Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മഹാകവി ഒളപ്പമണ്ണയുടെ ‘സുഫല’ -വെണ്‍തേക്കില്‍ തീര്‍ത്ത ദാമ്പത്യശില്പം

ആര്‍.ചന്ദ്രബോസ്ആര്‍.ചന്ദ്രബോസ്
16 September 2022

ഇണജീവിതത്തിന്റെ സംസ്‌കൃതപേരാണ് ദാമ്പത്യം. ജായയും പതിയും ഒന്നായിരിക്കുന്ന സ്ഥിതി. സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയായ കുടുംബം സ്ഥാപിതമാകുന്നത് ദാമ്പത്യത്തിലൂടെയാണ്. കുടുംബം ശിഥിലമാകുമ്പോള്‍ അത് സമൂഹത്തിന്റെ സുസ്ഥിതിയെയും തകര്‍ക്കും. സാഫല്യത്തിന്റെ രാഗതാളപല്ലവികളുതിര്‍ക്കേണ്ട ദാമ്പത്യത്തില്‍ ഇന്ന് അപസ്വരങ്ങള്‍ ഏറുന്നു. വൈലോപ്പിള്ളി ചിത്രീകരിച്ച നാഗരികര്‍ക്കിടയിലെ മൂകശീതസംഗരങ്ങള്‍ ഇന്ന് അപസര്‍പ്പകകഥകളായി മാറി. നവനാഗരികകാലത്തെ ഹിംസയുടെ ദുരന്തചിത്രം കവി വി.ടി.ജയദേവന്‍ തന്റെ ബുദ്ധപഥം എന്ന കവിതയില്‍ അവതരിപ്പിച്ചിട്ടുള്ളത് ഓര്‍മ്മയിലെത്തുന്നു. അപരപ്രണയത്തിനാല്‍ മൂര്‍ച്ചപ്പെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീ ബുദ്ധനോട് നടത്തുന്ന ഏറ്റുപറച്ചിലിന്റെ മട്ടിലെഴുതിയതാണ് ഈ കവിത. രോഗിയായ് ഏറെക്കാലം വീട്ടില്‍ കിടപ്പിലായിരുന്ന ഭര്‍ത്താവിനെ ചികിത്സിക്കാന്‍ സുന്ദരനായ യുവചികിത്സകന്‍ നിത്യവും വരുമായിരുന്നു. ഏറെ നാള്‍ മൃതിപ്പെടാതിങ്ങനെ കിടന്നേക്കാമെന്നായിരുന്നു അയാളുടെ നിഗമനം. യുവചികിത്സകനില്‍ രാഗപീഡിതയായ അവള്‍ അയാളുടെ മൗനസമ്മതത്തോടെ സ്വഭര്‍ത്താവിനെ ഉറക്കത്തിന്‍കയത്തില്‍ മുക്കിക്കൊന്നുവത്രേ. അതിനുശേഷം അവളെ പാപബോധം അലട്ടിത്തുടങ്ങി. ഈ പാപത്തില്‍ നിന്നുമോചനം തേടിയാണവള്‍ ബുദ്ധനെ സമീപിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

‘നീയെന്നെകുറ്റത്തില്‍ നി/ന്നടര്‍ത്തി ശുദ്ധയാക്കുമോ/പറയൂ ബുദ്ധാഗുരോ/നീയാണെന്നൊരേതുണ’/ എന്നവള്‍ ബുദ്ധസമക്ഷം അഭ്യര്‍ത്ഥിക്കുമ്പോള്‍, പ്രബുദ്ധന്‍ പതുക്കനെ പറഞ്ഞതിങ്ങനെ, ‘ഞാനായിരുന്നു നിന്റെ/ കാന്തനും കമിതാവും/എന്നില്‍ തൃപ്തിപോരാഞ്ഞു/ എന്നെത്തന്നെ കാമിച്ചു/ഒരെന്നെ കിട്ടാഞ്ഞെന്നെ/ത്തന്നെ കൊലചെയ്തു നീ’/

ആര്‍ത്തിയുടെ ദുരന്തപരിണാമം ജയദേവന്‍, ബുദ്ധനൈര്‍മ്മല്യത്തോടെ ഇങ്ങനെ കുറിച്ചിടുന്നു. സുധീഷ് കോട്ടേമ്പ്രത്തിന്റെ ‘ചിലന്തിനൃത്തം’ എന്ന കവിതയില്‍ ഇണപിരിയലിന്റെ ആസുരചലനം ചിത്രീകരിക്കുന്നുണ്ട്. ‘എനിക്കെന്റെ വഴി/ നിനക്കു നിന്റെയെന്ന വീതം വെപ്പുകള്‍/ എന്റെയെന്റെയെന്ന രണ്ടാവല്‍/ ഉണ്ടചോറുതികട്ടല്‍/ ഓര്‍മ്മയോക്കാനങ്ങള്‍/ കെട്ടവാക്കുകള്‍ മുഷിഞ്ഞനോട്ടങ്ങള്‍/ അതിരുതര്‍ക്കങ്ങള്‍/ അതിലുമുച്ചത്തില്‍ പെരുകും മൂകത’ എന്നിങ്ങനെ ഇണജീവിതം ഏകാകിതയിലേക്കു വഴിപിരിയുന്നതിനെക്കുറിച്ച് സുധീഷ് പറയുന്നു.

ADVERTISEMENT

ഈ കലുഷകാലത്തുനിന്ന് കുറേ പിറകോട്ടുപോയാല്‍, പ്രണയം, ദാമ്പത്യം എന്നിവ മലയാളിമനസ്സില്‍ പുതിയജീവിതബോധ്യങ്ങള്‍ നിര്‍മ്മിച്ചെടുത്തതിന്റെ ചരിത്രം വ്യക്തമാകും. സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെട്ട കാല്പനിക ആദര്‍ശവാദമായിരുന്നു പ്രണയത്തെയും ദാമ്പത്യത്തെയും വിലോഭനീയമായ അനുഭവമാക്കിയത്. ഫ്യൂഡല്‍സമൂഹഘടനയിലെ കുത്തഴിഞ്ഞ ലൈംഗികതയെ തിരസ്‌കരിച്ച് പുതിയൊരു ലൈംഗികസദാചാരം മുന്നോട്ടുവയ്ക്കാനാണ് ചന്തുമേനോന്‍ ഇന്ദുലേഖയിലൂടെ ശ്രമിച്ചത്. പ്രണയത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ പടുത്തുയര്‍ത്തേണ്ട ദാമ്പത്യത്തെക്കുറിച്ചുള്ള ആദര്‍ശമാതൃകകള്‍ മലയാളി നെഞ്ചേറ്റുക തന്നെ ചെയ്തു. സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചുള്ള കാല്പനികവും ആദര്‍ശാ ത്മകവുമായ ഉദീരണങ്ങളാല്‍ നവോത്ഥാനസാഹിത്യം പ്രകമ്പനം കൊള്ളുന്നതാണ് പിന്നീട് നാം കാണുന്നത്. അവയെല്ലാം തന്നെ നവോത്ഥാന ആധുനികതയ്ക്ക് ഇന്ധനമായിത്തീര്‍ന്നുവെന്നുപറയാം. ആര്‍ഷസംസ്‌കാരപാരമ്പര്യത്തിലൂന്നിയാണ് വള്ളത്തോള്‍ ദാമ്പത്യത്തെക്കുറിച്ച് പറഞ്ഞത്. ചങ്ങമ്പുഴ, പ്രണയത്തെ മാത്രം ഉപാസിച്ചു. അതിന്റെ വൈകാരികതീവ്രതയില്‍ വ്യാമുഗ്ധനായി. ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ വൈകി ദാമ്പത്യം, ജീവിതത്തില്‍ സാക്ഷാല്‍ക്കരിച്ച മഹാകവി കുമാരനാശാന്‍, പക്ഷേ ദുരവസ്ഥയെന്ന കൃതിയില്‍ മാത്രമേ ഇണജീവിതം സാഫല്യം കൊള്ളുന്നതായി ചിത്രീകരിച്ചുള്ളൂ. ഹൃദയകുമാരി ചൂണ്ടിക്കാട്ടിയപോലെ ‘ഗാര്‍ഹസ്ഥ്യത്തില്‍ നിന്നും സാമൂഹികബന്ധങ്ങളില്‍ നിന്നും മര്യാദകളില്‍ നിന്നും പ്രേമികളുടെ പാരസ്പര്യത്തില്‍ നിന്നുപോലും വേര്‍പെടുത്തി ഇഹത്തില്‍ ഗതിയില്ലെന്നാക്കി ഉപരിലോകങ്ങളിലേക്കു തിരിച്ചുവിടുകയായിരുന്നു’ സ്ത്രീപുരുഷബന്ധത്തെ ആശാന്‍. (കാല്പനികത, പു.89)

കാല്പനികവസന്തത്തിനും നവോത്ഥാന ആശയസമരങ്ങള്‍ക്കും ശേഷം പ്രണയത്തെയും ദാമ്പത്യത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ അഭിസംബോധന ചെയ്തത് ബഷീറായിരുന്നു. നവോത്ഥാനആശയങ്ങളാല്‍ പ്രചോദിതരായ ഒരു മധ്യവര്‍ഗ്ഗം ഉയര്‍ന്നുവരുന്നതിന്റെയും അവര്‍ ആദര്‍ശത്തെയും യാഥാര്‍ത്ഥ്യത്തെയും ഉള്‍ക്കൊണ്ടും വിവേചിച്ചറിഞ്ഞും മതേതരമാനവികതയിലേക്കു ചുവടുവയ്ക്കുന്നതിന്റെയും രജതരേഖയാണ് ഒരുപക്ഷേ ബഷീറിന്റെ പ്രേമലേഖനം. പ്രേമലേഖനം നായകനാകുന്ന കഥ. കേശവന്‍നായര്‍ സാറാമ്മയ്ക്ക് എഴുതുന്ന പ്രേമലേഖനം, കല്പറ്റനാരായണന്‍ പറഞ്ഞപോലെ പതിന്മടങ്ങ് സമൂഹത്തില്‍ സഫലമാകാനായി എഴുതിയതാണ്.

നവോത്ഥാനആശയാദര്‍ശങ്ങള്‍ ഒരുവഴിക്കും സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മറ്റുവഴിക്കും പിരിഞ്ഞൊഴുകുന്നതാണ് പിന്നീട് നാം കാണുന്നത്. കേരളപ്പിറവിയോടെ സാമൂഹികസാമ്പത്തികഘടനകളില്‍ മാറ്റങ്ങള്‍ വന്നു. ഭൂവുടമാബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. നൂറ്റാണ്ടുകളായി സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗത്തിന് അതിജീവനത്തിനായി പുതിയ വഴികള്‍ തേടേണ്ടിവന്നു. ജീവിക്കാനായുള്ള നെട്ടോട്ടത്തിനിടയില്‍ പ്രണയത്തിനോ ദാമ്പത്യത്തിനോ പരിചരണം ലഭിക്കാതെ പോയി. ഈ കാലത്തിന്റെ സാമൂഹികജീവിതപരിണാമത്തെ പ്രതിഫലിപ്പിക്കുന്ന ഒറ്റപ്പെട്ട രചനകളിലൊന്നാണ് മഹാകവി ഒളപ്പമണ്ണയുടെ ‘സുഫല’ എന്ന ദാമ്പത്യപ്രണയകാവ്യം. സാമ്പത്തികപരിവര്‍ത്തനം നിസ്വരാക്കിയ ജന്മിവര്‍ഗ്ഗത്തിന്റെ പ്രതിനിധികളിലൊരാളായിരുന്നു ഈ കവി. ജീവിതായോധനത്തിന്റെ പെരുംവഴികളില്‍ അവിശ്രമം അലയുമ്പോഴും കുടുംബമെന്ന സംവിധാനത്തിന്റെ നിലനില്‍പ്പില്‍ ഗൃഹനായികയുടെ സഹനത്തെ ആര്‍ദ്രതയോടെ തിരിച്ചറിഞ്ഞ കവിയായിരുന്നു ഒളപ്പമണ്ണ എന്ന് ഈ കവിത സൂചിപ്പിക്കുന്നു. 1974 ല്‍ ആണ് ഇതിന്റെ രചന. പുത്തന്‍ സമ്പദ്ഘടനയില്‍ നിരാധാരരായ പഴയ ജന്മിവര്‍ഗ്ഗം കുടുംബജീവിതത്തെ ആദര്‍ശാത്മകമായും കാല്പനികമായും വീണ്ടെടുക്കുന്നതിന്റെ ഒരു വൈകാരികരേഖയായി കാണാവുന്ന കവിതയത്രേ സുഫല.

ദാമ്പത്യത്തിന്റെ കാല്പനികവര്‍ണ്ണങ്ങളെ തിരിച്ചറിയുന്നു ഈ കവിത. ദാമ്പത്യജീവിതത്തില്‍ ആദര്‍ശത്തിനും വിശ്വാസത്തിനും പരസ്പരസ്‌നേഹത്തിനുമെല്ലാം മൂല്യശോഷണം സംഭവിച്ച വര്‍ത്തമാനകാലത്ത് ഈ കവിതയുടെ വായന ആത്മീയമായ ഒരു തിരിച്ചറിവ് നല്‍കിയേക്കാം. ഉള്‍ക്കരുത്തുള്ള ദര്‍ശനങ്ങളുടെ കവിയാണ് ഒളപ്പമണ്ണ. കര്‍മ്മവ്യഗ്രമായ തന്റെ ജീവിതത്തില്‍ നിന്നും കവിത കണ്ടെടുത്ത കവി. ജീവിക്കാനായി പല വേഷങ്ങളില്‍ പകര്‍ന്നാടുമ്പോഴും ജീവിതാനുഭവത്തിന്റെ കാതലില്‍ കവിത കൊത്തുന്ന വൈഭവം. വെണ്‍തേക്കില്‍ പണിത ശില്പങ്ങള്‍പോലെ ഈടും അപൂര്‍വ്വമായ വാസ്തുഭംഗിയും ആ കവിതകളെ മലയാളകാവ്യചരിത്രത്തില്‍ വ്യതിരിക്തമാക്കുന്നു. മലയാളകവിതയിലെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകള്‍ ഒളപ്പമണ്ണയുടേതാണ്. വാക്കുകളെ വികാരാര്‍ദ്രമായി, സഫലമായി വിന്യസിക്കുന്നതിലുള്ള ക്ലാസ്സിക് മാതൃകകള്‍ കൂടിയാണ് ഒളപ്പമണ്ണക്കവിതകള്‍. അവ പകരുന്ന വികാരവും ചിന്തയും ഓരോ വായനയിലും കൂടുതല്‍ തെളിമയാര്‍ജ്ജിക്കുന്നതു കാണാം. കൂറ്റനാമണപൊട്ടുമ്പോള്‍ കെട്ടുകല്ലുകള്‍ തെറിക്കുംപോലെയുള്ള വികാരവിസ്‌ഫോടനം, ഇന്ദ്രിയവേദ്യമായ ബിംബങ്ങള്‍, ആദര്‍ശവാനും സ്ഥിരോത്സാഹിയുമായ ഒരു ഗ്രാമീണന്റെ അനുഭവമുദ്രകള്‍ അവയിലെല്ലാം അസാധാരണകാന്തിയോടെ മിന്നിത്തെളിയുന്നതുകാണാം. വ്യക്തിയുടെയും സമൂഹത്തിന്റെയും സംഘര്‍ഷതലങ്ങളും ആര്‍ദ്രമാനവികഭാവങ്ങളും ആ കവിതകള്‍ ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ക്കു ശേഷമുണ്ടായ സാമൂഹികപരിണാമങ്ങള്‍ നിരാധാരമാക്കിത്തീര്‍ത്ത ഒരു ജനതയുടെ വികാരനിലയുടെ ആല്‍ബമായും ഒളപ്പമണ്ണക്കവിതകളെ വായിക്കാവുന്നതാണ്.

സ്‌നേഹസുരഭിലമായ ദാമ്പത്യമാണ് ആധുനികമനുഷ്യന്റെ ജീവിതത്തെ സുഫലമാക്കിത്തീര്‍ക്കുന്നതെന്ന ബോധ്യം ഈ കവിക്കുണ്ടായിരുന്നു. കുടുംബത്തിനു വേണ്ടി ഓരോ ചുവടും ശ്രദ്ധിച്ച് ഊന്നിയതില്‍ നിന്നാവാം കവിതയെഴുതുമ്പോള്‍ പദച്ചുവടുകള്‍ ശ്രദ്ധയോടെ ഉറപ്പിക്കാന്‍ കവിക്കായത്. പാരമ്പര്യത്തിന്റെ ജീര്‍ണ്ണതകളെ കണ്ടുവളര്‍ന്നതില്‍ നിന്നുമാവാം ഈ നിതാന്തശ്രദ്ധ. ദാമ്പത്യത്തെക്കുറിച്ച് കാല്പനികവും ദാര്‍ശനികവുമായ അനുഭൂതിതലം വിനിമയം ചെയ്യുന്ന സുഫലയെപ്പോലെ മറ്റൊരു കവിതയില്ല, മലയാളകാവ്യചരിത്രത്തില്‍. ശില്പവും ഭാവവും ഭാഷയും അനുഭവങ്ങളുടെ ഊഷ്മാവില്‍ ഘനീഭവിച്ച് ഭാവസാന്ദ്രമായിത്തീര്‍ന്നവയാണ്. ”ഞാന്‍ ആവിഷ്‌കരിക്കുന്നത് എന്റെ സ്വഭാവമാണ്. ആവിഷ്‌ക്കരണം കവിതയെഴുത്താണെങ്കിലും കവിതയല്ല. ദുഃഖം കരഞ്ഞുകളഞ്ഞതിനുശേഷമുള്ള കരുണ, കോപം തുള്ളിക്കളഞ്ഞതിനുശേഷമുണ്ടാകുന്ന രൗദ്രം ഇങ്ങനെ ഭാവവിരേചനത്തിലൂടെയുണ്ടാകുന്ന രസമാണ് കവിത”. സുഫലയുടെ ആമുഖക്കുറിപ്പില്‍ കവി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. കുടുംബം പരിപാലിക്കാനായി പലവേഷങ്ങള്‍ എടുത്തണിയുന്ന പുരുഷനാണ് കവിതയിലെ ആഖ്യാതാവ്. കച്ചവടക്കാരന്‍, കര്‍ഷകന്‍, മകന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ നാനാമുഖങ്ങള്‍ പേറുന്ന പുരുഷവേഷത്തിന്റെ തിരനോട്ടങ്ങള്‍. ആട്ടം കഴിഞ്ഞ് അണിലയങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ നടനുണ്ടാകുന്ന നിര്‍വൃതിപോലെ എന്തോ ഒന്ന് വായനക്കാരിലേക്കും സംക്രമിപ്പിക്കാന്‍ ഈ കവിതയ്ക്കാവുന്നു. കഥകളിയോട് ഒരു വിദൂരഛായ ഈ കവിതയിലെ അന്തരീക്ഷസൃഷ്ടിയില്‍ കാണാം. രാവാണ് കവിതയിലെ സമയം. ഇരുട്ടും നിലാവും മുല്ലയുടെ പരിമളവും നിശ്ശബ്ദതയും ഉറങ്ങുന്ന കുടുംബിനിയും ഉണര്‍ന്നിരിക്കുന്ന പുരുഷനും അവന്റെ ഇളകിമറിയുന്ന മനസ്സും ചേര്‍ന്ന് നിശ്ശബ്ദതയുടെയും ഉള്‍ചലനങ്ങളുടെയും ഒരു പരമ്പരതന്നെ സൃഷ്ടിച്ചിരിക്കുന്നു. കാണക്കാണെ അര്‍ത്ഥങ്ങള്‍ തെളിഞ്ഞുവരുന്ന ഒരു ക്ലാസ്സിക് ചിത്രം പോലെ ഒരു ദാമ്പത്യകവിത അതത്രേ സുഫല.

പകലന്തിയോളം കര്‍മ്മനിരതനായിരുന്ന്, രാത്രി ഏറെ വൈകി വീടണയുന്ന ഗൃഹനാഥന്‍, അത്താഴം വിളമ്പിവെച്ച് ഏറെ കാത്തിരുന്ന് ഉറങ്ങിപ്പോയ ഗൃഹനായിക. ഗതകാലകേരളീയ കുടുംബത്തിന്റെ വാചാലമായ നിശ്ചലദൃശ്യം. അരനൂറ്റാണ്ടു മുമ്പത്തെ ഗാര്‍ഹിക ജീവിതത്തിന്റെ ജാലകക്കാഴ്ചയായി ഇതിനെ വായിക്കാം. യന്ത്രവത്ക്കരണം അടുക്കളയില്‍ എത്താതിരുന്ന കാലം. ഗൃഹജോലികള്‍, പാചകം, വെള്ളംകോരല്‍, സന്താനപരിപാലനം, വളര്‍ത്തുമൃഗപരിചരണം അങ്ങനെയങ്ങനെ സ്വയമൊരു യന്ത്രമായിത്തീര്‍ന്ന ഗൃഹനായികമാരുടെ കാലം. അന്നത്തെ പെണ്‍ജീവിതത്തെ ഇന്നത്തെ പെണ്ണിന് സങ്കല്പിക്കാന്‍ പോലുമാവതില്ല തന്നെ. പുലര്‍ച്ചെ ആരംഭിക്കുന്ന ജോലി രാവേറെച്ചെല്ലുംവരെ നീളുന്നു. പുറത്തുപോയ ഗൃഹനാഥനെ കാത്തിരുന്ന് മയങ്ങിപ്പോയവളാണ് കവിതയിലെ നായിക. അയാള്‍ വരുമ്പോള്‍ വീടുറങ്ങുന്നു. ഗൃഹനായികയും. ആ നിശ്ചലതയെ, നായികയുടെ തളര്‍ന്നുറക്കത്തെ കാല്പനികമായി അഭിവീക്ഷിക്കുന്നിടത്തുനിന്നാണ് മലയാളത്തിലെ മനോഹരമായ ദാമ്പത്യക്കവിതയുടെ കേകാനടനം ആരംഭിക്കുന്നത്.

‘ജാലകങ്ങളില്‍ പടര്‍മുല്ലപൂക്കവേ
സഖീ
നാലുപെറ്റവളായ നീയുറങ്ങുന്നു
ചാരേ
പടരുന്നതു മുല്ലവള്ളിയോ പൂത്തു-
വിടരുന്നതു പൂവോനിന്‍നറുംമുല
പ്പാലോ’

ജാലകം, മുല്ല എന്നീ സമീപദൃശ്യങ്ങള്‍, നാലുപെറ്റവള്‍ എന്ന ദാമ്പത്യത്തിന്റെ സമൃദ്ധി. ചുരന്നൊഴുകുന്ന മുലപ്പാലും പൂക്കുന്ന മുല്ലയും എന്ന കല്പനയിലൂടെ വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും നദിപ്പെരുക്കം. ക്ലാസ്സിക് കവിതയില്‍ സ്‌ത്രൈണതയുടെ ബിംബമാണ് മുല്ല. തേന്മാവെന്ന പുരുഷനില്ലാതെ മുല്ലയ്ക്ക് അസ്തിത്വമില്ലെന്ന് കാളിദാസന്‍. ദാമ്പത്യവ്യവസ്ഥയില്‍ സ്ത്രീയെ തളച്ചിട്ട കല്പന കവിതയില്‍ തിരനോട്ടം നടത്തുന്നുവെങ്കിലും സ്ത്രീയെ, ഗൃഹനായികയെ അവളുടെ സ്വത്വത്തെ രാഗാര്‍ദ്രമായി തിരിച്ചറിയുന്നതാണ് ഈ ബിംബകല്പനയുടെ വ്യത്യസ്തത. ദാമ്പത്യസ്ഥിതിയെ കാല്പനികമായും യാഥാര്‍ത്ഥ്യ ബോധത്തോടെയും നിര്‍വചിക്കാന്‍ കവി ശ്രമിക്കുന്നു. സ്ത്രീയുടെ ഉദാരഭാവങ്ങളെ അവളിലെ പ്രകൃതിസഹജതയെ കവി അറിയുന്നത് അവളുടെ ഉറക്കത്തിന്റെ ഭാഷയെ വായിച്ചുകൊണ്ടാണ്. ഉറക്കത്തിലും അവള്‍ കൈക്കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ ഉറങ്ങുമ്പോഴും അവളില്‍ ഉണര്‍ന്നിരിക്കുന്നു. ‘പെറ്റമ്മമാരുറങ്ങും നേരത്തല്ലോ കൂടുതലുണരുന്നു’ എന്നത് മാതൃത്വത്തിന്റെ സാര്‍വലൗകികഭാഷയാണ്.

ഗാര്‍ഹികജീവിതം അനേകം ഏടുകളുള്ള ഒരു മഹാഗ്രന്ഥമാണ്. ഗൃഹം ഒരു ജീവിതപാഠശാലയും. നാലുമക്കളുടെ അമ്മയായ അവളിലൂടെ വീടകങ്ങളില്‍ ശബ്ദജാലങ്ങള്‍ ഇരമ്പിമറിയുന്നത് കവി അറിയുന്നു. ഗാര്‍ഹികതയുടെ ശബ്ദപ്രപഞ്ചം, ശബ്ദബിംബങ്ങളുടെ ഒരു കടല്‍ തീര്‍ത്തുകൊണ്ട് കവി ഇന്ദ്രിയാനുഭവമാക്കി മാറ്റുന്നുണ്ട്. പകല്‍ പൊള്ളം പൊട്ടിപ്പരന്നും പതഞ്ഞുമപാരമായ് നിന്നൊരുപാരാവാരമായിരുന്നു വീട്. കലങ്ങിയ വെള്ളം കോരിവെച്ചപ്പോള്‍ ചെളിയടിഞ്ഞ് തെളിഞ്ഞതുപോലെ ഇപ്പോള്‍ ശാന്തമായിരിക്കുന്നു. ജലബിംബം നായികയുടെ ജോലിപ്പരപ്പിനെ തെളിച്ചുകാട്ടുന്നുണ്ട്. അളക്കാനാകാത്തതാണ് വിലമതിക്കാനാവാത്തതാണ് ഗാര്‍ഹികജോലി. രൂപരഹിതമായ ജലം പാത്രത്തില്‍ കോരിവയ്ക്കുമ്പോള്‍ രൂപം കിട്ടുംപോലെ, ജലം പോലെ പരന്നൊഴുകുന്ന അവളുടെ ജോലിയെ അടുക്കളയിലെ പാത്രങ്ങളില്‍ കോരിനിറച്ചിരിക്കുന്ന ജലവിതാനത്തിലേക്ക് അന്വയിക്കുന്നു. പൊല്‍ക്കരളില്‍ വാത്സല്യത്തിന്റെ ജലം നിറഞ്ഞുതുളുമ്പി അവള്‍ ഉറങ്ങുകയാണ്.

‘പെട്ടെന്നുതുളുമ്പുന്നു പാത്രത്തില്‍ കുഞ്ഞിക്കയ്യു-
തട്ടിയോ കമിഴാത്തനിന്‍മകനുണര്‍ന്നുവോ’

ഉറക്കത്തിലും കുഞ്ഞിനോടുള്ള വാത്സല്യത്തിന്റെ ജാഗ്രതയുടെ തുളുമ്പല്‍. അവളെ സസൂക്ഷ്മം അഭിവീക്ഷിക്കുന്ന കവി, കുഞ്ഞിനുകുടിക്കാന്‍, മാറിടം അനാവൃതമാക്കിയിരിക്കുന്നതു കാണുന്നു. ആ കാഴ്ച കവിയില്‍ ആര്‍ദ്രതകള്‍ നിറയ്ക്കുകയാണ്. അവള്‍ ഗൃഹത്തിലും തന്റെ മനസ്സിലും ആലക്തികാഹ്ലാദങ്ങള്‍ നിറയ്ക്കുന്നത് കവി മനസ്സ് അറിയുന്നു. ഒരുവേള പടര്‍മുല്ലയുടെ ദൃശ്യം അയാളെ പ്രണയാതുരനാക്കുന്നു. തലേരാത്രിയിലെ പ്രണയാനുഭവം ഓര്‍മ്മയിലെത്തുന്നു.

‘പടര്‍മുല്ലയിന്നലെമണിമയ-
മന്ദിരത്തിനുമീതെ
കറുത്തുനില്‍ക്കേ, നിന്നെ-
ചുണ്ടിലേക്കെടുത്തപ്പോള്‍
കുറഞ്ഞും നാണംകൊണ്ടുമൂടിയും’

കണ്ടതോര്‍ക്കുന്നു. ഇപ്പോഴാകട്ടെ സക്തിയില്‍ നിന്ന് നിരാസക്തിയിലേക്ക്, ഗൃഹനായികയെക്കുറിച്ചുള്ള ഒരു വലിയ തിരിച്ചറിവിലേക്ക് കവി നയിക്കപ്പെടുകയാണ്. അനാവൃതയെങ്കിലും അദൃശ്യയാണവള്‍. അവളെ താന്‍ അറിഞ്ഞത് കേവലം ഇന്ദ്രിയങ്ങളിലൂടെ മാത്രമായിരുന്നുവല്ലോ. അതിനാല്‍ നായികയെക്കുറിച്ചുള്ള അറിവ് പൂര്‍ണ്ണമല്ല. മുല്ലവള്ളിയും പാല്‍ത്തുള്ളികളും അവളെക്കുറിച്ചുള്ള അതീന്ദ്രിയമായ അറിവിലേക്ക് കവിയെ ഉപനയിക്കുകയാണ്. സ്ത്രീ പ്രകൃതിയുടെയും ഭൂമിയുടെയും ഭാവത്തിലേക്കുയരുകയാണ് അഥവാ സ്ത്രീസത്തയെ പ്രകൃതിസത്തയായി തിരിച്ചറിയുകയാണ്.

ഗൃഹത്തെ ഉണര്‍ത്തുന്ന നായികയില്‍ തത്തിക്കളിച്ച കവിഭാവന പൊടുന്നനെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണരുന്നു. ആധുനികസമ്പദ്ശാസ്ത്രം എല്ലാ കാല്പനികചിന്തകളെയും റദ്ദാക്കിയിരിക്കുന്നു. കുടുംബജീവിതത്തിന്റെ നിലനില്പിനടിസ്ഥാനം സാമ്പത്തികസ്രോതസ്സാണ്. ജന്മിത്തവും പാട്ടവും കുടിയാന്‍വ്യവസ്ഥയുമൊക്കെ പതുക്കെ തിരോഭവിച്ചു. അണുകുടുംബഘടനയിലേക്ക് കൂട്ടുകുടുംബം മാറിയപ്പോള്‍ സംഭവിച്ച സാമ്പത്തിക അങ്കലാപ്പിന്റെയും വൈകാരികതയുടെയും പ്രശ്‌നങ്ങള്‍ വിനിമയം ചെയ്യുന്നുണ്ട് ഈ കവിത. അധ്വാനിക്കാതെ ജീവിച്ചുപോന്നവര്‍ പുതുസമ്പദ്‌വ്യവസ്ഥയില്‍ ആത്മനിന്ദയ്ക്കും പരിഹാസത്തിനും വിധേയരാകുന്നതിന്റെ സൂചന ഈ കവിതയിലുണ്ട്.

‘കുടിയാനൊടുക്കത്തെപ്പാട്ടമെന്‍കയ്യില്‍ത്തന്നു
മടങ്ങി-പണമെണ്ണുമെന്റെകയ്യുകള്‍നോക്കി
നശിച്ചകൈയെന്നുഞാന്‍ശപിച്ചേന്‍കടുംകൈയേ,
നിനക്കുവിധിച്ചതുകിട്ടിയതി
പ്പോഴല്ലോ
ഇക്കയ്യില്‍ത്തഴമ്പില്ലെന്നറിഞ്ഞേന്‍നിനക്കില്ല
നില്‍ക്കുവാന്‍പുതുമണ്ണിലിരുകാലടിമണ്ണും’.

അതിനാല്‍ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണ്. കച്ചവടമുതലാളിത്തത്തിലാണ് കവി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയത് കവി കെട്ടിയാടിയ പല വേഷങ്ങളിലൊന്നായിരുന്നു തടിക്കച്ചവടക്കാരന്റേത്. മരപ്പേട്ടയിലേക്ക് വെണ്‍തേക്കും തേക്കും വഹിച്ചുകൊണ്ടോടുന്ന ശബ്ദം മാത്രം അലയടിക്കുന്നു. താനിതുവരെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങള്‍ ഉയരുന്നസ്ഥലം. ഗാര്‍ഹികതയെ ശബ്ദബിംബങ്ങളിലൂടെ ചിത്രീകരിച്ചതുപോലെ കമ്പോളാധിഷ്ഠിതമായ സാമൂഹിക ജീവിതത്തെ ശബ്ദബിംബങ്ങളിലൂടെ പിന്തുടരുന്നു. അളവിന്റെയും വിലപേശലിന്റെയും ലോകത്ത് യന്ത്രം കണക്കെ ജീവിച്ച് സ്വത്വം ചിതറിപ്പോയവനായി. അതുകൊണ്ടാണ് ഗൃഹനായികയെ ഇന്ദ്രിയാതീതമായി അറിയാന്‍ തന്റെ ഭാവുകത്വത്തിന് കഴിയാതെ പോയതെന്ന് കവി ആകുലനാകുന്നുണ്ട്. ഓരോ പകലും ഒടുങ്ങുമ്പോള്‍, അളന്നു വില്‍ക്കുന്ന മരത്തെപ്പോലെ ഒരു ജഡവസ്തുവായി താന്‍ പരിണമിക്കുന്നത് കവി ഞെട്ടലോടെ അറിയുന്നുണ്ട്. കമ്പോളലോകം സൃഷ്ടിച്ച വികാരശൈത്യത്തെ മറികടക്കാന്‍ ഗൃഹനായികയെ, അവളുടെ കര്‍മ്മങ്ങളെ, സമര്‍പ്പണത്തെ അതീന്ദ്രിയമായി കവി ഉള്‍ക്കൊള്ളുന്നതാണ് കവിതയിലെ നാടകീയത. അതോടെ അയാളുടെ സ്വത്വപ്രതിസന്ധികള്‍ നിറഞ്ഞ ബാഹ്യജീവിതം അര്‍ത്ഥസാന്ദ്രവും കാല്പനികവുമായിത്തീരുന്നു.

‘ഞാനിന്നീത്തടിമരച്ചന്തയിലാപ്പീസിലെ
ക്കോലായിലടിക്കോലുമായിരിക്കുമ്പോള്‍ദൂരെ
ചെമ്പഞ്ഞിച്ചാറാല്‍ച്ചോത്ത നിന്റെ കാലടിതട്ടി-
ക്കൊമ്പോളംകടതൊട്ടുരോമാഞ്ചംകൊണ്ടൂമരം’.

വരണ്ട ജീവിതത്തെ വസന്തമാക്കി മാറ്റുന്ന അത്ഭുതമാണ്, ജീവിതസഖിയുടെ ഓര്‍മ്മയും സാന്നിധ്യവും. ജീവിതവേരുകള്‍ അവളുടെ പാദസ്പര്‍ശത്താല്‍ പുഷ്പിതമാവുന്നു. പുരുഷനെന്ന വെട്ടിമാറ്റിയ തായ്ത്തടിയില്‍ തളിരും പൂവുമണിയിക്കുന്ന ഊര്‍ജ്ജ പ്രവാഹമാണ് ഗൃഹനായിക. അവളിലൂടെ കുടുംബജീവിതം സംഗീതസാന്ദ്രമാകുന്നു. അടുക്കളയില്‍ വീടകങ്ങളില്‍ അവള്‍ നിറഞ്ഞുതുളുമ്പുന്നു. വെളുക്കുംമുമ്പുണരുന്ന അവളിലൂടെ ഗാര്‍ഹികാന്തരീക്ഷം ശബ്ദമുഖരിതമാകുന്നത് ചിത്രീകരിച്ചിരിക്കുന്നതിങ്ങനെ.

‘കിണറ്റില്‍ക്കുടംമുങ്ങിപ്പൊങ്ങുന്നശബ്ദം ഭൂമി-
കിറുണിപ്പെടുംശബ്ദം, ചെമ്പുപാത്രത്തിന്‍ ശബ്ദം
പാലാറ്റുംശബ്ദം, ചാരെ മക്കള്‍ തന്‍ ശബ്ദം, ശബ്ദ-
ജാലത്താല്‍ത്തരിയിട്ട തളകെട്ടിയോരില്ലം’

പ്രാതലൂണിനുശേഷം വീടുവിട്ടിറങ്ങുന്ന കവി നൂറുപാതയിലൂടെ സഞ്ചരിച്ച് തിരിച്ചെത്തുന്നതും നോക്കി, ഉറങ്ങാതിരിക്കുന്നു. അത്താഴച്ചോറും ഗൃഹനായികയും. അവളുടെ അകമലരിലെ ചെറുകുമ്പിളില്‍ തനിക്കായി കരുതിയിരിക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ തേന്‍നുകരുന്നകവി, എല്ലാ വൈരസ്യങ്ങളെയും മറികടക്കുന്നു. പുറമെ പാരുഷ്യവും ഉള്ളില്‍ കനിവും കാമ്പും പേറുന്ന തേങ്ങപോലെയാണ് ദാമ്പത്യജീവിതം. ഇത്തരം ജൈവബിംബങ്ങളുടെ സമൃദ്ധിയാണ് ഒളപ്പമണ്ണക്കവിതകളുടെ പ്രത്യേകതകളിലൊന്ന്. കറുത്തചകിരി ചീന്തിനീക്കുമ്പോള്‍ കടുംചിരട്ടപൊട്ടിക്കുമ്പോള്‍ കിട്ടുന്ന കുഴമ്പുംനീരും പോലെയത്രേ ദാമ്പത്യസ്‌നേഹം എന്ന നിര്‍വചനം എത്ര കേരളീയമായിരിക്കുന്നു. തേങ്ങമുളപൊട്ടി കിളിയോലകളിട്ട് ഉയര്‍ന്നുവരുന്നതാണ് ദാമ്പത്യജീവിതം. എല്ലാവ്യഥയുടെയും ഇരുളിന്‍മീതെ ഉദിക്കുന്ന വെളിച്ചംപോലെ ഉറങ്ങിത്തെളിയുന്ന മക്കളുടെയും തോഴിയുടെയും ദൃശ്യം, പ്രകൃതിദൃശ്യംപോലെ ഉന്മേഷം പകരുന്നു. ഇങ്ങനെ സര്‍ഗ്ഗാത്മകതയുടെയും ജീവഹര്‍ഷത്തിന്റെയും ഉറവയായി ദാമ്പത്യജീവിതത്തെ കാണുന്നു. ദാമ്പത്യം നല്ല കായ്ഫലം തരുന്ന കല്പവൃക്ഷ മാകുന്നുവെന്ന് കാലത്തിനു സമര്‍പ്പിച്ച ദാമ്പത്യകവിതയില്‍ മഹാകവി ഒളപ്പമണ്ണ പറയുന്നു. ”ഭൂമിയില്‍ എത്രതരം പഴങ്ങള്‍ എല്ലാം ഒന്നില്‍ നിന്നുണ്ടാവുകയും ഒന്നിലേക്കു തന്നെ മടങ്ങുകയും ചെയ്യുന്നു. മധുരം, കയ്പ്, എരി, പുളി ഓരോ ഫലത്തിനകത്തും ഈ ഗുണവിശേഷത്തിലെത്തിച്ചേരാനുള്ള പ്രക്രിയ. ഒരേ പരീക്ഷണശാലയില്‍ ഒരേ പദാര്‍ത്ഥം കൊണ്ട് വ്യക്തിനിഷ്ഠമായി നടത്തുന്ന രാസപരിണാമപ്രക്രിയ” എന്ന ദാമ്പത്യഫലാസ്വാദനത്തെക്കുറിച്ച്, ജീവിതത്തെ കവിതയായും കവിതയെ ജീവിതമായും കണ്ട മഹാകവിയുടെ സാക്ഷ്യപത്രം. ജീവിതത്തെ കവിതയായി അറിയുന്നതിന്റെ ആഹ്ലാദമാണ് ഒളപ്പമണ്ണക്കവിത. ദാമ്പത്യത്തെ ഒരു കവിതയായി അറിയാന്‍ ‘സുഫല’ പ്രേരിപ്പിക്കുന്നു.

അവലംബം
നിത്യകല്യാണി, ഒളപ്പമണ്ണയുടെ സമ്പൂര്‍ണ്ണകവിതകള്‍, മാതൃഭൂമി 2014.
ഹൃദയകുമാരി, കാല്പനികത, മാതൃഭൂമി, 2013.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies