Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സാര്‍ത്ഥകമായ അഭിനയക്കളരി

രാജന്‍ മൂളിയാർരാജന്‍ മൂളിയാർ
23 September 2022
കേസരി ഭവനില്‍ നടന്ന അഭിനയ ശില്പശാലയില്‍ കലാമണ്ഡലം മനോജ് ക്ലാസ്സെടുക്കുന്നു

കേസരി ഭവനില്‍ നടന്ന അഭിനയ ശില്പശാലയില്‍ കലാമണ്ഡലം മനോജ് ക്ലാസ്സെടുക്കുന്നു

നാട്യശാസ്ത്രം പോലെ സമഗ്ര അഭിനയദര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും അതിന്റെ പ്രയോഗ രീതികളും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നാടാണ് ഭാരതം. എന്നാല്‍ അഭിനയം വെറും ശബ്ദരൂപാനുകരണം മാത്രമായി അധഃപതിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ നാട്യകലയുടെ സര്‍ഗാത്മക ഗൗരവം തിരിച്ചുപിടിക്കാനും, കലാകാരന്മാരെ യഥാര്‍ത്ഥ സൗന്ദര്യാനുഭൂതിയുടെ ധന്യാത്മക തലത്തിലേക്ക് ഉണര്‍ത്തിവിടാനുമാണ് തപസ്യ കലാസാഹിത്യവേദി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹായത്തോടെ കോഴിക്കോട് കേസരി ഭവനില്‍ പഞ്ചദിന അഭിനയ ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാനതലത്തില്‍ നടത്തിയ ആ പണിപ്പുര ജൂലായ് 15 മുതല്‍ 20 വരെ ആയിരുന്നു. കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ഒത്തുകൂടിയ പത്തിരുപത് കലാകാരന്മാര്‍ അഭിനയത്തിന്റെ ഭാരതീയവും പാശ്ചാത്യവുമായ വിവിധ പദ്ധതികളില്‍ പരിശീലനം നേടി. കളരിയിലെത്തിയ എല്ലാവരും കലാപരമായ ജിജ്ഞാസയും പ്രതിഭയും സ്വാഭാവികമായി ഉള്ളവരായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ജൂലായ് 15ന് രാവിലെ 11 മണിക്ക് പ്രശസ്ത കഥകളിനടനും ഗുരുവുമായ കലാമണ്ഡലം മനോജ് വിളക്കുകൊളുത്തി തുടക്കം കുറിച്ച ശില്പശാല ഭാരതീയ നാട്യശൈലികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രായോഗിക പരിശീലനങ്ങളിലൂടെ ശ്രദ്ധേയമായി. കഥകളിയുടെ നാട്യപരിശീലനത്തിന് പുറമേ പ്രഗല്‍ഭ നാടക സംവിധായകനായ ജോസ് ചിറമ്മലിന്റെ നാടകക്കളരിയില്‍ നിന്നു ലഭിച്ച ആധുനിക നാടകാഭിനയ പരിചയവും കൈമുതലായുള്ള മനോജ് ആശാന്റെ ക്ലാസുകള്‍ വളരെ വിലപ്പെട്ടതായിരുന്നു. വെറും സങ്കേതബദ്ധമായ മുദ്രാഭിനയം ഒരു നടന്റെ മനോധര്‍മ്മത്തിലൂടെയും യഥാതഥ വികാരവികാരാവിഷ്‌കാരത്തിലൂടെയും ജൈവമായിത്തീരുന്നു എന്ന് അദ്ദേഹം പ്രായോഗിക ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. അതുപോലെ ലോകധര്‍മ്മി, നാട്യധര്‍മ്മി അഭിനയരീതികളുടെ സമാനതകളും വ്യത്യസ്തതകളും സോദാഹരണം വിശദീകരിച്ചു. നാട്യശാസ്ത്രാധിഷ്ഠിതമായ നവരസങ്ങള്‍ അഭിനയിച്ചും അഭിനയിപ്പിച്ചും പഠിതാക്കള്‍ക്ക് അനുഭവവേദ്യമാക്കുകയും ഒരു നടന് അത്യന്താപേക്ഷിതമായ കണ്ണുസാധകം പരിശീലിപ്പിക്കുകയും ചെയ്തു. ഏതാണ്ട് രണ്ടു മണിവരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭാരതീയ നാട്യപാരമ്പര്യത്തിലുള്ള പ്രായോഗിക പരിശീലനം കഥകളി ദൂരെ നിന്നു മാത്രം കണ്ടാസ്വദിച്ച പഠിതാക്കള്‍ക്ക് ഒരപൂര്‍വ്വാനുഭവമായിത്തീര്‍ന്നു.

അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി നാടകകലയില്‍ ബിരുദവും മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടിയ പ്രശസ്ത ഗോത്രകലാകാരനും സംവിധായകനുമായ കുപ്പുസ്വാമി മരുതനായിരുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസുകള്‍ നയിച്ചത്. നാടോടി കലാരൂപങ്ങളിലെ അഭിനയരീതികളെക്കുറിച്ചും അദ്ദേഹം സോദാഹരണം പരിശീലനം നല്‍കി. വര്‍ത്തമാനകാലത്തെ ബോധന നാടകവേദിയിലെ അഭിനയരീതിയെക്കുറിച്ച് വിശദീകരിക്കുക കൂടി ചെയ്ത കുപ്പുസ്വാമിയുടെ ക്ലാസ്സ് ശാസ്ത്രീയകലകളെയും നാടോടി കലാരൂപങ്ങളുടെയും അഭിനയരീതികളെ കുറിച്ച് ഒരു താരതമ്യ പഠനത്തിനുള്ള വഴിമരുന്നായി.

ADVERTISEMENT

അന്നു വൈകുന്നേരം അഞ്ചുമണിക്ക് കളരിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. കുപ്പുസ്വാമി മരുതന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് നാരായണന്‍ നായര്‍ മുഖ്യാതിഥിയായി. ശത്രുഘ്‌നന്‍, കെ.ആര്‍. മോഹന്‍ദാസ് ദേവരാജന്‍, അനൂപ് കുന്നത്ത്, വത്സന്‍ നെല്ലിക്കോട്, രജനി സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗോപി കൂടലൂരിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആയിരുന്നു പരിപാടി ആരംഭിച്ചത്. രാത്രിയില്‍ സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദേവരാജന്‍ തന്റെ നാടകാനുഭവങ്ങള്‍ അംഗങ്ങളുമായി പങ്കുവച്ചു.

ശില്പശാല ഉദ്ഘാടനം കുപ്പുസ്വാമി മരുതന്‍ നിര്‍വ്വഹിക്കുന്നു
ശില്പശാലയില്‍ കോഴിക്കോട് നാരായണന്‍ നായര്‍ സംസാരിക്കുന്നു

രണ്ടാംദിനം രാവിലെ ഏഴു മണിമുതല്‍ കളരിപരിശീലനമായിരുന്നു. ഭാര്‍ഗവ കളരിസംഘത്തിലെ ഗുരു രാജേഷ് കുരിക്കള്‍ കളരി പരിശീലനത്തിനു നേതൃത്വം നല്‍കി. കഥകളിയുടെയും കൂടിയാട്ടത്തിന്റെയും എല്ലാം നടപരിശീലനം രൂപപ്പെട്ടത് കളരിപ്പയറ്റില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത നാടകനടനും പരിശീലകനുമായ അമല്‍രാജ് അഭിനേതാക്കളുടെ ശാരീരിക മാനസിക വാചക സാധ്യതകള്‍ തുറന്നെടുക്കാനുതകുന്ന വ്യത്യസ്തങ്ങളായ കളികളുടെയും വ്യായാമങ്ങളുടെയും നിരന്തരമായ പരിശീലനത്തിലൂടെ പഠിതാക്കളെ നയിച്ചു. ആ ദിവസം യഥാതഥാഭിനയത്തിന്റെയും ശൈലീകൃതാഭിനയത്തിന്റെയും പ്രാഥമിക പാഠങ്ങള്‍ ആയിരുന്നു പകര്‍ന്നു തന്നത്. അടിസ്ഥാനപരമായി അഭിനയം പെരുമാറ്റം തന്നെയാണ്. പക്ഷേ എങ്ങനെയാണ് സഹജമായി പെരുമാറാനുള്ള അയത്‌നലളിതാവസ്ഥയിലേക്ക് ഒരാള്‍ക്ക് എത്താന്‍ കഴിയുക എന്നതിന്റെ പ്രായോഗികതയ്ക്കായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയത്. സൂക്ഷ്മശ്രദ്ധയും സ്ഥലവിനിമയ രീതിയും ആവശ്യപ്പെടുന്ന ജീവിതത്തിലെ അപൂര്‍വ്വമുഹൂര്‍ത്തങ്ങളുടെ അവതരണത്തിലൂടെ നടന്റെ ഏകാഗ്രതയെയും നിരീക്ഷണത്തിനുണ്ടാകേണ്ടുന്ന സൂക്ഷ്മതയെയും കുറിച്ച് പഠിതാക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു അന്നു നടത്തിയ മനോധര്‍മ്മപ്രകടനങ്ങളെല്ലാം.

രാത്രി ഏഴുമണി മുതല്‍ ശില്‍പശാല ഡയറക്ടര്‍ ശശിനാരായണനുമൊത്ത് അന്നത്തെ പരിശീലനാനുഭവങ്ങള്‍ വിശകലനം ചെയ്യുകയും അതില്‍ നിന്നു മനസ്സിലായ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തു. അന്നത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ യഥാതഥാഭിനയവും ശൈലീകൃതാഭിനയവും തമ്മിലുള്ള വ്യത്യാസം ശശിനാരായണന്‍ വ്യക്തമാക്കിത്തന്നു.

മൂന്നാമത്തെ ദിനാരംഭവും ശാരീരിക, മാനസിക, വാചിക വ്യായാമങ്ങളോടെ ആയിരുന്നു. യോഗയുടെയും കളരിയുടെയും ഘടകങ്ങള്‍ സമന്വയിപ്പിച്ച വ്യായാമങ്ങളോടൊപ്പം കഥകളിയുടെ അടിസ്ഥാന ചുവടുകളും പരിശീലിപ്പിച്ചു. ഒടുവില്‍ ശവാസനത്തില്‍ കിടന്നു നടത്തിയ മാനസിക വ്യായാമങ്ങള്‍ ഭാവനയുടെയും ഏകാഗ്രതയുടെയും സ്വച്ഛസുന്ദരമായ അവസ്ഥകളിലേക്ക് പഠിതാക്കളെ ഉണര്‍ത്തിവിട്ടു.

പത്തു മണിമുതല്‍ പ്രശസ്ത സംവിധായകനും പരിശീലകനുമായ പുരുഷോത്തമന്‍ ആധുനികമായ അഭിനയസങ്കല്‍പം വിവരിക്കുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. ഓരോരുത്തരുടെയും മനോധര്‍മ്മപ്രകടനങ്ങളും അതിന്റെ വിമര്‍ശനങ്ങളും വിശദീകരണങ്ങളുമായി ഏതൊരാള്‍ക്കും യാഥാര്‍ത്ഥ്യബോധത്തോടെ ചെയ്യാവുന്ന യുക്തിപരമായ ഒരു പ്രക്രിയയാണ് അഭിനയം എന്ന് അദ്ദേഹം പഠിതാക്കളെ ബോധ്യപ്പെടുത്തി. ഒരു കഥാപാത്രത്തെ സാങ്കല്‍പികമായി അവതരിപ്പിക്കുന്നതിന് പകരം സ്വന്തം അനുഭവസാഹചര്യങ്ങള്‍ വിശദീകരിച്ച് അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കും മടിയോ പരിഭ്രമമോ സഭാകമ്പമോ ഉണ്ടായില്ല. അങ്ങനെ പലരും തങ്ങളുടെ അരങ്ങവതരണത്തിന്റെ ആദ്യാനുഭവമറിഞ്ഞു. അതവരെ വീണ്ടും പല മനോധര്‍മ്മ പ്രകടനങ്ങളും നടത്താന്‍ പ്രാപ്തരാക്കി. ആധുനിക തിയേറ്റര്‍ ഗെയിമുകളും മനോധര്‍മ്മ വ്യായാമങ്ങളും കൊണ്ടുനിറഞ്ഞ ആ ദിനത്തില്‍ പഠിതാക്കളോരോരുത്തരും ജീവിതത്തിലാദ്യമായി തങ്ങളുടെ സര്‍ഗാത്മകത തൊട്ടറിഞ്ഞു. ആന്തരികമായ ഉണര്‍വ്വ് നേടി. ആന്തരിക സത്യസന്ധതയും ഏകാഗ്രതയും ഭാവനയും വിശ്വാസവുമാണ് അഭിനയകലയുടെ കാതലെന്ന് അനുഭവിച്ചറിഞ്ഞു.

രാത്രി ഏഴു മുതല്‍ അന്നത്തെ പരിശീലന അനുഭവങ്ങളെ വിലയിരുത്തി ആദ്യദിനത്തിലെ നാട്യശാസ്ത്രാധിഷ്ഠിതമായ നാട്യധര്‍മ്മത്തെയും രണ്ടാം ദിവസത്തെ യഥാതഥാഭിനയത്തെയും മൂന്നാംദിനത്തിലെ പെരുമാറ്റം തന്നെ അഭിനയം എന്ന സങ്കല്‍പ്പത്തിന്റെയും ഉള്ളില്‍ അവയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന യഥാതഥ്യം എന്ന വസ്തുതയുടെ രണ്ട് അവസ്ഥകളെക്കുറിച്ച് ശശിനാരായണന്‍ വിശദീകരിച്ചു. ആന്തരിക യഥാതഥ്യം എല്ലാ അഭിനയ രീതികളുടെയും ഉള്ളില്‍ അവയുടെ ജീവനായി നിലനില്‍ക്കുന്ന യഥാതഥ ഭാവനയാണ്. അതായത് ശൂന്യസ്ഥലിയില്‍ ഉദ്യാനവും കാടും കടലും കൊട്ടാരവും മുദ്രകളാല്‍ വരച്ചു കാട്ടുന്ന ശാസ്ത്രീയ കലാരൂപങ്ങളിലെ നടനും ആന്തരികമായി ഉദ്യാനവും കടലും കാടും കൊട്ടാരവും തന്റെ ഭാവനയില്‍ യഥാതഥമായി സൃഷ്ടിക്കേണ്ടതുണ്ട് എന്നര്‍ത്ഥം. അപ്പോഴേ ഭൗതികമായി ഒന്നുമില്ലാത്തിടത്ത് അതുണ്ടെന്ന് പ്രേക്ഷകരെ ബോധിപ്പിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ മുദ്രകള്‍ വെറും സാങ്കേതികമുദ്രകളായി തീരും. അപ്പോള്‍ ആത്യന്തിക വിശകലനത്തില്‍ ആന്തരികമായി ഭാവനയില്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യം എല്ലാ അഭിനയ രീതികളുടെയും ആന്തരിക സത്തയാണെന്ന് മനസ്സിലാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

നാലാം ദിനവും രാവിലെ 7 മണി മുതല്‍ വ്യായാമങ്ങള്‍ കഥകളി ചുവടുകളോടു കൂടി ആരംഭിച്ചു. പത്തുമണി മുതല്‍ ശശിനാരായണന്‍ അഭിനയ ചരിത്രത്തെയും വ്യത്യസ്തമായ നാട്യസങ്കേതങ്ങളെയും കുറിച്ച് ക്ലാസ്സെടുത്തു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസയില്‍ പറയുന്ന വികാരവിമലീകരണം എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഗ്രീക്കുനാടകാഭിനയം വാചികപ്രധാനമായിരുന്നു. ദൃശ്യങ്ങളെ പൊലിപ്പിക്കാന്‍ കരുണം, രൗദ്രം എന്നിങ്ങനെയുള്ള അടിസ്ഥാന വികാരങ്ങളുടെ സ്ഥായീഭാവങ്ങള്‍ ഉള്ള വലിയ മുഖാവരണങ്ങളും രൂപങ്ങളെ ഉയര്‍ത്തി അകലേക്കു കാട്ടാന്‍ പൊയ്ക്കാലുകളും ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്ന് ഷേക്‌സ്പിയറിന്റെ കാലഘട്ടത്തില്‍ എത്തുമ്പോഴും പാശ്ചാത്യ നാടകവേദി വാചികപ്രധാനമായിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ നടന്മാര്‍, നാടകകൃത്തുക്കളെഴുതിവെച്ച സംഭാഷണങ്ങളെ കാണാതെ പഠിച്ച് തള്ളിവിടുന്ന വെറും അനുകര്‍ത്താക്കളാണെന്നും യഥാര്‍ത്ഥ കലാകാരന്മാര്‍ അല്ലെന്നും സാംസ്‌കാരികരംഗത്തുള്ളവര്‍ ആരോപണമുയര്‍ത്തി. ഇതിനുള്ള ഉത്തരം എന്നോണം റഷ്യയിലെ ഒരു നടനും സംവിധായകനും ആയിരുന്ന കോണ്‍സ്റ്റന്റൈന്‍ സ്റ്റാനിസ്‌ളാവിസ്‌കി, ഒരു നടന്റെ ആന്തരിക പ്രക്രിയ എന്തെന്ന് പഠനം നടത്തുകയും യഥാതഥാഭിനയത്തിന്റെ സര്‍ഗാത്മകത ഉണര്‍ത്തുവാനുള്ള 10 ഘടകങ്ങള്‍ അടങ്ങുന്ന ഒരു പദ്ധതി മുന്നോട്ടുവെക്കുകയും ചെയ്തു. എല്ലാ വികാരങ്ങളും ചിന്തകളും ആദ്യം നടന്റെ ഉള്ളില്‍ യഥാര്‍ത്ഥത്തിലുണര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച 10 ഘടകങ്ങളിലൂടെ കടന്നുപോകുന്ന നടന് നൈസര്‍ഗികതയിലേക്കെത്താന്‍ സാധിക്കുമെന്ന് അദ്ദേഹം സ്ഥാപിച്ചു. അങ്ങനെ ഭരതനും അരിസ്റ്റോട്ടിലിനും ശേഷം ലോകത്ത് ഒരു അഭിനയ പദ്ധതി രൂപപ്പെടുത്തിയ മഹാനാണ് സ്റ്റാനിസ്‌ളാവിസ്‌കി.

സ്റ്റാനിസ്‌ളാവിസ്‌കിയുടെ ശിഷ്യനായ മേയര്‍ ഹോള്‍ഡ് അന്നത്തെ വിപ്ലവം കൊടുമ്പിരിക്കൊണ്ട റഷ്യന്‍ സാഹചര്യത്തില്‍ ഇത്രയും സമയം ഒരു പദ്ധതിയുടെ പരിശീലനത്തിന് നടന് സമയമുണ്ടാകില്ലെന്ന് വാദിക്കുകയും ശാരീരികാഭിനയത്തിന്റെ ഒരു പുതുവഴി മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഓരോ വികാരവും ഉണ്ടാകുമ്പോള്‍ ദൃശ്യമാക്കപ്പെടുന്ന ശാരീരിക ചലനങ്ങള്‍ ആദ്യം വെറുതെ ചെയ്താല്‍ ആ ചലനത്തിന് കാരണമായ വികാരത്തിന്റെ ഉറവിടത്തിലേക്ക് പെട്ടെന്നെത്താന്‍ കഴിയുമെന്ന് അദ്ദേഹം വാദിച്ചു. അതിനെ അദ്ദേഹം ബയോഡയനാമിക്‌സ് എന്ന് വിളിച്ചു. വാസ്തവത്തില്‍ ചില ഏഷ്യന്‍ അനുഷ്ഠാന കലാരൂപങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആ ചിന്തകള്‍ക്ക് കാരണമായത്. ഒരു നടന്റെ ശാരീരികാഭിനയ സാധ്യതകളിലേക്ക് അങ്ങനെ പാശ്ചാത്യ നാടകവേദിയുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടു. എന്നാല്‍ പാരമ്പര്യ വിരുദ്ധനാണെന്നു മുദ്രകുത്തി മേയര്‍ ഹോള്‍ഡിനെ സ്റ്റാലിനിസ്റ്റ് റഷ്യ തടവിലിട്ടു. അവിടെ കിടന്ന് അദ്ദേഹം മരിച്ചു (അതോ കൊല്ലപ്പെട്ടുവോ?).

ജര്‍മന്‍ നാടക സംവിധായകനായിരുന്ന അന്റോണിന്‍ ആര്‍ത്താഡ് ക്രൂരതയുടെ നാടകവേദി എന്ന ഒരു പുതിയ അഭിനയസമ്പ്രദായം അവതരിപ്പിച്ചു. മാലിദ്വീപിലെ അഗ്‌നിനര്‍ത്തകരുടെ അനുഷ്ഠാനനൃത്തമായിരുന്നു അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതോടെ പാശ്ചാത്യ നാടകവേദിയിലെ ഗൗരവപൂര്‍ണ്ണമായ രംഗകലാ അന്വേഷണങ്ങളെല്ലാം ഏഷ്യന്‍ അവതരണ കലാരൂപങ്ങളെയും പ്രത്യേകിച്ച് ഭാരതീയ രംഗാവതരണ രൂപങ്ങളെയും കളരിയെയും കേന്ദ്രീകരിച്ചായി. ബ്രഹ്തിന്റെ എപ്പിക് നാടകവേദിയുടെ അഭിനയത്തിലെ അന്യവല്‍ക്കരണ സിദ്ധാന്തത്തിന് കാരണമായതും നമ്മുടെ കഥകളിയിലെയും കൂടിയാട്ടത്തിലെയും പകര്‍ന്നാട്ടമെന്ന സങ്കേതം ആണെന്നും പറയപ്പെടുന്നു. പിന്നീട് ഗ്രട്ടോവ്‌സ്‌കി എന്ന സംവിധായകന്‍ വിശുദ്ധ നടന്‍ എന്ന സങ്കല്പം മുന്നോട്ടുവച്ചു. അഭിനയം തീര്‍ത്തും ഒരു ആത്മീയാനുഷ്ഠാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. എന്നാല്‍ ഇത്തരം അന്വേഷണളിലേക്ക് പാശ്ചാത്യ കലാകാരന്മാര്‍ എത്തുന്നതിന് എത്രയോ മുമ്പു തന്നെ ഭാരതത്തില്‍ ഭരതമുനി വളരെ സമഗ്രവും സൂക്ഷ്മവുമായ നാട്യദര്‍ശനവും ചതുര്‍വിധാഭിനയ സമ്പ്രദായവും രൂപപ്പെടുത്തിയിരുന്നു എന്നിങ്ങനെയുള്ള അഭിനയ സിദ്ധാന്തങ്ങളുടെ വിശദമായ വിവരണം ആയിരുന്നു ശശിനാരായണന്‍ നടത്തിയത്. പിന്നീട് ഓരോരുത്തരെ കൊണ്ടും സ്വയം തെരഞ്ഞെടുത്ത ഓരോ കഥാപാത്രാവിഷ്‌കാരം നടത്താന്‍ ആവശ്യപ്പെട്ടു. മനോധര്‍മ്മത്തിലൂടെ നടന്‍ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് എന്നതിന്റെ പ്രായോഗിക പരിശീലനം ആയിരുന്നു അത്. അഞ്ചു ഡബ്ല്യുകള്‍ക്ക് ഉത്തരം കണ്ടെത്താനാണ് അദ്ദേഹം പഠിതാക്കളോട് ആവശ്യപ്പെട്ടത്. ഹു, വേര്‍, വെന്‍, വാട്ട്, വൈ എന്നിവയാണ് ആ ഡബ്ല്യുകള്‍. ഇതിന് കിട്ടുന്ന ഉത്തരങ്ങള്‍ നടന്‍ അവതരിപ്പിക്കണം.

അങ്ങനെ കഥാപാത്ര ആവിഷ്‌കാരത്തിന്റെ ആന്തരിക അനുഭവത്തിലൂടെ പഠിതാക്കളെല്ലാം കടന്നുപോയ ശേഷം ഈ ശില്പശാലയുടെ വിഷയമായി സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍ദ്ദേശിച്ച ‘പുരാണേതിഹാസങ്ങളുടെ സ്വാധീനം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍’ എന്ന വിഷയത്തിലൂന്നിയ ഒരു സംഘമനോധര്‍മാവതരണത്തിനുള്ള ചര്‍ച്ചകളിലും പരിശീലനത്തിലും ഏര്‍പ്പെട്ടു. രാമായണ രചനക്കാധാരമായ വേടന്‍ ഇണക്കിളികളിലൊന്നിനെ കൊല്ലുന്നതും അത് കണ്ട വാല്മീകിമഹര്‍ഷി ‘മാ നിഷാദ’ എന്നാരംഭിക്കുന്ന ശ്ലോകം ചൊല്ലുന്നതുമായ സന്ദര്‍ഭത്തെയാണ് മനോധര്‍മ്മ അവതരണത്തിന് തെരഞ്ഞെടുത്തത്. ആ ശ്ലോകത്തിലെ അഹിംസാദര്‍ശനം മഹാത്മാഗാന്ധിയെ സ്വാധീനിച്ചതും അത് സ്വാതന്ത്ര്യസമരത്തിന്റെ കരുത്തായി മാറിയതുമെല്ലാം ഒരു ചരിത്രയാഥാര്‍ത്ഥ്യമാണല്ലോ.

രണ്ട് പെണ്‍കുട്ടികള്‍ ഇണപ്പക്ഷികളായി. ഒരാള്‍ വേടനായി. പക്ഷികളുടെ പറക്കലും പ്രണയചേഷ്ടകളുമെല്ലാം കൈമുദ്രകളിലൂടെ സൂചിപ്പിച്ചു. അങ്ങനെ സംഭാഷണങ്ങളില്ലാതെ ശബ്ദങ്ങളും മുദ്രകളും ശാരീരികാഭിനയവും കൊണ്ട് ഭാരതീയ നാട്യപാരമ്പര്യമനുസരിച്ചായിരുന്നു ‘മാ നിഷാദ’ അവതരിപ്പിച്ചത്. വാല്‍മീകി മഹര്‍ഷി പ്രവേശിച്ച് ‘മാ നിഷാദ’ ചൊല്ലുന്നതും മഹാത്മജിയെ സ്വാധീനിച്ച അഹിംസാമന്ത്രം രാമായണത്തില്‍ പിറവിയെടുത്തതാണെന്ന ഒരു പ്രസ്താവവും മാത്രമേ സംഭാഷണമായുണ്ടായിരുന്നുള്ളൂ. രാത്രിയില്‍ അന്നത്തെ പരിശീലനത്തെ കുറിച്ചുള്ള വിലയിരുത്തലും ചര്‍ച്ചയും നടന്നു.
അഞ്ചാം ദിനം 19ന് രാവിലെ ഏഴുമണിക്ക് ശശിനാരായണന്റെ നേതൃത്വത്തില്‍ വ്യായാമം ഉണ്ടായി. ഇതെല്ലാം നടന്മാര്‍ എന്നും പരിശീലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തി. പകല്‍ പത്തുമണി മുതല്‍ പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ വിജയന്‍ കാരന്തൂര്‍ നാടക, ചലച്ചിത്ര അഭിനയരീതികളിലെ വൈജാത്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ഇല്ലിക്കെട്ട് നമ്പൂതിരി, കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു എന്നിവര്‍ മുഖ്യാതിഥികളായി. സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്ത ശേഷം മനോധര്‍മ്മ നാടകം മാനിഷാദ അവതരിപ്പിച്ചു.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies