2019ലെ പൊതുതിരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കും ദേശീയ ജനാധിപത്യ മുന്നണിക്കും തുടര്‍ഭരണം ആവേശപൂര്‍വ്വം ഉറപ്പാക്കി. പതിനേഴാം ലോകസഭയില്‍ ദേശീയ ശക്തികളുടെ സംഖ്യാബലം വര്‍ദ്ധിച്ചു, ഭാരതീയ ജനതാ പാര്‍ട്ടിക്കു വീണ്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. ഒരു ചെറിയ സൂചന നല്‍കിയാല്‍ കൂടെ ചേരുവാന്‍ പുതിയ കക്ഷികള്‍ തയ്യാറായി നില്‍ക്കുന്നു. രണ്ടു കാര്യങ്ങള്‍ ഒരു തര്‍ക്കത്തിനും ഇടയില്ലാത്ത വിധം സ്പഷ്ടമായി കഴിഞ്ഞിരിക്കുന്നു.
ഒന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഭാവം ദേശീയ ജീവിതത്തില്‍ സകാരാത്മകസാന്നിദ്ധ്യമായി ഇനിയും കൂടുതല്‍ സമഗ്രമാകുവാനും 2025ല്‍ സംഘരൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ പുതിയ ഉയരങ്ങളിലേക്കുള്ള ഭാരതാംബയുടെ യാത്രയുടെ വേഗത വീണ്ടും വര്‍ദ്ധിക്കുവാനും ഇടയാക്കും. സംഘത്തിന്റെ പ്രവര്‍ത്തനപഥം തിരഞ്ഞെടുപ്പിന്റെ പരിമിതികളില്‍ ഭ്രമണം ചെയ്യുന്നതല്ലായെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ സ്വയം സേവകര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലും അംഗീകരിക്കപ്പെടുന്നുവെന്നതും നിശ്ചയിക്കപ്പെട്ട ദൗത്യം കൃത്യമായും ഫലവത്തായും നിര്‍വഹിക്കുന്നുവെന്നു വരുന്നതും തീര്‍ച്ചയായും ശുഭോദര്‍ക്കമാണ്.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്പഷ്ടമാകുന്ന രണ്ടാമെത്ത കാര്യമാണ് ഭാരതീയ ജനാധിപത്യത്തിന്റെ പൊതുഇടത്തുനിന്ന് കമ്യൂണിസ്റ്റുകാര്‍ തീര്‍ത്തും അപ്രസക്തമായി പടിക്കു പുറത്താകുന്ന രാഷ്ട്രീയ സാഹചര്യം. ഇടതു വലതു കമ്യൂണിസ്റ്റുകളും അര്‍ബന്‍ നക്‌സലൈറ്റുകളും കാടന്‍ നക്‌സലൈറ്റുകളും ചേര്‍ന്നുള്ള ഭാരതവിരുദ്ധ ശക്തികളുടെ ലോകസഭയിലെ അംഗസംഖ്യ അഞ്ചില്‍ താഴെയെന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഇടതു കമ്യൂണിസ്റ്റുകള്‍ക്ക് മൂന്നും വലതു കമ്യൂണിസ്റ്റുകള്‍ക്ക് രണ്ടും! ദേശീയശക്തികള്‍ക്ക് ആവേശം! കമ്യൂണിസ്റ്റുകള്‍ക്ക് മുഖമടച്ചുള്ള പ്രഹരവും!
ജന്മംകൊണ്ട് നൂറു വര്‍ഷങ്ങള്‍ പിന്നിടാന്‍ പോകുന്ന രാഷ്ട്രീയ സ്വയംസേവക സംഘവും ഭാരതത്തില്‍ രൂപം കൊണ്ട് നൂറു വര്‍ഷങ്ങള്‍ പിന്നിടാന്‍ പോകുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനവും 2025ല്‍ തിരിഞ്ഞു നോക്കി സ്വയം വിലയിരുത്തുമ്പോള്‍ തങ്ങള്‍ പിന്തുടര്‍ന്ന ലക്ഷ്യങ്ങളുടെയും സ്വീകരിച്ച മാര്‍ഗ്ഗങ്ങളുടെയും ശാസ്ത്രീയതയും പ്രായോഗികതയും സ്വീകാര്യതയും എല്ലാത്തിലുമുപരി മാനുഷിക മുഖവും വ്യക്തമാക്കപ്പെടും. അവിടെ കമ്യൂണിസ്റ്റുകാര്‍ ഉത്തരം കണ്ടെത്തേണ്ട സ്വാഭാവിക ചോദ്യമാണ് സഖാക്കളേ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ഇങ്ങനായെന്ന്?
അടിസ്ഥാനവര്‍ഗ വിമോചനത്തിനായി മനുഷ്യസ്‌നേഹിയായ കാറല്‍ മാര്‍ക്‌സ് രൂപം കൊടുത്ത വര്‍ഗസമരത്തിന്റെ പ്രത്യയശാസ്ത്രം ശാസ്ത്രീയമായ ലോകവീക്ഷണമാണെന്നതായിരുന്നു മാക്‌സിന്റെയും മാര്‍ക്‌സിയന്‍ ചിന്തയുടെ പിന്തുടര്‍ച്ചക്കാരുടെയും അവകാശവാദം. അനുഭവത്തിന്റെ വെളിച്ചത്തില്‍ മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങളുടെ പ്രത്യയശാസ്ത്ര നിലപാട്തറയുടെ അശാസ്ത്രീയതയും പ്രായോഗിക കമ്യൂണിസ്റ്റ് പരീക്ഷണങ്ങളുടെ അപകടകരമായ ഭവിഷ്യത്തുകളും ലോകം തിരിച്ചറിഞ്ഞു. അതോടെ ആഗോളതലത്തില്‍ കമ്യൂണിസം ലോകം തള്ളിയതോടെ അപ്രസക്തമായിയെന്നതു സമ്മതിക്കുമ്പോള്‍ തന്നെ ഭാരതത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളും കാഴ്ചപ്പാടും അപ്രസക്തമായതിന് ഇന്നാട്ടിലെ കമ്യൂണിസ്റ്റുകള്‍ക്കുള്ള പങ്കിനെ അപഗ്രഥിക്കാതെ പോകുന്നത് ഈ രാജ്യത്തെ സഖാക്കളുടെ ചരിത്രം അവഗണിക്കുന്നതിനു തുല്യമാകും. അങ്ങനെയൊരു ക്രൂരത ശത്രുക്കളോടു പോലും പാടില്ലായെന്നുള്ളതു കൊണ്ട് ഭാരതത്തില്‍ കമ്യൂണിസം തകര്‍ന്ന് തരിപ്പണമായതില്‍ ഇന്നാട്ടിലെ സഖാക്കളുടെ പങ്ക് തീര്‍ച്ചയായും പഠിക്കുക തന്നെ വേണം.
ഗണപതിക്കു വെച്ചതേ കാക്ക കൊണ്ടു പോയിയെന്നു പറയുന്നതുപോലെയായി ഭാരതത്തില്‍ കമ്യൂണിസ്റ്റുകാരുടെ തുടക്കം. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്ലാമിക കൃസ്ത്യന്‍ ശക്തികളുടെ അധിനിവേശം വരുത്തിവെച്ച അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരെ ദേശീയതയുടെ തിരിച്ചുവരവ് ഉറപ്പാക്കി ഭാരതത്തെ മോചിപ്പിക്കുവാനുള്ള വ്യത്യസ്ത സമരധാരകള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പാകപ്പെടുത്തിയ സാഹചര്യമാണ് ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉയര്‍ന്നുവന്നത്. അതില്‍ വീരസവര്‍ക്കറും ശ്രീ അരബിന്ദോയും ബാലഗംഗാധര തിലകനും മറ്റും ഉള്‍പ്പെട്ട ദേശീയ ഉണര്‍വ്വിന്റെ തീവ്രപക്ഷം ഇംഗ്‌ളീഷ് ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത പോര്‍മുഖം തുറക്കുന്നൂയെന്നത് ഇംഗ്ലീഷുകാര്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് 1915 മുതല്‍ തീവ്ര ദേശീയ പക്ഷവും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ മിതവാദി പക്ഷവും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കങ്ങളെ മുതലെടുത്ത് പുതിയ പ്രതിരോധം തീര്‍ക്കുന്നതിന് ഇംഗ്ലീഷ് കുബുദ്ധി വഴി തേടിയത്. തന്ത്രപരമായ സഹായങ്ങള്‍ പലപ്പോഴും മിതവാദിപക്ഷത്തിനു നല്‍കി ദേശീയശക്തികളുടെ പ്രഹര ശേഷി കുറയ്ക്കുന്ന തന്ത്രം അധിനിവേശശക്തികള്‍ ഫലപ്രദമായ തരത്തില്‍ പ്രയോഗിച്ചു. ഒപ്പം തന്നെ മതത്തിന്റെ പേരില്‍ ഹിന്ദു-മുസ്ലീംഭിന്നിപ്പിക്കലും തുടര്‍ന്നു.
അന്ന് സമാന്തരമായി കമ്യൂണിസ്റ്റ് ബദലാണ് വേണ്ടതെന്ന് നിശ്ചയിച്ചുറച്ച ഒരു വിഭാഗവും വളരാന്‍ തുടങ്ങി. അധിനിവേശശക്തികളുടെ കാല്‍ച്ചുവട്ടില്‍ എല്ലാം നഷ്ടപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിന് വഴിവെക്കുവാന്‍ സാമ്രാജ്യത്വ ശക്തികളില്‍ നിന്നുള്ള വിടുതല്‍ അവര്‍ ആഗ്രഹിച്ചു. സോവിയറ്റ് വിപ്‌ളവം അവര്‍ക്ക് പ്രചോദനവുമായി. പക്ഷേ കാറല്‍ മാര്‍ക്‌സ് കുറിച്ചുവെച്ച വര്‍ഗസമരത്തിന് അവര്‍ കണ്ട കുറുക്കുവഴിയാണ് ആദ്യം തന്നെ തെറ്റിച്ചത്.
അന്ന് കമ്യൂണിസ്റ്റുവഴി സ്വീകാര്യമായി കണക്കാക്കിയവരില്‍ പ്രമുഖനായിരുന്ന എം.എന്‍ റോയ് ഭാരതത്തിനുള്ളില്‍ വര്‍ഗ്ഗപരമായ ശക്തിസമാഹരണം നേടി സമരവഴികളിലേക്കിറങ്ങുന്നതിനു പകരം സോവിയറ്റു യൂണിയന്റെ സഹായത്തോടെ താഷ്‌ക്കന്റ് കേന്ദ്രമാക്കി ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം തുടങ്ങാനാണ് നിശ്ചയിച്ചത്. അതിനു തുടക്കത്തില്‍ സോവിയറ്റ് സഹായവും ലഭിച്ചു.
പക്ഷേ തിരിഞ്ഞുനിന്നു നോക്കുമ്പോള്‍ സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് മുന്നേറ്റുവാനുള്ള പ്രതിബദ്ധതയ്ക്കപ്പുറം ബ്രിട്ടനെ പടിയിറക്കി ഇന്ത്യയുടെ സ്വാതന്ത്ര്യാഭിനിവേശം മുതലെടുത്ത് സോവിയറ്റ് സാമ്രാജ്യത്തിന്റെ ഭാഗമായി ഈ രാജ്യത്തെ മാറ്റുന്നതിനുള്ള തന്ത്രമായിരുന്നോ ലെനിനും സ്റ്റാലിനും അന്ന് പയറ്റിയതെന്ന് സംശയം തോന്നുന്ന അനുഭവമാണ് പിന്നീടുണ്ടായത്. റോയിയുമായി ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പടപ്പുറപ്പാടിന് പദ്ധതിയിടുമ്പോള്‍ തന്നെ സമാന്തരമായി സോവിയറ്റ് യൂണിയന്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ബ്രിട്ടനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു. അത് ആംഗ്‌ളോ സോവിയറ്റ് ഉടമ്പടി 1920 ഉണ്ടാകുന്നതിനിടയാക്കുകയും ചെയ്തു. അതോടെ എം എന്‍ റോയിയുടെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ പദ്ധതിയിട്ടിരുന്ന ബ്രിട്ടീഷ് വിരുദ്ധപോരാട്ടമെന്ന ആശയം ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതെയായി.
അതിനുശേഷം ദേശീയ പോരാട്ടങ്ങള്‍ക്ക് നേരം കളയാതെ ഭാരതം ഉള്‍െപ്പടെ ലോകമെങ്ങുമുള്ള സഖാക്കളുടെ ജോലി സോവിയറ്റുയൂണിയനെ സംരക്ഷിക്കലാണെന്നാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ വഴിയും മറ്റും നല്‍കിയ സന്ദേശം.
സാര്‍വ്വദേശീയതയുടെ പ്രത്യയ ശാസ്ത്രം പ്രയോഗവത്കരിക്കാന്‍ ദേശീയതയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ബൂര്‍ഷ്വാ സങ്കല്‍പ്പങ്ങളെന്ന് മനസ്സിലാക്കി ദേശീയതയെ തകര്‍ക്കണമെന്ന മറ്റൊരു പാഠവും കൂടി അടിച്ചേല്‍പ്പിച്ചപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ദേശീയ സ്വാതന്ത്ര്യ സമരമുഖത്തിന്റെ മുഖ്യധാരയില്‍ നിന്ന് സ്വയം അകലം പാലിച്ചു തുടങ്ങി.
അന്നുമുതല്‍ സോവിയറ്റ് സഖാക്കളും സ്വാതന്ത്ര്യാനന്തരം ചൈനീസ് സഖാക്കളും മറ്റ് അതിര്‍ത്തിക്ക് പുറത്തുള്ളവരും പറയുന്നത് ചെയ്യുന്നവരും പ്രതിഫലമായി അവര്‍ കൊടുക്കുന്നത് മേടിക്കുന്നവരുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍. 1920 കളിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ തുടങ്ങി അര്‍ബന്‍ നക്‌സലൈറ്റുകളിലും കാടന്‍ നക്‌സലൈറ്റുകളിലും കനയ്യാകുമാറിന്റെ ബ്രേക്ക് ഇന്‍ഡ്യാ ഗാംഗിലും എത്തിനില്‍ക്കുന്നു കമ്യൂണിസ്റ്റുകള്‍ എന്നതു ചരിത്രം.
1935 ആയപ്പോള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായിരുന്ന പി. കൃഷ്ണപിള്ളയേയും എ.കെ.ജിയേയും ഇ.എംഎസ്സിനേയും മറ്റും ഉപയോഗിച്ച് കോണ്‍ഗ്രസ്സില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആധിപത്യം ഉറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് സഹായം ചെയ്യുകയായി കമ്യൂണിസ്റ്റ് തന്ത്രം. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു അധികാരത്തിലെത്തിയാല്‍ ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയായി നെഹ്രു കൂടെ കൂട്ടുന്നത് ഭാരതത്തെ കമ്യൂണിസ്റ്റ് വഴിയിലേക്ക് തിരിച്ചു വിടുന്നതിന് ഉപകരിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. എന്തായാലും നെഹ്രുകുടുംബത്തിന്റെ കുടുംബാധിപത്യത്തിന് കുടപിടിച്ച് നിലനില്‍പ്പിന് ഇടം തേടുന്ന കമ്യൂണിസ്റ്റു നേതാക്കളുടെ ചരിത്രമാണ് അവിടെ ആരംഭിച്ചത്. ഇ.എം.എസ്സും ഹര്‍കിഷന്‍ സിങ്ങ് സുര്‍ജീത്തും സീതാറാം യച്ചൂരിയുമൊക്കെ അങ്ങനെ നെഹ്രുകുടുംബത്തിന്റെ കൊട്ടാരം കാര്യസ്ഥന്മാരായി മാറുകയും നെഹ്രുവിനെയും ഇന്ദിരയേയും സോണിയയേയും രാഹുലിനെയും എല്ലാം അവര്‍ക്കു വേണ്ടപ്പോള്‍ എടുത്തു പൊക്കുവാന്‍ സ്വയം സമര്‍പ്പിച്ചവരായി മാറുകയും ചെയ്തു.
ക്വിറ്റ് ഇന്‍ഡ്യാ സമരത്തെ കാലുവാരി ഇംഗ്ലീഷുകാരോടൊപ്പം നിന്നതിന്റെ കൂലി അവരോടും സ്വീകരിച്ചു. സ്വാതന്ത്ര്യം നേടിയ സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി മുന്ന് വഴികളാണ് തിരഞ്ഞെടുത്തത്. ഒന്ന് മാറിവന്ന ഭരണസംവിധാനത്തിന്റെ സ്വാഭാവിക ബലഹീനതകളെ മുതലെടുത്തുകൊണ്ട് പലയിടങ്ങളിലും കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ പോര്‍മുനകള്‍ തുറക്കുക. രണ്ട് ഭാരതത്തിനുള്ളില്‍ നടക്കുന്ന ആ അട്ടിമറി ശ്രമങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ സഹായം തേടുക. മൂന്ന് പുതിയ ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ള നെഹ്രുവിനോടുള്ള ബന്ധം ഉപയോഗിച്ച് ഭാരതത്തില്‍ കമ്യൂണിസ്റ്റ് അട്ടിമറിക്ക് ആക്കം കൂട്ടുക.
പക്ഷേ 1962ലെ ചൈനീസ് കടന്നാക്രമണം തങ്ങള്‍ മോഹിച്ച കമ്യൂണിസ്റ്റ് ഭാരതത്തിന്റെ സൃഷ്ടിക്കിടയാക്കുമെന്ന ധാരണയോടെയാണ് പാര്‍ട്ടി യുദ്ധത്തില്‍ ചൈനയ്ക്കനുകൂലമായും ഭാരതത്തിന് പ്രതികൂലവുമായ നിലപാടെടുത്തത്. അന്താരാഷ്ട്ര ഇടപെടല്‍ സാദ്ധ്യതകളുടെ സാഹചര്യം കണക്കിലെടുത്ത് ചൈന വെടി നിര്‍ത്തലിന് തയ്യാറായതോടെ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളുടെ അജണ്ട പൊളിഞ്ഞു. ഭാരതം കമ്യൂണിസ്റ്റുരാജ്യദ്രോഹം തിരിച്ചറിയുകയും ചെയ്തു.
പില്‍ക്കാല കമ്യൂണിസ്റ്റുകള്‍ പല്ലും നഖവും പോയി കൈകാലുകള്‍ തളര്‍ന്ന വന്യമൃഗങ്ങളെ പോലെ കടന്നാക്രമണത്തിന് കെല്പില്ലാത്തവരായി. പാര്‍ട്ടിപരവും നേതാക്കളുടെ വ്യക്തിപരവുമായ പിടിച്ചു നില്‍ക്കലിന് വേണ്ടി പുതുവഴികള്‍ തേടേണ്ട ഗതികേടിലേക്കെത്തി. അതിനവര്‍ മൂന്ന് വഴികള്‍ സ്വീകരിച്ചു.
ഒന്ന്: ‘ബൂര്‍ഷ്വാ’ പാര്‍ലമെന്റെറി ജനാധിപത്യത്തിന്റ സാദ്ധ്യതകള്‍ ഉപയോഗിച്ച് കേരളത്തിലും ബംഗാളിലും ത്രിപുരയിലും മറ്റും അധികാരത്തിലേറുക.
രണ്ട്: ലോകസഭയിലെ തങ്ങളുടെ അംഗസംഖ്യ ഉപയോഗിച്ച് ഒരു പാര്‍ട്ടിക്കു ഭൂരിപക്ഷം ഇല്ലാത്ത ഘട്ടങ്ങളില്‍, അധികാരത്തില്‍ ഇടപെടുക. 1960കളുടെ അവസാനം ഇന്ദിരാസര്‍ക്കാര്‍ ന്യൂനപക്ഷമായപ്പോള്‍ പിന്തുണ നല്‍കി ആരംഭിച്ച ആ കച്ചവടം 2009ല്‍ ഡോ. മന്‍മോഹന്‍ സിംഗിനെ കസേരയിലിരുത്തി നടന്ന സോണിയാഭരണത്തിന് പിന്തുണ കൊടുക്കും വരെ തുടര്‍ന്നു. അന്ന് പ്രകാശ് കാരാട്ട് നേതൃത്വം മാറി ചിന്തിച്ചുവെങ്കിലും സീതാറാം യച്ചൂരി പാര്‍ട്ടി നേതൃത്വത്തില്‍ വന്നതോടെ സോണിയ കുടുംബത്തെ കസേരയിലിരുത്തുന്നതാണ് തങ്ങളുടെ നിലനില്‍പ്പിന് സഹായകരമെന്ന് ചിന്തിച്ചു പഴയ വഴി തന്നെ വീണ്ടും തുടര്‍ന്നു.
മൂന്ന്: നെഹ്രു-ഇന്ദിര കുടുംബാധിപത്യത്തിന് സഹായകരമായി, ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ബൗദ്ധിക ഇടപെടലിന് കൂലിക്ക് ആളുകളെ നല്‍കുന്ന കരാര്‍ കമ്പനികളായി (ഔട്ട് സോഴ്‌സിംഗ് ഏജന്‍സികളായി) കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാറി. ആ തൊഴിലിന് പാര്‍ട്ടിയുടെ സഹയാത്രികര്‍ക്ക് അക്കാദമികളിലും ഗവേഷണസ്ഥാപനങ്ങളിലും ഉള്‍പ്പടെ സ്ഥാനം ലഭിച്ചു, കൂലിയും ലഭിച്ചു. ഫലമോ നെഹ്രു അപദാനങ്ങളുടെ അക്ഷരസൃഷ്ടികള്‍ ബൗദ്ധികലോകത്ത് നിറഞ്ഞു. നെഹ്രുകുടുംബാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തിയ ദേശീയതയുടെ ശക്തികളെ തളര്‍ത്താന്‍ ലക്ഷ്യമാക്കി വളച്ചൊടിക്കപ്പെട്ട ചരിത്രനിര്‍മ്മിതി സ്ഥാപനവത്കരിക്കപ്പെട്ടു. കപടവിവരങ്ങളും വികലവിശകലനങ്ങളും കൊണ്ട് ഭാരതത്തിലെ ചിന്തയുടെ ഇടം കയ്യടക്കി.
ബൗദ്ധിക അട്ടിമറിയുടെ ആ വക ശ്രമങ്ങള്‍ തുടരുമ്പോള്‍ തന്നെ സമാന്തരമായി ഇസ്ലാമിക അധിനിവേശശക്തികള്‍ക്കും സോവിയറ്റു താത്പര്യത്തിനും ചൈനീസ് അധിനിവേശ അജണ്ടയ്ക്കും സഹായകരമാകുന്ന ബൗദ്ധികസേവനത്തിനും കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ സ്വയം വില്‍ക്കാന്‍ തയ്യാറായി. പേരെടുക്കാനും കീശ നിറയ്ക്കാനും വഴിയേതുമാകാമെന്ന തലത്തിലേക്ക് കമ്യൂണിസറ്റ് ബുദ്ധിജീവികള്‍ തരം താഴുന്ന കാഴ്ചയ്ക്കാണ് ഭാരതം സാക്ഷിയാകേണ്ടി വന്നത്.
പിന്നീട് കണ്ടതെല്ലാം അവസരവാദത്തിന്റെ കമ്യൂണിസ്റ്റ് തനത് രീതികളായിരുന്നു. നെറികെട്ട അവസരവാദത്തിലൂടെ നിലനില്‍പ്പിനുവേണ്ടി പൊരുതുമ്പോഴും പ്രത്യയശാസ്ത്രപരമായ ന്യായീകരണം ഗവേഷണം ചെയ്ത് കണ്ടെത്താന്‍ ശ്രമിക്കും. ഒരുവഴിയും കണ്ടില്ലെങ്കില്‍ അടവുനയമാണെന്നു പറയും. പ്രഖ്യാപിത ലക്ഷ്യങ്ങളും പരിപാടികളും അടിസ്ഥാനമാക്കി ജനപിന്തുണ ആര്‍ജ്ജിച്ചു മുന്നോട്ടു പോകുന്നതാണ് ലോകമാകെ രാഷ്ട്രീയപാര്‍ട്ടികളുടെ രീതി. അതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അതിനെ പ്രത്യയശാസ്ത്ര വ്യതിയാനമായി ലോകം കാണും. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് പൊതുസമൂഹം തിരിച്ചുറിയും. പക്ഷേ ഈ കാപട്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ അടവു നയമെന്നു വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
കമ്യൂണിസ്റ്റ് ലക്ഷ്യം നേടാനുള്ള ജനകീയ വിപ്‌ളവത്തിന്റെ മുഖ്യധാരയില്‍ സ്വാഭാവികമായ ചില വ്യതിയാനങ്ങളുണ്ടാകുന്നത് മനസ്സിലാക്കാം, അവഗണിക്കാം. പക്ഷേ മുഖ്യധാരതന്നെ വ്യതിയാനങ്ങളുടെ അഴുക്കുചാലുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന വികൃത വഴിയായി മാറുകയും മുഖ്യധാര വറ്റിവരണ്ട് ഇല്ലാതാകുകയും ചെയ്യുന്നത് പ്രത്യയശാസ്ത്രപരമായി കമ്യൂണിസത്തെ എതിര്‍ക്കുന്നവരുടെ വിശകലനങ്ങളും വിമര്‍ശനങ്ങളും ശരിവെച്ചുകൊണ്ടുള്ള ചരിത്രപരമായ സ്വാഭാവിക പരിണാമമായിരിക്കും. ഒപ്പം തന്നെ പാര്‍ട്ടിയെ വിശ്വസിച്ച് കൊടിപ്പിടിച്ചവരെയും കൂടെ ഇറങ്ങിയവരെയും സംബന്ധിച്ചിടത്തോളം അടിസ്ഥാന വര്‍ഗത്തോടുള്ള കൊടും വഞ്ചനയും ആയിരിക്കും.