വീണ്ടും ചൈനയുടെ ഒരു റോക്കറ്റ് ഭാഗം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിച്ചു. ഇത്തവണയും ഭാഗ്യത്തിന് സമുദ്രത്തില്‍ പതിച്ചത് കൊണ്ട് ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇതിപ്പോള്‍ വലിയ ഒരു ആഗോളഭീഷണി ആയിരിക്കുകയാണ്.
1950 കളുടെ അവസാനം മുതലാണ് ബഹിരാകാശയുഗം ആരംഭിക്കുന്നത് എന്ന് പറയാം. അന്നുമുതല്‍ ഇന്നുവരെ വിവിധ രാജ്യങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച ഉപഗ്രഹങ്ങളുടെ എണ്ണം പതിനായിരക്കണക്കിന് വരും. ഏതാനും വര്‍ഷങ്ങള്‍ മാത്രം ആയുസ്സുള്ള ഇവ നിര്‍ജ്ജീവമായതിനു ശേഷവും ജഡവസ്തുക്കളായി, വിവിധ ഭ്രമണപഥങ്ങളില്‍ ഭൂമിയെ വലംവെച്ചുകൊണ്ടേ ഇരിക്കും. ഇവയെ ആണ് പൊതുവെ ബഹിരാകാശമാലിന്യങ്ങള്‍ എന്ന് പറയുന്നത്.
ഇതുകൂടാതെ, വിക്ഷേപണത്തിനുപയോഗിക്കുന്ന റോക്കറ്റിന്റെ അവസാനഘട്ടവും മേല്പറഞ്ഞതുപോലെ അവിടെ വെറുതെ കിടന്നു കറങ്ങുന്നുണ്ട്.
ആകാശത്തിനു അതിരില്ലല്ലോ, അപ്പോള്‍ അവിടെ കുറെ പാഴ്വസ്തുക്കള്‍ കറങ്ങിനടന്നാലെന്താ എന്നൊരു നിഷ്‌കളങ്കമായ ചോദ്യം ഉയരുന്നുണ്ടാകും. പക്ഷെ അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍. ഇങ്ങനെ ഉപയോഗശൂന്യമായ വസ്തുക്കള്‍ സിംഹഭാഗവും ഉള്ളത് താഴ്ന്ന ഭ്രമണപഥത്തില്‍ ആണ്. ഇവയുടെ വേഗത മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ ആണ്. അതുകൊണ്ടുതന്നെ പുതുതായി വിക്ഷേപിക്കുന്ന ഒരു റോക്കറ്റില്‍ ഇവ വന്നിടിക്കാനുള്ള സാധ്യത വളരെയധികമാണ്. 1985-ല്‍ അമേരിക്കയില്‍ നിന്ന് വിക്ഷേപിച്ച ഭാരതത്തിന്റെ ഇന്‍സാറ്റ് ഉപഗ്രഹത്തില്‍ ഇത്തരത്തിലൊരു അജ്ഞാതവസ്തു വന്നിടിച്ച് അവസാനം ഉപഗ്രഹം അങ്ങനെതന്നെ ഉപേക്ഷിക്കേണ്ടി വന്നു.
ഇപ്പോള്‍ അവിടെക്കിടന്നു കറങ്ങുന്ന വസ്തുക്കളില്‍ ഒന്‍പത് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള എല്ലാറ്റിനെയും തിരിച്ചറിഞ്ഞു ട്രാക്ക് ചെയ്യുന്നുണ്ട്. അവയുടെ സ്ഥാനവും വേഗതയും എല്ലാം കണക്കാക്കിയാണ് എല്ലാ വിക്ഷേപങ്ങളും തീരുമാനിക്കപ്പെടുന്നത്.
താഴ്ന്ന ഭ്രമണപഥത്തിലുള്ള ഈ വസ്തുക്കള്‍ ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തി നശിക്കും. പക്ഷേ വലിയ വസ്തുക്കള്‍ പൂര്‍ണ്ണമായും കത്താതെ ഭൂമിയില്‍ എവിടെയെങ്കിലും പതിക്കും. ഭൂമിയുടെ എഴുപത് ശതമാനവും സമുദ്രമായത് കൊണ്ട് മിക്കവാറും ഇവ വീഴുക കടലില്‍ തന്നെ ആയിരിക്കും. എഴുപതുകളുടെ അവസാനം അമേരിക്കയുടെ പടുകൂറ്റന്‍ ബഹിരാകാശ നിലയം സ്‌കൈലാബിനു മേലുള്ള നിയന്ത്രണം നാസക്ക് നഷ്ടപ്പെട്ടു. എണ്‍പത് ടണ്‍ ഭാരമുള്ള ഈ കൂറ്റന്‍ പേടകം ഭൂമിയില്‍ വീഴും എന്നുറപ്പായി. എപ്പോള്‍, എങ്ങനെ, എവിടെ എന്നൊന്നും ഉറപ്പില്ലാതെ ആഴ്ചകളോളം ഭയന്നുവിറച്ചു കഴിയേണ്ടി വന്ന ദിനങ്ങള്‍ ഇന്നും ഓര്‍മ്മയുണ്ട്. അങ്ങനെയൊന്നു ഭൂമിയില്‍ പതിച്ചാല്‍ ഒരു ആണവ ബോംബ് പൊട്ടുന്നതിനു തുല്യമായ നാശങ്ങളാണ് ഉണ്ടാവുക. ഭാഗ്യത്തിന് നാസ, പേടകത്തിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച്, പസഫിക് സമുദ്രത്തിലേക്ക് അതിനെ വീഴ്ത്തി.
ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ മേഖലയിലെ ഏറ്റവും ഗൗരവമേറിയ വിഷയമാണ് ഉപയോഗം കഴിഞ്ഞ ഉപഗ്രഹങ്ങള്‍. അവയെ ഒന്നുകില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലേക്ക്, ഡീപ് സ്പേസിലേക്ക് അയക്കണം. അല്ലെങ്കില്‍ ഭൗമാന്തരീക്ഷത്തില്‍ കത്തിച്ചു കളയണം എന്നതാണ് തത്വത്തില്‍ എടുത്ത തീരുമാനം. ഡീപ് സ്പേസിലേക്ക് വിടണം എങ്കില്‍ അതിനാവശ്യമായ ഇന്ധനം ആദ്യം തന്നെ കരുതണം. അത് ഉപഗ്രഹത്തിന്റെ ഭാരം കൂട്ടും, വിക്ഷേപണ ചിലവ് കൂടും. അതിനേക്കാള്‍ എളുപ്പം, നിയന്ത്രണം ഉള്ളപ്പോള്‍ തന്നെ അന്തരീക്ഷത്തിലേക്ക് കടത്തി കത്തിച്ചു കളയുക എന്നതാണ്. അതുപോലെ റോക്കറ്റിന്റെ അവസാനഘട്ടത്തെ, ഒന്നുകില്‍ ഉപഗ്രഹമായി ഉപയോഗിക്കുക, അല്ലെങ്കില്‍ വളരെ ദൂരേക്ക് കൊണ്ടുപോവുക എന്നതാണ് മാര്‍ഗ്ഗം.
ഭാരതം ഈ രണ്ടു മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു കഴിഞ്ഞു. രണ്ടുമാസം മുമ്പ് വിക്ഷേപിച്ച പിഎസ് എല്‍വിയുടെ അവസാനഘട്ടം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ 2009 ല്‍ വിക്ഷേപിച്ച് കാലാവധി അവസാനിച്ച റിസാറ്റ് ഉപഗ്രഹത്തെ നിയന്ത്രിതമായി ഭൗമാന്തരീക്ഷത്തില്‍ പ്രവേശിപ്പിച്ച് കത്തിച്ചുകളയുകയുമുണ്ടായി. ലോകസമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം ഇങ്ങനെയാണ് ചെയ്യേണ്ടതും.
അവിടെയാണ് ചൈനയുടെ ഉത്തരവാദിത്തമില്ലായ്മ കാണുന്നത്. പല പ്രാവശ്യമായി അവരുടെ റോക്കറ്റ് ഭാഗങ്ങള്‍ നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കുന്നു. അവസാനഘട്ടത്തില്‍ നിയന്ത്രണസംവിധാനങ്ങള്‍ വെയ്ക്കാനുള്ള അധികചെലവാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പക്ഷേ ഇത് ലോകസമൂഹത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയാണ്.