നവംബര്‍ 22
*ജല്‍ക്കാരി ബായി ജന്മദിനം*
ഝാന്‍സിക്കടുത്തുള്ള ഭോജ്ല ഗ്രാമത്തില്‍ സദോബ സിംഗിന്റെയും ജമുനാ ദേവിയുടെയും മകളായി 1830 നവംബര്‍ 22-ന് ജല്‍ക്കാരി ബായി ജനിച്ചു. മാതാപിതാക്കള്‍ക്ക് ഏക മകളായിരുന്നു.
ജല്ക്കാരിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ അപ്രതീക്ഷിതമായി മരണപ്പെട്ടതിനാല്‍ പിതാവിന്റെ സംരക്ഷണത്തിലാണ് അവള് വളര്‍ന്നത്.
ദാരിദ്രവും, പിന്നോക്ക കോറി വിഭാഗത്തിന്റെ ഭാഗവുമായതിനാല്‍ അവള്‍ക്ക് അക്കാലത്ത് സ്കൂളില്‍ പോകാനും ഔപചാരിക വിദ്യാഭ്യാസം നേടാനും അവസരമുണ്ടായില്ല. എന്നിരുന്നാലും, ചെറുപ്പം മുതലേ, ആയുധം വിദഗ്ധമായി പ്രയോഗിക്കാന്‍ അവളെ പഠിപ്പിക്കുകയും കുതിരസവാരി പാഠങ്ങള്‍ നല്‍കുകയും ചെയ്തു.
തന്നെ ആക്രമിക്കാന്‍ വന്ന കടുവയെ ഒറ്റക്ക് എതിരിട്ട് കൊന്ന ചരിത്രവും ജല്കാരി ബായിക്കുണ്ട്.
ഝാന്‍സിയിലെ സൈന്യത്തില്‍ ചേര്‍ന്ന ജല്കാരി ബായി ക്രമേണ റാണി ലക്ഷ്മി ബായിയുടെ സൈന്യത്തിലെ പ്രധാനിയായി മാറി. റാണി ലക്ഷ്മി ബായിയുമായി ഏറെ സാമ്യമുണ്ടായിരുന്നു ജല്കാരി ബായിക്ക്.
റാണിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു ജല്‍ക്കാരി.
1857 ലെ മഹത്തായ വിപ്ലവത്തിലെ പോരാട്ടങ്ങളില്‍ റാണിക്കൊപ്പം യുദ്ധം ചെയ്ത ജല്‍ക്കാരി ബായിയുടെ പോരാട്ടവീര്യവും പ്രസിദ്ധമാണ്…
1857 ല്‍ ബ്രിട്ടീഷ് പട്ടാളം ഝാന്‍സി വളഞ്ഞപ്പോള്‍ റാണി ലക്ഷ്മി ബായിയുടെ വേഷം ധരിച്ചു യുദ്ധം ചെയ്തു കൊണ്ട് ജല്കാരി ബായി, റാണി ലക്ഷ്മി ബായിയെ രക്ഷപ്പെടാന്‍ സഹായിച്ചു. യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ സധൈര്യം പോരാടിയ ജല്കാരി ബായി ഒടുവില്‍ പിറന്ന നാടിനായി സ്വന്തം ജീവന് ആഹുതി നല്കി.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1857ലെ മഹത്തായ വിപ്ലവം അവിസ്മരണീയമാകുമ്പോള്‍
ഝാന്‍സി റാണി, ജല്‍ക്കാരി ഭായി എന്നിങ്ങനെയുള്ള വീരാംഗനകളുടെ പോരാട്ട ചരിത്രങ്ങളും അതിലെ തിളങ്ങുന്ന അധ്യായങ്ങളായി തീര്‍ന്നിരിക്കുന്നു