സാങ്കേതികലോകം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും വലുതിനും ഏറ്റവും ചെറുതിനുമാണ്. ഇതിന് രണ്ടിനും വലിയ സാങ്കേതികജ്ഞാനവും അനുഭവസമ്പത്തും ആവശ്യമാണ്. ഒരു കാലത്ത് പോക്കറ്റ് റേഡിയോ എന്നാല്‍ ഒരു അദ്ഭുതമായിരുന്നു. തീരെ ചെറിയ ക്യാമറകള്‍, ഫോണുകള്‍, മോട്ടോറുകള്‍ എല്ലാം അദ്ഭുതം എന്നതിനൊപ്പം ആവശ്യവുമായി. വലിയ ടെക്‌നോളജികളെ ഏറ്റവും ചെറിയ ഇടങ്ങളില്‍, പരമാവധി സ്ഥലം കുറച്ച് ഉപയോഗിക്കുക എന്നത് വലിയ സാങ്കേതിക വെല്ലുവിളി ആണ്. എങ്കിലും മനുഷ്യന്റെ സ്ഥിരോത്സാഹം ഇതില്‍ വലിയ വിജയം നേടിയിട്ടുണ്ട്.
ഓര്‍ക്കുക, മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 ന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കിന്റെ കപ്പാസിറ്റി വെറും 32kb ആയിരുന്നു. ഇന്ന് നമ്മുടെ കൈയ്യിലെ മൊബൈല്‍ ഫോണിന്റെ ശേഷി അതിന്റെ നൂറിരട്ടിയില്‍ അധികമാണ്.
ബഹിരാകാശ സാങ്കേതികത വികസിക്കുന്നതിനനുസരിച്ച് രണ്ടു കാര്യങ്ങളില്‍ ആണ് ശാസ്ത്രജ്ഞര്‍ ശ്രദ്ധ കൊടുക്കുന്നത്. ടണ്‍ കണക്കിന് ഭാരമുള്ള വമ്പന്‍ പേലോഡുകള്‍ വിക്ഷേപിക്കുന്ന അതിഭീമന്മാരായ ഹെവി ലിഫ്റ്റ് റോക്കറ്റുകള്‍. പിന്നെ 500 കിലോ വരെ ഭാരമുള്ള നിരീക്ഷണപരീക്ഷണ ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന കുഞ്ഞന്‍ റോക്കറ്റുകള്‍. നൂറു മുതല്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെയുള്ള ലോ എര്‍ത് ഭ്രമണപഥങ്ങളില്‍ സ്ഥാപിക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് ഇപ്പോള്‍ വലിയ സാദ്ധ്യതകള്‍ ആണുള്ളത്.സാങ്കേതികസ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ ഒക്കെ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത് അവരുടെ ഗവേഷകരും വിദ്യാര്‍ത്ഥികളും ഒക്കെ വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലാണ്. അതൊരു വലിയ മാര്‍ക്കറ്റ് ആണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മുടെ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള നൂറുകണക്കിന് ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ചെലവ് കുറവ്, വിശ്വസ്തത, ഇവ രണ്ടും ഒത്തുവന്നപ്പോള്‍ പി.എസ്.എല്‍.വിയുടെ ഡിമാന്‍ഡ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നു. പി.എസ്.എല്‍.വിയില്‍ ഒരു ഇടം കിട്ടണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയില്‍ ആണിപ്പോള്‍. അപ്പോഴാണ് ചെറു ഉപഗ്രഹങ്ങള്‍ക്ക് മാത്രമായി മറ്റൊരു വിക്ഷേപണവാഹനം ആയാല്‍ എന്താ എന്ന് ഐ.എസ്.ആര്‍.ഒ ചിന്തിക്കുന്നത്.
ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാക്കാന്‍ ഒരുപാട് സമയം ആവശ്യമാണ്. റോക്കറ്റിന്റെ ഓരോ ഘടകങ്ങളും അതിസൂക്ഷ്മമായി വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങില്‍ യോജിപ്പിക്കണം. ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തണം, ട്രയലുകള്‍ നടത്തണം. ഇതെല്ലാം കഴിഞ്ഞുവേണം റോക്കറ്റിനെ വിക്ഷേപണത്തറയില്‍ എത്തിക്കാന്‍. എന്നിട്ട് വേണം ഇന്ധനം നിറക്കാനും അവസാനം വിക്ഷേപിക്കാനും. ഒരു പി.എസ്.എല്‍.വി ഇത്തരത്തില്‍ ഒരുക്കിയെടുക്കാന്‍ 45 മുതല്‍ 60 ദിവസം വരെ 600 ഓളം പേരുടെ അധ്വാനവും 170 കോടിയോളം രൂപ ചെലവും ആവശ്യമാണ്. ഇതുകൊണ്ടാണ് പി.എസ്.എല്‍.വിയില്‍ ഒരു ബെര്‍ത്ത് കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത്.
ഈ സമയം കുറയ്ക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ വിക്ഷേപണ ങ്ങള്‍ ചെലവ് കുറച്ചു നടത്താന്‍ കഴിയും. അങ്ങനെയാണ് എസ്.എസ്.എല്‍.വി (Small Satallite Launch Vehicle) എന്ന ആശയം ഉടലെടുക്കുന്നത്. പി.എസ്.എല്‍.വിയില്‍ നിന്ന് വ്യത്യസ്തമായി എസ്.എസ്.എല്‍.വി അസംബിള്‍ ചെയ്‌തെടുക്കാന്‍ വെറും ആറു ദിവസവും 30 കോടി രൂപയും പത്തുപേരുടെ അധ്വാനവും മതി. അതുപോലെ പി.എസ്.എല്‍.വി ലംബമായി, ഒന്നിനുമുകളില്‍ ഒന്നായി മാത്രമേ അസംബിള്‍ ചെയ്യാന്‍ കഴിയൂ, എന്നിട്ട് വളരെ സാവധാനം ഇഴഞ്ഞിഴഞ്ഞു മാത്രമേ വിക്ഷേപണത്തറയില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ എസ്.എസ്.എല്‍.വി ഭൂനിരപ്പില്‍ തിരശ്ചീനമായി വെച്ച് അസംബിള്‍ ചെയ്യാന്‍ കഴിയും, വേഗത്തില്‍ തന്നെ വിക്ഷേപണത്തറയില്‍ എത്തിക്കാനും കഴിയും.
അതായത്, രണ്ടു മാസത്തിലൊരിക്കല്‍ മാത്രം നടത്താന്‍ കഴിയുന്ന പി.എസ്.എല്‍.വി വിക്ഷേപങ്ങള്‍ക്ക് പകരം, മാസത്തില്‍ രണ്ടോ മൂന്നോ എസ്.എസ്.എല്‍.വികള്‍ നാലിലൊന്നു ചെലവില്‍ വിക്ഷേപിക്കാന്‍ കഴിയും.
എസ്.എസ്.എല്‍.വി യാഥാര്‍ഥ്യമാകുന്നതോടെ പി.എസ്.എല്‍.വിയില്‍ ഉള്ള നീണ്ട കാത്തിരിപ്പും വെയിറ്റിങ് ലിസ്റ്റും അവസാനിക്കും. നീണ്ട കാത്തിരിപ്പു മൂലം നഷ്ടപ്പെടുന്ന വിദേശ ഓര്‍ഡറുകള്‍ തിരിച്ചുപിടിക്കുകയും ചെയ്യാം.അങ്ങനെ ചെറു ഉപഗ്രഹവിക്ഷേപണ മാര്‍ക്കറ്റില്‍ ഭാരതത്തിന്റെ സ്ഥാനം അനിഷേധ്യമാകും. മാത്രവുമല്ല അതോടുകൂടി പി.എസ്.എല്‍.വി ഭാരമുള്ള ഉപഗ്രഹങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ കഴിയും.
Comments