‘യത: അഭ്യുദയ നിശ്രേയസ സിദ്ധി: സ ധര്‍മ്മ:’ എന്ന് ധര്‍മ്മത്തിനെ വൈശേഷികദര്‍ശനം നിര്‍വചിക്കുന്നു. ഭൗതികവും അത്മീയവുമായ പുരോഗതി തരുന്നത് ധര്‍മ്മം എന്ന്. ഇതു തന്നെയാണ് സംഘ പ്രാര്‍ത്ഥനയിലെ സമുത്കര്‍ഷ നിശ്രേയസങ്ങള്‍.
ധര്‍മ്മത്തിന് പരലോക സൗഖ്യത്തിനുള്ള വഴി എന്ന ഒരര്‍ഥം ഉണ്ട്. ‘അഥാതോ ധര്‍മ്മ ജിജ്ഞാസാ’ എന്നു തുടങ്ങുന്ന പൂര്‍വമീമാംസയുടെ ഇതിവൃത്തം ഇതു തന്നെ. ആത്യന്തികമായ, പുനര്‍ജന്മരഹിതമായ മാര്‍ഗത്തെ മോക്ഷ ധര്‍മ്മമെന്നും വ്യവഹരിക്കും.
കുലധര്‍മ്മ, രാഷ്ട്ര ധര്‍മ്മ, ദേശധര്‍മ്മ, മിത്രധര്‍മ്മ, രാജധര്‍മ്മ, പ്രജാ ധര്‍മ്മ എന്നിങ്ങനെ നീതി നിബന്ധനകളെ സൂചിപ്പിക്കുന്ന തരത്തിലും ധര്‍മ്മപ്രയോഗമുണ്ട്. നീതി, കര്‍ത്തവ്യം, സദാചാരം, സാമാജികവ്യവസ്ഥ എന്നിവയും ധര്‍മ്മത്തില്‍ പെടും. ധര്‍മ – അര്‍ഥ – കാമ – മോക്ഷങ്ങളില്‍ ആദ്യത്തേത് ഇതാണ്. അവസാനത്തേത് മുന്‍പ് പറഞ്ഞ മോക്ഷധര്‍മ്മവും.
വര്‍ണാശ്രമ വ്യവസ്ഥകളും ധര്‍മ്മത്തില്‍ പെടും. ഗുണകര്‍മ വിഭജിതമായ ബ്രാഹ്‌മണ – ക്ഷത്രിയ – വൈശ്യ – ശൂദ്രന്മാരെന്ന നാലു വര്‍ണങ്ങള്‍ക്കും ധര്‍മ്മ നിശ്ചിതമാണ്. ഇത് സാമൂഹ്യമാണ്. എന്നാല്‍ ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമങ്ങള്‍ വ്യക്തി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ്. അവയ്ക്കും നിശ്ചിതമായ ധര്‍മ്മ വ്യവസ്ഥയുണ്ട്. ‘സ്വധര്‍മ്മേ നിധനം ശ്രേയ: പരധര്‍മ്മോ ഭയാവഹ:’ എന്ന് ഭഗവദ്ഗീത ഉപദേശിക്കുന്നുണ്ട്. സ്വധര്‍മ്മത്തിനു വേണ്ടി മരിച്ചാലും ശ്രേയസ്സാണ്. പരധര്‍മ്മം പേടിപ്പെടുത്തുന്നതും.
വ്യാവഹാരിക അര്‍ഥത്തില്‍ സമൂഹത്തിന്റെ സുഗമമായ വളര്‍ച്ചയും സംരക്ഷണവും തന്നെ ധര്‍മ്മത്തിന്റെ ധര്‍മ്മം.
‘ധാരണാത് ധര്‍മ്മമിത്യാഹു:
ധര്‍മ്മോ ധാരയതേ പ്രജാ:
യത്സ്യാത് ധാരണ സംയുക്തം
സ ധര്‍മ്മ ഇതി നിശ്ചയ:
ധാരണം ചെയ്യുക, നിലനിറുത്തുക എന്നതിനാല്‍ ധര്‍മ്മം.. ധര്‍മ്മമാണ് പ്രജകളെ ധാരണം ചെയ്യുന്നത്. ധര്‍മ്മം ക്ഷയിച്ചാല്‍ ജനങ്ങളുടെ പരസ്പര ബന്ധം താറുമാറാകുന്നു. ധനവും കാമ്യ വസ്തുക്കളും (അര്‍ഥ കാമങ്ങള്‍) സമ്പാദിക്കുന്നത് ധര്‍മ്മാധിഷ്ഠിതമായിരുന്നാലേ സമൂഹം ഭദ്രമായി നിലനില്ക്കൂ. അതുകൊണ്ടാണ് മഹാഭാരതത്തില്‍ വ്യാസന്‍ പറയുന്നത് :-
ഊര്‍ധ്വബാഹുര്‍ വിരൗമ്യേഷ
ന ച കശ്ചിത് ശൃണോതി മേ
ധര്‍മ്മാദര്‍ഥശ്ച കാമശ്ച
സ ധര്‍മ്മ: കിം ന സേവ്യതേ
രണ്ടുകയ്യും ഉയര്‍ത്തി ഞാന്‍ മുറവിളി കൂട്ടുന്നത് ആരും കേള്‍ക്കുന്നില്ലല്ലോ! ധര്‍മ്മത്തില്‍ നിന്നല്ലേ അര്‍ഥവും കാമവും ലഭിക്കുക? എന്താണ് ആ ധര്‍മ്മത്തെ ആരും അനുഷ്ഠിക്കാത്തത്?
മഹാഭാരതയുദ്ധത്തില്‍ കര്‍ണ്ണനും അര്‍ജുനനും ഏറ്റുമുട്ടുന്നുണ്ട്. ഒരു ഘട്ടത്തില്‍ കര്‍ണ്ണന്റെ രഥചക്രം മണ്ണില്‍ പൂണ്ടു പോയി (ഇത് കര്‍ണന് മുമ്പ് കിട്ടിയ ശാപ ഫലമാണ്). കര്‍ണന്‍ താഴെയിറങ്ങി അതുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അര്‍ജുനന്‍ കര്‍ണനെ വധിക്കാനൊരുങ്ങി. അപ്പോള്‍ കര്‍ണന്‍ ‘ആയുധമില്ലാത്ത ശത്രുവിനെ വധിക്കുന്നത് ധര്‍മ്മ യുദ്ധമല്ല’ എന്നു പറഞ്ഞു. അര്‍ജ്ജുനന് അതില്‍ ശരിയുണ്ടെന്നും തോന്നി. അപ്പോള്‍ ശ്രീകൃഷ്ണന്‍, പണ്ട് കര്‍ണന്‍ ചെയ്ത അധര്‍മ്മങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘നിറഞ്ഞ സദസ്സില്‍ വെച്ച് രജസ്വലയായ പാഞ്ചാലിയുടെ ഉടുതുണിയഴിക്കുമ്പോള്‍ നീ ആര്‍ത്തട്ടഹസിച്ചില്ലേ? അപ്പോള്‍ നിന്റെ ധര്‍മ്മം എവിടെ പോയി? (ക്വ തേ ധര്‍മ്മ: തദാ ഗത:?) ബാല്യം മാറാത്ത അഭിമന്യുവിനെ ഒറ്റപ്പെടുത്തി അനേകം മഹാരഥന്മാര്‍ ചുറ്റും കൂടി വധിച്ചപ്പോള്‍ നിന്റെ ധര്‍മ്മം എവിടെപ്പോയൊളിച്ചു?’ കര്‍ണന്‍ അധര്‍മ്മബോധത്താല്‍ തലതാഴ്ത്തി. അര്‍ജ്ജുനന്‍ വര്‍ദ്ധിത വീര്യനായി കര്‍ണന്റെ തലയറുത്തു. ‘ധര്‍മ്മോ രക്ഷതി രക്ഷിത:’ ധര്‍മ്മത്തെ രക്ഷിച്ചാലേ ധര്‍മ്മം ഇങ്ങോട്ടും രക്ഷിക്കൂ എന്ന പാഠം ഇവിടെ കാണാം.
ആചാരപ്രഭവോ ധര്‍മ്മ: (ആചാരത്തില്‍ നിന്ന് ധര്‍മ്മമുണ്ടാവുന്നു), ആചാര: പരമോ ധര്‍മ്മ: (ആചാരങ്ങളാണ് പരമമായ ധര്‍മ്മം) മുതലായ സ്മൃതികള്‍ ചൂണ്ടിക്കാട്ടുന്നത് ശിഷ്ടജനങ്ങള്‍ സമൂഹനന്മക്കു വേണ്ടി ഉണ്ടാക്കിയ ആചാരങ്ങളുടെ പ്രാധാന്യമാണ്. ‘വേദ: സമൃതി: സദാചാര: സ്വസ്യ ച പ്രിയമാത്മന:’എന്നും സ്മൃതിയുണ്ട്.
‘ചോദനാ ലക്ഷണാര്‍ഥോ ധര്‍മ:’ എന്ന് ജൈമിനി മഹര്‍ഷി. അധികാരസ്ഥാനത്തിരിക്കുന്ന ആള്‍ ‘ഇതു ചെയ്യൂ’, ‘അതു ചെയ്യരുത്’ എന്നു വ്യവസ്ഥ ചെയ്യുന്നത് ധര്‍മമാണ് എന്നര്‍ഥം. ‘സത്യം വദ ; ധര്‍മ്മം ചര….’ ഇത്തരം വേദ വിധികള്‍ ചോദനകളാണ്.
ആഹാരം – നിദ്ര – ഭയം – മൈഥുനം ഇവ നാലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യമാണ്. എന്താണ് മനുഷ്യന്റെ വിശേഷത? ‘ധര്‍മ്മോ ഹി തേഷാം അധികോ വിശേഷോ’ – ധര്‍മമാണ് വ്യത്യാസം. ധര്‍മ്മമില്ലെങ്കില്‍ മനുഷ്യന്‍ മൃഗസമാനനാണ് – ധര്‍മേണ ഹീന: പശുഭി: സമാന:
ധര്‍മ്മത്തെ നിശ്ചയിക്കുന്നതാരാണ്? അഥവാ ധര്‍മ്മാധര്‍മ്മങ്ങളുടെ നിര്‍ണയത്തിലുണ്ടാകുന്ന സംശയങ്ങള്‍ ആരു ദൂരീകരിക്കും? ഉറക്കെ പറയുന്നവന്റെ വാക് ശക്തിയാണോ ധര്‍മ്മത്തെ നിര്‍ണയിക്കുന്നത് ? ഈ വിഷയം മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
തര്‍ക്ക: അപ്രതിഷ്ഠ: ശ്രുതയോ വിഭിന്നാ:
ന ഏകോ ഋഷി: യസ്യ വച: പ്രമാണം
ധര്‍മ്മസ്യ തത്വം നിഹിതം ഗുഹായാം
മഹാജനോ യേന ഗത: സ പന്ഥാ:
തര്‍ക്കം ഇളക്കമുള്ളതാണ്. വേദത്തിലും ഭേദമുണ്ട്. എല്ലാ വാക്കുകളും പ്രമാണമായി സ്വീകരിക്കാവുന്ന ഒരു ഋഷിയും ഇല്ല. ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ തത്വം കാണാക്കയത്തില്‍ (ഗുഹായാം) മറഞ്ഞിരിക്കുന്നു. അതിനാല്‍ മഹത്തുക്കള്‍ പോയ വഴി തന്നെ യഥാര്‍ഥ മാര്‍ഗം.
ധര്‍മ്മം ജീവിത ശാസ്ത്രമായതിനാല്‍ സൂക്ഷ്മമായ ധര്‍മ്മം നമുക്ക് എളുപ്പം വഴങ്ങുന്നതല്ല. സ്വന്തം ചിന്തയും സാത്വികബുദ്ധിയും നിര്‍ണ്ണയ സാമര്‍ഥ്യവും ഒക്കെ അവിടെ സാധനങ്ങളാണ്. സദാ ധര്‍മ ശ്രദ്ധയോടെ ഇരിക്കുന്നത് ഒരു തപസ്സു തന്നെ.
Comments