സര്‍വ്വകലാശാല ഗവേഷണവിഭാഗം മേധാവിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖമാണ്. നികൃഷ്ടനിയമങ്ങള്‍ പ്രായപൂര്‍ത്തി വോട്ടവകാശം വഴി പ്രസ്തുത മായാവിയെ വാഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് സംസ്ഥാനം ഭരിക്കുന്ന വിപ്ലവകക്ഷിക്ക് മുഖാമുഖത്തെ ആശ്രയിക്കേണ്ടി വന്നത്.
ഭരണകക്ഷിയുടെ കാര്യസ്ഥസ്ഥാനം കൂടി അലങ്കരിക്കാമെന്ന വാഗ്ദാനം വഴി കലാശാലയുടെ അധികാരിയായി അഭിഷേകം ചെയ്യപ്പെട്ട ഒരു വിദൂഷകനാണ് ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയെ ചുരുക്കപ്പെടുത്തിയത്. വിവേകം, വിചാരം തുടങ്ങി വിപ്ലവവിരുദ്ധമായ സിദ്ധികളുണ്ടെന്ന് സംശയിച്ചോരെ സമ്പൂര്‍ണ്ണം ഗളച്‌ഛേദം ചെയ്താണ് അക്രമി ഹ്രസ്വപ്പട്ടികക്ക് രൂപം നല്‍കിയത്. ദാര്‍ശനിക പ്രസ്ഥാനത്തിന്റെ കാലികചക്രവര്‍ത്തിയാണ് കശാപ്പുകാരന്റെ ഭൗതികഗുരു. ശ്രേഷ്ഠകുരു!
ശിഷ്ടര്‍ക്ക് അന്ത്യോപചാരം നല്‍കി വിശിഷ്ടനവര്‍കള്‍ അന്തിമപരിഗണനക്കായി മുന്നോട്ടു വെച്ചത് മൂന്നുപേരുടെ നാമധേയങ്ങളാണ്; ഒരംഗനയുടേയും രണ്ട് പുരുഷകേസരികളുടേയും. വിഷയത്തില്‍ അഗ്രഗണ്യരാകയാല്‍ കേസരികളെ ഒഴിവാക്കുക അസാദ്ധ്യമായിരുന്നു. ഇല്ലെങ്കില്‍ കലാശാല വിദൂഷകന്‍ ഒരൊറ്റ പേരെഴുതി പട്ടിക ചുരുട്ടിക്കെട്ടിയേനേ.
മഹിളാമണി എന്ന ഇന്‍കുലാബിന്റെ പുത്രിയായിരുന്നു നിര്‍ദ്ദേശ താളിലെ താരകരൂപിണി. പട്ടികയിലെ മഹതിയുടെ പേരിനു നേരെ ഒരു ചുവന്ന നക്ഷത്രചിഹ്നവും വരച്ചാണ് ഭരണകക്ഷിയുടെ കാര്യസ്ഥന്‍ കലാശാല അധികാരി എന്ന നിലക്കും വിലക്കും പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ ഗവേഷണ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഒരര്‍ത്ഥത്തില്‍, പണ്ഡിതന്മാര്‍ പെടാപാടുപെടട്ടേ എന്ന പാവനമായ ദുരുദ്ദേശത്തോടെ, മൂപ്പര്‍ ഇതരരെ പട്ടികയില്‍ പെടുത്തുകയായിരുന്നു. വിഷയത്തിലെ വിശ്രുതന്മാരെ വേദിയില്‍വെച്ച് വധിക്കുന്നതാണല്ലൊ ശാസ്ത്രീയ സ്ഥിതിസമത്വം!
അഭിമുഖം നടത്തിയത് അഞ്ച് വിപ്ലവപ്രഭുക്കള്‍ ചേര്‍ന്നാണ്. പഞ്ചരസികര്‍ പ്രസ്ഥാനത്തിന്റെ അദ്ധ്യാപഹയ സംഘടന കളിത്തൊട്ടിലാക്കി വളര്‍ന്നോരാകുന്നു. നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ ഒന്നുമേ ഇല്ലെങ്കിലും, ശേഷിക്കുന്ന സര്‍വ്വ സ്ഥാവരജംഗമ സ്വത്തുക്കളുടെയും ഉടമസ്ഥരാണ് മിടുക്കര്‍. ഫുള്‍ മാര്‍ക്‌സ് മുതല്‍ കാല്‍ മാര്‍ക്‌സ് വരെ അഭ്യാസികളുടെ കൂട്ടത്തിലുണ്ട്.
വിപ്ലവപ്രസ്ഥാനവുമായി നൂല്‍ബന്ധം പോലുമില്ലാത്ത രണ്ടെണ്ണത്തിനെയാണ് ആദ്യം വിളിച്ചത്. കൊലയുടെ സൗകര്യാര്‍ത്ഥം, ഒന്നിനു പുറകെ ഒന്ന് എന്ന കണക്കിലാണ്, കേസരികളെ ബലികുടീരങ്ങളാവാന്‍ ക്ഷണിച്ചത്. ‘വെട്ടുകള്‍’ ഒന്നിച്ചായാല്‍ അതു മതിയല്ലൊ മാധ്യമഭീകരര്‍ക്കെന്ന ദാര്‍ശനികബോധവും വിദഗ്ദ്ധപഞ്ചറുകളെ നയിച്ചിരുന്നു.
കേസരി ഒന്നാമന്റെ താമ്രപത്രങ്ങള്‍ പരിശോധിച്ച് കൈകുഴഞ്ഞ അഭിമുഖസംഘം, ‘ഉദ്യോഗത്തോട് ഈത്ര ആര്‍ത്തിയോ നീചാ’ എന്ന മട്ടില്‍ ടിയാനോട് ചോദിച്ചു:
”ഇതേ ഉള്ളോ?”
”ഇത്രക്ക് പോരേ!”
”പോരാ….”
”ഇതരരില്‍ എന്നോളം ഉള്ളവരില്ല.”
ഒന്നാമന്‍ ഉണര്‍ത്തിച്ചു.
”അതില്‍ കാര്യമില്ല!”
സംഘം പൊട്ടിച്ചിരിച്ചു.
”ഇത് പ്രഹസനമോ പൊറാട്ടോ?”
ഗജകേസരി തിരിച്ചടിച്ചു.
”കടക്ക് പുറത്ത്”
സംഘത്തലവന്‍ വിപ്ലവത്തലവന്റെ ഭാഷയപ്പോള്‍ കടംകൊണ്ടു. ആട്ടില്‍ പോലും മേലാളസ്മരണ ഇരമ്പി. പശ്ചാത്തലത്തില്‍ ‘നിങ്ങളെന്നേ കഷ്ടത്തിലാക്കി’യിലെ ഗാനങ്ങളുടെ ഈണം.
കേസരി രണ്ടാമനായിരുന്നു കൂടുതല്‍ ഉജ്ജ്വലനായ നികൃഷ്ടജീവി. അനഭിമതന്‍ കുലംകുത്തി വിഭാഗത്തില്‍ നിന്നുമാകുന്നു. ആകയാല്‍ പഞ്ചസംഘം സര്‍വ്വശക്തിയും സംഭരിച്ചാണ് വിദ്വാന്റെ പാണ്ഡിത്യത്തെ പരിശോധിച്ചത്:
”~ഒന്ന് വിപ്ലവത്തെ നിര്‍വ്വചിക്കൂ.”
ആത്മവിശ്വാസത്തോടെ ഉദ്യോഗാര്‍ത്ഥി പറഞ്ഞു:
”വംശനാശം വന്ന പദം”
”അപ്പോള്‍ ഞങ്ങളെപ്പോലെയുള്ള മഹാവിപ്ലവകാരികള്‍?”
സംഘാംഗങ്ങള്‍ ശൂന്യതയിലേക്ക് കൈചൂരുട്ടി. രണ്ടാമന്‍ ചിരിച്ചു.
”ക്ഷമിക്കണം; ഹൈന്ദവപ്രയോഗമാണ്: ഉദരനിമിത്തം ബഹുകൃതവേഷം!”
ചൊടിച്ചുകൊണ്ട് അഭിമുഖവൃന്ദം സംഘഗാനം പോലെ പാടി:
”ചില്ലുമേടയിലേക്ക് കല്ലെറിയുന്നോടാ….”
പൂര്‍വ്വസഖാവായ കേസരി രണ്ടാമന്‍ ഏകാധിപതിയും ജനാധിപത്യവിരുദ്ധനും പ്രതിലോമകാരിയുമാണെന്ന് ദ്വിതീയന്റെ ഉത്തരങ്ങളില്‍ നിന്ന് സംശയായതീതമായി ബോദ്ധ്യപ്പെടുകയാല്‍ അഭിമുഖകൂട്ടായ്മ ടിയാനെ സര്‍വ്വകലാശാലയുടെ മതില്‍ക്കെട്ട് കടത്തിവിട്ടു. അതിനുശേഷം താര്‍ക്കികന്റെ പേരിനു മേല്‍ പ്രസ്ഥാനമാതൃകയില്‍ നിഗൂഢസംഘം അമ്പത്തൊന്ന് വെട്ടും വെട്ടി സംതൃപ്തി പൂകി.
ഒടുവില്‍, ഒരു ചരിത്രനിയോഗം മാതിരി വിദഗ്ദ്ധ സമിതി മഹിളാമണിയെ ശീതീകരിച്ച മുറിയിലേക്ക് മുഖാമുഖത്തിനായി ആനയിച്ചു. ചെങ്കൊടികളും മുത്തുക്കുടകളും ബാന്റുമേളവുമൊക്കെ വരവേല്‍പ്പിനു മാറ്റുകൂട്ടി. സംഭവം മതേതരമാക്കാന്‍ ഒപ്പനയും മാര്‍ഗ്ഗംകളിയും പിന്നെ തിരുവാതിരക്കളിയുമുണ്ടായി. സര്‍വ്വകലകളും അരങ്ങേറിയത് പാര്‍ട്ടിത്തമ്പുരാനെ വാഴ്ത്തിക്കൊണ്ടായിരുന്നു. യൗവനകാലത്തെ വിപ്ലവകാരിയുടെ അടികളും തടകളും സര്‍ഗ്ഗസൃഷ്ടികളില്‍ പുനരാവിഷ്‌ക്കരിക്കപ്പെട്ടത് തികച്ചും ശ്രദ്ധേയമായി.
ഒരു റെഡ്‌വൊളെന്റിയര്‍ കൂടിയായ ഉദ്യോഗാര്‍ത്ഥിനി അഭിമുഖസംഘത്തെ സല്യൂട്ട് ചെയ്ത് കസേര കൈക്കലാക്കി. ‘നീയൊക്കെ എന്റെ മുന്നില്‍ വെറും തൃണം’ എന്നായിരുന്നു സല്യൂട്ടിന്റെ നിഗൂഢാര്‍ത്ഥം. താമ്രപത്ര ശൂന്യയായിരുന്നു ഉല്‍പതിഷ്ണുവാം ഉല്‍പലാക്ഷി. ഉദ്ദിഷ്ടയില്‍ സ്ഥായിയായി ഉള്ള പത്രമാകട്ടെ സ്ഥിരമായി വേയ്സ്റ്റ് പൊതിഞ്ഞു കളയാന്‍ മാത്രം ഉപയോഗിക്കുന്ന പാര്‍ട്ടി പത്രവും. എങ്കിലും സന്ദര്‍ഭത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട്, മുഹൂര്‍ത്തത്തിന് മാറ്റുകൂട്ടുവാന്‍ മാലിനീമണി ഒരു മാലിന്യനിര്‍മ്മാര്‍ജ്ജനിയെ ഇടതുകക്ഷത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. കലാശാല തിരഞ്ഞെടുപ്പുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പു പോലെ പുരോഗമനക്കാരിയുടെ വലതുകരത്തില്‍ ‘ശേഷം ചിന്ത്യം’ എന്ന പ്രസിദ്ധീകരണവും വെട്ടിത്തിളങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് വിപ്ലവവിദഗ്ദ്ധര്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നതിനാല്‍ പ്രബുദ്ധര്‍ ഉഗ്രയുടെ സ്‌ത്രൈണോദ്ധാരണത്തെപ്പറ്റിയും വസ്ത്രധാരണത്തെപ്പറ്റിയും ഭക്ഷണക്രമത്തെപ്പറ്റിയുമൊക്കെ ആരാഞ്ഞു. കൂട്ടത്തില്‍ വെറും കാല്‍ മാര്‍ക്‌സ് മാത്രമായ ഒരു അഭിമുഖാംഗം ഇതരരെ സ്തബ്ധരാക്കിക്കൊണ്ട് അബദ്ധത്തില്‍ മഹിളാമണിയോട് ചോദിച്ചു:
”ഗവേഷണമേധാവി സ്ഥാനത്തിനുള്ള സഖാവിന്റെ യോഗ്യതകള്‍?’
ആദ്യമൊന്നു പകച്ചെങ്കിലും വിപ്ലവനക്ഷത്രം സമനില വീണ്ടെടുത്ത് ഗൗരവത്തില്‍ ഉദ്‌ഘോഷിച്ചു:
”പ്രധാനമായും മൂന്നാണ് യോഗ്യതകള്‍:
ഒന്ന്, ഇവള്‍ വിപ്ലവതലവനുടെ കുശിനിക്കാരന്റെ പ്രിയ പത്‌നിയാകുന്നു.
രണ്ട്, ഇവളുടെ പ്രബന്ധങ്ങളൊക്കെ വിപ്ലവപ്രസ്ഥാനത്തിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുള്ള നോട്ടീസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുളളതാണ്.
മൂന്നാമത്തെയാണ് സവിശേഷയോഗ്യത: വര്‍ഷങ്ങളുടെ അദ്ധ്യാപനപരിചയം. പ്രസ്ഥാന തലവനെ എപ്രകാരം സ്തുതിക്കണമെന്നായിരുന്നു സ്റ്റഡിക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നത്.”
അടിസ്ഥാനയോഗ്യതകള്‍ കേട്ടപാടേ കേള്‍ക്കാത്തപാടേ അഭിമുഖസംഘം ഏകകണ്ഠമായി പ്രഖ്യാപിച്ചു:
”അയോഗ്യതയാണ് സൈദ്ധാന്തികമായ അതിയോഗ്യത; ആകയാല്‍ മഹിളാമണി തന്നെ സര്‍വ്വകലാശാലയുടെ ഗവേഷണ മേധാവി…!!”
Comments