ശ്രീ കേശവറാവു ദീക്ഷിത്തിന്റെ വിയോഗത്തോടെ ഏറ്റവും മുതിര്‍ന്ന സംഘപ്രചാരകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ദത്താത്രേയ ദീക്ഷിത്ത്-സുഗുണാബായി ദമ്പതികളുടെ മകനായി അദ്ദേഹത്തിന്റെ ജനനം 1925ല്‍ മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയിലെ പുല്‍ഗാംവിലായിരുന്നു. സ്വയംസേവകനായ അച്ഛന്‍ ദത്താത്രേയ ദീക്ഷിത്തിനെ പുസദില്‍ സംഘചാലകനായി നിയോഗിച്ചത് സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിയായിരുന്നു. ടെക്‌സ്റ്റൈല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ദത്താത്രേയ ദീക്ഷിത്തിന് തൃശ്ശൂരിലെ ശ്രീരാം മില്‍സില്‍ സൂപ്രണ്ടായി നിയമനം കിട്ടി. അവിടെ കമ്പനി വക വിശാലമായ ഇരുനില കെട്ടിടത്തിലായിരുന്നു കുടുംബസമേതം അദ്ദേഹം താമസിച്ചിരുന്നത്. അന്ന് കാര്യാലയ സൗകര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സംഘ കാര്യാലയം.
1950ല്‍ പ്രചാരകനായ കേശവറാവുവിനെ സംഘപ്രവര്‍ത്തനത്തിന് അയച്ചത് ബംഗാളിലായിരുന്നു. അവിടെ പല ചുമതലകളും വഹിച്ച ശേഷം പ്രാന്തപ്രചാരക്, ക്ഷേത്രപ്രചാരക് എന്നീ ചുമതലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതാന്ത്യംവരെ അദ്ദേഹത്തിന്റെ കര്‍മ്മക്ഷേത്രം ബംഗാളായിരുന്നു. 2004ല്‍ നാഗപ്പൂരില്‍ പ്രൗഢസ്വയംസേവകരുടെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ അഖിലഭാരതീയ പ്രതിനിധിയായി അദ്ദേഹം മുഴുസമയം ഉണ്ടായിരുന്നു.
കുടുംബം തൃശ്ശൂരിലായിരുന്ന കാലത്ത്, സംഘശിക്ഷാ വര്‍ഗ്ഗിനുശേഷം പ്രചാരകന്മാര്‍ക്ക് സ്വന്തം വീട്ടില്‍ പോയി വരാനുള്ള വ്യവസ്ഥയനുസരിച്ച് അദ്ദേഹം തൃശ്ശൂരില്‍ വരുമായിരുന്നു. ആ അവസരത്തില്‍ അവിടെ പ്രചാരകനായ മാന്യ ഹരിയേട്ടനോടൊപ്പം കേശവറാവുജി ഗുരുവായൂര്‍ സന്ദര്‍ശിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ചെന്നു തൊഴുക എന്നതായിരുന്നില്ല, മറിച്ച് അവിടത്തെ ശാഖാപ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. നല്ല ഒരു ഗായകന്‍ കൂടിയായ കേശവറാവുജി ശാഖകളില്‍ ഗണഗീതവും ചൊല്ലികൊടുക്കുമായിരുന്നു.
സംഘത്തിന്റെ കേരളത്തിലെ ആദ്യപ്രചാരകനും പിന്നീട് കോഴിക്കോട് മഹാനഗര്‍ മാന്യ സംഘചാലകനുമായിരുന്ന പി. കുമാരേട്ടന്റെ ഭാര്യാ സഹോദരനാണ് കേശവ്ജി.
സംഘപ്രചാരകനായി തന്റെ സമ്പൂര്‍ണജീവിതവും മാതൃഭൂമിയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ച് തന്റെ ജീവിതാന്ത്യം വരെ കര്‍മ്മനിരതനായിരുന്ന അദ്ദേഹത്തിന്റെ പാവനസ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)



















