നാട്ടിലെ പ്രമുഖ നേതാവും പണക്കാരനുമായ മത്തായിച്ചന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. വെളുപ്പിന് 5 മണിയോടെയായിരുന്നു അന്ത്യം. അസുഖം ആരംഭിച്ചപ്പോള്‍ത്തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേയ്ക്കും പ്രാദേശിക ചാനലുകളില്‍ ഈ വാര്‍ത്ത മിന്നി മറയാന്‍ തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്തായിച്ചന്റെ വീടും പരിസരവും ജനസമുദ്രമായി. ഏകദേശം ഉച്ചയോടുകൂടി പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തുമെന്ന് ഉറപ്പായതോടെ ബാക്കി കാര്യങ്ങള്‍ ചെയ്യുന്നതിനായി ബന്ധുക്കളും നാട്ടുകാരില്‍ ചിലരും മുറ്റത്തിന്റെ ഒരു കോണില്‍ ഒത്തുകൂടി.
മത്തായിച്ചന്റെ മക്കളെല്ലാം അവധിക്ക് വന്നിട്ടുള്ളതിനാലും അകലെ ബന്ധുക്കളാരും ഇല്ലാത്തതിനാലും ശവസംസ്‌കാരം വൈകിട്ട് 5 മണിക്കു തന്നെ നടത്താന്‍ തീരുമാനിച്ചു. പന്തലിന്റെ കാര്യങ്ങള്‍ക്കും ഭക്ഷണമുണ്ടാക്കുന്നതിനും ഏതാനും പേരെ ചുമതലപ്പെടുത്തി. പെട്ടി വാങ്ങിക്കൊണ്ടുവരുവാന്‍ അയല്‍ക്കാരനായ മത്തച്ചന്‍ ചേട്ടനെയാണ് ഏല്‍പ്പിച്ചത്. നാലഞ്ച് ചെറുപ്പക്കാരേയും കൂട്ടി ജീപ്പില്‍ പുറപ്പെടാന്‍ തുടങ്ങിയ മത്തച്ചന്‍ ചേട്ടന്റെ അടുത്തേക്ക് സുഹൃത്തുക്കളായ അശോകനും സോമിച്ചനും ദേവസ്യാച്ചനും ചെന്നു. അല്‍പ്പ സമയം അവര്‍ നാലുപേരും രഹസ്യമായി ചിലതൊക്കെ സംസാരിച്ചു. പെട്ടി വാങ്ങാന്‍ പോകുന്ന വഴിക്ക് രണ്ട് കുപ്പി മദ്യം വാങ്ങാന്‍ തീരുമാനിച്ചു.
അതിന്‍പ്രകാരം അവര്‍ നാലുപേരും കൂടി പിരിവ് ഇട്ട് അതിനുള്ള തുകയും മത്തച്ചന്‍ ചേട്ടനെ ഏല്‍പ്പിച്ചു. മത്തച്ചന്‍ ചേട്ടനും കൂട്ടരും നേരെ മഞ്ചപ്പെട്ടി കടയിലേയ്ക്കാണ് പോയത്. അവിടെച്ചെന്ന് നല്ലൊരു മഞ്ചപ്പെട്ടി വാങ്ങി ജീപ്പില്‍ വെച്ചു. അപ്പോഴേയ്ക്കും കൂട്ടത്തിലുണ്ടായിരുന്ന അശോകന്‍ ഒരു തലയിണയും വാങ്ങിക്കൊണ്ടുവന്ന് പെട്ടിയുടെ തലഭാഗത്തു വെച്ചു. പിന്നീട് എല്ലാവരും ചായ കുടിക്കാനായി കടയിലേയ്ക്ക് കയറി. ഈ സമയം നോക്കി മത്തച്ചന്‍ ചേട്ടന്‍ ചെറുതായിട്ടൊന്ന് മുങ്ങി.
ഞൊടിയിടകൊണ്ട് രണ്ട് കുപ്പി ബ്രാണ്ടിയുമായി അങ്ങേര് തിരിച്ചെത്തി. ആരും കാണാതെ ഈ കുപ്പികള്‍ എവിടെ ഒളിപ്പിക്കും എന്നോര്‍ത്ത് വിഷമിക്കുന്നതിനിടയില്‍ പുതിയൊരാശയം തോന്നി. ഒട്ടും വൈകാതെ രണ്ട് കുപ്പികളും മഞ്ചപ്പെട്ടിയുടെ തലഭാഗത്തുള്ള തലയിണയ്ക്കടിയില്‍ ഭദ്രമായി വെച്ചു. അപ്പോഴേയ്ക്കും മറ്റുള്ളവര്‍ ചായകുടി കഴിഞ്ഞ് എത്തി. എന്നിട്ട് ഒട്ടും സമയം കളയാതെ മത്തായിച്ചന്റെ വീട് ലക്ഷ്യമാക്കി ജീപ്പ് പാഞ്ഞു.
ജീപ്പ് അവിടെ എത്തുന്നതിനു മുമ്പ് തന്നെ ബോഡി അവിടെ എത്തിച്ചിരുന്നു. ജീപ്പ് മുറ്റത്ത് എത്തിയപ്പോഴേക്കും ഏതാനും പേര്‍ ഓടിവന്ന് മഞ്ചപ്പെട്ടിയെടുത്ത് പന്തലിലേയ്ക്ക് പോയി. മത്തച്ചന്‍ ചേട്ടന്‍ ജീപ്പില്‍ നിന്നിറങ്ങി തിക്കി തിരക്കി പന്തലിലെത്തുമ്പോഴേയ്ക്കും മത്തായിച്ചന്റെ മൃതദേഹം പെട്ടിയിലാക്കി പൂക്കളും റീത്തുകളും കൊണ്ട് നിറച്ചിരുന്നു. ഈ അവസ്ഥയില്‍ കുപ്പിയെടുക്കല്‍ എളുപ്പമല്ലായെന്ന് മനസ്സിലാക്കിയ അയാള്‍ എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ എടുക്കാമെന്ന വിശ്വാസത്തില്‍ മത്തായിച്ചന്റെ തലയ്ക്കല്‍ ഒരു കസേരയിട്ട് ഇരിപ്പുറപ്പിച്ചു.
അയാളുടെ ഒരേ ഇരിപ്പുകണ്ട് അവിടെ കൂടിയിരുന്നവര്‍ക്ക് അത്ഭുതം തോന്നി. ഇയാള്‍ക്ക് മത്തായിച്ചനോട് ഇത്രക്ക് സ്‌നേഹമുണ്ടായിരുന്നോ എന്ന് പലരും അടക്കം പറഞ്ഞു. എന്നാല്‍ മത്തച്ചന്‍ ചേട്ടന്റെ ഭാര്യ ചിന്നമ്മക്ക് ആ ഇരിപ്പ് അത്ര പന്തിയായി തോന്നിയില്ല.
എന്തെങ്കിലും കാണാതെ അതിയാന്‍ ഇങ്ങനെ ഇരിക്കില്ലെന്ന് അവര്‍ക്ക് നന്നായറിയാം. ഈ സമയമെല്ലാം സങ്കട ഭാവത്തില്‍ മത്തായിച്ചന്റെ മുഖത്തേയ്ക്കുതന്നെ നോക്കിയിരിക്കുന്ന മത്തച്ചന്‍ ചേട്ടന്റെ ഉള്ളില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത ദേഷ്യമായിരുന്നു. മദ്യനിരോധന സമിതിക്കാരനായ മത്തായിച്ചന്‍ എന്നും മത്തച്ചന്‍ ചേട്ടന് പാരയായിരുന്നു. അയാളുടെ മദ്യപാനത്തിനെതിരെ ചെയ്യാവുന്നതൊക്കെ മത്തായിച്ചന്‍ ചെയ്തിരുന്നു. ഇന്നിപ്പോള്‍ മരിച്ചു കിടക്കുമ്പോഴും ഒരു തുള്ളി കഴിക്കാന്‍ ഈ പഹയന്‍ സമ്മതിക്കുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മുഖമടച്ച് ഒന്ന് പൂശിയാലോ എന്നുപോലും അയാള്‍ക്ക് തോന്നി. പല തവണ തലയിണ മാറ്റാന്‍ മത്തച്ചന്‍ ചേട്ടന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ എതിര്‍പ്പു മൂലം അത് വേണ്ടെന്നു വെച്ചു. ഇതിനിടയ്ക്ക് അയാളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയ സുഹൃത്തുക്കളായ ഷെയറുകാരും മത്തച്ചന്റെ അടുത്തുതന്നെ ഇരിപ്പുറപ്പിച്ചു. പിന്നീട് സംസ്‌കാര ഘോഷയാത്ര സമയത്തും പെട്ടിയുടെ തലഭാഗം എടുക്കുവാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു. അവസാനം കല്ലറയിലേയ്ക്ക് പെട്ടി ഇറക്കിവെച്ച് മൂടുന്നതു കണ്ടപ്പോള്‍ അവര്‍ നാലുപേരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞുപോയി. അതുകണ്ട് ബന്ധുക്കളും അവരുടെ കൂട്ടത്തില്‍ കൂടിയപ്പോള്‍ അത് കൂട്ടക്കരച്ചിലായി.