ഇടതുനേതാക്കള്‍ മത്സരിച്ചു തേങ്ങയുടക്കുമ്പോള്‍ ഒരു ചിരട്ടയെങ്കിലും ഉടക്കേണ്ടേ എന്നാണ് എം.എ.ബേബി സഖാവിന്റെ ചിന്ത. അതിനൊരു അവസരം കോണ്‍ഗ്രസ് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. കുറച്ചു കാലത്തിനകം അസംതൃപ്തരായ മൂന്നു കോണ്‍ഗ്രസ് നേതാക്കളാണ് സി.പി. എമ്മില്‍ ചേക്കേറിയത്. അവരെ കൂറുമാറ്റിക്കാന്‍ മുഖ്യന്‍ വിജയന്‍ സഖാവും മരിച്ചു പോയ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണന്‍ സഖാവും നെറ്റി വിയര്‍പ്പിച്ചിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനും വക്കീലുമായ സി.കെ.ശ്രീധരന്‍ ആടിക്കളിക്കുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കയറിട്ടു വലിക്കാന്‍ മുഖ്യന്‍ വിജയന്‍ സഖാവ് തന്നെയാണ് മുമ്പില്‍. അധികാരത്തിലല്ലാത്തതിനാല്‍ ഇത്തരം ചരടുവലികളൊന്നും സാധ്യമല്ലാത്തതിനാല്‍ ചില ചൊട്ടു വിദ്യകളുമായാണ് ബേബി സഖാവ് രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് മത്സരിച്ച് നിലംപരിശായ ശശി തരൂരാണ് ബേബിയുടെ ഉന്നം. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിഴുള്ള ഒരു ചൂണ്ട. അതുവഴി മസ്തിഷ്‌ക പ്രക്ഷാളന കൂടോത്രതന്ത്രം. ഇതു ഫലിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കും തനിക്കും ഐശ്വര്യമുണ്ടാകാന്‍ ഇലന്തൂര്‍ വഴി സ്വീകരിക്കുമോ എന്നറിയില്ല.
സാമൂഹ്യമാധ്യമം വഴി തരൂരിനുള്ള ഉപദേശമാണ് കൂടോത്രത്തിന്റെ ആദ്യ പടി. തികച്ചും മന:ശാസ്ത്രപരമാണ് സമീപനം എന്നു പറയണ്ടതില്ലല്ലോ. വാനോളം പുകഴ്ത്തിയാണ് തുടക്കം. തിരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടു നേടിയതിനുള്ള അഭിനന്ദനത്തില്‍ തുടങ്ങി മതേതരവാദി, എഴുത്തുകാരന്‍, പ്രഗത്ഭനായ രാഷ്ട്രീയ നേതാവ് എന്നൊക്കെയുള്ള വാഴ്ത്തല്‍ വഴി കീശയിലാക്കാനുള്ള നീക്കം. അതിനു പിന്നാലെ ഒരു സ്റ്റഡി ക്ലാസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പു ചരിത്രത്തിലാണ് ക്ലാസ്. പുരുഷോത്തം ദാസ് ഠണ്ഡനെതിരെ മത്സരിച്ചു തോറ്റ കൃപലാനി കോണ്‍ഗ്രസ് വിട്ടതില്‍ തുടങ്ങി, സീതാറാം കേസരിക്കെതിരെ മത്സരിച്ച ശരദ് പവാര്‍ കോണ്‍ഗ്രസ്സിനോട് ടാറ്റാ പറഞ്ഞ് പവാര്‍ കോണ്‍ഗ്രസ് ഉണ്ടാക്കി, സോണിയയോട് മുട്ടി പുറത്തായ ജിതേന്ദ്ര പ്രസാദ് ബി.ജെ.പിയിലെത്തി. ഇതുതന്നെ തരൂരിന്റെ ഗതി എന്നാണ് ബേബി പ്രശ്‌നം വെച്ചു കണ്ടെത്തിയത്. അടുത്തതാണ് വശീകരണമന്ത്ര പ്രയോഗം. ‘സംഘപരിവാറിന്റെ അര്‍ദ്ധ ഫാസിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍’ കൂടെ വരാമോ എന്ന കണ്ണു കാട്ടിയുള്ള ക്ഷണം. പോയാല്‍ ഒരു വാക്ക്. കിട്ടിയാല്‍ ഒരാന. പാര്‍ട്ടിയില്‍ ക്ലച്ചു പിടിക്കാതെ നില്ക്കുന്ന ബേബി സഖാവിന് ഇതുവഴിയെങ്കിലും ഒരു വഴി തുറന്നു കൊടുക്കണേ മാര്‍ക്‌സ് മുത്തപ്പാ.