘തസ്യ വാചക: പ്രണവ:’ – ഈശ്വരന്റെ പേര് ഓങ്കാരമാണ് എന്ന് പതഞ്ജലി പറയുന്നു. അ – ഉ – മ കളുടെ സംയോഗമാണല്ലൊ പ്രണവം അഥവാ ഓം.
വന + ഉല്‍സവം = വനോല്‍സവം. ഇവിടെ വന എന്നതിലെ അവസാന സ്വരം ‘അ’ യും ഉല്‍സവത്തിന്റെ ആദ്യ സ്വരം ‘ഉ’ യും ചേര്‍ന്ന് ഓ ആകുന്നു. ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ ‘സോ’ എന്നും പുറത്തേക്കു വിടുമ്പോള്‍ ‘ഹം’ എന്നും – അങ്ങിനെ സോഹം മന്ത്രം ഉണ്ടാകുന്നു. അവന്‍ (ഈശ്വരന്‍) ഞാന്‍ തന്നെ എന്നര്‍ത്ഥം. ഇതില്‍ വ്യഞ്ജനങ്ങളായ സ, ഹ എന്നിവ കളഞ്ഞാല്‍ ഓം എന്നു കിട്ടും.
സ്വയമേവ രാജതേ – തന്നത്താന്‍ പ്രകാശിക്കുന്നത് സ്വരം. സ്വരത്താല്‍ വ്യഞ്ജിപ്പിക്കപ്പെടുന്നത് വ്യഞ്ജനം. ക് എന്ന വ്യഞ്ജനം അതിനോട് അകാരം ചേരുമ്പോഴേ (ക് + അ = ക ) ഉച്ചരിക്കാന്‍ സാധിക്കൂ. എന്നാല്‍ അ ഉച്ചരിക്കാന്‍ സഹായം ആവശ്യമില്ല.
തമിഴില്‍ സ്വരങ്ങള്‍ ഉയിര് എഴുത്താണ്. (ഉയിര് = പ്രാണന്‍). വ്യഞ്ജനങ്ങള്‍ മെയ്യ് എഴുത്തും (മെയ്യ് = ശരീരം). എഴുന്തത് (എഴുത്ത്) ഉദ്ധരിക്കുന്നത്. സോഹം ല്‍ ഉയിരും മയ്യും ഉണ്ട്. ഓം ല്‍ ഉയിരേ ഉള്ളൂ. അതിനു നാശമില്ല.
ശിവനും വ്യാകരണവും തമ്മില്‍ ബന്ധമുണ്ടോ? വലിയ ശിവക്ഷേത്രങ്ങളില്‍ ‘വ്യാകരണ ദാന മണ്ഡപം’ കാണാം. എന്നാല്‍ വിഷ്ണുക്ഷേത്രങ്ങളില്‍ ഇതു കാണില്ല.
ശിവന്റെ തന്നെ രൂപമായ ദക്ഷിണാമൂര്‍ത്തി നിത്യ യുവാവാണ്. ശിഷ്യന്മാരാകട്ടെ വൃദ്ധരും. ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയ്ക്കു താഴെ നാല് വൃദ്ധ ശിഷ്യരുടെ രൂപം കാണാം. അവരാണ് സനകാദി സിദ്ധന്മാര്‍ – സനകന്‍, സനന്ദനന്‍, സനാതനന്‍, സനത്കുമാരന്‍.
അക്ഷര മാലകളുടെ ഉല്‍ഭവത്തേപ്പറ്റി നന്ദികേശ്വരന്‍ തന്റെ കാരികയില്‍ ഇങ്ങിനെ പറയുന്നു.
നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവ പഞ്ചവാരം
ഉദ്ധര്‍ത്തുകാമ: സനകാദി സിദ്ധാന്‍
ഏതദ്വിമര്‍ശേ ശിവസൂത്രജാലം.
നടരാജരാജനായ ശിവന്‍ തന്റെ നൃത്തത്തിന്റെ അവസാനത്തില്‍ തന്റെ ഢക്ക, ഡമരു (ഉടുക്ക്) 14 (നവ+ പഞ്ച) തവണ കുലുക്കി. അപ്പോള്‍ പുറപ്പെട്ട ശബ്ദങ്ങള്‍ മാഹേശ്വരസൂത്രങ്ങള്‍ എന്നറിയപ്പെട്ടു. സനകാദികളായ സിദ്ധന്മാരെ അനുഗ്രഹിക്കാനാണ് ഭഗവാന്‍ ഇങ്ങിനെ ചെയ്തത്.
സംസ്‌കൃതവ്യാകരണത്തിന്റെ അടിത്തറ ഈ സൂത്രങ്ങളാണ്. നോക്കുക:-
1. അ ഇ ഉ ണ് 2. ഋ ഌ ക് 3. ഏ ഓ ങ് 4. ഐ ഔ ച് 5. ഹ യ വ ര ട് 6. ല ണ് 7. ഞ മ ങ ണ ന മ് 8. ഝ ഭ ഞ് 9. ഘ ഢ ധ ഷ് 10. ജ ബ ഗ ഡ ദ ശ് 11. ഖ ഫ ഛ ഛ ഥ ച ട ത വ് 12. ക പ യ് 13. ശ ഷ സ ര് 14. ഹ ല്
ഇവ ഓരോ സൂത്രമായി ഉച്ചരിച്ചു നോക്കുക. മനോഹരമായ ഉടുക്കു ശബ്ദം കേള്‍ക്കാം. ഇതിനെ മന്ത്രമായും ജപിക്കാം. എല്ലാ അക്ഷരങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യസാധ്യമല്ലാത്ത രീതിയിലാണ് ഇവ അടുക്കി വെച്ചിട്ടുള്ളത്.
14 സൂത്രങ്ങള്‍ക്കും അന്ത്യമായി വരുന്നത് ണ്, ക് മുതലായ കുറേ ചില്ലക്ഷരങ്ങളാണ്. ഇവയെ ഇത്ത് എന്ന് പറയും. ഇവ അക്ഷരത്തില്‍ പെടില്ല. അതുകൊണ്ടായിരിക്കണം മരത്തില്‍ അതിക്രമിച്ചു കയറുന്ന ചില വള്ളികള്‍ക്ക് ഇത്തിക്കണ്ണികള്‍ എന്നു പേരു വന്നത്. പക്ഷെ ഈ ഇത്തുകള്‍ക്ക് അദ്ഭുതകരമായ ഉപയോഗമുണ്ട്, വ്യാകരണ ഗ്രന്ഥങ്ങളില്‍.
ഒരു ഉദാഹരണം നോക്കാം. സ്വരങ്ങള്‍ക്ക് വ്യാകരണ ഭാഷയില്‍ അച്ച് കള്‍ എന്നും വ്യഞ്ജനങ്ങള്‍ക്ക് ഹല്ല് കളെന്നും പറയും. അ മുതല്‍ ച് വരെ എന്നാണ് അച് എന്നതിനര്‍ത്ഥം. ആദ്യത്തെ നാല് സൂത്രങ്ങള്‍ എന്നര്‍ത്ഥം. അതായത് അ ഇ ഉ ഋ ഌ ഏ ഓ ഔ എന്നിവ. ഇവയുടെ ആ ഈ മുതലായ ദീര്‍ഘങ്ങളും അം അ: എന്ന അനുസ്വാരവും വിസര്‍ഗവും ചേര്‍ന്ന് 16 സ്വരങ്ങളായി. ഹ മുതല്‍ അവസാനത്തെ ല് വരെ എല്ലാം വ്യഞ്ജനങ്ങളുമായി.
അച്, ഹല് പേലെയുള്ള സംയോഗങ്ങള്‍ക്ക് പ്രത്യാഹാരം എന്നു പറയും. അങ്ങിനെ 42 പ്രത്യാഹാരങ്ങള്‍ ഉണ്ട്. ഇവ ഉപയോഗിച്ചാണ് പാണിനി മഹര്‍ഷി അഷ്ടാധ്യായി രചിച്ചത്.
യേന അക്ഷര സമാമ്‌നായം
അധിഗമ്യ മഹേശ്വരാത്
കൃത്സ്‌നം വ്യാകരണം പ്രോക്തം
തസ്‌മൈ പാണിനയേ നമ:
പരമശിവനില്‍ നിന്ന് അക്ഷരക്കൂട്ടങ്ങളെ നേടിയിട്ട് സംസ്‌കൃതവ്യാകരണം രചിച്ച പാണിനിക്കു നമസ്‌കാരം.
സൂത്രകാരനായ പാണിനിയും ഭാഷ്യകാരനായ പതഞ്ജലിയും വാര്‍ത്തികം രചിച്ച വരരുചിയും (കാത്ത്യായനന്‍) മുനിത്രയമായി ഗണിക്കപ്പെടാറുണ്ട് :-
വാക്യകാരം വരരുചിം
ഭാഷ്യകാരം പതഞ്ജലിം
പാണിനിം സൂത്രകാരം ച
പ്രണതോസ്മി മുനിത്രയം
എന്നിങ്ങനെ മൂന്നു പേരേയും സ്തുതിച്ചു കൊണ്ടാണ് വ്യാകരണ പാഠം ആരംഭിക്കുക.
ശിവഭൂതഗണങ്ങളില്‍ പ്രഥമനായ നന്ദികേശ്വരന്‍ ശിവസൂത്രങ്ങള്‍ക്ക് ഒരു കാരിക രചിച്ചിട്ടുണ്ട്. സൂത്രങ്ങള്‍ക്ക് മന്ത്രശാസ്ത്രപരമായ വ്യാഖ്യാനം നല്കിക്കൊണ്ടുള്ള ഈ ഗ്രന്ഥത്തിന് നന്ദികേശ കാശികാ എന്നാണ് പേര്. വെറും 27 ശ്ലോകങ്ങളേ ഉള്ളൂവെങ്കിലും അത്ഭുതകരമായ വ്യാഖ്യാനമാണത്. അത് മറ്റൊരു സന്ദര്‍ഭത്തില്‍ കാണാം.