Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ നര്‍മ്മകഥ

ജാഗരൂകന്‍

മേതില്‍ വേണുഗോപാലന്‍

Oct 8, 2020, 12:36 pm IST

ആമുഖം:-
ജാഗ്രത്സ്ഥിതിയില്‍ ജീവിക്കുന്നവനാണല്ലൊ ജാഗരൂകന്‍. വിപരീതദിശക്കാരന്‍ അജാഗ്രതനും……
ഇക്കഥയിലെ കഥാപാത്രങ്ങള്‍ക്ക്, അഥവാ കഥയില്ലാ പാത്രങ്ങള്‍ക്ക്, പരേതരായൊ വര്‍ത്തമാനകാല ജീവികളായൊ വല്ല സാമ്യമൊ സാദൃശ്യമൊ മറ്റൊ വായനക്കാര്‍ക്ക് അനുഭവവേദ്യമൊ അനുഭവഭേദ്യമൊ ആകുന്നെങ്കില്‍ അതു തികച്ചും യാദൃച്ഛികം മാത്രമാണെന്ന് സൂചിപ്പിക്കാനുള്ള ജാഗ്രത സര്‍ഗ്ഗാത്മക സ്വാതന്ത്രത്തിന്റെ ഉഗ്രലഹരി നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിര്‍ബന്ധിതനാക്കുന്നുണ്ട്.
സമര്‍പ്പണം:
സമസ്ത ജാഗരൂകന്മാര്‍ക്കും അജാഗ്രതന്മാര്‍ക്കും…

കഥാകഥനം:
‘നിങ്ങളെന്നെ കഷ്ടത്തിലാക്കി’ എന്ന വിപ്ലവനാടകം ബോദ്ധ്യപ്പെടാന്‍ ഇനി ഒരിടത്തെ ജനത മാത്രം അവശേഷിക്കുന്ന കാലം. വിട്ടുമാറാത്ത അവരുടെ കഷ്ടകാലം. പ്രസ്തുത ഇടത്തെ ചക്രവര്‍ത്തി ഇടതടവില്ലാതെ അന്ത:പുരത്തില്‍ ഉലാത്തുകയാണ്. ലോങ്‌ഷോട്ടില്‍, അന്തിനക്ഷത്രം മട്ടിലുണ്ട് കൊട്ടാരത്തിന്റെ അന്തര്‍ഭാഗം! അത്താഴത്തിന് ബീഫ് ഉലത്തിയതായിരുന്നു എന്ന് രാജാധിരാജന്റെ ഉല്ലാസനടപ്പ് കണ്ടാലേ അറിയാം. കാണാതെ ഊഹിക്കുകയും ആവാം. കാരണം, അമ്മാതിരിയുള്ള ഭോജ്യം കൊണ്ടേ മതേതരനാവൂ എന്ന ബോദ്ധ്യത്തിന്മേലാകുന്നു നിത്യഭോജനം നരപതി ജന്തുമാംസമാക്കിയത് എന്ന അരമന രഹസ്യമിപ്പോള്‍ അങ്ങാടിയിലെ നാടന്‍ പാട്ടാകുന്നു. മന്നന്റെ കാലികവും കാലോചിതവുമായ തീന്‍ കോവിലകം കലാജാഥക്കാരികളത്രെ സംഗീതാത്മകമാക്കിയത്. ചെമ്പട്ടുടുത്ത കലാകാരികള്‍ യഥാര്‍ത്ഥത്തില്‍ ശ്രീമതികളുടെ പു.ക.സ കടമ നിറവേറ്റുക മാത്രമായിരുന്നു. പൂര്‍വ്വാശ്രമത്തില്‍, സതീര്‍ത്ഥ്യരെ മാതിരി രാജനുമിഷ്ടം പരിപ്പിന്‍ വടയായിരുന്നു. ഏറെക്കാലമായിട്ടില്ല വിപ്ലവാരിഷ്ടമായ കട്ടനും വടയും ഭുപാലന് ചതുര്‍ത്ഥിയായിട്ട.് പ്രസ്തുത ദ്രാവകവും ഖരപദാര്‍ത്ഥവും കഴിച്ചാല്‍ അന്ത:കരണത്തില്‍ അന്ത:ക്ഷോഭം വരില്ലാന്നത്രെ അചലാധിപര്‌ടെ അന്തര്‍ഗ്ഗതം. രുധിരചരിത്രത്തിലുണ്ടോ ക്ഷോഭമില്ലാത്ത രാജസ്ഥാനം!
അനുചരന്മാരുടെയും അനുചാരികളുടെയും അഭിപ്രായത്തില്‍ ഇരട്ട അംഗോപാംഗങ്ങളാണ് രാജ്യാധിപതീടെ ഒരു പ്രത്യേകത. മഹാരാജ കളേബരത്തിലെ ചങ്ക്കളുടെ എണ്ണമാണ് അവര്‍ സദാ ഉദാഹരിക്കുക. ഒന്നാം ചങ്കില്‍ നിറഞ്ഞു തുളുമ്പുന്ന ദയവാകുന്നു. കാര്‍ക്കശ്യം നമ്പര്‍ ടൂവിലാണത്രെ. ചുരുക്കത്തില്‍, ഈശ്വരന്മാരില്‍ പോലും ദര്‍ശിക്കാനാവാത്ത പ്രതിഭാസമാണ് പ്രത്യയശാസ്ത്രത്തിന്റെ ചക്രവര്‍ത്തിയില്‍. ഉദാത്തനേയും ഉദകകര്‍മ്മിയേയും ഒരാളില്‍ ഒട്ടിക്കുന്ന ഉല്‍കൃഷ്ടതയെ ഉദരനിമിത്ത ഉദാരവത്കരണമായി മര്‍മ്മജ്ഞര്‍ ഇനിയും ഉപമിച്ചിട്ടില്ല. തീക്ഷ്ണ ബുദ്ധിയും ദീര്‍ഘദൃഷ്ടിയും കൊണ്ടുമാത്രം ജീവിക്കുന്നവരല്ലൊ ടിയാര്‍! പുരസ്‌കാരങ്ങള്‍, സ്ഥാനമാനങ്ങള്‍, അംഗീകാരങ്ങള്‍ ,ഇതൊക്കെയല്ലാതെ മറ്റെന്തുണ്ട് നിഷ്‌കൃഷ്ടരല്ലാത്ത ജീവികള്‍ക്ക് ?

നൃപന് ഉപദേശകരായി വിധത്തിലും തരത്തിലുമാണ് വിദദ്ധവിധേയര്‍. ഓരോ വിഷയത്തിലുമുണ്ട് അതില്‍ വൈദഗ്ദ്ധ്യമുളള പ്രവീണര്‍. സമ്രാട്ടിന്റെ സ്വതസ്സിദ്ധമായ വിലക്ഷണ പ്രവര്‍ത്തികള്‍ക്ക് പുറമേ ഉപദേശികളുടെ വിദൂഷകങ്ങളും ഭരണശോഭക്ക് ഹേതുവാകാറുണ്ട്. സര്‍വ്വവും ഇടതിടത്തിന്റെ പുണ്യമത്രെ!

രാജാപ്പാര്‍ട്ട് പള്ളിയുറക്കത്തിന് ഒരുങ്ങുമ്പോഴാണ് രാജ്യത്തെ സാങ്കേതിക വിരുതന്‍ ചങ്കരന്‍ മഹാനുഭാവനെ മുഖവും കരാര്‍ നിയമനങ്ങളും കാട്ടാന്‍ വന്നത്. സ്ഥലകാലഭേദങ്ങള്‍ ഒന്നുമേ നോക്കാതെ തിരുമനസ്സിനെ ദര്‍ശിക്കാനുള്ള അധികാരം ചങ്കരന്മാരില്‍ ഇമ്മാതിരിയുള്ള ചൊങ്കന്മാര്‍ക്കേയുള്ളൂ. പക്ഷിശാസ്ത്രം മുതല്‍ വശ്യശാസ്ത്രം വരെയുളള അതിസാങ്കേതികവിദ്യകള്‍ കാര്യദര്‍ശികളിലെ തത്വനിഷ്ഠനായ ചങ്കരനോളം പയറ്റിയ ഉദ്യോഗസ്ഥ ദുഷ്പ്രഭു വേറെയുണ്ടാവില്ല. തല്‍ഫലമായി ചങ്കരന്മാരില്‍ ചക്രവര്‍ത്തിക്ക് ഏറെ പഥ്യം ഈ സാങ്കേതിക ചങ്കരനേയാകുന്നു.

ആചാരോപചാരങ്ങളില്‍ പ്രഥമനായ മുഷ്ടി ചുരുട്ടി ശൂന്യതയില്‍ വീശിക്കൊണ്ടുളള അഭിവാദ്യത്തിനുശേഷം ഒറ്റചങ്കന്‍ ചങ്കരന്‍ ഇരട്ടച്ചങ്കനെ ഉണര്‍ത്തിച്ചു:
”കിംവദന്തികള്‍ കേട്ടീലയോ മഹാരാജന്‍?”
”കിം? ച്ചാല്‍ എന്ത്, ഏത്, അര്!” കിരീടധാരി പ്രതികരിച്ചു.
”കിംബഹുനാ? എന്തിനധികം, അധികം പറഞ്ഞിട്ടെന്തു കാര്യം? പക്ഷേ, ഒന്നു പറയാതിരിക്കാനാവില്ല.”
”ഇത്രയുമായ സ്ഥിതിക്ക് ഒന്നാക്കണ്ട; തുടരനായി പറഞ്ഞോളൂ.”
”സ്വര്‍ണ്ണമണി ആപാദചൂഡം നിഷ്‌കളങ്കയാകുന്നു; പാദാംബുജം മുതല്‍ കേശകോശങ്ങള്‍ വരെയും തിരിച്ചും കളങ്കമേതുമില്ലാത്തവള്‍.”
”ചങ്കു ഈ മഹാസത്യത്തെ എങ്ങനെ സ്വായത്തമാക്കി; സ്വാംശീകരിച്ചു.!”
”സ്വര്‍ണ്ണമണിയും എന്നെ നിഷ്‌കളങ്കാന്നേ വിളിപ്പൂ. മറ്റെന്തു തെളിവുവേണം അതില്‍ കൂടുതലായി?”
”വാസ്തവം തന്നെ. പക്ഷേ, മണിമോള്‍ താങ്കളുടെ ശിഷ്യയല്ലേ. അതോ, താങ്കള്‍ മോളൂസിന്റെ ശിഷ്യനോ?”
”ഞാന്‍ ഭാഗ്യം ചെയ്തവനായതു കൊണ്ടാവാം സ്വര്‍ണ്ണമണി എനിക്ക് ശിഷ്യപ്പെട്ടത്.”
”അതാണോ വിവാദവിനോദിനിക്ക് കരാറിന്മേല്‍ നിയമിതയാകാനുണ്ടായ യോഗ്യത; ചങ്കര്‍ജീടെ ശിഷ്യത്വം!”
” നാട്ടിലെ അങ്കണവാടിയില്‍ നിന്ന് ലഭിച്ച ബിരുദാനന്തര ബിരുദം, എണ്ണിയാലൊടുങ്ങാത്ത പാണിഗ്രഹണങ്ങള്‍, അന്താരാഷ്ട്ര തലത്തിലെ കടുത്ത കടത്ത്
മത്സരങ്ങളില്‍ നേടിയിട്ടുള്ള സ്വര്‍ണ്ണമെഡലുകള്‍…… കുലീനയുടെ സ്വഭാവ മഹിമയ്ക്കു പുറമേ ഇത്തരം യോഗ്യതകളും പരിഗണിച്ചിരുന്നു. പിന്നെ, താക്കോല്‍ സ്ഥാനങ്ങളില്‍ നാം പ്രതിഷ്ഠിക്കുന്നവരില്‍, യോഗ്യതയേക്കാള്‍ ആവശ്യകത പ്രായോഗികതക്കാണല്ലൊ.”
”സ്വര്‍ണ്ണമണി പോലൊരു മോളൂട്ടി പണ്ടും ഉണ്ടായിരുന്നു; സൂര്യമണിയെപ്പറ്റി ചങ്കര്‍, താങ്കള്‍ക്കറിയില്ലേ!”
” പഴയ നാടുവാഴിയെ തലങ്ങും വിലങ്ങും വാണിരുന്ന സൂര്യമണിയെപ്പറ്റിയല്ലെ?”
”നാട്ടിലെ ഓരോ വീട്ടിലും പകലോലയായ് അവള്‍ പ്രകാശിക്കുമെന്ന് ഉറപ്പായതല്ലേ, പുതുപ്പളളി തറവാട്ടിലെ പകലോന്‍ പോല്‍!”

” അതെ. അതുകൊണ്ടാണല്ലൊ പ്രസ്തുത നാടുവാഴീടെ സിംഹാസനം, അതിന് ലഭ്യമായ അവസരത്തില്‍ അവിടുത്തെ വീരാസനത്തെ പുല്‍കാന്‍ മടിക്കാഞ്ഞത്.”
”സൂര്യസംബന്ധിയായ അസംബന്ധങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, കൊല്ലിനും കൊലക്കും അധികാരവകാശമുളള ഒരു തറവാടിന്റെ കാരണവന്‍ സ്ഥാനത്തിനപ്പുറം ഈ വീരന് ഒന്നുമേ ചിന്തിക്കാന്‍, കാലപുരുഷനവര്‍കള്‍ തന്നെ കൂട്ട്യാല്‍ കൂടുമായിരുന്നില്ല.”
”മണിയടി ശുഭകാര്യങ്ങള്‍ക്ക് നിമിത്തമാവും; മണിക്കുട്ടികളും……”

”സൂര്യമണീടെ പുതിയ അവതാരമാണ് സ്വര്‍ണ്ണമണീന്ന് കേള്‍ക്കുന്നുണ്ടല്ലൊ കാര്യക്കാരേ .”
”അസൂയക്കാര്‍ക്കും കാനാദി വലതുകുശുമ്പന്മാര്‍ക്കും എന്താണ് പറയാന്‍
പാടില്ലാത്തത്? പുരോഗമന ആശയങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശമേ സ്വര്‍ണ്ണമണിക്കുള്ളൂ; അല്ലാതെ ആദിത്യകിരണങ്ങള്‍ കൊണ്ടുള്ള കളിയൊന്നും ലാവണ്യക്കറിയില്ല. ‘നഷ്ടപ്പെടാനില്ല ശങ്കേട്ടാ കൈവിലങ്ങല്ലാതെ, കിട്ടാനുള്ളതേട്ടേ സ്വര്‍ണ്ണക്കട്ടികള്‍’ എന്ന താരാട്ടാണ് ഉല്‍പതിഷ്ണുമണി മൂളാറ്. പോരെങ്കില്‍, തിരുമനസ്സുള്‍പ്പടെ രാജസഭയിലെ സകല സന്മസ്സുള്ളവരോടൊപ്പവും, ചിത്രങ്ങള്‍
പിടിക്കണ വേളകളില്‍ കര്‍മ്മകുശല പോസ് ചെയ്തിട്ടുമുണ്ട്.”

” അതാ കുഴപ്പായേ! മേഘഗര്‍ജ്ജനങ്ങള്‍ ശ്രവിച്ച് ചിത്രശേഖരങ്ങള്‍ ഭയന്നില്ലാതായി എന്നു കാച്ചുകയേ ഇനി നിര്‍വ്വാഹമുള്ളൂ. (ഇതര വിപ്ലവങ്ങള്‍ മാതിരി സാങ്കേതിക വിപ്ലവവും ആനബോറാകുന്നു!) വര്‍ഗ്ഗ ശത്രുക്കളാണ് ക്യാമറകള്‍!”
”പക്ഷേ, സ്വര്‍ണ്ണമണിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍, രാജസഭയിലെ പല പ്രസ്ഥാനവീരര്‍ക്കും ചിരിപോലും വശമില്ല എന്നു ജനത ധരിച്ചേനേ. സ്വര്‍ണ്ണമണി സഹിതം സഞ്ചരിക്കുന്ന ചിത്രത്തിലല്ലാതെ, ചക്രവര്‍ത്തിയാകുന്നതിന് മുമ്പും പിമ്പും, ഒരു ജ്യോതിസ്സായ ഭവാന്‍ പോലുമിങ്ങനെ നിഷ്‌കളങ്കമായി ചിരിച്ചിട്ടില്ല; മനുഷ്യസ്‌നഹത്തിന്റെ മഹത്തായ ചിരി! ചരിത്രത്തില്‍,
ഇതിനുമുമ്പ് സ്റ്റാലിന്‍ മാത്രമാണ് ഇമ്മാതിരിയുള്ള ചിരി ചിരിച്ചിട്ടുള്ളത്; ചിരിപ്പിച്ചിട്ടുള്ളത്!”
” ചങ്കരന്‍ നമ്മേ കൂടി കുഴപ്പത്തിലാക്കാനുളള പുറപ്പാടാണോ!”
”കിംവദന്തികള്‍ വന്നില്ലായിരുന്നെങ്കില്‍ നമ്മുടെ ആചാര്യന്മാരുടെ ഛായാചിത്രങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണമണീടെ വിപ്ലവ ചിത്രം കൂടി ഇരമ്പില്ലായിരുന്നോ?”
” സഹോദര വിവാഹവേദിയില്‍ വെച്ച് സ്വര്‍ണ്ണമണി ഒരു അതിഥിയെ താഡിച്ചതായി ആക്ഷേപമുണ്ടല്ലൊ?”

”സ്‌നേഹാധിക്യം മാത്രമാകുന്നു മണീടെ മൂലധനം. ദാസ് കേപിറ്റല്‍. ഹാര്‍ദ്ദമായി മന്ത്രിമാരുടെ വരെ വയറ്റത്തിട്ടടിച്ച സ്‌നിഗ്ദ്ധഹസ്തങ്ങളാണ് അവളുടേത്. കുസൃതീടെ പ്രഹരമേറ്റ സുകൃതികളില്‍ രാഷ്ട്രമീമാംസകര്‍, ഉദ്യോഗസ്ഥപ്രഭുക്കള്‍, വന്‍കിട വ്യവസായികള്‍, പ്രശസ്ത വ്യാപാരികള്‍, പ്രമുഖ പ്രവാസികള്‍, കുത്തകവിപ്ലവകാരികള്‍, അഭ്രപാളി നടന്മാര്‍ ഒക്കെ സുലഭമാണ്.”

”കണ്‍കണ്ട ഊരില്‍, നമ്മുടെ ക്വട്ടേഷണ്‍ ഗ്രാമങ്ങളിലെ ഏതോ ഒന്നിലായിരിക്കണം തങ്കപ്പെട്ട മണിമോള്‍ തന്നുടെ ധന്യമായ ബോള്‍ഷെവിക് ജീവിതം
സമാരംഭിക്കുന്നത്.”

”സന്ദിഗ്ദ്ധയും സമ്മര്‍ദ്ദയുമായ സൂര്യമണി എവിടെ കിടക്കുന്നു. സമര്‍ത്ഥയും സമുന്നതയുമായ സ്വര്‍ണ്ണമണി എവിടെ കിടക്കുന്നു!”
”ഒരിക്കല്‍ സൂര്യമണി ചാഞ്ചാടിയിരുന്ന അന്ത:പുരത്തിനുമേല്‍ സ്വര്‍ണ്ണമണി പറപ്പും പൊറുപ്പും പതിവാക്കീന്നു വരെ ചില വിദ്യാന്മാര്‍ കൊട്ടിയും കൊട്ടാതെയും ഘോഷിക്കുകയാണ്. അതില്‍ പഴയ രാജാത്തീടെ കിങ്കരന്മാര്‍, തൂലിക വെറുതേ പടവാളാക്കുന്നോര്‍ ഒക്കെയുണ്ട്.”

”വംഗനാട്ടിലായിരുന്നെങ്കില്‍, രണ്ട് പ്രൗഢകളുടേയും സേവനം ഒരേ സമയം പ്രകീര്‍ത്തിക്കാമായിരുന്നു. ആ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതിന്റെ ദാര്‍ശനിക ദു:ഖത്തിലാണ് ഞാന്‍.”
”കാലക്രമത്തില്‍ നമ്മുടെ നാട്ടിലും മാറ്റം വരാം.”
”ആചാര്യവചനം നമ്മേ സംബന്ധിച്ചടത്തോളവും വളരെ ശരിയാകുന്നു; മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ: നാറ്റം മാത്രം!”
”സ്വര്‍ണ്ണമണീടെ ബംഗ്ലാവില്‍ താങ്കളെന്തിനാണ് നിത്യഹരിത സന്ദര്‍ശകനായിരുന്നത്, അതും അര്‍ദ്ധരാത്രികളില്‍ ഗന്ധര്‍വ്വന്മാരെ മാതിരി!”
”നമ്മുടെ പ്രത്യയശാസ്ത്രം നിഷ്‌കര്‍ഷിക്കും മട്ടില്‍ വിമര്‍ശനപരമായും സ്വയവിമര്‍ശനപരമായും വിചിന്തിക്കാന്‍ ഇതിലും അനുയോജ്യമായ മറ്റൊരിടത്തിന്റെ
അഭാവമാകുന്നു പാതിരായനങ്ങള്‍ക്ക് നിമിത്തമായത്. പിന്നെ, ബുദ്ധിജീവികളുടെ ചിന്തകള്‍ കാടുകയറുക യാമങ്ങളിലുമാണല്ലൊ. അല്ലാതെ സാമൂഹ്യ പാപ്പരാസികള്‍ക്ക് പ്രത്യേകം ദൃഷ്ടിഗോചരമാകുന്ന വൈരുദ്ധ്യാത്മക ഭൗതികമൊന്നും നിശീഥിനികളില്‍ സംഭവ്യമായിട്ടില്ല. ഏറിയാല്‍, സൗഹൃദസംഭാഷണം മാത്രമാണ് സംഭാവാനുക്രമണികയിലെ ഏക അസംബന്ധം. അതിനാകട്ടെ മാനുഷനെ ഒരു സാമൂഹ്യ ജീവിയാക്കിയ, നമുക്കില്ലാത്ത നിരാമയനല്ലെ കാരണഭൂതന്‍!”

”നാം സ്വതേ ചെയ്യും പടി, സൈദ്ധാന്തികമായും ദാര്‍ശനികമായും വിശകലനം ചെയ്യുമ്പോള്‍ ഇമ്മാതിരി വ്യാഖ്യാനങ്ങള്‍ പരിചയാക്കാം.”
”സമസ്യാപൂരണത്തില്‍ ഇവന്‍ സമര്‍ത്ഥനാണെന്ന് കാലം തെളിയിക്കും; സ്വപ്നലോകത്തെ ചങ്കരന്‍കുട്ടീന്ന് നമ്മുടെ കൂട്ടത്തിലൊരുവന്‍ തന്നെ ആക്ഷേപിച്ചിട്ടുണ്ടെങ്കിലും.”
”ഒക്കെ ശരിയാണ്; അഥവാ ഇപ്പ ശരിയാക്കിതരാം. പക്ഷേ, ഒന്ന് പറയാനും വയ്യ പറയാതിരിക്കാനും വയ്യ, സിനിമാ പാട്ടു കണക്കെ! ”
”അതെന്ത്?”
”ചങ്കരേട്ടന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്.”
”ജാഗ്രത! അങ്ങ് ക്ഷമിക്കണം; സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ മാളിക മുകള്‍ വിപ്ലവക്കാരികള്‍ ഉപയോഗിച്ച് തേഞ്ഞ ഒരു പദസമ്പത്തായിട്ടുണ്ട് -ജാഗ്രത!”
”മനസ്സിലായില്ല!”

”നമ്മളില്‍ പെട്ട ഒരു വിദ്വാന്‍ പോക്കറ്റടിച്ചാലും, സ്ത്രീപീഡനം നടത്തിയാലും, എന്തിനെറേ ഒരു ബലാല്‍സംഗം തന്നെ ചെയ്താലും നമ്മളെന്താ മാധ്യമങ്ങളോട് പറയാ. മഹാനായ ആ മനുഷ്യന് ഒരു ജാഗ്രതക്കുറവേ പറ്റിയിട്ടുള്ളൂ എന്നാണല്ലൊ. അങ്ങനെ നോക്കുമ്പോള്‍ എനിക്കും ഒരു ജാഗ്രതക്കുറവേ സംഭവിച്ചിട്ടുള്ളൂ. എന്താണ് എനിക്കു പറ്റിയ ജാഗ്രതക്കുറവെന്ന് സൈദ്ധാന്തികമായി ഞാന്‍ വിശദീകരിക്കട്ടേ രാജന്‍….”
”ആട്ടെ.”
”ഒരര്‍ത്ഥത്തില്‍ ഞാന്‍ സ്വര്‍ണ്ണമണീടെ ബംഗ്ലാവില്‍ പോയത് ജാഗ്രതാക്കുറവ് തന്നെ. പകരം സ്വര്‍ണ്ണമണിയെ എന്റെ ആസ്ഥാനമണ്ഡപത്തിലേക്ക്
വിളിപ്പിച്ചാല്‍ മതിയായിരുന്നു. ജാഗ്രത ഏറുക നിമിത്തം യജമാനന്റെ രാജസഭയിലെ മിക്ക വിദ്വാന്മാരും അപ്രകാരം ചെയ്തവരാണല്ലൊ.
”നോം മാധ്യമ ഭീകരന്മാരോട് എന്ത് വിശദീകരണം നല്‍കും?”
”ഇക്കാര്യവും ദാര്‍ശനികമായി തന്നെ വിശദീകരിക്കണം.”
”എങ്ങനെ?”

”ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ പലതാണല്ലൊ. ജനകീയ ജനാധിപത്യ വിപ്ലവം, തോക്കിന്‍ കുഴലിലൂടെയുള്ള വിപ്ലവം, തിരഞ്ഞെടുപ്പ് ക്രമക്കേടുകളിലൂടെയുള്ള വിപ്ലവം, പ്രീണനം വഴിയുള്ള വിപ്ലവം, ബൂര്‍ഷ്വകളെ ചാക്കിലാക്കികൊണ്ടുള്ള വിപ്ലവം ……, ഇതൊന്നും നടക്കാത്ത കിനാവുകളായപ്പോള്‍, സ്വര്‍ണ്ണക്കടത്തിലൂടെയെങ്കിലും സോഷ്യലിസ്റ്റ് സാമ്രാജ്യം അഥവാ സ്റ്റാലിനിസ്റ്റ് രാജ് സ്ഥാപിക്കാനായി സ്വര്‍ണ്ണമണീ വിപ്ലവം. എന്താ പോരേ!”
”ഇതിവൃത്തത്തിലെന്തെങ്കിലും വൃത്തഭംഗമുണ്ടെങ്കില്‍ ?”

”അപ്പോള്‍ ഇതികര്‍ത്തവ്യതാമൂഢത്വം വെടിഞ്ഞ് നമ്മുടെ സ്വലേയന്മാര്‍
ഇടപെട്ടളയും.”
”നമ്മുടെ ‘ഇതിഹാസഹാസ്യത്തെ’ ചരിത്രമെന്ന മഹാമാരി എങ്ങനെ രേഖപ്പെടുത്തും?”
”നമുക്ക് സ്വര്‍ണ്ണവുമായി ചിരകാല ബന്ധമുണ്ട്. പരസ്യമായി രക്തഹാരവും രഹസ്യമായി സ്വര്‍ണ്ണാഭരണങ്ങളുമെന്നല്ലേ നമ്മുടെ വൈവാഹിക നയചാതുര്യം. മാത്രവുമല്ല, പുരാതനമായി തന്നെ ഒരു വിപ്രലംഭശൃംഗാര വിപ്ലവഗാനം നമുക്ക് സ്വന്തമായിട്ടില്ലേ?”
”അതേതു ഗാനം?”
”പൊന്നരിവാളമ്പിളിയില് എന്ന ഗാനസുധ. ഇരുമ്പരിവാള്‍ എന്നല്ലല്ലൊ നമുക്കു വേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗം പാടിയത്. ദാരിദ്രത്തിലും പട്ടിണികള്‍ പ്രബുദ്ധരായിരുന്നു.”
”പക്ഷേ! നമുക്കു മുകളില്‍ ദൈവഹിതം മാതിരി ഒരു ഖഡ്ഗം തൂങ്ങിക്കിടപ്പുണ്ട്.”
”സൂചന മനസ്സിലായി പ്രഭോ. നാം മലകടത്തിയ തരുണീമണികള്‍ സമം സ്വര്‍ണ്ണം കടത്തിയ സ്വര്‍ണ്ണമണീ എന്നല്ലെ ആശങ്ക.”
” ശാപമേറ്റാല്‍, ചമ്മട്ടി കാട്ടി നാം ചമച്ച നവോത്ഥാനം വരെ വൃഥാവിലാവില്ലേ?
”വിശ്വാസത്തിനു പുറമെ നാണം കൂടി കഷ്ടിയാകയാല്‍ എന്തിനു നാം ഭയന്നീടണം!”
”ഭയമോ എനക്കോ!”
”ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നല്ലെ മാര്‍ക്‌സിക്ക പറഞ്ഞീട്ടുള്ളത്.”
”ജര്‍മ്മന്‍ ഹാജിയാര് അങ്ങനെ പറഞ്ഞത് എത്ര നന്നായി!”
” ഏത് നികൃഷ്ട മാര്‍ഗ്ഗമെടുത്ത് പ്രയോഗിക്കുമ്പോഴും മ്മടെ ലക്ഷ്യമല്ലൊ ഗംഭീരമെന്ന് പുലമ്പിയാല്‍ പോരേ?”
”എന്തായാലും നമ്മുടെ നിലനില്പിന് അനിവാര്യമായ ഒന്നുണ്ട്.”
” രാജരാജന്‍ ഉദ്ദേശിക്കുന്നത്?”
”മഹാരാജ്യത്തിലെ സാങ്കേതിക വിരുതന്‍ സ്ഥാനത്തു നിന്ന് തല്‍ക്കാലം ശ്രീമാന്‍ ചങ്കരനെ മാറ്റി നിര്‍ത്തുക. ഈ ഭൂപാലന്റെ മുഖം രക്ഷിക്കാനാന്ന് കൂട്ട്യാ മതി.”
”അപ്പോ സാങ്കേതിക കാര്യങ്ങളില്‍ മന്നവമാമനേ അര് ഉപദേശിക്കും.”
”അതിന് സാങ്കേതിക വിരുത സ്വര്‍ണ്ണമണീടെ സേവനം ഉറപ്പാക്കീട്ടുണ്ട്. കാരാഗൃഹത്തില്‍ നിന്നായാലും വിദുഷി നമ്മുടെ രാജസഭയെ നേര്‍വഴി നടത്തും.
ചങ്കരനു പകരമിനി ചങ്കരിയാവട്ടേ!”

”നമ്മള്‍ സ്ഥിതിസമത്വന്മാര്‍ പരമ്പരാഗതമായി അഭിസംബോധന ചെയ്യുന്ന ഒരു പദമുണ്ടല്ലോ.”
” ഉണ്ടല്ലോ! ‘കൂട്ടുകെട്ടുകാരന്‍’ എന്നതിന്റെ ഒന്നാന്തരം പര്യായം….”
” കൂടുതല്‍ അര്‍ത്ഥവത്തായ ഒരു പദം കൊണ്ട് അടിയന്‍ അങ്ങയെ സംബോധന ചെയ്യട്ടെ.”
”ചെയ്താലും, പക്ഷേ, നമ്മുടെ മഹത്തായ ചുവപ്പന്‍ സംസ്‌കാരം ഹേതുവായി ഈ രാജാധിപതി നാളിതുവരെ ശത്രുക്കളെ വിളിച്ചു ചൊല്ലിയ നാമവിശേഷണങ്ങള്‍ ഒഴിവാക്കുമല്ലൊ.”
”അയ്യേ; തീര്‍ച്ചയായും അതൊന്നുമീ വിശുദ്ധ ചങ്കരന്‍ ഉരുവിടില്ല. ആരാധ്യനായ കുലംകുത്തി, അനിഷേധ്യനായ നിന്ദ്യനീചനികൃഷ്ടന്‍സ,് പൂജനീയ പവിത്ര പരംനാറി തുടങ്ങിയ വിശേഷാല്‍ ഖ്യാതികള്‍ ശാത്രവന്മാരെ മാത്രം വ്രണപ്പെടുത്താനുള്ളതല്ലേ.”
”ന്നാ പൂശിക്കോ നമുക്കായി സൃഷ്ടിച്ച അര്‍ത്ഥാലങ്കാരത്തെ.”

”ഹേ * ജാഗരൂകാ…! (ഇത്രയും കാലം ‘അതിനും കാരണം ഞമ്മളാന്നുളള അടിയന്റെ ജാഗ്രതക്കുറവുകളായിരുന്നല്ലൊ അങ്ങയുടെ ജാഗരൂകത, ജാഗ്രത, ജാഗ്രത് സ്ഥിതി.)”
(ഗുണപാഠം: ചെയ്തി എന്തായാലും ജാഗരൂകനായാല്‍ മതി!)

*(അന്തരീക്ഷത്തില്‍ പ്രതിധ്വനി)

 

Share8TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

അതിയോഗ്യ

തകര്‍ന്നടിയുന്ന കേരളം

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies