അശോകന്‍ എന്ന അശോപ്പി ആത്മഹത്യ ചെയ്തതിന്റെ ആറാം ദിവസം അവന്റെ ഭാര്യ റോസമ്മയ്ക്ക് ഒരു കത്ത് കിട്ടി. ആ കത്തില്‍ ഇപ്രകാരമായിരുന്നു എഴുതിയിരുന്നത്,
സ്‌നേഹം നിറഞ്ഞ റോസ്സമ്മയ്ക്ക്,
”എന്നെ ശപിക്കരുത്. ഭൂമിയില്‍ ജീവിച്ച് മതിയായിട്ടാണ് ഞാന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാകില്ലെന്ന് ജീവിച്ചിരുന്നപ്പോള്‍ എന്നെ പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാനിന്ന് വളരെ സന്തോഷവാനാണ്. ഭൂമിയിലെ ഒരു പ്രശ്‌നവും ഇവിടെയില്ല. ബാങ്കുകാരുടെയോ ബ്ലേഡുകാരുടെയോ ഇന്‍സ്റ്റാള്‍മെന്റുകാരുടെയോ യാതൊരു ശല്യവുമില്ല. ഭൂമിയിലെ എന്റെ ജീവിതം നരകതുല്യമായിരുന്നുവെന്ന് റോസമ്മയ്ക്കറിയാമല്ലോ.”
”റോസമ്മേ പിന്നൊരു കാര്യം. ഞാനിപ്പോള്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഒരു വെയിറ്റിംഗ് ഷെഡ്ഡിലിരുന്നാണ് ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗവാതില്‍ തുറന്നിട്ടില്ല. അവിടെ ഏതോ തീവ്രവാദികളുടെ ആക്രമണം ഭയന്ന് അടച്ചിട്ടിരിക്കുകയാണ്. സ്വര്‍ഗ്ഗവാതില്‍ തുറന്നാലുടന്‍ ഏതുവിധേനയും അവിടെ കയറിപ്പറ്റാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. എന്നെ അങ്ങോട്ടു കടത്തിവിടാന്‍ റോസമ്മ പ്രാര്‍ത്ഥിക്കണം.”
കത്തു വായിച്ചതും അശോപ്പിയുടെ ഭാര്യ റോസമ്മ ഒരു നിലവിളിയോടെ ദൈവത്തോടു പറഞ്ഞു: ”ദൈവമേ എന്റെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടണേ…”
ഈ സമയം അശോപ്പി സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നതും നോക്കി മുറിബീഡിക്ക് തീ കൊളുത്തി. അവിടെ അശോപ്പി മാത്രമായിരുന്നില്ല. വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ആരോടും ഒന്നും മിണ്ടാതിരുന്ന അശോപ്പിക്ക് ഒരു കാര്യം മനസ്സിലായി. എല്ലാവരുടെയും ലക്ഷ്യം സ്വര്‍ഗ്ഗം തന്നെയാണ്. മാത്രമല്ല അയാള്‍ ഒരു ദൃഢനിശ്ചയവുമെടുത്തു. ഏതുവിധേനയും സ്വര്‍ഗ്ഗത്തില്‍ കടന്നുകൂടണം.
പെട്ടെന്നാണ് സ്വര്‍ഗ്ഗവാതിലിനടുത്ത് ഒരാരവം കേട്ടത്. എല്ലാവരും അങ്ങോട്ടുകുതിച്ചു. കൂട്ടത്തില്‍ അശോപ്പിയും. തിക്കിലും തിരക്കിലും മുന്നേറിക്കൊണ്ടിരുന്ന അശോപ്പിക്ക് ഒരു കാര്യം ശ്രദ്ധിക്കാതിരിക്കാനായില്ല. കാവല്‍ഭടന്‍ ഫയലുകള്‍ നോക്കി ഓരോരുത്തരോടും കാര്യമായി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. മാത്രമല്ല ഏറിയപങ്കിനേയും നരകത്തിലേക്കുള്ള വാതിലിലൂടെയാണ് കടത്തിവിടുന്നത്. അശോപ്പിയുടെ ഊഴമായപ്പോള്‍ കാവല്‍ഭടന്‍ ഫയലെടുത്ത് അശോപ്പിയെ വായിച്ചുകേള്‍പ്പിച്ചു. ”അശോകന്‍ അമ്പത്തിനാലു വയസ്സ്, വിവാഹിതന്‍. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന ഭാര്യ റോസമ്മ. രണ്ടു മക്കള്‍. ഭൂമിയില്‍ എല്ലാ തരികിട പരിപാടികളിലും അകപ്പെട്ട് സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു. ഇത്രയും ശരിയല്ലേ? ഇതില്‍ എന്തെങ്കിലും നിഷേധിക്കുന്നുണ്ടോ?” ”ഇല്ല” ”കാര്യമായ കാരണങ്ങളില്ലാതെ ആത്മഹത്യ ചെയ്തവരെ സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടാറില്ല. അതുകൊണ്ട് മിസ്റ്റര്‍ അശോപ്പി, അതാ ആ വാതിലിലൂടെ നരകത്തിലേക്ക് പൊയ്‌ക്കോളൂ.” ”അങ്ങനെ പറയരുതേ… എങ്ങനെയെങ്കിലും എന്നെ സ്വര്‍ഗ്ഗത്തിലേക്ക് വിടണം. ഭൂമിയിലെ എന്റെ ജീവിതം നരകമായിരുന്നുവെന്ന് ഞാന്‍ പറയാതെതന്നെ അങ്ങു മനസ്സിലാക്കിയതല്ലേ?”
”ഇല്ല… നടക്കില്ല… ഇത് സ്വര്‍ഗ്ഗലോകമാണെന്ന് അറിയാമല്ലോ…? ഇവിടെ ഒരു തരത്തിലുള്ള സ്വാധീനവും നടക്കില്ല…. ഉം… വേഗം നരകവാതിലിലേക്ക് ചെല്ല്…” പെട്ടെന്നാണ് അശോപ്പി ഭൂമിയിലെ കാര്യമോര്‍ത്തത്. എന്തും ആദ്യം നടക്കില്ല, പറ്റില്ല എന്നു പറയും. എന്നാല്‍ കൊടുക്കേണ്ടത് കൊടുത്താല്‍ സംഗതിയെല്ലാം വളരെ എളുപ്പം. എന്തും വരട്ടെയെന്നുകരുതി ധൈര്യപൂര്‍വ്വം കാവല്‍ഭടന്റെ ചെവിയില്‍ എന്തോ പറയുകയും അരയില്‍ നിന്ന് ഒരു പൊതിയെടുത്ത് കൊടുക്കുകയും ചെയ്തു. പെട്ടെന്ന് സ്വര്‍ഗ്ഗവാതില്‍ തുറന്നുകൊടുത്തുകൊണ്ടു പറഞ്ഞു. ”താന്‍ കേരളത്തില്‍ നിന്നാണല്ലേ…?” ”എങ്ങനെ മനസ്സിലായി…?” അത്ഭുതത്തോടെ അശോപ്പി ചോദിച്ചു. ”അവിടെനിന്നു വരുന്നവരുടെ കയ്യില്‍ നിന്നാണ് ഞങ്ങള്‍ക്കിതുപോലെയുള്ള പൊതിക്കെട്ടുകള്‍ കിട്ടുന്നത്. ഏതായാലും താന്‍ ചെല്ലൂ… പിന്നെയൊരു കാര്യം, ഞങ്ങളിതു വാങ്ങിയത് താന്‍ ആരോടും പറയണ്ട… ഉം… പൊയ്‌ക്കോ…”.
സ്വര്‍ഗ്ഗത്തിലെത്തിയ അശോപ്പിയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ബാങ്കുകാരുടെയോ മറ്റാരുടേയോ ശല്യമില്ലാതെ അതീവ സന്തോഷത്തോടെ ജീവിക്കുന്നതിനിടയില്‍ ഇങ്ങനെ ചിന്തിച്ചു. കുറച്ചുകൂടി നേരത്തെ വരേണ്ടതായിരുന്നു. നാട്ടുകാരും വീട്ടുകാരും കൂടി മുടക്കി. ഏതായാലും ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ സാധിച്ചല്ലോ… ആശ്വാസം.
ഒരു ദിവസം അതിരാവിലെ ജോഗിങ്ങിനിടയില്‍ ആ കാഴ്ച കണ്ട് അശോപ്പി ഞെട്ടി. അകലെ നിന്ന് വളരെ പരിചിതമായ ഒരു രൂപം തന്റെയടുത്തേയ്ക്ക് വരുന്നു. ഈശ്വരാ… അങ്ങനെ സംഭവിക്കരുതേ… അശോപ്പി പെട്ടെന്ന് കണ്ണുകള്‍ അടച്ചുതുറന്നു. അപ്പോഴേയ്ക്കും ആ രൂപം അയാളുടെ അടുത്തെത്തി. തന്നെ പരലോകത്തേയ്ക്ക് പറഞ്ഞുവിട്ടവരില്‍ പ്രമുഖന്‍, തിരിഞ്ഞോടാന്‍ ഭാവിച്ച അശോപ്പിയെ തടഞ്ഞുകൊണ്ട് പറഞ്ഞു: ”മിസ്റ്റര്‍ അശോകന്‍, ലോണെടുത്ത് മുങ്ങിനടന്ന നിങ്ങളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള കോടതിയുത്തരവ്….” പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ സര്‍വ്വശക്തിയുമെടുത്ത് അശോപ്പി തിരിഞ്ഞോടി.
”ഈ കണക്കിനുപോയാല്‍ മറ്റുള്ളവര്‍കൂടി ഇവിടെ എത്തുമല്ലോ… ദൈവമേ എനിക്ക് ഇവിടെയും മനഃസമാധാനം തരില്ലേ…”
പിന്നെയൊന്നും ആലോചിക്കാതെ അശോപ്പി നേരെ നരകവാതില്‍ ലക്ഷ്യമാക്കി ഓടുകയായിരുന്നു.