മംഗള്‍യാനുമായുള്ള ബന്ധം നിലച്ചു എന്ന വാര്‍ത്ത കണ്ടപ്പോഴാണ് ഈ പേടകം ഇത്രനാളും പ്രവര്‍ത്തിക്കുകയായിരുന്നു എന്ന സത്യം ഇത്തിരി അമ്പരപ്പോടെത്തന്നെ ഓര്‍ക്കുന്നത്. എന്തിനാണ് അമ്പരപ്പ്? ചൊവ്വയെ ചുറ്റാന്‍ അയച്ച പേടകം അതിന്റെ ജോലി ചെയ്യുന്നു. അത്രയല്ലേ ഉള്ളൂ.
അല്ല. അതൊരു ചരിത്രമാണ്. അല്ല ഇതിഹാസം തന്നെയാണ്.
2008 ലാണ് ആദ്യശ്രമത്തില്‍ തന്നെ ചാന്ദ്രയാന്‍ 1 ദൗത്യത്തിലൂടെ അതീവകൃത്യമായി ഭാരതം ചന്ദ്രന്റെ ഭ്രമണപഥം തൊട്ടതും, തുടര്‍ന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയതും. അതിനും ശേഷമാണ് നമ്മുടെ ഗ്രഹാന്തരദൗത്യങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറക് വെയ്ക്കുന്നത്. ഗ്രഹാന്തരദൗത്യങ്ങള്‍ക്ക് എല്ലാ ഏജന്‍സികളും ആദ്യം തെരഞ്ഞെടുക്കുന്നത് ചൊവ്വയെ ആണ്. സൗരയൂഥത്തില്‍ ഭൂമിയോട് ഏറ്റവുമധികം സാമ്യമുള്ള ഗ്രഹമാണ് ചൊവ്വ. ഉറച്ച പ്രതലം, പാറക്കെട്ടുകള്‍ അങ്ങനെ പലതും അനുകൂലഘടകമാണ്. അതുകൊണ്ടുതന്നെ നമ്മളും തെരഞ്ഞെടുത്തത് ചൊവ്വയെ ആണ്. ദൗത്യത്തിന് മംഗള്‍യാന്‍ എന്ന പേരും കൊടുത്തു.
പ്രപ്പോസല്‍ അംഗീകരിക്കപ്പെട്ടത് 2011 ല്‍. പിന്നീട്, ചൊവ്വയിലേക്കുള്ള അടുത്ത ലോഞ്ച് വിന്‍ഡോ 2013 നവംബറിലാണ്, പിന്നീട് വരുന്നത് 2016 ലും 2018 ലും. അന്നൊക്കെ ചാന്ദ്രയാന്‍ 2 ന്റെയും, GSLV MK 3 യുടെയും തിരക്കിലാവുമെന്നതിനാല്‍, 2013 നവംബര്‍ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
ചൊവ്വ ദൗത്യവുമായി ഭൂമിയില്‍ നിന്ന് വിക്ഷേപിക്കപ്പെടുന്ന, ദൗത്യപേടകം മിനിട്ടുകള്‍ക്കുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും … ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ, ക്രമേണ ഭ്രമണ പഥം വികസിപ്പിച്ച് ചൊവ്വയിലേക്ക് തൊടുക്കും. ഹാമര്‍ ത്രോയില്‍ ഒരു കായിക താരം, ഹാമര്‍ ചുഴറ്റിയെറിയുന്നത് പോലയാണിത്…. അവസാനത്തെ വികസിപ്പിക്കലിനുവേണ്ടി, LAM(Liquid Apojee Motor) എഞ്ചിന്‍ കൊടുക്കുന്ന പ്രവേഗത്തില്‍ ചൊവ്വയിലേക്ക്, എടുത്തെറിയപ്പെടുന്ന പേടകം ഒന്‍പത് മാസത്തെ യാത്രക്കൊടുവില്‍ ചൊവ്വക്ക് സമീപം എത്തും. അടുത്ത വെല്ലുവിളി അവിടെയാണ്… അതിവേഗതയില്‍ ചൊവ്വയെ സമീപിക്കുന്ന (സെക്കന്റില്‍ 30 കിലോമീറ്റര്‍) പേടകത്തിന്റെ വേഗത കുറച്ച്, ചൊവ്വയുടെ ഭ്രമണ പഥത്തില്‍ കുരുക്കുക എന്നതാണത്. LAM എഞ്ചിന്‍ എതിര്‍ ദിശയില്‍ കത്തിച്ചാണ് ഇത് സാധിക്കുന്നത്, ഒരു വാഹനം ബ്രേക്ക് ചെയ്യുന്നത് പോലെ തന്നെ അതിനു ശേഷം മാത്രമേ, പേടകത്തിലെ സോളാര്‍ പാനലുകളും, ക്യാമറകളും കണ്‍ തുറക്കുകയുള്ളു. പിന്നീട്, പേടകത്തില്‍ കരുതിയിരിക്കുന്ന ഇന്ധനം തീരുന്നത് വരെ അവന്‍, ചൊവ്വയെ ചുറ്റിത്തിരിഞ്ഞ്, ചുവന്ന ഗ്രഹത്തിന്റെ അരുമയായി അവിടെ പുളച്ച് നടക്കും.
പറഞ്ഞപ്പോ എല്ലാം കഴിഞ്ഞു. പക്ഷെ, ഇതിനാവശ്യമായ സാങ്കേതികജ്ഞാനവും അനുഭവജ്ഞാനവും ഭീമമാണ്. എവിടെയെങ്കിലും പിഴച്ചാല്‍ എല്ലാം കഴിഞ്ഞു. പരാജയ സാധ്യതകള്‍ നിരവധിയാണ്. വിക്ഷേപണത്തില്‍, ഭ്രമണ പഥം ഉയര്‍ത്തുമ്പോള്‍, മാര്‍ഗമധ്യേ, ചൊവ്വയുടെ സമീപത്ത്, എവിടെ വെച്ച് വേണമെങ്കിലും നിയന്ത്രണം പോയി, പേടകം എന്നന്നേക്കുമായി നിതാന്ത ശൂന്യതയില്‍ നഷ്ടപ്പെടാം.
രണ്ട് വര്‍ഷമെന്ന ചെറിയ സമയത്തില്‍, ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ഇതുപോലൊരു വന്‍ പദ്ധതി. അനുവദിക്കപ്പെട്ട, 400 കോടി എന്ന ബജറ്റില്‍, പുതിയ സാങ്കേതിക വിദ്യകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങി നൂറു നൂറു കാര്യങ്ങള്‍. സുപ്രസിദ്ധമായ ISROയുടെ ടീം വര്‍ക്കിലൂടെ അവര്‍ കാര്യങ്ങള്‍ നീക്കി. കാരണം, 2013 നവംബര്‍ എന്ന സമയം കഴിഞ്ഞാല്‍ ചൊവ്വ കൈവിട്ട് പോകും, പിന്നെ എന്ന് നടത്താനാകുമെന്നത് പറയാന്‍ പറ്റില്ല.
അങ്ങിനെ 2013 നവംബര്‍ അഞ്ചിന്, വിശ്വസ്ത പടക്കുതിരയായ PSLVയുടെ ചിറകിലേറി നമ്മുടെ ചൊവ്വ സ്വപ്‌നങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നു. ഭ്രമണപഥ വികസനങ്ങളൊക്കെ കൃത്യമായി നിര്‍വഹിച്ചു, ഒരു മാസത്തിനു ശേഷം മംഗള്‍യാന്‍ ചൊവ്വയിലേക്ക് യാത്ര തിരിച്ചു ….ഒന്‍പത് മാസത്തെ യാത്രക്കിടയില്‍, രണ്ടു മൂന്ന് പ്രാവശ്യം മാത്രമേ പാത കറക്ഷന്‍ വേണ്ടി വന്നുള്ളൂ. അങ്ങിനെ, ദൗത്യത്തില്‍ എറ്റവും നിര്‍ണായകമായ സപ്തംബര്‍ 24 അടുത്ത് വന്നു.
ഒന്‍പത് മാസം ഉറങ്ങിക്കിടന്ന LAM (Liquid Apogee Motor) എഞ്ചിന്‍ പ്രവര്‍ത്തിക്കുമൊ, അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു പ്ലാന്‍ ബി കൂടി തയ്യാറാക്കിയിരുന്നു. പാത തിരുത്തലുകള്‍ക്ക് വേണ്ടിയുള്ള ത്രസ്റ്ററുകള്‍ ഉപയോഗിച്ച്, പേടകത്തിന്റെ വേഗത കുറക്കുക, പക്ഷെ ഇത് ദൗത്യത്തിന്റെ ആയുസ്സിനെ സാരമായി ബാധിക്കും. ഉള്ള ഇന്ധനം മുഴുവന്‍ തീര്‍ന്ന മംഗള്‍യാന്‍, ഒരു ജഡവസ്തുവായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒടുങ്ങിപ്പോകും. ഞാനിന്നുമോര്‍ക്കുന്നു, സപ്തംബര്‍ 23 നു രാത്രി ടി.വി ചാനലുകളില്‍ പൊടിപൊടിക്കുന്ന അന്തിച്ചര്‍ച്ചകള്‍, ബഹിരാകാശ സാങ്കേതികതയുടെ ബാലപാഠം പോലുമറിയാത്ത അവതാരകര്‍ ISRO ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുകയാണ്. LAMപ്രവര്‍ത്തിക്കുമോ… പ്രവര്‍ത്തിച്ചില്ലെങ്കില്‍? അവര്‍ക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. LAMഞങ്ങളുടെ കുട്ടിയാണ്, അവന്‍ ചതിക്കില്ല.
2014 സപ്തംബര്‍ 24. രാവിലെ 5 മണി മുതല്‍ ചാനലുകള്‍ സജീവമായി. കൃത്യം 7 മണിക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോളിലെത്തി. പൊട്ടിത്തെറിക്കാന്‍ പാകമായ വെടിമരുന്നു ശാലയെപ്പോലെയുള്ള, മിഷന്‍ കണ്ട്രോള്‍ റൂമില്‍, അക്ഷോഭ്യനായ പ്രധാനമന്ത്രിയോടൊപ്പം, ഇന്ത്യയിലെ മഹാശാസ്ത്രജ്ഞര്‍ മുഴുവന്‍. ISRO ചെയര്‍മാന്‍ രാധാകൃഷ്ണന്‍, സംഗതിയുടെ വിജയ സാധ്യത കുറവാണ് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പോയാല്‍ പോകട്ടെ, ലോകത്തോട് ഞാന്‍ സമാധാനം പറഞ്ഞുകൊള്ളാം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സമ്മര്‍ദം കുറച്ചു. 7.15നു അവസാന കമാന്റ്് കൊടുത്തു. പേടകം ചൊവ്വയുടെ മറുവശത്ത് മറഞ്ഞു. പതിനഞ്ച് മിനിട്ടിനു ശേഷമേ എന്തെങ്കിലും വിവരം ലഭിക്കൂ. പരാജയപ്പെട്ട ചൊവ്വദൗത്യങ്ങളില്‍ 90 ശതമാനവും സംഭവിച്ചത് ഈ ഘട്ടത്തിലാണ്. മിഷന്‍ കണ്ട്രോളിനെയും, നൂറ്റിമുപ്പത് കോടി ജനങ്ങളെയും കോരിത്തരിപ്പിച്ചു കൊണ്ട് 7.45 നു ആ വിദൂര സിഗ്‌നല്‍ ഹാസനിലെ പടുകൂറ്റന്‍ ആന്റിനയിലേക്ക് കിനിഞ്ഞിറങ്ങി. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം ചുംബിച്ചിരിക്കുന്നു. ബഹിരാകാശ ചരിത്രത്തില്‍ ഒരിക്കലും തിരുത്താന്‍ സാധിക്കാത്ത റെക്കോര്‍ഡുമായി കടഞഛ ലോകത്തിന്റെ നെറുകയില്‍. അങ്ങനെ ഒരു ഗ്രഹാന്തര ദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ വിജയിപ്പിച്ച പെരുമ ഭാരതത്തിനു സ്വന്തമായി.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന് കണക്കാക്കപ്പെട്ടിരുന്നത് ആറു മാസത്തെ ആയുസ്സാണ്. അതിനാവശ്യമായ ഇന്ധനമായിരുന്നു അതില്‍ കരുതിയിരുന്നത്. ഇടക്ക് വേണ്ടിവരുന്ന ഭ്രമണ പഥങ്ങളുടെ ശരിയാക്കല്‍, വേണ്ടിവന്നാല്‍ പേടകം തിരിക്കാനും കറക്കാനുമുള്ള ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമുള്ളത്, പേടകത്തിലെ ഉപകരണങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ധനം കരുതുന്നത്. ഇത് തീരുമ്പോഴാണ് ബഹിരാകാശ പേടകങ്ങളുടെ ആയുസ്സും കഴിയുന്നത്. മംഗള്‍യാനില്‍ കരുതിയിരുന്ന ഇന്ധനം പൂര്‍ണ്ണമായി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധിച്ചു, ഓര്‍ബിറ്റല്‍ കറക്ഷനുകളോ, ത്രസ്റ്ററുകളുടെ ഉപയോഗമോ അധികം വേണ്ടി വന്നില്ല അതിനാല്‍ ആ ഇന്ധനം കൂടി ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു. അതുകൊണ്ടാണ് ആറ് മാസത്തെ ആയുസ്സ് എട്ട് കൊല്ലം നീണ്ടത്.
PSLV എന്ന ഏറ്റവും വിശ്വസ്തമായ റോക്കറ്റിന്റെ അതീവ കൃത്യമായ ലോഞ്ചിങ്, ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത, കിറുകൃത്യമായ സഞ്ചാരം, ശാസ്ത്രജ്ഞരുടെ അവിശ്വസനീയമായ ജ്ഞാനവും മികവും. ഇതെല്ലാമാണ് ഈ അതുല്യ നേട്ടത്തിന് കാരണമായത്.
അതാണ് പറഞ്ഞത്. മംഗള്‍യാന്‍ വെറുമൊരു ചരിത്രമല്ല. ഇതിഹാസമാണ് എന്ന്.