അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം നാസ വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയാണ്. 1972 ഡിസംബര്‍ 7 മുതല്‍ 19 വരെയുള്ള 12 ദിവസത്തെ അപ്പോളോ 17 ആയിരുന്നു അവസാന ദൗത്യം. ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയത്, ഏറ്റവുമധികം സമയം ചന്ദ്രോപരിതലത്തില്‍ ചെലവഴിക്കപ്പെട്ടത്, ഏറ്റവും കൂടുതല്‍ ദൂരം ചന്ദ്ര പ്രതലത്തിലൂടെ യാത്ര ചെയ്തത്, ഏറ്റവുമധികം ചന്ദ്രനിലെ മണ്ണ് കൊണ്ടുവന്നത് എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് അപ്പോളോ ദൗത്യങ്ങള്‍ അവസാനിച്ചത്.
അതിനുശേഷമുള്ള അര നൂറ്റാണ്ടില്‍ ബഹിരാകാശ ശാസ്ത്രം വളര്‍ന്നത് റോക്കറ്റ് വേഗതയിലാണ്. ബഹിരാകാശത്ത് സ്റ്റേഷനുകള്‍ വന്നു, ആവര്‍ത്തിച്ചുപയോഗിക്കാവുന്ന സ്പേസ് ഷട്ടിലുകള്‍ വന്നു, ഭീമന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വന്നു, അവയിലൂടെ ആകാശത്തിനുകീഴിലെ എന്ത് വിവരവും വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിവരവിപ്ലവം വന്നു, ചൊവ്വയും സൗരയൂഥവും വരെ കടന്ന് പേടകങ്ങള്‍ പ്രപഞ്ചവിസ്മയങ്ങളിലേക്ക് ഊളിയിട്ടു. ഇങ്ങനെയൊക്കയാെണങ്കിലും മനുഷ്യന്‍ ഇന്നുവരെ നേടിയ ഏറ്റവും വലിയ നേട്ടമെന്ത് എന്ന ചോദ്യത്തിന് അമ്പത് കൊല്ലത്തിനു ശേഷവും ഒറ്റ ഉത്തരമേയുള്ളൂ. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത് എന്ന് തന്നെ.
സോവിയറ്റ് യൂണിയനുമായുള്ള കടുത്ത ശീതസമരത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന്, അമേരിക്കന്‍ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിച്ചുകൊണ്ട് നാസ അപ്പോളോ പദ്ധതികള്‍ നടത്തിയത്. ആ മത്സരത്തില്‍ അവര്‍ വിജയിച്ചതോടെയാണ് ചാന്ദ്രദൗത്യങ്ങളില്‍ നിന്ന് അവര്‍ പിന്മാറിയത്. ഇതിനിടയില്‍ ധാരാളം പേടകങ്ങള്‍ ചന്ദ്രനിലേക്ക് അയച്ച് ചന്ദ്രനെക്കുറിച്ചുള്ള ഏറെക്കുറെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കുകയും ചെയ്തു. ഇനി, ചന്ദ്രനെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയിലേക്ക് വളര്‍ന്നപ്പോഴാണ് അടുത്ത മനുഷ്യദൗത്യത്തെപ്പറ്റി നാസ ചിന്തിക്കുന്നത്. അങ്ങനെയാണ് ഇന്നുവരെ നിര്‍മ്മിച്ചതിലേക്കും വെച്ച് ഏറ്റവും കരുത്തുറ്റ റോക്കറ്റ് ആയSLS (Space Launch System) ഉണ്ടാകുന്നത്.
മനുഷ്യന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആയ സറ്റേണിനെപ്പറ്റി ഈ പംക്തിയില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അതിനേക്കാള്‍ വലിപ്പം ഇത്തിരി കുറവാണെങ്കിലും ഈ റോക്കറ്റിന് ഇരുപത് ശതമാനം അധികം ശക്തിയുണ്ട്. സാധാരണ റോക്കറ്റുകള്‍ക്ക് മൂന്ന് ഘട്ടങ്ങള്‍ ആണ് ഉണ്ടാകുന്നതെങ്കില്‍ ഇതിന് രണ്ട് ഘട്ടങ്ങള്‍ ആണുള്ളത്. സ്പേസ് ഷട്ടിലുകളില്‍ ഉപയോഗിച്ച് തഴക്കം ചെന്ന നാല് RS 25 ക്രയോജനിക് എഞ്ചിനുകളും രണ്ടു കൂറ്റന്‍ ബൂസ്റ്റര്‍ റോക്കറ്റുകളും ഉള്ള ഒന്നാം ഘട്ടം, പേടകത്തെ ചന്ദ്രനിലേക്ക് തൊടുക്കാന്‍ വേണ്ടിയുള്ള, ശക്തിമത്തായ DCSS ക്രയോജനിക് എഞ്ചിന്‍ ഉള്ള രണ്ടാം ഘട്ടവും. വലിയ ഓറഞ്ച് നിറത്തിലുള്ള ഇന്ധന ടാങ്ക്, രണ്ടു ബൂസ്റ്ററുകള്‍ എന്നിവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ചെറുവിമാനത്തിന്റെ രൂപമായിരുന്നല്ലോ സ്പേസ് ഷട്ടിലിന്റേത്. അതില്‍ നിന്ന് ഷട്ടില്‍ ഒഴിവാക്കിയത് പോലുള്ള രൂപമാണ് ആര്‍ട്ടെമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന ഈ റോക്കറ്റിന് ഉള്ളത്.
ആദ്യ ദൗത്യത്തില്‍ മനുഷ്യര്‍ക്ക് പകരം പാവകളെ ആണ് ചന്ദ്രനിലേക്ക് അയക്കുന്നത്. പുതിയ ടെക്‌നോളജികള്‍, സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ പരീക്ഷിച്ചുറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 2024 ല്‍ നടക്കുന്ന അടുത്ത ദൗത്യത്തില്‍ ആണ് മനുഷ്യനെ അയക്കാന്‍ പോകുന്നത്. അപ്പോളോ ദൗത്യങ്ങളെപ്പോലെ കേവലം മനുഷ്യനെ അയച്ച് തിരിച്ചുകൊണ്ടുവരിക എന്നതിനൊക്കെ ഒരുപാട് അപ്പുറം ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളില്‍ ചന്ദ്രനെ ഒരു ഇടത്താവളം ആക്കുക, ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം, അന്തരീക്ഷം ഇല്ലാത്ത അവസ്ഥ, കുറഞ്ഞ ഭ്രമണ വേഗത ഒക്കെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം എന്നൊക്കെയുള്ള വലിയ പദ്ധതികളാണ് ആര്‍ട്ടെമിസിലൂടെ ഉദ്ദേശിക്കുന്നത്.
ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അറുപതുകളില്‍ തന്നെ പരീക്ഷിച്ചു വിജയിച്ച ചാന്ദ്രദൗത്യങ്ങള്‍ എന്തിനാണ് വീണ്ടും പരീക്ഷിക്കുന്നത്? അപ്പോള്‍ അന്ന് നടന്നു എന്ന് പറയുന്നതെല്ലാം കള്ളമായിരുന്നുഅല്ലേ? എന്തുകൊണ്ടായിരുന്നു ഇത്ര നാളും പോകാതിരുന്നത്?
ഓരോ ബഹിരാകാശദൗത്യവും പുതിയതാണ്. അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറം സാങ്കേതികവിദ്യകളിലുണ്ടായ എല്ലാ വളര്‍ച്ചയും ആര്‍ട്ടെമിസില്‍ ഉപയോഗിക്കുന്നുണ്ട്. മനുഷ്യനെ കൊണ്ടുപോകുന്ന ദൗത്യങ്ങള്‍ ആകുമ്പോള്‍ അവ പരീക്ഷിച്ച് ഉറപ്പ് വരുത്തിയേ മതിയാകൂ. അറുപതുകളില്‍ ഉണ്ടായത് കേവലം മത്സരത്തിന്റെ ഭാഗമായിട്ട് മാത്രം നടന്നതാണ്. ചൈന വന്മതില്‍, ഈഫല്‍ ടവര്‍, താജ് മഹല്‍ പോലെയുള്ളവ വീണ്ടും ഉണ്ടാക്കാന്‍ കഴിയാഞ്ഞല്ലല്ലോ വീണ്ടും നിര്‍മ്മിക്കാത്തത്, അതിന്റെ ആവശ്യമില്ല എന്നത് കൊണ്ടാണ്. എന്നാല്‍ വീണ്ടും ചാ ന്ദ്രദൗത്യങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ അത് നടത്തുന്നു. അത്രമാത്രമേ ഉള്ളൂ.